Sunday, December 30, 2007

സര്‍വ്വീസ് പായ്ക്ക്

നാലു ചുവരുകള്‍
നിറയെ ഫയലുകള്‍
കമ്പ്യൂട്ടര്‍ റൂമിലെന്തിനിത്ര
ബോക്സ് ഫയലുകള്‍ ?

നിറഞ്ഞ സിഡി ബോക്സുകളിലെന്തിനിത്ര
സര്‍വ്വീസ് പായ്ക്കുകള്‍ ?

ഒരു ജിബി ഡാറ്റാഫയലിനെന്തിനു
റാക് സെര്‍വ്വര്‍ ?

പോയിന്റു കൂട്ടിയ പുതിയ കണ്ണട
മോണിറ്ററില്‍ നോക്കി
ഊര്‍ദ്ധ്വം വലിച്ചുകൊണ്ടൊന്നാം
പെന്റിയം ചിരിച്ചു മറിഞ്ഞു.

Saturday, December 22, 2007

വിചാരവും ധ്യാനവും ഒന്നാണോ ?

വിചാരവും ധ്യാനവും ഒന്നാണോ ?

സര്‍വ്വസങ്കല്പ വികല്പനങ്ങളും ഒഴിഞ്ഞിരിക്കുന്ന അവസ്ഥയെ ധ്യാനം എന്നു പറയാം. അതിന്റെ അര്‍ത്ഥം ധ്യാനിക്കാന്‍ കഴിയുകയില്ല എന്നാ‍ണ്.

ധ്യാനം എന്നാല്‍ ഒരു അവസ്ഥയാണ്. മനസ്സ് അടങ്ങിയിരിക്കുമ്പോഴുള്ള അവസ്ഥ. മനസ്സുകൊണ്ടു പിന്നെ ചെയ്യാന്‍ കഴിയുന്നത് എന്താണ് ?

വിചാരം.

വിചാരം എങ്ങനെ നയിക്കപ്പെടണമെന്ന് അറിയാമോ ?
തര്‍ക്കവും ന്യായവും മീമാംസയും എല്ലാം ഉണ്ടായിട്ടുള്ളത് ചിന്തയ്ക്ക് പദ്ധതി ഉണ്ടാക്കിക്കൊടുക്കാനാണല്ലോ.
വ്യാകരണം പഠിച്ചിട്ടാണോ മനുഷ്യര്‍ സംസാരിച്ചുതുടങ്ങിയത് ?
തര്‍ക്കം പഠിച്ചിട്ടേ ചിന്തിക്കാന്‍ പാടുള്ളൂ ?
അടിസ്ഥാനപരമായ അറിവ് ആദ്യം തന്നെ മനസ്സില്‍ ഒളിഞ്ഞിരിപ്പുണ്ടാവും. ഉപനിഷത്തുകളിലൂടെ ഘൃഷിമാരും ഗീതയിലൂടെ വ്യാസനും ശങ്കരനുമെല്ലാം പഠിച്ച സര്‍വ്വകലാശാല ഏതാണ് ? അവരുടെ ദര്‍ശനത്തിനു ഒരു സമഗ്രതയുണ്ടായിരിക്കുമ്പോള്‍ പണ്ഠിതരുടെ വികലമാകുന്നതെന്തേ ?
ശൂന്യാകാശത്തില്‍ ഒളിഞ്ഞിരിക്കുന്ന തടസ്സങ്ങളെ കണക്കുകൂട്ടി കണ്ടെത്തി. പ്രാതിയൌഗികമായ കണക്കുകൂട്ടലുകള്‍കൊണ്ട് അവയേ ഒഴിവാക്കി. ചന്ദ്രനിലും ചൊവ്വയിലും കടന്നുചെല്ലുവാന്‍ കഴിയുന്ന മനുഷ്യന്റെ മനസ്സിനു എന്തുകൊണ്ട് ആ കണക്കുകൂട്ടലിലെ തെറ്റും ശരിയും നിര്‍ണ്ണയിക്കുന്ന ബുദ്ധിയുടെ സ്വഭാവവും സ്വരൂപവും അളക്കാനായി സ്വാത്മാവിലേക്കുതന്നെ നടന്നുചെല്ലുവാന്‍ തോന്നുന്നില്ല ? അങ്ങനെയൊന്ന് സംഭവിച്ചാല്‍ തന്നെ അതെന്തുകൊണ്ട് ഇത്ര ദുഷ്കരമായിരിക്കുന്നു ?

ശരിയായ പ്രതിജ്ഞയില്‍ എത്തിച്ചേരണമെങ്കില്‍ ചിന്തയെ വേണ്ടവിധത്തില്‍ മുന്നോട് കൊണ്ടുപോകാന്‍ കഴിയണം. ഇവിടെ വിശേഷബുദ്ധിയേക്കാള്‍ സാമാന്യബുദ്ധിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.

എവിടെയോ കണ്ട ഒരു കമന്റാണ് ഇങ്ങനെ ഒരു കുത്തിക്കുറിപ്പിനാധാരം.

Saturday, December 15, 2007

കണ്ടമ്പുള്ളി ബാലനാരായണന്‍ ഓര്‍മ്മയായി



കണ്ടമ്പുള്ളി ബാലനാരായണന്‍ (നാണു എഴുത്തച്ഛന്‍ ശിവശങ്കരന്‍) ചെരിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നാട്ടാനയായിരുന്നു. പാലക്കാട് ലക്കിടി പാലത്തിനടുത്ത് വെച്ച് ലോറിയില്‍ കയറ്റുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.


'സഹ്യനേക്കാള്‍ തലപ്പൊക്കം, നിളയേക്കാളുമാര്‍ദ്രത'- കവിതയിലെ വരികളില്‍ 'പട്ടാമ്പി നാരായണന്‍ എന്ന കണ്ടമ്പുള്ളി ബാലനാരായണന്‍ എന്ന നാണു എഴുത്തച്ഛന്‍ ശിവശങ്കരന്' വരികളിലെ ആദ്യഭാഗമാണ് കൂടുതല്‍ ചേരുക. ആര്‍ദ്രതയേക്കാള്‍ രൌദ്രഭാവമാണ് അവനില്‍ മുന്നിട്ടുനിന്നിരുന്നത്. അതുകൊണ്ടുതന്നെ ഒരേസമയം ഉത്സവപ്പറമ്പുകളിലെ നായകനും വില്ലനുമായി ഈ കൊമ്പന്‍.

തലപ്പൊക്കം കൊണ്ട് ഉത്സവപ്പറമ്പുകളിലെ ആവേശമായിരുന്നു കണ്ടമ്പുള്ളി ബാലനാരായണന്‍ എന്ന നാണുഎഴുത്തച്ഛന്‍ ശിവശങ്കരന്‍. പത്തേമുക്കാല്‍ അടി ഉയരം, ആരേയും കൂസാത്ത, ആര്‍ദ്രതയില്ലാത്ത ആ തലയുയര്‍ത്തിയുള്ള നില്പ്. ആനക്കമ്പക്കാര്‍ ആ തലയെടുപ്പിനെ നമിച്ചിരുന്നു, ഒപ്പം പേടിക്കുകയും. കാരണം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മയക്കുവെടിയേറ്റതില്‍ മുന്‍പന്തിയില്‍ ഈ കൊമ്പനുണ്ടായിരുന്നു എന്നതുതന്നെ. ഇവന്റെ പരാക്രമം കണ്ട ഉടമ കണ്ടമ്പുള്ളി ബാലന്‍ ഹൃദയംപൊട്ടി മരിക്കുകയായിരുന്നു.

ബിഹാറില്‍നിന്നും പട്ടാമ്പിയുടെ മണ്ണിലേക്കെത്തിയ ആദ്യദിനംതന്നെ അനുഗമിച്ച പാപ്പാന്റെ കഥ കഴിച്ചവനാണ് കക്ഷി. മയക്കുവെടി പ്രചാരത്തിലെത്തുന്നതിനും മുമ്പ് മുടക്കുവെടി വച്ചാണ് അന്ന് ഇവനെ തളച്ചത്. കണ്ടമ്പുള്ളിക്കാരുടേതായി മാറിയതിനുശേഷം ചൂണ്ടല്‍ പാറക്കുളത്തില്‍ വച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒന്നാംപാപ്പാന്‍ രാജനേയും ബാലനാരായണന്‍ കുത്തിമലര്‍ത്തി. ഇതൊക്കെയാണെങ്കിലും കടപുഴക്കിയ മരം തടഞ്ഞുനിര്‍ത്തി തറവാട്ടുവീടിനെ രക്ഷിച്ച കഥയും ചൂണ്ടല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കണ്ടമ്പുള്ളിയിലെ തറവാട്ടമ്മ 95-കാരി പാര്‍വതിയമ്മയെ കാണാനെത്തിയ ചരിത്രവും ഇവനു സ്വന്തം.

ബിഹാറിയായ ബാലനാരായണനെ കാല്‍നൂറ്റാണ്ടുമുമ്പാണ് ബാലന്‍ വാങ്ങിയത്. പട്ടാമ്പിയിലെ അഡ്വ. ഉദയവര്‍മനില്‍നിന്നും ഒന്നരലക്ഷം കൊടുത്ത്. കണ്ടമ്പുള്ളിയിലെത്തി ആദ്യ പത്തുവര്‍ഷത്തോളം ഇവന്റെ കുറുമ്പ് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളത്തിലെ ലക്ഷണമൊത്ത ആനകള്‍ ഏഴുന്നള്ളിയിട്ടുള്ള തൃശൂര്‍പൂരത്തിന്റെ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാഞ്ഞതും ഈ കുറുമ്പു കാരണമാകാം. വര്‍ഷത്തില്‍ പരമാവധി 50 എഴുന്നള്ളിപ്പുകള്‍ക്കു മാത്രമേ ബാലനാരായണനെ വിട്ടിരുന്നുള്ളൂ.

കണ്ടമ്പുള്ളിക്കാര്‍ക്ക് ആനക്കാര്യത്തില്‍ മേല്‍വിലാസമുണ്ടാക്കിയതുതന്നെ ബാലനാരായണനായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഇവന്റെ ഉയരംതന്നെ ചര്‍ച്ചാവിഷയമായി. മദകാലയളവില്‍ പരാക്രമിയാകുമെങ്കിലും ബാലനാരായണന്റെ ഉടമ ബാലന്റെ അമ്മ പാര്‍വതിയമ്മയ്ക്കു മുന്നില്‍ ശാന്തനാകും. നീരിലുള്ള ഇവന് തീറ്റകൊടുത്തിരുന്നതും ഇവരാണ്. ഭക്ഷണവുമായെത്തുന്ന ഇവര്‍ക്കായി പട്ട നീക്കി ഇവന്‍ വഴിയുമൊരുക്കുമായിരുന്നു. പിന്നീട് പട്ടയില്‍ തട്ടിത്തടഞ്ഞ് വീണ് ആശുപത്രിയിലായ ഇവരെ കാണാന്‍ ബാലനാരായണന്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. ആശുപത്രിയിലെത്തി തുമ്പിക്കൈ കൊണ്ട് തലോടി കണ്ണീരൊലിപ്പിച്ചുകൊണ്ടായിരുന്നു അന്നിവന്റെ മടക്കയാത്ര.

ചെമ്പൂത്രയിലെ പൂരപ്പറമ്പില്‍ വച്ചായിരുന്നു ഉടമ ബാലന്റെ മരണം. 1996-ലായിരുന്നു അത്. കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് ബാലനാരായണനായിരുന്നു. ഇടയ്ക്ക് പറ്റാനയുടെ കൊമ്പ് ഇവന്റെ മേലുരസി. ഇതോടെ ആന മുമ്പോട്ടുകുതിച്ചു. പാപ്പാനും ഓടിമാറി. ആരേയും അടുപ്പിക്കാതെ ക്ഷേത്രപരിസരത്ത് നില്‍ക്കുകയായിരുന്ന ആനയെ ബാലന്റെ മക്കളായ മോഹന്‍ദാസും സുന്ദരനും സുനിലും ചേര്‍ന്നാണ് അനുനയിപ്പിച്ചത്. വിവരം കേട്ടെത്തിയ ബാലന്‍ ക്ഷേത്രപ്പറമ്പിലെത്തിയെങ്കിലും അവിടെവച്ച് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ഇളയമകന്‍ സുനിലിനായി ഉടമസ്ഥാവകാശം. ഒടുവില്‍ മൂന്നു വര്‍ഷം മുമ്പാണ് ബാലനാരായണനെ നാണുഎഴുത്തച്ഛന്‍ഗ്രൂപ്പ് ശിവശങ്കരനാക്കിയത്.

കഴിഞ്ഞ തവണ തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍ഡിനടുത്ത് നാണു എഴുത്തച്ഛന്റെ തൊടിയില്‍ വെച്ച് കണ്ടപ്പോഴും അവന്റെ ശൌര്യത്തിനൊരു മാറ്റവുമുണ്ടായിരുന്നില്ല. സൌകര്യം കിട്ടിയാല്‍ പട്ടയെടുത്ത് അടുത്ത് വരുന്ന അപരിചിതരെ എറിയാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. എങ്കിലും ആ തലയെടുപ്പ് ആരുമൊന്ന് നോക്കിനിന്നുപോകും. ഇനിയതില്ല.

Wednesday, December 12, 2007

വരയും പാരയും.

വര
നീണ്ട വര
കുറുകിയ വര
വളഞ്ഞ വര
വാലുള്ള വര
കനമുള്ള വര
ചുളുങ്ങിയ വര
ചെരിഞ്ഞ വര
എല്ലാ വരകള്‍ക്കും
വേരു തലവര
ഒടുക്കം അടിവര

പാര
കമ്പിപ്പാര
കനമുള്ള പാ‍ര
നീളമുള്ള പാര
നിറമുള്ള പാര
നിജമുള്ള പാര
എല്ലാ പാരകള്‍ക്കും
പിടി കൈപ്പിടി