Friday, September 25, 2009

മറന്നുവെച്ചത്


15.മറന്നുവെച്ചത്
പ്രണയം മൂത്ത് തെങ്ങില്ക്കയറിയ ബ്ലോഗര്‍
പ്രാണസഖിയ്ക്കായ് ഒരു കരിക്കിട്ടു.
പ്രാണന്‍ പരവേശമായപ്പോള്‍
തനിയ്ക്കായ് ഒരു കുല കരിക്കിട്ടു.

എങ്കിലും...

നടുനിവര്‍ത്തുമ്പോള്‍
പ്രാണസഖിയ്ക്ക് വേണ്ടത്
അതുമാത്രം

തെങ്ങിന് മുകളില്‍ മറന്നു വെച്ച
ആ പഴയ കത്തി..

Wednesday, September 23, 2009

വാഴ്ത്തപ്പെട്ട പതിവുകള്‍


14. വാഴ്ത്തപ്പെട്ട പതിവുകള്‍

ചെമ്പട്ടുപുതച്ച
പൂമരത്തണലിലെ
ക്ലാസ് കട്ടു ചെയ്ത
പതിനൊന്നുമണിയുടെ
കുറുകലുകള്‍,

കാന്റീനിലെ
ഒഴിഞ്ഞ മൂലയിലെ
ആവി പറക്കുന്ന
പരിദേവനങ്ങള്‍,

കെമിസ്ട്രി ലാബിലെ
പുകഞ്ഞുയരുന്ന
തെറ്റിയ രസതന്ത്രങ്ങള്‍,

എന്തിനുമൊടുവില്‍
കൂര്‍ത്ത ചൂണ്ടിലെ
അസൂയയും
തുളുമ്പിയ മിഴികളും

എല്ലാം
വാഴ്ത്തപ്പെട്ട പതിവുകള്‍ മാത്രം

Friday, September 18, 2009

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (11 - 13)


11. കുന്നിക്കുരു

കുഞ്ഞിക്കുട്ടന്റെ മുത്തശ്ശി
കുന്നിനിടയിലൂടെ
കൂവത്തിന്നരികിലൂടെ
കുന്നിക്കുരു പെറുക്കാന്‍ പോയി
കുന്നിക്കുരുക്കളെല്ലാം
കുഞ്ഞിക്കുട്ടന്റെ മുത്തശ്ശിയെ
കൂട്ടം കൂടിയെടുത്ത്
കൊണ്ടുപോയി
പ്രണയിക്കാന്‍


12. പ്രേമലേഖനം

അവിവാഹിതനായ
കവിതയെഴുതുന്ന
വയസ്സറിയാത്ത
കുഞ്ഞിരാമന്‍ മാസ്റ്റര്‍
നിരക്ഷരയായ
സുന്ദരിയായ
വയസ്സറിയാത്ത
കുഞ്ഞാമിനയ്ക്കൊരു
പ്രേമലേഖനം കൊടുത്തു.
കുഞ്ഞാമിന
കരഞ്ഞതെന്തിനെന്ന്
കുഞ്ഞിരാമന്‍ മാസ്റ്റര്‍ മാത്രം
കുണ്ഠിതപ്പെട്ടു.

13. പൂമരം

ചെമ്പട്ടുപുതച്ച
പൂമരമേ
കണ്ടാലറിയാതെയായി നിന്നെ
മിണ്ടുവാനില്ല നിന്നോടു
ഇലകളെ മൂടിയ നീ
യെന്നേയെനിക്കന്യയായ്..

Thursday, September 17, 2009

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (6 - 10 ‌)


6. മഷിക്കുപ്പി


കിഴക്കോട്ടും തെക്കോട്ടും പാഞ്ഞിട്ടാകാം
ഒരു സൈക്കിള്‍
സ്റ്റാന്ഡിലിരുന്ന് ഉറങ്ങുന്നത്

താഴോട്ടും മുകളിലോട്ടും പറന്നിട്ടാകാം
ഒരു പന്ത്
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്

തിരിച്ചും മറിച്ചും കത്തുകളെഴുതിയിട്ടാവാം
ഞാനും നീയും
ഒഴിഞ്ഞ മഷിക്കുപ്പിയെ സ്നേഹിച്ചുതുടങ്ങിയത്.

7.കഥ

എങ്ങനെ ഞാനവളെ
ആട്ടിപ്പുറത്താക്കും
അവള്‍ മരിച്ചാല്‍
എന്റെ കഥയും..

8. സന്ധ്യ

സന്ധ്യ
ഒരു പിച്ചാത്തിയെടുത്ത്
നടന്നു
പകലിനെ കീറിമുറിക്കാന്‍
ഊട്ടിയിലെ നിശ്വാസങ്ങള്‍
സാക്ഷിയാക്കി..

(ഊട്ടി : തൃശ്ശൂര്‍ കേരളവര്‍മ്മ കോളജിലെ പ്രണയകൂടാരം )

9. കാക്ക

എന്റെ വീട്ടില്‍
വിരുന്നുവന്ന കാക്ക
കലമുടച്ചു,
നിറഞ്ഞ കാടിവെള്ളത്തില്‍
തല കുളിച്ചു.

ഒരു വറ്റുപോലും തിന്നാതെ
പറന്നുപോയി
ഉടയാത്ത മണ്‍കലങ്ങള്‍ തേടി.

10. ഇഷ്ടം

നിനക്ക് ചുവപ്പുമതി
എനിക്ക് നീലയും
നിനക്ക് കൃഷ്ണമണി മതി
എനിക്ക് കടുകുമണിയോളം മതി.



Wednesday, September 16, 2009

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (1 - 5 ‌)


1. ഇലകള്‍


നമുക്കൊപ്പം നടന്ന
വഴിവക്കിലെ പൂമരം
ഇലകളെ തനിച്ചാക്കി.



2. മൌനം


ആകാശത്തോളം വളര്‍ത്തുവാന്‍
ഭൂമിയോളം തളര്‍ന്നു.




3. നിശാശലഭം


സ്വപ്നം കൊണ്ട് നിന്നെയുറക്കാന്‍
പകലോളം കാത്തുകിടന്നു



4. പറയാനുള്ളത്


നിന്നോട് പറയാനുള്ളതെല്ലാം
പറഞ്ഞ് പറഞ്ഞ്
പറന്നുപോയി.



5. താജ്മഹല്‍


നീയൊരു മുംതാസായിരുന്നില്ലെങ്കില്‍
എനിക്കൊരു താജ്മഹല്‍
എന്നേ പണിയുമായിരുന്നു..

(ആമുഖം :ഇതൊരു സീരീസായി എഴുതുന്നതാണ്. വിമര്‍ശനങ്ങള്‍ ക്ഷണിക്കുന്നു. കവിതയില്‍ കൈവെച്ച് പൊള്ളിയ അനുഭവം മാത്രമേയുള്ളൂ. എങ്കിലും എഴുതാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ടുമാത്രമാണ് എഴുതുന്നത്. )

Friday, September 11, 2009

പ്രണയം

വൃദ്ധയായ കന്യാസ്ത്രീ
വാര്‍ഷികപ്പതിപ്പു വായിക്കുന്നതാണ്
വെന്ത വരികള്‍ക്കിടയില്‍
വെണ്ണീറു പരതുന്നതാണ്

പന്നിപ്പനിക്കാരനു ചുറ്റും
നേഴ്സുമാര്‍ പരതുന്നതാണ്
നളിനിജമീല തത്വമസിയുടെ
നവീനപതിപ്പിറക്കുന്നതാണ്