Friday, October 23, 2009

ജിഹാദ്

16. ജിഹാദ്
സുബൈദേ നീയെന്തിനു
ഒരു ജിഹാദിനെ പ്രണയിക്കണം ?
നിനക്ക് പ്രണയിക്കാനും
പാശ്ചാത്തപിക്കാനും
എത്രയോ ലാദന്മാര്‍
പത്രത്താളുകളില്‍
നീണ്ടുകിടന്നുറങ്ങുന്നു..

Saturday, October 10, 2009

അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർ‍ഷങ്ങ- പുസ്തക പ്രകാശനം


ഇന്ന് കാലത്ത് സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ വെച്ച് കെ.എം.പ്രമോദിന്റെ കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു.






പ്രമോദിന്റെ ചിരി പോലെ വളരെ പ്രസന്നമായിരുന്നു പുസ്തക പ്രകാശനച്ചടങ്ങുകളും. ജി ഉഷാകുമാരി സ്വാഗതം പറഞ്ഞു. ഗോപീകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. കണ്ണൂക്കാരുടെ പാപഭാരം തൃശ്ശൂര്‍ക്കാരേറ്റെടുക്കേണ്ടെന്ന് തുറന്നുപറഞ്ഞുകൊണ്ടുതന്നെ എ.സി. ഹരി ശ്രീ ആറ്റൂര്‍ രവിവര്‍മ്മയില്‍ നിന്നും പുസ്തകത്തിന്റെ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം നടന്നു. കവി അന്‍ വര്‍ അലി കവിയെയും കവിതയെയും പരിചയപ്പെടുത്തി. പി.പി. രാമചന്ദ്രന്‍, വിഷ്ണുപ്രസാദ്, ശൈലന്‍, സി.ആര്‍ പരമേശ്വരന്‍ എന്നിവരും ബ്ലോഗര്‍മാരായ കൈതമുള്ള്, കുറുമാന്‍, അചിന്ത്യ, കോമരം, ജെപി വെട്ടിയാട്ടില്‍, കുട്ടന്മേനൊന്‍, പിന്നെ കെ.കെ.ടി.എം കോളജിലെ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.






എന്റെ മൊബൈലില്‍ എടുത്ത ചില ചിത്രങ്ങള്‍






http://pramaadam.blogspot.com/

Monday, October 05, 2009

കൊടുക്കാന്‍ മറന്നത്..


16. കൊടുക്കാന്‍ മറന്നത്

ഗള്‍ഫുകാരന്‍
അവള്‍ക്ക് കൊടുത്തിരുന്നതും
കൊടുത്തുകൊണ്ടേയിരിക്കുന്നതും
പ്രണയം

ഗള്‍ഫുകാരന്‍
ലീവില്‍ കൊടുത്തിരുന്നതും
കൊടുത്തുകൊണ്ടേയിരിക്കുന്നതും
അത്തറിന്റെ മണം

ഇന്നും
ഗള്‍ഫുകാരന്‍
കൊടുക്കാന്‍ മറന്നതും
അയല്‍ക്കാരന്‍
കൊടുക്കാന്‍ മറക്കാത്തതും

കാമം.

(ജോസഫേ നിന്നോട് പറയാന്‍ എനിക്ക് ചവറുകളില്ല..)

Friday, September 25, 2009

മറന്നുവെച്ചത്


15.മറന്നുവെച്ചത്
പ്രണയം മൂത്ത് തെങ്ങില്ക്കയറിയ ബ്ലോഗര്‍
പ്രാണസഖിയ്ക്കായ് ഒരു കരിക്കിട്ടു.
പ്രാണന്‍ പരവേശമായപ്പോള്‍
തനിയ്ക്കായ് ഒരു കുല കരിക്കിട്ടു.

എങ്കിലും...

നടുനിവര്‍ത്തുമ്പോള്‍
പ്രാണസഖിയ്ക്ക് വേണ്ടത്
അതുമാത്രം

തെങ്ങിന് മുകളില്‍ മറന്നു വെച്ച
ആ പഴയ കത്തി..

Wednesday, September 23, 2009

വാഴ്ത്തപ്പെട്ട പതിവുകള്‍


14. വാഴ്ത്തപ്പെട്ട പതിവുകള്‍

ചെമ്പട്ടുപുതച്ച
പൂമരത്തണലിലെ
ക്ലാസ് കട്ടു ചെയ്ത
പതിനൊന്നുമണിയുടെ
കുറുകലുകള്‍,

കാന്റീനിലെ
ഒഴിഞ്ഞ മൂലയിലെ
ആവി പറക്കുന്ന
പരിദേവനങ്ങള്‍,

കെമിസ്ട്രി ലാബിലെ
പുകഞ്ഞുയരുന്ന
തെറ്റിയ രസതന്ത്രങ്ങള്‍,

എന്തിനുമൊടുവില്‍
കൂര്‍ത്ത ചൂണ്ടിലെ
അസൂയയും
തുളുമ്പിയ മിഴികളും

എല്ലാം
വാഴ്ത്തപ്പെട്ട പതിവുകള്‍ മാത്രം

Friday, September 18, 2009

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (11 - 13)


11. കുന്നിക്കുരു

കുഞ്ഞിക്കുട്ടന്റെ മുത്തശ്ശി
കുന്നിനിടയിലൂടെ
കൂവത്തിന്നരികിലൂടെ
കുന്നിക്കുരു പെറുക്കാന്‍ പോയി
കുന്നിക്കുരുക്കളെല്ലാം
കുഞ്ഞിക്കുട്ടന്റെ മുത്തശ്ശിയെ
കൂട്ടം കൂടിയെടുത്ത്
കൊണ്ടുപോയി
പ്രണയിക്കാന്‍


12. പ്രേമലേഖനം

അവിവാഹിതനായ
കവിതയെഴുതുന്ന
വയസ്സറിയാത്ത
കുഞ്ഞിരാമന്‍ മാസ്റ്റര്‍
നിരക്ഷരയായ
സുന്ദരിയായ
വയസ്സറിയാത്ത
കുഞ്ഞാമിനയ്ക്കൊരു
പ്രേമലേഖനം കൊടുത്തു.
കുഞ്ഞാമിന
കരഞ്ഞതെന്തിനെന്ന്
കുഞ്ഞിരാമന്‍ മാസ്റ്റര്‍ മാത്രം
കുണ്ഠിതപ്പെട്ടു.

13. പൂമരം

ചെമ്പട്ടുപുതച്ച
പൂമരമേ
കണ്ടാലറിയാതെയായി നിന്നെ
മിണ്ടുവാനില്ല നിന്നോടു
ഇലകളെ മൂടിയ നീ
യെന്നേയെനിക്കന്യയായ്..

Thursday, September 17, 2009

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (6 - 10 ‌)


6. മഷിക്കുപ്പി


കിഴക്കോട്ടും തെക്കോട്ടും പാഞ്ഞിട്ടാകാം
ഒരു സൈക്കിള്‍
സ്റ്റാന്ഡിലിരുന്ന് ഉറങ്ങുന്നത്

താഴോട്ടും മുകളിലോട്ടും പറന്നിട്ടാകാം
ഒരു പന്ത്
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്

തിരിച്ചും മറിച്ചും കത്തുകളെഴുതിയിട്ടാവാം
ഞാനും നീയും
ഒഴിഞ്ഞ മഷിക്കുപ്പിയെ സ്നേഹിച്ചുതുടങ്ങിയത്.

7.കഥ

എങ്ങനെ ഞാനവളെ
ആട്ടിപ്പുറത്താക്കും
അവള്‍ മരിച്ചാല്‍
എന്റെ കഥയും..

8. സന്ധ്യ

സന്ധ്യ
ഒരു പിച്ചാത്തിയെടുത്ത്
നടന്നു
പകലിനെ കീറിമുറിക്കാന്‍
ഊട്ടിയിലെ നിശ്വാസങ്ങള്‍
സാക്ഷിയാക്കി..

(ഊട്ടി : തൃശ്ശൂര്‍ കേരളവര്‍മ്മ കോളജിലെ പ്രണയകൂടാരം )

9. കാക്ക

എന്റെ വീട്ടില്‍
വിരുന്നുവന്ന കാക്ക
കലമുടച്ചു,
നിറഞ്ഞ കാടിവെള്ളത്തില്‍
തല കുളിച്ചു.

ഒരു വറ്റുപോലും തിന്നാതെ
പറന്നുപോയി
ഉടയാത്ത മണ്‍കലങ്ങള്‍ തേടി.

10. ഇഷ്ടം

നിനക്ക് ചുവപ്പുമതി
എനിക്ക് നീലയും
നിനക്ക് കൃഷ്ണമണി മതി
എനിക്ക് കടുകുമണിയോളം മതി.



Wednesday, September 16, 2009

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (1 - 5 ‌)


1. ഇലകള്‍


നമുക്കൊപ്പം നടന്ന
വഴിവക്കിലെ പൂമരം
ഇലകളെ തനിച്ചാക്കി.



2. മൌനം


ആകാശത്തോളം വളര്‍ത്തുവാന്‍
ഭൂമിയോളം തളര്‍ന്നു.




3. നിശാശലഭം


സ്വപ്നം കൊണ്ട് നിന്നെയുറക്കാന്‍
പകലോളം കാത്തുകിടന്നു



4. പറയാനുള്ളത്


നിന്നോട് പറയാനുള്ളതെല്ലാം
പറഞ്ഞ് പറഞ്ഞ്
പറന്നുപോയി.



5. താജ്മഹല്‍


നീയൊരു മുംതാസായിരുന്നില്ലെങ്കില്‍
എനിക്കൊരു താജ്മഹല്‍
എന്നേ പണിയുമായിരുന്നു..

(ആമുഖം :ഇതൊരു സീരീസായി എഴുതുന്നതാണ്. വിമര്‍ശനങ്ങള്‍ ക്ഷണിക്കുന്നു. കവിതയില്‍ കൈവെച്ച് പൊള്ളിയ അനുഭവം മാത്രമേയുള്ളൂ. എങ്കിലും എഴുതാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ടുമാത്രമാണ് എഴുതുന്നത്. )

Friday, September 11, 2009

പ്രണയം

വൃദ്ധയായ കന്യാസ്ത്രീ
വാര്‍ഷികപ്പതിപ്പു വായിക്കുന്നതാണ്
വെന്ത വരികള്‍ക്കിടയില്‍
വെണ്ണീറു പരതുന്നതാണ്

പന്നിപ്പനിക്കാരനു ചുറ്റും
നേഴ്സുമാര്‍ പരതുന്നതാണ്
നളിനിജമീല തത്വമസിയുടെ
നവീനപതിപ്പിറക്കുന്നതാണ്

Wednesday, August 26, 2009

കാള വേല

ഓണക്കാലമല്ലേ.. ഒരു നാടന്‍പാട്ട് ആയ്ക്കോട്ടെ..

കഴിഞ്ഞ ദിവസം എളവള്ളി ഷാപ്പിനു മുന്നില്‍ വെച്ച് കോരച്ചനെ കണ്ടിരുന്നു. കോരച്ചനു അപ്പോള്‍ എന്നോട് ഭയങ്കര ഇഷ്ടം. ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കുന്നത് ശരിയല്ലല്ലോ.. പ്രത്യേകിച്ചു വയസ്സായവരുടെ.. ഷാപ്പിലെ സപ്ലയര്‍ കം മെയിന്‍ കുക്കായ വിശാലാക്ഷി(യക്ഷിയെന്ന് കോരച്ചന്‍ ഇടയ്ക്കിടെ കണ്ണിറുക്കി ചെവിയില്‍ പറയുന്ന കക്ഷിതന്നെ) ചേച്ചിയുടെ സ്പെഷല്‍ ഒണക്കമീന്‍ ഫ്രൈ ചെമ്പട്ടുപുതച്ച എണ്ണം പറഞ്ഞ പല്ലുകള്‍ക്കിടയില്‍ ഓരോന്നായി എടുത്തുവെയ്ക്കുമ്പോള്‍ പാടിയ ഒരു നാടന്‍ പാട്ടാണിത്..
വാ മൊഴിയില്‍ നിന്നും വരമൊഴിയിലേക്കാക്കിയതിന്റെ ചില പ്രശ്നങ്ങളുണ്ട്.



പാള കൊണ്ടല്ലോ കാള
കാള കഴുത്തില് മാല
വള്ളി ചരടില് കോര്‍ത്ത്
മെല്ലെ നടക്കുന്നു മോള്
പുല്ലരിയാനൊന്നും വയ്യ
നെല്ല് കടിക്കല്ലേ കാളേ

പാറോമ്മ കണ്ടാല്‍ പിരാകും
വേഗം നടക്കെടി കാളേ
പടികടന്നപ്പുറം മോള്
പടിയിലുടക്കിയ്യ കാള

വേഗം നടക്കെടി കാളേ
വെയില് മൂക്കുന്നെടി വേഗം
പുല്ലു പറിച്ചുകാണിച്ചു
പാടത്തിറങ്ങി വലിച്ചു
പാള കുരുങ്ങിക്കിടപ്പൂ
മോളറിയുന്നില്ല പാവം

പിന്നെ തിരിച്ചു നടന്നു
ഒന്നു കൊടുത്തു തലയ്ക്ക്
പാവാടത്തുമ്പില്‍ പിടിച്ച്
ഉമ്മറത്തൂണില്‍ തളച്ചു

ചാടിക്കളിക്കാതെ നിന്നോ
കാടിയെടുക്കട്ടെ ഞാനും
കണ്ണന്‍ ചിരട്ടയീല്‍ വെള്ളം
ഇറയത്ത് കൊണ്ട് വെയ്ക്കുന്നു
കയ്യതിലിട്ട് കലക്കി
പയ്യെ വിളിപ്പു കുടിക്കാന്‍
കിട്ടുന്ന നേരം കുടിച്ചോ
അല്ല്ങ്കിലാടിന്ന് കേട്ടോ

ഒക്കെയും നോക്കിച്ചിരിച്ച്
മോളേ ഞാന്‍ വാരിയെടുത്തു
നല്ലമോളിങ്ങിനെ വേണം
എല്ലാ പഠിച്ചു വളരാന്‍..

പ്രമേഹ രോഗികളേ ഇതിലേ.. ഇതിലേ..


രണ്ടുമാസം കഴിഞ്ഞാല്‍ ഇന്ത്യാ മഹാരാജ്യത്ത് പഞ്ചാരയില്ലാതാവും.... ബേക്കറികള്‍ പഞ്ചസാരയില്ലാതെ ഷുഗര്‍ലെസ് കേക്കുകള്‍, ലഡു, ജിലേബി എന്നിവയുണ്ടാക്കിത്തുടങ്ങും..
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട...

Thursday, April 16, 2009

ആരു ജയിക്കും ?

ആരു ജയിക്കും ?

വലിയൊരു ചോദ്യം തന്നെയാണത്.

കേരളത്തിന്റെ ഇലക്ഷന്‍ മാമാങ്കം ഇന്ന് പര്യവസാനിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്താനായപ്പോള്‍ വിജയ സാധ്യതയെ കുറിച്ചു ലഭിച്ച ചില സൂചനകള്‍ ഇവിടെ കുറിക്കൂന്നു.

ഇടതുപക്ഷത്തിനു അനുകൂലമായ മണ്ഡലങ്ങള്‍.

1. ആറ്റിങ്ങല്‍
2. കൊല്ലം
3. ആലത്തൂര്‍ (ജനതാദളിന്റെ ക്രിസ്ത്യന്‍ - മുസ്ലീം വോട്ടുകളുടെയും സ്വാധീനമില്ലെങ്കില്‍ മാത്രം )
4. വയനാട് ( മുരളീധരന്‍ കൂടുതല്‍ വോട്ട് പിടിച്ചില്ലെങ്കില്‍ സി.പി.ഐയ്ക്ക് ഇത്തവണ കേരളത്തില്‍ നിന്നു ഒരു എം.പിയും ലോകസഭ കാണില്ല. )
5. വടകര (പഴയ ഭൂരിപക്ഷമില്ലെങ്കിലും സതീദേവി തന്നെ )
6. കണ്ണൂര്‍
7. കാസറഗോഡ് (രണ്ടാം സ്ഥാനത്ത് ഒരു പക്ഷേ ബി.ജെ.പി സ്ഥാനാര്‍ത്ഥി എത്തിക്കൂടെന്നില്ല)


ഐക്യമുന്നണിക്ക് അനുകൂലമായ മണ്ഡലങ്ങള്‍

1. മാവേലിക്കര
2. പത്തനംതിട്ട
3. കോട്ടയം
4. എറണാംകുളം
5. ആലപ്പുഴ
6. ചാലക്കുടി
7. തൃശ്ശൂര്‍
8. പൊന്നാനി
9. മലപ്പുറം

വോട്ടിങ്ങിലെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമായിരിക്കും മറ്റു മണ്ഡലങ്ങളിലെ വിജയ സാധ്യത നിര്‍ണ്ണയിക്കുന്നത്.

1. തിരുവനന്തപുരം (പോളിങ് കുറഞ്ഞത് ശശി തരൂരിനു ഗുണകരമാവില്ല)
2. ഇടുക്കി ( ശക്തമായ മത്സരം നടക്കുന്ന മണ്ഡലം)
3. പാലക്കാട് ( ജനതാദളിന്റെയും ബി.ജെ.പിയുടേയും വോട്ടുകള്‍ നിര്‍ണ്ണായകം)
4. കോഴിക്കോട് (ജനതാദളിന്റെ സ്വാധീനം ശക്തമായില്ലെങ്കില്‍ മുഹമ്മദ് റിയാസിനു തന്നെ വിജയ സാധ്യത)

Sunday, March 08, 2009

ഗുരുവായൂര്‍ ആനയോട്ടം ഗോപീകണ്ണന്‍ ഒന്നാമത്

വലത്തേയറ്റത്ത് പദ്മനാഭന്‍.









അച്യുതന്‍ - ഇവന്‍ എന്നും രണ്ടാമന്‍ മാത്രം


ഇവന്‍ ഗോപീകണ്ണന്‍ - വിജയികള്‍ എന്നും ശാന്തരായേ നില്‍ക്കാറുള്ളൂ.തലയെടുപ്പില്ലെങ്കിലും ഉല്‍സവത്തിനു തിടമ്പ് ഇവനുമാത്രം


ആനകളെ ഇങ്ങനെയിട്ടോടിക്കുന്നത് ഏതാചാരത്തിന്റെ പേരിലാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതല്ലേ ?

Tuesday, January 20, 2009

പാമ്പാടി രാജന്‍.

തെക്കുനിന്നും വരുന്ന ഗജ വീരന്മാരൊന്നും പൂരക്കളരിയില്‍ ശോഭിക്കാറില്ല. അതിനൊരപവാദമാണ് പാമ്പാടി രാജന്‍. കറുപ്പിന്റെ അഴകൊന്ന് വേറെ തന്നെയാണ്. മാത്രമല്ല., കേരളത്തിലെ നാടനാനകളില്‍ കേമന്‍ ഇന്നും പാമ്പാടി രാജന്‍ തന്നെ.
(ഇന്ന് രാവീലെ വീടിനടുത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനു വന്നപ്പോള്‍ എടുത്ത ചില പടങ്ങള്‍)




Tuesday, January 13, 2009

ചില കുമരകം കാഴ്ചകള്‍

ഒരു പൊട്ടകാമറയും തൂക്കിപ്പിടിച്ച് നടന്നതുകൊണ്ടായില്ല. പടമെടുക്കണം. പടമെടുക്കാനുള്ള കഴിവുവേണം. സെന്‍സിബിലിറ്റി വേണം. എന്നൊക്കെ മമ്മുട്ടി ശൈലിയില്‍ കുറച്ചുകാലമായി കൂടെ നടക്കുന്ന മഹിളാമണി ഡയലോഗടിച്ചപ്പോള്‍ പിന്നെ രണ്ടും കല്പിച്ചെടുത്ത ചില പടങ്ങള്‍