Monday, July 30, 2007

ചുള്ളിക്കാടിനു അന്‍പതുവയസ്സ്..

ചൂടാതെ പോയ് നീ നിനക്കായ് ഞാന്‍
ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ് നീ നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍

മലയാളത്തിന്റെ ധിക്കാരിയായ യുവ കവിക്ക് ഇന്നേക്ക് (30/07/2007) അന്‍പതു വയസ്സാവുന്നു. എണ്‍പതുകളിലെ കാമ്പസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ലഹരിയായിരുന്നു ചുള്ളിക്കാടിന്റെ കവിതകള്‍. പതിനെട്ടുകവിതകള്‍, മാനസാന്തരം, അമാവാസി എന്നിവയാണ് പ്രധാന കൃതികള്‍.

കുറച്ചുകാലമായി കവിതയെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന അദ്ദേഹം സിനിമാ സീരിയല്‍ അഭിനയരംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. നല്ലൊരു പ്രാസംഗികനും കൂടിയാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ കുറച്ചുകാലം മുമ്പ് ചുള്ളിക്കാടിന്റേതെന്ന പേരില്‍ ഒരു ബ്ലോഗ് കണ്ടിരുന്നു. പിന്നീട് അത് അപ്രത്യക്ഷമായി.

പ്രിയ കവിക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

Tuesday, July 17, 2007

ഉപകാര സ്മരണ

കുറ്റബോധം ഒന്നുകൊണ്ടുമാത്രമാണ് കുമാരേട്ടന്‍ ഇതിനിറങ്ങിത്തിരിച്ചത്. ഇത്രയും കാലം വിശ്വസിച്ച ഒരാള്‍ ഇങ്ങനെ ഒരു വഞ്ചന ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കുമാരേട്ടന്‍ കരുതിയിരുന്നില്ല. ഒരു ബൂലോക കോഴിയെ അന്വേഷിക്കാന്‍ പോകുന്നതിനുമുന്‍പ് ഗീവര്‍ഗ്ഗീസ് പുണ്യാളനു കോഴിയെ നടയിരുത്തണമെന്ന് രാത്രി വൈകി വീട്ടില്‍ വന്ന പല സുഹൃത്തുക്കളും പറഞ്ഞതുകൊണ്ടു മാത്രമാണ് കുമാരേട്ടന്‍ സഹധര്‍മ്മിണിയറിയാതെ കാലത്ത് തന്നെ കോഴിക്കൂട്ടില്‍ കൈയ്യിട്ട് ഉറക്കം തൂങ്ങിയിരുന്ന ഒരു കോഴിയെ എടുത്ത് സഞ്ചിയിലാക്കിയത്. പിന്നെ അധികം താമസിയാതെ ആദ്യത്തെ ബസ്സുപിടിക്കാന്‍ നീലച്ചന്ദ്രനെ സാക്ഷി നിര്‍ത്തി ബസ്റ്റോപ്പിലേക്ക് നീങ്ങി.

വളരെ മനസ്സമാധാനത്തോടെ ഇരുന്നിരുന്ന കോഴി ചന്തമുക്കെത്തിയപ്പോള്‍ ഡിങ്കനെ കണ്ട ദില്‍ബനെ പോലെ സഞ്ചിക്കുള്ളില്‍ കിടന്ന് പെരുകി. സഞ്ചിക്കകം കോഴി നഗര ശുചീകരണത്തിന്റെ ആവശ്യകതെയെക്കുറിച്ച് ക്ലാസെടുത്തു. സൌകര്യം കിട്ടിയാല്‍ ലെന്‍ വൈസ്മാനെ വരെ കൊണ്ടുവന്ന് ക്ലാസെടുക്കുമെന്ന് കുമാരേട്ടനൊരു മുന്നറിയിപ്പും. കുമാരേട്ടനത് സമ്മതിച്ചുകൊടുത്തു. ഏതായാലും അതിന്റെ അവസാനത്തെ ഒരു ആഗ്രഹമല്ലേ. സഞ്ചി പോയാലും കോഴി നന്നായല്‍ മതി എന്ന വിശ്വാസപ്രമാണം ചെല്ലി കുമാരേട്ടന്‍ യാത്ര തുടര്‍ന്നു.

ഇടപ്പിള്ളി പള്ളിയുടെ മണ്ണ്ഢപത്ത് നിന്ന് ഗീവര്‍ഗ്ഗീസു പുണ്യാളനു ആദ്യത്തെ തിരി കത്തിച്ചപ്പോഴാണ് ഒരു പൊട്ടലും ചീറ്റലും. ഒരു മാതിരി മലപ്പുറത്തെ മലയാളരംഭയുടെ ആപ്പീസിലിരുന്ന് കോപ്പാ അമേരിക്കയുടെ ഫൈനല്‍ കണ്ടിരിക്കുന്ന പാലാക്കാരന്‍ കൊച്ചുതോമായുടെ മൂക്കുപിഴിയലുപോലെ ‍.. മഴക്കാലമായതുകൊണ്ടാവുമെന്ന് വെറുതെ വിചാരിച്ചത് തെറ്റ്. മഞ്ഞുമ്മലിലെ കുട്ടൂസന്‍സ് പലചരക്കുകടയില്‍ നിന്നു തിരി വാങ്ങേണ്ടെന്ന് സഹധര്‍മ്മിണി പല വട്ടം പറഞ്ഞതാ. കത്താത്ത, വെറുതെ കിടന്നു ചീറ്റുന്ന തിരിയേ അവിടെയുള്ളുവെന്ന് ഏത് കഞ്ഞിപ്പശകൂട്ടിയ കാല്‍ ശരായിയിട്ട പോലീസുകാരനും അറിയാവുന്നതാണ്. എങ്കിലും നിവൃത്തികേടുകൊണ്ട് വാങ്ങിപ്പോയി. കുറെ നേരത്തെ കരച്ചിലിനും പിഴിച്ചിലിനുമൊടുവില്‍ തിരികത്തി ജ്വലിച്ചു നിന്നു. കുമാരേട്ടനു സമാധാനമായി. കോഴിയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഈ കോഴിയെ നീയെടുത്ത് ആ ബൂലോക കോഴിയെ ദര്‍ശിക്കാനുള്ള അനുഗ്രഹം തരണേ ..

പിന്നെ, ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ ഡിലേക്ക് വെച്ചടിച്ചു.

‘വൈക്കം വഴി കോട്ടയത്തിനു പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റാന്‍ഡിന്റെ വടക്കു വശത്തു പാര്‍ക്ക് ചെയ്തിരിക്കുന്നു..’

പിന്നെ ഏതുവഴിക്കൊക്കെ കോട്ടയത്തിനു പോകുമെന്ന് കുമാരേട്ടന്‍ ഡൌട്ടടിച്ചു.

ലക്ഷം മാതാവ് പാലം കഴിഞ്ഞ് അടുത്ത സ്റ്റോപ്പിലിറങ്ങി വലത്തോട്ട് നോക്കിയാല്‍ തെക്കോട്ടിറങ്ങി നില്‍ക്കുന്ന തലതിരിഞ്ഞ മലയാളരംഭയുടെ ആപ്പീസില്‍ ദുബായിലെ കുപ്പൂസും കോഴിയും കണികണ്ടുണരുന്ന അവനെ ഇന്നു കാണാതെ തിരിച്ചുപോരില്ലെന്ന് ശപഥം ചെയ്തിരിക്കുന്ന കുമാരേട്ടന്‍ രണ്ടും കല്‍പ്പിച്ച് ശകടത്തില്‍ കയറി.

മൂന്നര രൂപകൊടുത്ത് വാങ്ങിയ ലേറ്റ് എഡിഷന്‍ മലയാള രംഭയുടെ കുത്തിനു പിടിച്ച് തുറന്നു. രണ്ടാം പേജില്‍ ഇതാ‍ തേടിയ വള്ളി മാമുക്കോയ സ്റ്റൈലില്‍ ഇരിക്കുന്നു. ‘ഉപകാര സ്മരണ’ കോളത്തില്‍ 10 X 12 സൈസില്‍. ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തങ്ങളുടെ അണ്ടിക്കമ്പനി പൂട്ടിച്ചുതന്നതിനു ഉപകാരസ്മരണ. ഫിലഡാല്‍ഫിയയില്‍ നിന്നും കുഞ്ഞവറാന്‍‍ & ഫാമിലി.

ഓഹൊ ഇവനു ഈ പരിപാടിയും ഉണ്ടോ എന്റെ ഗീവര്‍ഗ്ഗീസ് പുണ്യാളാ. കണ്ടാല്‍ മാമുക്കോയയാണെങ്കിലും മമ്മൂട്ടിയുടെ കയ്യിലിരിപ്പാണവനെന്ന് വിശ്രുത സാഹിത്യ ശിരോമണി വടിവാള്‍ മുന്‍പൊരിക്കല്‍ ജാലകക്കാഴ്ചകള്‍ എന്ന പംക്തിയില്‍ അഭിപ്രായപ്പെട്ടത് കുമാരേട്ടന്‍ ഓര്‍മ്മിച്ചു.

എങ്ങനെയെങ്കിലും ഇവനെ ഇന്നു കണ്ടേ തീരു. ഇത്തവണ പരാജയപ്പെട്ടാല്‍ കുറുമാന്റെ ആജീവനാന്ത സുഹൃത്ത് പോത്തന്‍ കോട് എസ്പി. ഡാഷ് ചന്ദ്രനെ തന്നെ കൊണ്ടുവരേണ്ടി വരുമെന്ന് കുമാരേട്ടന്‍ കണക്കുകൂട്ടി.

വൈറ്റിലയും പൂണിത്തുറയും കടന്ന് സര്‍ക്കാര്‍ അനുവദിച്ചു തന്ന 60 കി.മീ സ്പീഡില്‍ ശകടം വെച്ചു പെടച്ചു. ഈ അവസ്ഥയില്‍ പോയാല്‍ കോട്ടയത്തെത്തിയാല്‍ തന്നെ യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞേ പുറത്തിറങ്ങാനാവൂവെന്നു പോലും കുമാരേട്ടന്‍ ഭയന്നു. മേലില്‍ കാലത്തെ എല്ലാ സത്‍ക്കര്‍മ്മങ്ങളും കഴിച്ച് സഹധര്‍മ്മിണിയോട് റ്റാറ്റായും പറഞ്ഞേ ഒരു വഴിക്കിറങ്ങൂയെന്ന് അപ്പോള്‍ തന്നെ കുമാരേട്ടന്‍ ദൃഢപ്രതിഞ്ജയെടുത്തു.

ലക്ഷം മാതാ കോളനിയില്‍ വണ്ടിയിറങ്ങി മലയാള രംഭയുടെ ആപ്പീസ് ലക്ഷ്യമാക്കി കുമാരേട്ടന്‍ നടന്നു. സെക്യൂരിറ്റിക്കാരനു പകിടി കൊടുത്ത് കുമാരേട്ടന്‍ മലയാള രംഭയുടെ നാലുനില കെട്ടിടത്തിനകത്ത് അവനെ തപ്പാനിറങ്ങി. ആ കശ്മലനെ.. വാറുണ്ണിയെ.
കുമാരേട്ടന്‍ സബ് എഡിറ്ററായിട്ടുള്ള ‘അജപാലനം’ മാസികയില്‍ പാചക കുറിപ്പിന്റെ ആയിരത്തൊന്നാമത്തെ എപ്പിസോഡെഴുതാന്‍ മോഹന്‍ ലാലിന്റെ ഡേറ്റ് തരാമെന്ന് പറഞ്ഞ് സ്ഥലം വിട്ട കഷിയാണ് ഈ വാറുണ്ണി.

വെട്രിവേലിട്ട തറയില്‍ മിന്നി തിളങ്ങുന്ന പ്രതലത്തില്‍ കുമാരേട്ടന്‍ വെറുതെ കാലൊന്നു വെച്ചതേയുള്ളൂ.

പിറ്റേന്ന് കണ്ണു തുറക്കുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സ്പെഷല്‍ വാര്‍ഡില്‍ ഇഞ്ചക്ഷനുമായി നില്‍ക്കുന്ന നേഴ്സ് കുമാരേട്ടനോട് പറഞ്ഞു..
‘ചേട്ടനു ചിക്കന്‍ ഗുനിയായാണ്.. മിണ്ടാതെ അവിടെ കിടന്നോളണം..’
കുമാരേട്ടന്‍ വിറച്ചു കിടന്നു. കുനിഞ്ഞിരുന്ന് പത്രം വായിക്കുന്ന അടുത്ത കട്ടിലിലുള്ളവനില്‍ നിന്നും പത്രം കടം വാങ്ങി വായിച്ചു.
അന്നും മലയാള രംഭയിലെ രണ്ടാം പേജില്‍ 10 X 12 സൈസില്‍ ഒരു ഉപകാര സ്മരണ കോളമുണ്ടായിരുന്നു.
‘ചിക്കണ്‍ ഗുനിയയില്‍ നിന്നു വിടുതല്‍ തന്നതിന് ... ഉപകാരസ്മരണയോടെ പാലായില്‍ നിന്നും വാറുണ്ണി & ഫാമിലി..’
കുന്തം പിടിച്ചു നില്‍ക്കുന്ന ഗീവര്‍ഗ്ഗീസ് പുണ്യാളനു വാറുണ്ണിയുടെ ഛായയുണ്ടോയെന്ന് കുമാരേട്ടന് വര്‍ണ്യത്തിലാശങ്കയുയര്‍ന്നു.

Saturday, July 07, 2007

കലാലയ വര്‍ണ്ണങ്ങള്‍

മഴക്കാലം വന്നാല്‍ പലപ്പോഴും എന്റെ മനസ്സില്‍ വരുന്ന ഒരു ചിത്രമുണ്ട്. പഠിച്ചിരുന്ന കോളജിന്റെ.. തൃശ്ശൂര്‍ ജില്ലയിലെ എല്‍ത്തുരുത്തെന്ന ദ്വീപിലെ സെന്റ്. അലോഷ്യസ് കോളജിന്റെ ചിത്രം. ചുറ്റും നെല്‍പ്പാടം.. അതിനെ ചുറ്റി ഒരു കനാല്‍. മഴക്കാലത്ത് നെല്‍പ്പാടം വെള്ളം നിറഞ്ഞ് കിടക്കും. മനോഹരമായ ഒരു ദൃശ്യമാണത്. ദ്വീപിലേക്ക് ഒരു വലിയ കയറ്റമാണ്. ഒരു വശം റബ്ബര്‍തോട്ടം. മറുവശം മരച്ചീ‍നി കൃഷി ( എത്ര വലിയ കമ്പി വേലി കെട്ടിയാലും ഇരുകാലികളായ തൊരപ്പന്മാരുടെ ശല്യം സഹിക്ക വയ്യാതെ അച്ചന്മാര്‍ മരച്ചീനി കൃഷി പിന്നീട് നിര്‍ത്തിയെന്നറിഞ്ഞു. ). കയറ്റം കയറി ചെന്നാല്‍ പൂമരങ്ങള്‍ ഇതള്‍ വിരിയിക്കുന്ന വിശാലമായ കാമ്പസ്.

കുറച്ചുകാലം മുമ്പ് അവിചാരിതമായാണ് ഡോ. മുരളിധരന്‍ സാറിനെ ഓര്‍ക്കുട്ടില്‍ കിട്ടിയത്. മുരളി സാര്‍ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. 85-86 കാലഘട്ടത്തില്‍‍ എന്നെ പഠിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സാറുമായുള്ള സൌഹൃദ ഭാഷണത്തിനിടയില്‍ ഇപ്പോഴത്തെ കാമ്പസ് എങ്ങനെയുണ്ടെന്ന് ചോദിച്ചു. നന്നായിരിക്കുന്നെന്ന് വിരസമായ ഒരു മറുപടി. പക്ഷേ, പിറ്റേന്ന് 'this is how your college now..' എന്നൊരടിക്കുറിപ്പുമായി കുറെ ചിത്രങ്ങള്‍ എന്റെ മെയില്‍ ബോക്സില്‍..ഇതാണ് കോളജിലേക്കുള്ള വഴി. എല്ലാം പഴയ പോലെ തന്നെ.


ഇത് കോളജിലേക്കുള്ള ബസുകള്‍ വന്നു നില്‍ക്കുന്ന സ്ഥലം. മുമ്പ് സിറ്റി ബസുകള്‍ വന്നു നിന്നിരുന്നതും ഇവിടെ തന്നെ. ഇപ്പോള്‍ സിറ്റി ബസുകളൊന്നുമില്ലെന്ന് തോന്നുന്നു. ഈ മരങ്ങള്‍ക്ക് എത്ര കഥകളാണ് പറയാനുണ്ടാവുക ? അവസാനത്തെ ബസു വരുന്നതു വരെ കാത്തു നിന്ന സായാഹ്നങ്ങള്‍..

ചെറിയ മറ്റു തണല്‍ മരങ്ങള്‍. ഇടവേളകള്‍ ഉല്ലാസകരമാക്കിയിരുന്നതിവിടെ.. ചെറിയ ചാറ്റല്‍ മഴ വന്നാല്‍ ഇതിനടിയില്‍.. മഴമാറിയാല്‍ മരം പെയ്യും...
‘കാലാപാനി‘യിലേക്കുള്ള വഴി. വലത്തു കാണുന്നതാണ് ലബോറട്ടറി. അതിന്റെ സൈഡ് പിടിച്ച് പോയാല്‍ ശേഖരേട്ടന്റെ കാന്റീന്‍. വയലിലെ തണുത്ത കാറ്റേറ്റിരുന്ന് ചായയും പരിപ്പുവടയും കഴിക്കുന്നത് ഇപ്പോഴും നല്ല ഓര്‍മ്മ.
വെള്ളം നിറഞ്ഞുകിടക്കുന്ന പാടം. അപ്പുറത്ത് നെടുപുഴ ദേശം. ഇലക്ഷന്‍ കാലത്ത് കോളജില്‍ അടിയുണ്ടാക്കി (കൂടുതല്‍ ഇങ്ങോട്ട് കിട്ടിയിട്ടേ ഉള്ളൂ :) ) പോലീസ് വരുന്നതിനു മുമ്പ് സ്കൂട്ടാവുന്നത് ഈ വഴിയാണ്.

ചിത്രങ്ങളെടുത്ത് അയച്ചു തന്ന മുരളി സാറിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.