കഴിഞ്ഞ ദിവസം ചെറിയ അസുഖത്തെ തുടര്‍ന്ന് അമല(തൃശ്ശൂര്‍) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മാവന് ചായ വാങ്ങാന്‍ വേണ്ടിയാണ് ഞാന്‍ അവിടെ തന്നെയുള്ള കാന്റീലില്‍ ചെന്നത്. ഫ്ലാസ്കില്‍ ചായ വാങ്ങുന്ന സമയത്താണ് തൊട്ടടുത്ത് മധ്യവയസ്സ് പിന്നിട്ട ഒരു സ്ത്രീ നിന്നിരുന്നത്. അവര്‍ കഞ്ഞി വാങ്ങാന്‍ വന്നതാണ്.
കൌണ്ടറിലെ പയ്യനുമായി ചെറിയ വാക്കേറ്റം. പ്രശ്നം കഞ്ഞിയുടെ വിലയെ സംബന്ധിച്ചാണ്. കഞ്ഞിക്ക് പത്തുരൂപയാണ് വില. ആ സ്ത്രീയുടെ കൈവശം 8 രൂപയേ ഉള്ളുവെന്ന് പറയുന്നു. കൌണ്ടറിലെ പയ്യന് അല്പം പരുഷമായിത്തന്നെയാണ് ആ സ്ത്രീയോട് ബാക്കി 2 രൂപ ചോദിക്കുന്നത്.
ആ സ്ത്രീ ദയനീയമായി അയാളെ നോക്കി.
‘ഒരു 2 രൂപയല്ലേ സുഹ്രുത്തേ.. ഞാന്‍ തരാം..’ എന്നു പറഞ്ഞ് ഞാനതെടുത്ത് കൊടുത്തു.
‘അല്ല സാറെ.. ഇത് ഇവരുടെ സ്ഥിരം പരിപാടിയാ..’
ഞാന്‍ ആ സ്ത്രീയെ നോക്കി. ഏകദേശം അറുപതോളം വയസ്സു തോന്നിക്കും. ഇളം മഞ്ഞ സാരിയും ബ്ലൌസുമാണ് വേഷം. അധികം ഉയരമില്ല. മുഖത്ത് നല്ല ക്ഷീണവുമുണ്ട്.
എനിക്ക് തോന്നി അവര്‍ കള്ളം പറയുകയല്ലെന്നു..ഇല്ല.. ഇവര്‍ക്കതിനാവില്ല.
ഞങ്ങള്‍ ഒരുമിച്ചാണ് പുറത്തിറങ്ങിയത്.
‘അമ്മായിയുടെ ആരാ ആശുപത്രിയില്‍ ? ‘
ആ സ്ത്രീ എന്റെ മുഖത്തേക്ക് നോക്കി.
‘മോനു തോന്നുന്നുണ്ടോ ഞാന്‍ കള്ളം പറയുമെന്ന് ? ‘ അവരുടെ സ്വരം ഇടറിയിരുന്നു.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം ആ സ്ത്രീ പറഞ്ഞു തുടങ്ങി.
തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരടുത്ത് കല്ലൂര്‍ സ്വദേശിനിയാണവര്‍. ഭര്‍ത്താവ് നേരത്തെ മരിച്ചു പോയി. .ഒരു മകനും മകളുമടങ്ങിയ കുടുംബം. കൂലിപ്പണിക്കാരാണ്. അന്നന്ന് കിട്ടുന്നതുകൊണ്ട് വേണം ജീവിക്കാന്‍. മകന് 28 വയസ്സുണ്ട്. പെയിന്റടിക്കുന്ന പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. മകളുടെ ഭര്‍ത്താവിന്റെ അമ്മയുമായുള്ള പ്രശ്നങ്ങള്‍ കാരണം മകളും രണ്ടുകുട്ടികളും ഇപ്പോള്‍ ഇവരുടെ കൂടെ തന്നെയാണ് താമസം. മകള്‍ ചെറിയ പണികള്‍ക്ക് പോകും. മൂന്നുമാസം മുന്‍പ് ഒരു ദിവസം, പെയിന്റ് പണിക്ക് പോയിരുന്ന മകന് കഠിനമായ വയറുവേദന. നാട്ടിലെ പല ഡോക്ടര്‍മാരെയും കാണിച്ചു. പിന്നീട് ജൂബിലി മിഷന് ആശുപത്രിയില്‍ നിന്നാണ് അവരെ അമല ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തത് . പരിശോധനകള്‍ക്കൊടുവിലാണ് മകന് ബ്ലഡ് കാന്‍സറാണെന്നറിയുന്നത്. അതും രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും. കഴിഞ്ഞ മൂന്നുമാസമായി ഈ അമ്മയും മകനും ഇവിടെയുണ്ട്. പല ഉദാരമതികളുടെയും സഹായം കൊണ്ടുമാത്രമാണ് ഇതുവരെയും ചികിത്സ മുടങ്ങാതെ പോകുന്നത്. മകനെ തിരിച്ച് കിട്ടുമെന്ന പ്രത്യാശ അവരുടെ കണ്ണുകളില്‍ നിഴലിച്ചുകണ്ടു. മിക്ക ദിവസങ്ങളിലും ആശുപത്രിയുടെ ഉച്ചക്കഞ്ഞി ഉണ്ടാവും. ചില ദിവസങ്ങളില്‍ അത് മുടങ്ങും. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു തലേന്ന് എന്നാണവര്‍ പറഞ്ഞത്.
‘മകന് കുറെ പടം വരക്കും. മോനു സൌകര്യമുണ്ടെങ്കില്‍ വന്നാല്‍ കാണിച്ചു തരാം.’ എന്നും പറഞ്ഞ് അവര്‍ കാന്‍സര്‍ വാര്‍ഡിലേക്കും ഞാന്‍ ചായയുമായി അമ്മാവനടുത്തേക്കും പോയി.
എല്ലാ വെക്കേഷനും ഞാന്‍ അമലയുടെ ഫൌണ്ടര്‍ ഡയറക്ടറായ ഗബ്രിയേലച്ചനെ കാണാറുണ്ട്. അദ്ദേഹവുമായി എന്റെ സൌഹൃദം പങ്കുവെക്കാറുണ്ട്. എന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യാറുമുണ്ട്. ഇത്തവണ കണ്ടപ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനായിരിക്കുന്നു. വളരെ സ്വരം താഴ്ത്തിയാണ് അദ്ദേഹം സംസാരിക്കുന്നത്. അതിനിടയിലാണ് എന്റെ സുഹൃത്തും ഗാസ്ട്രോ എന്റോളജി വകുപ്പിന്റെ ഹെഡുമായ ഡോ. റോബര്‍ട്ട് അവിടെ വന്നത്. അദ്ദേഹത്തോട് മേല്‍പ്പറഞ്ഞ രോഗിയെക്കുറിച്ച് അന്വേഷിച്ചു. ആര്‍ക്കും വലിയ പ്രതീക്ഷയില്ല. ഡോ. റോബര്‍ട്ട് തിരക്കിലായതിനാല്‍ അദ്ദേഹത്തിന്റെ സഹായിയായ ബാബുവിനെയും കൂട്ടിയാണ് ഞാന്‍ കാന്‍സര്‍ വാര്‍ഡില്‍ ചെന്നത്.
ഹൃദയഭേദകമായ ദൃശ്യങ്ങള്‍.
ജീവനത്തിന്റെ മറ്റൊരു മുഖം. കാന്‍സര്‍ എന്ന രോഗത്തിന്റെ എല്ലാ അര്‍ത്ഥാന്തരങ്ങളും അവിടെ കണ്ടു. പലരും ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെടുന്നവര്‍.
പലരും വേദനകൊണ്ട് പുളയുന്നു. സിസ്റ്റേഴ്സ് അവരെ സാന്ത്വനപ്പെടുത്തുന്നു.
ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് കൂടുതല്‍ രോഗികളും പാലക്കാട് ജില്ലയിലെ നെന്മാറ, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒരു പക്ഷേ മറ്റുള്ളവരെല്ലാം പേവാര്‍ഡിലായതിനാലാവും അവരെ മാത്രം ഇവിടെ കാണാനായത്..ദിവസവും അവര്‍ക്ക് മരുന്നും ഭക്ഷണവും നല്കാന് ആശുപത്രി ശരിക്കും കഷ്ടപ്പെടുന്നുണ്ടെന്ന് ബാബു പറഞ്ഞു.
ആ അമ്മയെയും മകനെയും അവിടെ കണ്ടു. അവരുടെ അവസ്ഥ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരു വശത്ത് അടുക്കി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കാണുവാനും എനിക്ക് മനസ്സുവന്നില്ല.
തിരിച്ചിറങ്ങുമ്പോഴാണ് ആ രണ്ടുരൂപക്ക് നല്ല വിലയുണ്ടെന്ന് എനിക്ക് മനസ്സിലായത്.
വാല്‍ക്കഷണം :
കഴിഞ്ഞ ദിവസം ഗബ്രിയേലച്ചന് പദ്മഭൂഷന്‍ പുരസ്കാരം ലഭിച്ചുവെന്നറിഞ്ഞു.
കാന്‍സര്‍ രോഗികളുടെ മരുന്നിനും ഭക്ഷണത്തിനുമായി അമല ആശുപത്രി ഉദാരമതികളില്‍ നിന്നും സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. താത്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക.
The Director
Amala Institute of Medical Science,
Amala Nagar,
Thrissur – 680 055, Kerala
Tel : +91-487-2304100
Email :
amalaims@sancharnet.in