Saturday, December 02, 2006

ഒരു പോസ്റ്റ്പെയ്ഡ് കദനകഥ

ഇവിടെ ഒരു ഒപ്റ്റിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ് നൌഷാദ്. വളരെ ചുരുങ്ങിയ വേതനത്തിലാണ് നൌഷാദ് ജോലി ചെയ്യുന്നത്.
രണ്ടാഴ്ച മുന്‍പൊരു ദിവസം‍ നൌഷാദിന്റെ ഉപ്പ മരിച്ചെന്ന ഫോണ്‍ വന്നു. ഷോപ്പിലെ മുതലാളിയുടെ കാരുണ്യം കൊണ്ട് പെട്ടന്നൊരു ടിക്കറ്റും സംഘടിപ്പിച്ച് നൌഷാദ് നാട്ടിലേക്ക് യാത്ര തിരിച്ചു. ബോര്‍ഡിങ്ങ് പാസും വാങ്ങി എമിഗ്രേഷന്‍ കൌണ്ടറിലെത്തിയപ്പോഴാണ് അറിയുന്നത് നൌഷാദിനെ ബ്ലാക് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണറിയുന്നത് നൌഷാദിന്റെ പോസ്റ്റ്പെയ്ഡ് മൊബൈലിന്റെ ബില്‍ പേ ചെയ്തിട്ടില്ലെന്നും ഫൈനടക്കം 640 ദിനാര്‍ ( ഏകദേശം ഒരു ലക്ഷം രൂപ)അടച്ച് കോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കിയാലേ രാജ്യം വിട്ടുപോകാനാവുയെന്നും.
സ്വന്തമായി ഇന്നും ഒരു മൊബൈലില്ലാത്ത നൌഷാദ് അവിടെ വെച്ച് ശരിക്കും ബോധം കെട്ടു.
പിന്നീടുള്ള അന്വേഷണത്തിലറിഞ്ഞത്
നാലുവര്‍ഷം മുന്‍പ് നൌഷാദ് നിന്നിരുന്ന ഒപ്റ്റിക്കല്‍ ഷോപ്പിലെ ഫിലിപ്പീനിയായ മറ്റൊരു സെയിത്സ് ഗേള്‍ ചെയ്ത പരിപാടിയായിരുന്നു ഇത്. നൌഷാദില്ലാത്ത സമയത്ത് ഇക്കാമയുടെ കോപ്പിയും നൌഷാദിന്റെ കള്ളൊപ്പുമിട്ട് അവള്‍ ഒരു പോസ്റ്റ്പെയ്ഡ് ലൈന്‍ എടുത്തു. ആദ്യമൊക്കെ മുറയ്ക്ക് ബില്ലടച്ചു. പിന്നീട് ഏകദേശം ആറുമാസത്തേക്ക് അവള്‍ പൈസയടച്ചില്ല. ലാവിഷായി ഫോണ്‍ വിളിച്ചു.
അവസാനം എം.ടി.സി ലൈന്‍ കട്ട് ചെയ്തു.
ഒരു വര്‍ഷം മുന്‍പ് അവള്‍ ഇവിടം വിട്ടുപോകുകയും ചെയ്തു.
പിന്നിട് എം.ടി.സി കേസാക്കി. അവസാനം ഇന്റീരിയര്‍ മിനിസ്ട്രി നൌഷാദിനെ ബ്ലാക് ലിസ്റ്റു ചെയ്തു.

ഇക്കാര്യങ്ങളെല്ലാം എം.ടി.സിയോട് നൌഷാദ് രേഖാമൂലം എഴുതി നല്‍കി. ഒരു രക്ഷയുമില്ല.

ഇന്നും നൌഷാദിന് നാട്ടില്‍ പോകാനായിട്ടില്ല.

വാല്‍ക്കഷണം : മൊബൈല്‍ ഫോണുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇതൊരു ഗുണപാഠമാവട്ടെ.