Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, February 19, 2010

ബസ്


ചുവപ്പും മഞ്ഞയുമടിച്ച
ചങ്കില്‍ ഇരുട്ടു കട്ടപിടിച്ച
ചരിവില്‍ ചാഞ്ചാട്ടമസ്ഥിക്കുപിടിച്ച
പ്രണയത്തിന്‍ മറുപേരല്ലോ..

Friday, October 23, 2009

ജിഹാദ്

16. ജിഹാദ്
സുബൈദേ നീയെന്തിനു
ഒരു ജിഹാദിനെ പ്രണയിക്കണം ?
നിനക്ക് പ്രണയിക്കാനും
പാശ്ചാത്തപിക്കാനും
എത്രയോ ലാദന്മാര്‍
പത്രത്താളുകളില്‍
നീണ്ടുകിടന്നുറങ്ങുന്നു..

Monday, October 05, 2009

കൊടുക്കാന്‍ മറന്നത്..


16. കൊടുക്കാന്‍ മറന്നത്

ഗള്‍ഫുകാരന്‍
അവള്‍ക്ക് കൊടുത്തിരുന്നതും
കൊടുത്തുകൊണ്ടേയിരിക്കുന്നതും
പ്രണയം

ഗള്‍ഫുകാരന്‍
ലീവില്‍ കൊടുത്തിരുന്നതും
കൊടുത്തുകൊണ്ടേയിരിക്കുന്നതും
അത്തറിന്റെ മണം

ഇന്നും
ഗള്‍ഫുകാരന്‍
കൊടുക്കാന്‍ മറന്നതും
അയല്‍ക്കാരന്‍
കൊടുക്കാന്‍ മറക്കാത്തതും

കാമം.

(ജോസഫേ നിന്നോട് പറയാന്‍ എനിക്ക് ചവറുകളില്ല..)

Friday, September 25, 2009

മറന്നുവെച്ചത്


15.മറന്നുവെച്ചത്
പ്രണയം മൂത്ത് തെങ്ങില്ക്കയറിയ ബ്ലോഗര്‍
പ്രാണസഖിയ്ക്കായ് ഒരു കരിക്കിട്ടു.
പ്രാണന്‍ പരവേശമായപ്പോള്‍
തനിയ്ക്കായ് ഒരു കുല കരിക്കിട്ടു.

എങ്കിലും...

നടുനിവര്‍ത്തുമ്പോള്‍
പ്രാണസഖിയ്ക്ക് വേണ്ടത്
അതുമാത്രം

തെങ്ങിന് മുകളില്‍ മറന്നു വെച്ച
ആ പഴയ കത്തി..

Wednesday, September 23, 2009

വാഴ്ത്തപ്പെട്ട പതിവുകള്‍


14. വാഴ്ത്തപ്പെട്ട പതിവുകള്‍

ചെമ്പട്ടുപുതച്ച
പൂമരത്തണലിലെ
ക്ലാസ് കട്ടു ചെയ്ത
പതിനൊന്നുമണിയുടെ
കുറുകലുകള്‍,

കാന്റീനിലെ
ഒഴിഞ്ഞ മൂലയിലെ
ആവി പറക്കുന്ന
പരിദേവനങ്ങള്‍,

കെമിസ്ട്രി ലാബിലെ
പുകഞ്ഞുയരുന്ന
തെറ്റിയ രസതന്ത്രങ്ങള്‍,

എന്തിനുമൊടുവില്‍
കൂര്‍ത്ത ചൂണ്ടിലെ
അസൂയയും
തുളുമ്പിയ മിഴികളും

എല്ലാം
വാഴ്ത്തപ്പെട്ട പതിവുകള്‍ മാത്രം

Friday, September 11, 2009

പ്രണയം

വൃദ്ധയായ കന്യാസ്ത്രീ
വാര്‍ഷികപ്പതിപ്പു വായിക്കുന്നതാണ്
വെന്ത വരികള്‍ക്കിടയില്‍
വെണ്ണീറു പരതുന്നതാണ്

പന്നിപ്പനിക്കാരനു ചുറ്റും
നേഴ്സുമാര്‍ പരതുന്നതാണ്
നളിനിജമീല തത്വമസിയുടെ
നവീനപതിപ്പിറക്കുന്നതാണ്

Thursday, January 17, 2008

മഴ


ആരുമറിയാതെ
ആരും കാണാതെ
ഉള്ളില്‍ ഒരു മഴ
സ്നേഹമഴ

വിങ്ങാന്‍ മറന്ന്
തുളുമ്പാന്‍ കൊതിച്ച്
പലരുമുണ്ടെന്ന ശ്രുതിയില്‍
ലയിക്കാന്‍ കൊതിച്ച്
പലതുമുണ്ടെന്ന ഭാഗ്യത്തെ
പുണരാന്‍ വെമ്പി
കാത്തുകാത്തിരുന്ന നേരം
ഞാന്മാത്രമറിയും
ഞാന്‍
വെറുമൊരനാഥയെന്ന്

Wednesday, January 16, 2008

നിഴല്‍



എത്ര പറഞ്ഞിട്ടും തിരിച്ചുപോവാത
മറിച്ചു പറയാനൊന്നുമില്ലാതെ
എന്നെ പുണരാന്‍ വെമ്പുന്ന
വെറുമൊരു നിഴലാണു നീ.

വിട്ടുപോവുക വിട്ടുപോവുക
നീയറിയാതൊരു നിമിഷത്തെ
എനിക്കു വിട്ടുതരിക
ഉറങ്ങട്ടെ സ്വസ്ഥം .

Sunday, December 30, 2007

സര്‍വ്വീസ് പായ്ക്ക്

നാലു ചുവരുകള്‍
നിറയെ ഫയലുകള്‍
കമ്പ്യൂട്ടര്‍ റൂമിലെന്തിനിത്ര
ബോക്സ് ഫയലുകള്‍ ?

നിറഞ്ഞ സിഡി ബോക്സുകളിലെന്തിനിത്ര
സര്‍വ്വീസ് പായ്ക്കുകള്‍ ?

ഒരു ജിബി ഡാറ്റാഫയലിനെന്തിനു
റാക് സെര്‍വ്വര്‍ ?

പോയിന്റു കൂട്ടിയ പുതിയ കണ്ണട
മോണിറ്ററില്‍ നോക്കി
ഊര്‍ദ്ധ്വം വലിച്ചുകൊണ്ടൊന്നാം
പെന്റിയം ചിരിച്ചു മറിഞ്ഞു.

Thursday, October 25, 2007

കൃഷ്ണന്‍കുട്ടി ചേട്ടന്‍ ഇനി ആനക്കഥകളിലേക്കും കവിതകളിലേക്കും.



എല്ലാ അവധിക്കും ഞാന്‍ കൃഷ്ണങ്കുട്ടിച്ചേട്ടനെ കാണാറുണ്ട്. ഇത്തവണയും ഏറെ തിരക്കുണ്ടായിട്ടും കാണാതെ പോരാന്‍ മനസ്സുണ്ടായില്ല. വര്‍ഷങ്ങളായി അങ്ങനെ ഒരു ആത്മബന്ധമാണ്.കൃഷ്ണന്‍ കുട്ടിച്ചേട്ടനോട് സംസാരിച്ചിരുന്നാല്‍ നേരം പോകുന്നതേയറിയില്ല.
ഇത്തവണ കാണുമ്പോള്‍ ഏറെ ക്ഷീണിതനായിരുന്നു‍. എങ്കിലും സംസാരത്തിനു കുറവൊന്നുമില്ല.പുതുതായി വന്ന ആനകളെ കുറിച്ചും അടുത്ത കാലത്ത് ആനകള്‍ ഇടയുന്നതെന്തുകൊണ്ടാ‍ണെന്നതിനെ കുറിച്ചും ആനകളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളെകുറിച്ചും സമകാലീന മലയാളകവിതകളെക്കുറിച്ചുമെല്ലാം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കൊട്ടിലിലെ ക്വാര്‍ട്ടേഴ്സില്‍ തന്റെ ഒറ്റമുറി വീടിന്റെ ചായ്പ്പില്‍ ഇരുന്ന് സംസാരിച്ച് രണ്ടു മണിക്കുര്‍‍ കടന്നുപോയതറിഞ്ഞില്ല.പത്തമ്പത്തഞ്ച് വയസ്സയി. ഇനി ആനപ്പാപ്പന്റെ പണി നിര്‍ത്തുന്നെന്നു പറഞ്ഞു. ഒക്ടോബര്‍ 31 നു പിരിയാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്.

ആനകളെപ്പോലെ തന്നെ കവിതകളും കൃഷ്ണന്‍ കുട്ടിച്ചേട്ടന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. കുറച്ചുകാലം സുഖമില്ലാതെ കിടപ്പിലായപ്പോഴും കവിതകളായിരുന്നു കൂട്ട്. ഇരുന്നൂറ്റന്‍പതോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ‘പുനര്‍ജനി’ , ‘കല്ലുകളില്‍ കാണുന്നത്’ എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇരുപതോളം കഥകളും ഒരു നോവലും വേറെ.

ഇനി ഒരു വലിയ ആനക്കഥകളുടെ സമാഹാരമിറക്കാനുള്ള പരിപാടിയിലാണ് കൃഷ്ണങ്കുട്ടിച്ചേട്ടന്‍. അതുപോലെ തന്നെ ആനകളുടെ ഒരു എന്‍സൈക്ലോപീഡിയയും വെബ്സൈറ്റും മനസ്സിലുണ്ട്.

ഇരുപത്തെട്ടുവര്‍ഷമായി പാപ്പാനായിട്ട്. സ്വദേശം പാലക്കാട് ജില്ലയിലെ കര്‍ക്കിടാംകുന്നാണെങ്കിലും വളരെ ചെറുപ്പത്തില്‍ തന്നെ ഗുരുവായൂരെത്തിയിട്ടുണ്ട്. അച്ഛന്‍ ഗോവിന്ദന്‍ നായര്‍ ‍ ക്ഷേത്രത്തിലെ ആന പാപ്പാനായിരുന്നു. ആദ്യം കുട്ടിശങ്കരന്‍ എന്ന ആനയുടെ പാപ്പാനായിരുനു കൃഷ്ണങ്കുട്ടിച്ചേട്ടന്‍. പിന്നെ പത്തിരുപതോളം ആനകളുടെ പാപ്പാനായിട്ടുണ്ട്. ഭാര്യയും മകനും സഹോദരനും സഹോദരിയുമൊക്കെയായി ആനക്കൊട്ടിലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നു.

മൂന്നു വര്‍ഷം മുമ്പ് ഒരു ആനയൂട്ടിനു ‘രശ്മി’ എന്ന ആനയുമായി പാലക്കാട്ടേക്ക് പോകുമ്പോള്‍ വാഹനമിടിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന് ആറുമാസം ചികിത്സയിലായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് തിരിച്ച് ജോലിക്ക് കയറിയത്. അതിനു ശേഷം പുറത്തേക്കൊന്നും അധികം പോകാറില്ല. ആനക്കൊട്ടിലില്‍ തന്നെ. വായനയും എഴുത്തും തന്നെ. സുഹ്രുത്തുക്കളല്ലാതെ കാര്യമായ സമ്പാദ്യങ്ങളൊന്നും ഇല്ല. ഇനി മരണം വരെ ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ മുന്നില്‍ തന്നെ.

Monday, October 08, 2007

പനി

ഒരു കുളിര്
ശിരസ്സിലേക്കിറങ്ങി
പുലരുവോളം ത്രസിച്ചു
കളിച്ചു.

വരില്ലെന്നാണയിട്ടിറങ്ങിപ്പോയതാണ്
പണ്ട്.

വാഷ് ബേസിനില്
‍ചിതറിയ വറ്റുകള്‍ക്കിടയില്
'തമിഴത്തി'യുടെ ഭ്രൂണവും
പല്ലിളിച്ചു കാണിച്ചു

എന്തൊരാശ്വാസം

പടിപ്പുരവാതിലില്‍
തിരിഞ്ഞു നോക്കാതെ നടന്നു
പനി.


(തമിഴത്തി - ഇന്നലെ മനോരമ ന്യൂസില്‍ മലപുറത്ത് ഒരു ഗര്‍ഭിണിയായ ഒരു തമിഴ് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി ചിലര്‍ മര്‍ദ്ദിച്ചത് കണ്ടു.)