സംഭവം നടക്കുന്നത് ഒരു പതിനഞ്ചുകൊല്ലം മുമ്പ് റിയാദില്‍ വെച്ചാണ്. വലിയ അല്ലലൊന്നുമില്ലാതെ മലയാളിയുടെതെന്നല്ല ഒരു ഇന്ത്യക്കാരന്റെ പോലും മണമില്ലാത്ത കമ്പനിയില്‍ സുഡാനികളും മസറികളും പാലസ്തീനികളുമൊക്കെയുള്ള ഒരു ഗ്രൂപ്പുമായി വളരെ മനസ്സമാധാനത്തോടെ വാഴുന്ന കാലം. ഒരു തേങ്ങയും മനസ്സിലായില്ലെങ്കിലും അറബിചാനലുകളില്‍ വരുന്ന സീരിയലുകള്‍ മണിക്കൂറുകളോളം അവരോടൊപ്പം സസന്തോഷം കണ്ട് ആനന്ദിച്ചിരുന്ന സമയം. ‘പത്താക്ക‘യില്ലാതെ പുറത്തിറങ്ങിയാല്‍ അറബി പോലീസ് പിടിച്ചുകൊണ്ടു പോയി കൂമ്പിനിടിക്കുമെന്ന്‍ അറബികള്‍ വിരട്ടിയതിനാല്‍ ജോയിന്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്യാമ്പില്‍ നിന്നും പുറത്തിറങ്ങാനായത്. അന്നുവരെ വിചാരിച്ചിരുന്നത്, ആ പ്രദേശത്ത് ഇന്ത്യക്കാരൊന്നുമില്ലെന്നായിരുന്നു. ഗോതമ്പ് കുബ്ബൂസും മുത്തബലും ഹുമ്മൂസുമൊക്കെ സാമ്പാറും കുടമ്പുളിയിട്ടുവെച്ച മീന്‍കറിയും ബീഫ് ഫ്രൈയുമൊക്കെയാണെന്ന് സങ്കല്‍പ്പിച്ചായിരുന്നു കണ്ണടച്ചിറക്കിയിരുന്നത്.
ഒരു ദിവസം പുറത്തിറങ്ങി ഒരു ഫര്‍ലോങ്ങ് നടന്നപ്പോള്‍ റോഡരികില്‍ ചുവന്ന അക്ഷരത്തില്‍ ‘മാണിക്കല്‍’ റെസ്റ്റോറന്റെന്ന ബോര്‍ഡ് കണ്ടപ്പോഴാണ് ലോകത്തെവിടെ ചെന്നാലും മലയാളികളെകാണാമെന്ന തത്വത്തില്‍ കഴുമ്പുണ്ടെന്ന് മനസ്സിലായത്. അവിടെ വെച്ചാണ് കൊച്ചിക്കാരനായ ജോണ്‍സനെ പരിചയപ്പെട്ടതും. ജോണ്‍സനാണ് പറഞ്ഞത് തൊട്ടടുത്ത് തന്നെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു ക്യാമ്പുണ്ടെന്നും അവിടെ ഇരുപത്തിനാലുമണിക്കുറും പ്രവര്‍ത്തിക്കുന്ന ഷാപ്പും മലയാളം സിനിമകള്‍ മാത്രമിടുന്ന വി.സി.യാറുമുണ്ടെന്ന്. ആനന്ദലബ്ദിക്കിനിയെന്തുവേണം. വ്യാഴാഴ്ചകളും വെള്ളിയാഴ്ചകളും പിന്നീട് ജോണ്‍സന്റെ കൂടാരത്തില്‍.
അവിടെ വെച്ചാണ് ജോസേട്ടനെ പരിചയപ്പെടുന്നത്. നാല്‍പ്പതു കടന്ന യുവാവ്. കാലന് ജോസെന്ന് പറഞ്ഞാലേ ക്യാമ്പില്‍ അറിയൂ. മാടപ്രാവിന്റെ മുഖവും മാലാഖയുടെ സ്വരവുമുള്ള ഈ മനുഷ്യനെയാണോ കാലനെന്ന് വിളിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു. മറ്റൊരു അന്തേവാസിയായ ആന്റണിയാണ് അക്കഥ പറഞ്ഞത്.
ആന്റണിയുടെ അപ്പന് ദേവസ്സിക്ക് പണ്ട് മൂന്നു ബസുണ്ടായിരുന്നു. ആലുവ- പനങ്ങാട് റൂട്ടില്‍. അതിലൊന്നിന്റെ സാരഥിയായിരുന്നുവത്രേ ജോസേട്ടന്. അപ്പന് ദേവസ്സിയുടെ വിശ്വസ്ഥനായ സാരഥിയായിരുന്നു ജോസേട്ടന്. യാത്രക്കാരിലൊരുത്തനെ കാലപുരിയ്ക്കയച്ച് ഒരു ബസ് തവിടുപൊടിയാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ ജോസേട്ടന് മറ്റൊരുത്തനെ ഇടിച്ചിട്ടു. രണ്ടാമത്തെ ഇടിയ്ക്കു ശേഷമാണത്രേ കാലന് ജോസെന്ന് പേരു വീണത്. കേസു നടത്തി മൂന്നാമത്തെ ബസ് വില്‍ക്കാറായപ്പോഴാണ് മൂന്നാമത്തെ ആക്സിഡന്റും ഉണ്ടായത്. പിന്നെ ജോസേട്ടന് നാട്ടില്‍ നിന്നില്ല. രായ്ക്കുരാമാനം ബോംബെയ്ക്ക് മുങ്ങി. ഇപ്പോഴും പോലീസ് കണക്കില്‍ പിടികിട്ടാപ്പുള്ളിയാണ് ജോസേട്ടന്. ഒരു വിധം നല്ല സാമ്പത്തിക സ്ഥിതിയുണ്ടായിരുന്ന ദേവസിച്ചേട്ടന് കടം വാങ്ങിയ പൈസ കൊണ്ടാണ് ആന്റണിയെ ഗള്‍ഫില്‍ വിട്ടത്. ഗള്‍ഫിലെത്തി പിറ്റേന്നു തികച്ചും ആകസ്മികമായിട്ടാണ് ജോസേട്ടനെ സ്വന്തം ക്യാമ്പില്‍ തന്നെ ആന്റണി കണ്ടുമുട്ടുന്നത്. സ്വന്തം അപ്പനെ കുത്തുപാളയെടുപ്പിച്ചവനെങ്കിലും ആന്റണി മറ്റൊരു വേതാളമായി ജോസേട്ടനെ കൂടെക്കൂട്ടി ജന്മാന്തരങ്ങളുടേ കണക്കുപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തു.
അന്നൊരു വ്യാഴാഴ്ചയായിരുന്നു. വെള്ളിയാഴ്ചയ്ക്കു മുമ്പുള്ള വ്യാഴം. വ്യാഴാഴ്ചകളില്‍ ഉറങ്ങാന്‍ പാടില്ലെന്നാണ് ക്യാമ്പിലെ നിയമം. പുലരുന്നതുവരെ ദാഹം തീര്‍ത്തും ടിജി രവിയുടെ പുണ്യപുരാണ ചിത്രങ്ങള്‍ കണ്ടും കഴിയണം. എല്ലാ വ്യാഴാഴ്ചയും ഓരോരോ ആഘോഷങ്ങളാണ്.
അന്നത്തെ ആഘോഷം ജോണ്സന് നാട്ടില്‍ നിന്നു തിരിച്ചു വന്നതിന്റെയായിരുന്നു. ചമ്പക്കുളം വര്‍ഗ്ഗീസിന്റെ വഞ്ചിപ്പാട്ടും കുക്കും പ്രധാന വാറ്റ് നിര്‍മ്മിതാവുമായ സജീവന്റെ വക കവിതാ പാരായണവും കൊടുമ്പിരിക്കൊള്ളുകയായിരുന്നു. അപ്പോഴാണ് ഒരശരീരിപോലെ ജോണ്സന് അത് പ്രഖ്യാപിച്ചത്.
‘ജോസേട്ടാ.. ചെലവ് ചെയ്യണം ..’
‘എന്തിനു ? ’
‘ഞാന്‍ ജോസേട്ടന്റെ വീട്ടില്‍ പോയിരുന്നു. അടുത്ത മെമ്പറ് വരാറായി അല്ലേ.ഉം.. ചേച്ചീനെ ഞാന്‍ കണ്ടു... ‘
ആഘോഷം തുടര്‍ന്നുകൊണ്ടേയിരുന്നു.
അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ ജോസേട്ടന് മെല്ലെ അവിടെ നിന്നും മുങ്ങി.
വഞ്ചിപ്പാട്ടിനു ചൂടുകൂടിയാല്‍ വര്‍ഗ്ഗീസിനു ഇരിപ്പുറയ്ക്കില്ല. പിന്നെ മുറിക്ക് ചുറ്റും താളം പിടിച്ച് ഓടിക്കൊണ്ടായിരിക്കും പാട്ട്. അങ്ങനെ കൈകൊട്ടിപ്പാട്ട് പാടി രസം പിടിച്ചുവരുന്നതിന്റെ ഇടയ്കായിരുന്നു ഒരു അപശബ്ദം കേട്ട് പാട്ട് നിര്‍ത്തിയത്. ജോസേട്ടന്റെ കുഞ്ഞിക്കൈ ജോണ്‍സന്റെ മുഖത്ത് തലോടിയതായിരുന്നു അത്.
‘നായിന്റെ മോനെ.. മനുഷ്യനെ എടങ്ങേറാക്കാന്.. നട്ടപ്പാതിരയ്ക്ക് ഫോണ്‍ ചെയ്ത് എന്റെ കാശും കളഞ്ഞു..’
‘എന്താ ജോസേട്ടാ പ്രശ്നം. ? ‘
‘ഇവന് പോയിട്ട് എന്റെ അനിയന്റെ ഭാര്യേനെയാണ് കണ്ടുവന്നത്...കൊല്ലം ആറായി നാട്ടില്‍ പോകാതെ ഞാനിവിടെ കിടക്കുന്നു....’
Tuesday, April 22, 2008
Subscribe to:
Post Comments (Atom)
11 comments:
ട്രാജഡിയുടെ ട്രാജഡി... ഗുഡ്!
ഹ ഹ ഹ..
ചുമ്മാ ജോസേട്ടനെ ടെന്ഷനാക്കി...
പാവം ജോസേട്ടന്.... :-)
മേന്ന്നേ,
-ജോസേട്ടന് കേട്ട ഗാനം മധുരതരം,
കേല്ക്കാത്ത ഗാനമോ?
നമിച്ചു........
പാവം ജോസേട്ടന്
പതിനഞ്ച് കൊല്ലം മുന്‍പ് അല്ലേ മേനനേ..
സാറ്റലൈറ്റ് യുഗത്തിന്റെ കാര്യം പറഞ് ഞാനങ് നാവ് വായിലേക്ക് ഇട്ടതേയുള്ള്.....
പാവം ജോസേട്ടന് ...കുടിച്ചത് മുഴുവന്‍ പോയിം കാണും..... ധന നഷ്ടം , മാനഹാനി.......
ചാത്തനേറ്: ജോസേട്ടനാക്കാര്യം ഫോണില്‍ ചോദിച്ചപ്പോള്‍ കേട്ടിരിക്കാവുന്ന തെറി == ആ അടീടെ പവറ് .....ഒന്നൂഹിച്ചേ...
പാവം ജോസേട്ടന്റെ അപ്പോഴത്തെ ആ മാനസീകാവസ്ഥ, വീണ്ടും കാലനെന്ന പേര് അന്വര്ത്ഥമാക്കാഞ്ഞത് ഭാഗ്യം,ജോണ്‍സന്റെ..!
എനിക്കപ്പഴേ ഒരു സംശയം ഉണ്ടായിരുന്നു....
പൂള്ളി നാട്ടില്‍ പോയിട്ടില്ലായിരുന്നെന്ന്
ഹായ് കൊള്ളാമല്ലൊ
Post a Comment