Monday, January 28, 2008

ചൊവ്വയിലെ ചേച്ചി
തെങ്ങുകയറുന്ന കണാരേട്ടന്‍ കുര്യാക്കുവിന്റെ പറമ്പില്‍ തെങ്ങുകയറുന്ന ഇന്നലെ വരെ വെറും കണാരേട്ടന്‍ മാത്രമായിരുന്നു. കാലത്ത് എഴുന്നേറ്റ് സ്വന്തം തലൈവി മുണ്ടിക്കുട്ടിയെ നാലു തെറിയും വിളിച്ച് വെട്ടുകത്തിയും തളാപ്പുമായി വളരെ മനസ്സമാധാനത്തോടെ ചെമ്പരത്തിക്കാട് പഞ്ചായത്തിലെ ഓരോ വീട്ടിലെയും തെങ്ങുകളില്‍ കയറി, രാത്രി പാടവരമ്പത്ത് വാറ്റുന്ന ദാക്ഷായണിയുടെ ഹൈടെക് വാറ്റുകേന്ദ്രത്തില്‍ നിന്നും ഇന്ധനവും നിറച്ച് സ്റ്റാന്‍ഡ് പിടിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു.

അന്ന്, കുര്യാക്കേട്ടന്റെ പറമ്പിലെ ആ ചമ്പത്തെങ്ങില്‍ കയറി പകുതിയെത്തിയപ്പോഴാണ് കണാരനു രണ്ടിനു പോകണമെന്ന് കലശ്ശലായി തോന്നിയത്. ഏതായാലും കയറിയില്ലേ ഇനി മുകളിലെത്തിയിട്ട് ഒരു കാജാ ബീഡി വലിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് സമാധാനിച്ചാണ് കയറിയത്. മുകളിലെത്തി ഒരു കാജാ ബീഡിക്ക് തീകൊളുത്തി. ഒരു പുക മുകളിലേക്കൂതി വിട്ട് അതിന്റെ അലസഗമനം നോക്കിയിരിക്കുമ്പോഴാണ് കണാരേട്ടന്‍ അത് കണ്ടത്.

ആകാശത്ത് ഒരു നക്ഷത്രം.
നക്ഷത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരുത്തി അവിടെ കിടന്നുറങ്ങുന്നു.
ങാഹ. . ഇവളിതുവരെയും എഴുന്നേറ്റില്ലേ .. കാലത്ത് റേഷനായി കൊടുക്കേണ്ട എല്ലാ തെറിയും കൊടുത്തതാണല്ലോ..

‘എടീ.. %#%#$% , #@$%#@$ , മോളേ എഴുന്നേറ്റ് പോയി ക്ടാങ്ങളെ സ്കൂളില്‍ പറഞ്ഞയ്ക്കടി....’

അവളെഴുന്നേല്‍ക്കുന്ന ലക്ഷണമില്ല....

‘ഡാ കണാരാ.... നെനക്കെന്താ പ്രാന്തായാ .. ചമ്പത്തെങ്ങിന്റെ മോളീക്കയറി തെറി വിളിക്കാന്‍.. താഴെ എറങ്ങടാ..’ കുര്യാക്കേട്ടന്‍ താഴെ നിന്നലറി വിളിച്ചു.

പണ്ടാറക്കാലന്‍ ഒരു മടലുപോലും വെട്ടാനില്ലാത്ത തെങ്ങിന്മേല്‍ എണ്ണം തികയ്ക്കാന്‍ കയറിയതും പോര മനുഷ്യനെ തെറിവിളിക്കുന്നോ..

‘ദേ നോക്ക്യ കുര്യാക്കേട്ടാ,, അവള്‍ അവിടെ കിടക്കന്ന്യ...’

‘ഏതവള് ..’ കുരുത്തംകെട്ടവന്‍ പിച്ചും പേയും പറയുന്നോ..

‘താഴ്ത്തെറങ്ങടാ കണാരാ..’ കുര്യാക്കേട്ടന്‍ ലാസ്റ്റ് വാണിങ്ങ് കൊടുത്തു.

ഒന്നും പറ്റാതെ താഴെ ഇറങ്ങിയാല്‍ അടുത്ത ഷഷ്ഠിക്ക് കണാരനെ ശൂലം കുത്തിച്ച് മലകയറ്റിക്കോളാമെന്ന് നേര്‍ച്ചയും നേര്‍ന്നു കുര്യാക്കേട്ടന്‍.

പാതി വലിച്ച ബീഡി തെങിന്റെ കൊരലയ്ക്കു തന്നെ കുത്തിക്കെടുത്തി കണാരേട്ടാന്‍ താഴെ ഇറങ്ങി.
വിയര്‍ത്തുകുളിച്ചാണ് കണാരേട്ടന്‍ തെങ്ങില്‍ നിന്നറങ്ങിവന്നത്.

‘എന്താ കണാരാ നെനക്ക് പറ്റ്യേ ? ‘
കണാരേട്ടന്‍ കാര്യം പറഞ്ഞു. കുര്യാക്കേട്ടന് കാര്യം അത്ര പന്തിയായി തോന്നിയില്ല. ഒന്നുകില്‍ ഇവനു മുഴുവട്ട്. അല്ലെങ്കില്‍..

വീട്ടിനകത്ത് പോയി മകന്‍ വാറുണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു.

വാറുണ്ണി വേഗം തന്നെ പോയി തന്റെ ലാപ്ടോപ്പ് തുറന്ന് ഇന്റര്‍നെറ്റില്‍ പരതി.

ഒടുവിലാണതു കണ്ടത്.. ‘നാസ’യുടെ സൈറ്റില്‍ ..

ചൊവ്വയില്‍ ഒരു സ്ത്രീ രൂപം....

അപ്പോള്‍ തന്നെ തന്റെ ബ്ലോഗ് തുറന്ന് അടുത്ത കവിത കാച്ചി.

വ്യത്യസ്ഥനാമൊരു ക്ലൈമ്പറാം കണാരനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
...

പിന്നെ, ഓര്‍ക്കുട്ടില്‍ കയറി എല്ലാവര്‍ക്കും സ്ക്രാപ്പിട്ടു.


ചൊവ്വയിലെ ചേച്ചിയെ കണാരേട്ടന്‍ കണ്ടേ....

അങ്ങനെ സ്ക്രാപ്പുകളില്‍ നിന്നും സ്ക്രാപ്പുകളിലേക്ക് കണാരേട്ടന്‍ ചേച്ചിയെ കണ്ട വിവരം പറന്നു നടന്നു.


സ്ക്രാപ്പ് കണ്ട മലയാളദേവി പത്രപ്രവര്‍ത്തകനും കോപ്പാനിനക്ക് ടൂര്‍ണ്ണമെന്റിന്റെ സ്പെഷല്‍ കറസ്പോണ്ടന്റുമായ മനീഷ് കൂത്താട്ടുകുളം എല്ലാ ബ്ലോഗര്‍മാരുമായും സംവദിച്ചു.

ആരാണീ ചേച്ചി ?

ബ്ലോഗില്‍ മൊത്തം രണ്ടു ചാച്ചിമാരേ ഉള്ളു. ഒന്ന് ചെല്ലമ്മ ചേച്ചി. ഈയടുത്ത കാലത്ത് പ്രൌഢഗംഭീരമായ ഒരു കവിത ചേച്ചി എഴുതിയിരുന്നു.

തേങ്ങാച്ചമ്മന്തി
വെട്ടുകല്ല്
ഏപ്രില്‍ 1
എല്‍.ഐ.സി ഏജന്റ്
മടക്കിക്കുത്തിയ മുണ്ട്
നായ്ക്കൊര്‍ണ്ണപ്പൊടി
നീല സാരി --

ആ ചേച്ചി ചെല്ലമ്മച്ചാച്ചിയാണോ ?

ആണോ...

പിന്നെയുള്ള ചേച്ചി രമേച്ചി..

രമേച്ചി ഈയിടെ അപൂര്‍വ്വമായേ ബ്ലോഗൂ.. പ്രശസ്ത എഴുത്തുകാരന്‍ കോന്തുണ്ണിനായരുടെ നോവലായ ‘മിന്നുകെട്ട്’ ന്റെ 150 -ം വാര്‍ഷികാഘോഷപരിപാടികളില്‍ മുഴുകിയിരിക്കുകയാണ്.

പിന്നെ ആര് ?

പടം പിടിക്കുന്ന കാല്‍പ്പിള്ളിയും പിടിച്ച പടത്തെ ബ്ലാക് & വൈറ്റാകി മാസക്കുറിപ്പിലിടുന്ന നീരജനും സിഗ്നല്‍ തെറ്റിച്ചതിനു പോലീസ് പിടിച്ചപ്പോള്‍ കവിത ചൊല്ലിക്കേള്‍പ്പിച്ച ചുള്ളനുമെല്ലാം ആലോചനോട് ആലോചന. ...

ആര്‍ക്കും തന്നെ മനസ്സിലായില്ല ആ ചാച്ചിയാരെന്ന്.


അന്ന് കിട്ടുണ്ണിച്ചേട്ടന്റെ ചായക്കടയില്‍ ചെന്നപ്പോഴാണ് തട്ടാന്‍ വാസു കണാരേട്ടനോട് ചോദിക്കുന്നത്
‘കണാരന്‍ ചൊവ്വയിലെ ചേച്ചിയെ കണ്ടൂന്ന് പറയണത് നേരാണോ ?’
‘പിന്നല്ലാണ്ട്..’
‘എങ്ങനീണ്ട് മൊതല് ? ’
‘ഞാനാദ്യം വിചാരിച്ചത് മ്മടെ മുണ്ടിക്കുട്ട്യാന്നാ.....ഇതതൊന്ന്വല്ലാത്രേ.. ഏതോ ബ്ലാഗ് ചേച്ച്യാന്നാ വാറുണ്ണി പറയണെ..’

‘അതെന്തൂട്ടാ കണാരാ ബ്ലാഗ് ചേച്ചീന്ന് പറഞ്ഞാല് ?’

‘ആര്‍ക്കറിയാം.. അവന്‍ ദേ കമ്പോട്ടര്‍ല് കുത്തീട്ട് പറഞ്ഞതാ..’

ഏതായാലും നാട്ടില്‍ കണാരനു നല്ല പേരായി. കാണുന്നവരെല്ലാം കണാരനോട് ചോദിച്ചു ..

പക്ഷേ സ്വന്തം കുടുമ്മത്ത് ഇതാ‍യിരുന്നില്ല പ്രതികരണം.

‘നിങ്ങ അവള്‍ടെ കൂടെ പോയി കെടക്ക് മനുഷ്യ...’ എന്നാണ് അന്ന് രാത്രി കിടയ്ക്ക പായീന്നും കണാരേട്ടനെ ഇറക്കിവിടുമ്പോ മുണ്ടിക്കുട്ടി പറഞ്ഞത്.
പാവം കണാരേട്ടന്‍ വീടിന്റെ വരാന്തയിലിരുന്ന് കാജാ ബീഡിക്ക് തീ‍കൊളുത്തി.

Thursday, January 17, 2008

മഴ


ആരുമറിയാതെ
ആരും കാണാതെ
ഉള്ളില്‍ ഒരു മഴ
സ്നേഹമഴ

വിങ്ങാന്‍ മറന്ന്
തുളുമ്പാന്‍ കൊതിച്ച്
പലരുമുണ്ടെന്ന ശ്രുതിയില്‍
ലയിക്കാന്‍ കൊതിച്ച്
പലതുമുണ്ടെന്ന ഭാഗ്യത്തെ
പുണരാന്‍ വെമ്പി
കാത്തുകാത്തിരുന്ന നേരം
ഞാന്മാത്രമറിയും
ഞാന്‍
വെറുമൊരനാഥയെന്ന്

Wednesday, January 16, 2008

നിഴല്‍എത്ര പറഞ്ഞിട്ടും തിരിച്ചുപോവാത
മറിച്ചു പറയാനൊന്നുമില്ലാതെ
എന്നെ പുണരാന്‍ വെമ്പുന്ന
വെറുമൊരു നിഴലാണു നീ.

വിട്ടുപോവുക വിട്ടുപോവുക
നീയറിയാതൊരു നിമിഷത്തെ
എനിക്കു വിട്ടുതരിക
ഉറങ്ങട്ടെ സ്വസ്ഥം .