Showing posts with label കലാലയം. Show all posts
Showing posts with label കലാലയം. Show all posts

Saturday, July 07, 2007

കലാലയ വര്‍ണ്ണങ്ങള്‍

മഴക്കാലം വന്നാല്‍ പലപ്പോഴും എന്റെ മനസ്സില്‍ വരുന്ന ഒരു ചിത്രമുണ്ട്. പഠിച്ചിരുന്ന കോളജിന്റെ.. തൃശ്ശൂര്‍ ജില്ലയിലെ എല്‍ത്തുരുത്തെന്ന ദ്വീപിലെ സെന്റ്. അലോഷ്യസ് കോളജിന്റെ ചിത്രം. ചുറ്റും നെല്‍പ്പാടം.. അതിനെ ചുറ്റി ഒരു കനാല്‍. മഴക്കാലത്ത് നെല്‍പ്പാടം വെള്ളം നിറഞ്ഞ് കിടക്കും. മനോഹരമായ ഒരു ദൃശ്യമാണത്. ദ്വീപിലേക്ക് ഒരു വലിയ കയറ്റമാണ്. ഒരു വശം റബ്ബര്‍തോട്ടം. മറുവശം മരച്ചീ‍നി കൃഷി ( എത്ര വലിയ കമ്പി വേലി കെട്ടിയാലും ഇരുകാലികളായ തൊരപ്പന്മാരുടെ ശല്യം സഹിക്ക വയ്യാതെ അച്ചന്മാര്‍ മരച്ചീനി കൃഷി പിന്നീട് നിര്‍ത്തിയെന്നറിഞ്ഞു. ). കയറ്റം കയറി ചെന്നാല്‍ പൂമരങ്ങള്‍ ഇതള്‍ വിരിയിക്കുന്ന വിശാലമായ കാമ്പസ്.

കുറച്ചുകാലം മുമ്പ് അവിചാരിതമായാണ് ഡോ. മുരളിധരന്‍ സാറിനെ ഓര്‍ക്കുട്ടില്‍ കിട്ടിയത്. മുരളി സാര്‍ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. 85-86 കാലഘട്ടത്തില്‍‍ എന്നെ പഠിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സാറുമായുള്ള സൌഹൃദ ഭാഷണത്തിനിടയില്‍ ഇപ്പോഴത്തെ കാമ്പസ് എങ്ങനെയുണ്ടെന്ന് ചോദിച്ചു. നന്നായിരിക്കുന്നെന്ന് വിരസമായ ഒരു മറുപടി. പക്ഷേ, പിറ്റേന്ന് 'this is how your college now..' എന്നൊരടിക്കുറിപ്പുമായി കുറെ ചിത്രങ്ങള്‍ എന്റെ മെയില്‍ ബോക്സില്‍..



ഇതാണ് കോളജിലേക്കുള്ള വഴി. എല്ലാം പഴയ പോലെ തന്നെ.


ഇത് കോളജിലേക്കുള്ള ബസുകള്‍ വന്നു നില്‍ക്കുന്ന സ്ഥലം. മുമ്പ് സിറ്റി ബസുകള്‍ വന്നു നിന്നിരുന്നതും ഇവിടെ തന്നെ. ഇപ്പോള്‍ സിറ്റി ബസുകളൊന്നുമില്ലെന്ന് തോന്നുന്നു. ഈ മരങ്ങള്‍ക്ക് എത്ര കഥകളാണ് പറയാനുണ്ടാവുക ? അവസാനത്തെ ബസു വരുന്നതു വരെ കാത്തു നിന്ന സായാഹ്നങ്ങള്‍..

ചെറിയ മറ്റു തണല്‍ മരങ്ങള്‍. ഇടവേളകള്‍ ഉല്ലാസകരമാക്കിയിരുന്നതിവിടെ.. ചെറിയ ചാറ്റല്‍ മഴ വന്നാല്‍ ഇതിനടിയില്‍.. മഴമാറിയാല്‍ മരം പെയ്യും...




‘കാലാപാനി‘യിലേക്കുള്ള വഴി. വലത്തു കാണുന്നതാണ് ലബോറട്ടറി. അതിന്റെ സൈഡ് പിടിച്ച് പോയാല്‍ ശേഖരേട്ടന്റെ കാന്റീന്‍. വയലിലെ തണുത്ത കാറ്റേറ്റിരുന്ന് ചായയും പരിപ്പുവടയും കഴിക്കുന്നത് ഇപ്പോഴും നല്ല ഓര്‍മ്മ.




വെള്ളം നിറഞ്ഞുകിടക്കുന്ന പാടം. അപ്പുറത്ത് നെടുപുഴ ദേശം. ഇലക്ഷന്‍ കാലത്ത് കോളജില്‍ അടിയുണ്ടാക്കി (കൂടുതല്‍ ഇങ്ങോട്ട് കിട്ടിയിട്ടേ ഉള്ളൂ :) ) പോലീസ് വരുന്നതിനു മുമ്പ് സ്കൂട്ടാവുന്നത് ഈ വഴിയാണ്.





ചിത്രങ്ങളെടുത്ത് അയച്ചു തന്ന മുരളി സാറിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.