Sunday, September 14, 2008

അവള്‍ വരുന്നു.. വീണ്ടും..

അവള്‍ വീണ്ടും വരുന്നു... പുതിയ ആടയാഭരണങ്ങളിഞ്ഞ്...
ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം ...
തൃശ്ശൂര്‍ക്കാരുടെ രോമാഞ്ചം..

ചരിത്ര നായിക...

ഗിരിജ പിക്ചര്‍ പാലസ്




Thursday, August 28, 2008

കുഞ്ഞബ്ദുള്ളയുടെ കുത്തിത്തിരിപ്പുകള്‍

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പേജുകളുടെ എണ്ണം കൂട്ടിയപ്പോള്‍ ഗുണം മെച്ചപ്പെടുമെന്ന് കരുതിയത് വെറുതെയായിപ്പോയി. പല പുതിയ പംക്തികളും ഈയിടെ തുടങ്ങുകയുണ്ടായി. ഇന്റര്‍നെറ്റില്‍ നിന്നും വികലമായ പരിഭാഷയോടെ പകര്‍ത്തിയെഴുതിയ ലേഖനങ്ങളും മാങ്ങയോ വലുത് തേങ്ങയോ വലുത് എന്ന രീതിയിലുള്ള ലേഖനങ്ങളും കൊണ്ട് മാതൃഭൂമി ഒരു പലചരക്കുകടമാത്രമായി അവശേഷിച്ചുകൊണ്ടിരിക്കുന്നു.

മലയാളി ബ്ലോഗര്‍മാരെ മുഴുവന്‍ അമേധ്യം മണത്തു നോക്കുന്നവരായി ചിത്രീകരിച്ച മുഖപടമായി ഒരു വര്‍ഷം മുമ്പ് ബ്ലോഗുകളെ മുഴുവന്‍ അധിക്ഷേപിച്ചിറങ്ങിയ മാതൃഭൂമി ഈയിടെയായി 'ബ്ലോഗന'എന്ന ഒരു സ്ഥിരം പംക്തിയും തുടങ്ങിയിരിക്കുന്നു.

ഇതിനിടയിലാണ് ഈയാഴ്ച(ആഗസ്ത് 31-ം ലക്കം) പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോമ്പ് വിശേഷങ്ങള്‍ കാണുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ലേഖനങ്ങളും ആത്മകഥനങ്ങളും ലളിതമായ ഭാഷയായതുകൊണ്ടാണ് പലപ്പോഴും വായിച്ചു നോക്കുന്നത്. സംഭവങ്ങളായി വിവരിക്കുന്ന പല ആത്മകഥനങ്ങളുടെയും പരിണാമഗുപ്തി പലപ്പോഴും വായനക്കാരനെ പുനത്തിലില്‍ നിന്നും അകറ്റുന്നതായി കാണാം.

ഈയാഴ്ചയില്‍ 'ഞാനോ ദൈവമോ ആരാണ് ഒളിച്ചുകളിക്കുന്നത് ?' എന്ന ലേഖനത്തിലെ ഒരു സംഭവം താഴെ കുറിക്കാം.

* * *

വിശ്വാസത്തെക്കുറിച്ച് എഴുതുമ്പോള്‍ ഞാന്‍ ഒരാളെ കൂടി ഓര്‍ത്തുപോകുകയാണ്. ബീഹാറുകാരനായ മൌലാന ഇനാം ഖുറൈഷി.
എല്ലാ ഹോസ്റ്റലുകളിലും കോമണ്‍ ബാത്ത് റൂമാണ്. വിദ്യാര്‍ഥികളെല്ലാം ഒരു ലോട്ടയുമായാണ് ബാത്ത് റൂമിലേക്ക് പ്രവേശിക്കുക. കുളികഴിഞ്ഞ് ലോട്ടയെടുക്കാന്‍ മറന്നാല്‍ അത് നഷ്ടപ്പെട്ടതു തന്നെ. ഒരു ദിവസം ഒരു ലോട്ട അനാഥമായി കിടക്കുന്നതു കണ്ടപ്പോള്‍ ഞാനത് കരസ്ഥമാക്കി. സഹമുറിയന്‍ ഇബ്രാഹിം കുട്ടിയോടും വിവരം പറഞ്ഞു. അത് അവിടെ കിടക്കട്ടെ എന്നായി കുട്ടിയും. ഒരു ദിവസം അതുമായി ടോയിലറ്റിലേക്ക് പോകുമ്പോള്‍ മൌലാന ഇനാം ഖുറൈഷി കുളികഴിഞ്ഞ് എതിരെ വരുന്നു. ഞാന്‍ സലാം പറഞ്ഞു. അദ്ദേഹവും. അദ്ദേഹം എന്റെ കൈയിലെ ലോട്ട സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
'ഇതാരുടെ ലോട്ടയാണ് ?''
'എന്റേതു തന്നെ. എന്താ സംശയം ?''
ഞാന്‍ പറഞ്ഞു.
ഒരു ചെറിയ ഭയം പതുക്കെ ഉണരാന്‍ തുടങ്ങി.
എന്റെ കയ്യില്‍ നിന്നു അദ്ദേഹം ലോട്ട വാങി തിരിച്ചും മറിച്ചും പിന്നെ സൂക്ഷ്മമായി അടിയിലും നോക്കിക്കൊണ്ട് പറഞ്ഞു
'അബ്ദുല്ലാ സാബ്.. ഈ ലോട്ട എന്റേതാണ്.. '
ഞാന്‍ വിട്ടുകൊടുക്കുമോ ?
കുറച്ചു നേരം തര്‍ക്കമായി. അവസാനം അദ്ദേഹം ഒരു ഫോര്‍മുല വെച്ചു. ദൈവത്തെ പിടിച്ച് എന്നോറ്റ് സത്യം ചെയ്യാന്‍ പറഞ്ഞു. വേറെ ഒരു മാര്‍ഗവുമില്ല. ഒരു നിമിഷം പോലും ഞാന്‍ ആലോചിച്ചു നിന്നില്ല. ഞാന്‍ ദൈവത്തെ പിടിച്ച് ആണയിട്ടു.. ദൈവത്തെ എനിക്കെന്തു പേടി ?
പുഞ്ചിരിച്ചുകൊണ്ട് എനിക്ക് കൈ തന്ന് അദ്ദേഹം പോയി.
മുറിയിലെത്തിയപ്പോള്‍ ഞാനും കുട്ടിയും കൂടി ലോട്ട പരിശോധിച്ചു. അതിന്റെ അടിയില്‍ മൌലാനാ ഇനാം ഖുറൈശി എന്ന് കൊത്തി വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം പേര്‍.

ദൈവത്തെ പിടിച്ച് ഞാന്‍ ആണയിട്ടപ്പോള്‍ കോമ്പസ്സുകൊണ്ട് അദ്ദേഹം ലോട്ടയുടെ അടിഭാഗത്ത് കോറിയിട്ട പേരു പോലും അപ്രസക്തമായി. അത്രയും കടുത്തതായിരിന്നു അദ്ദേഹത്തിന്റെ വിശാസം.


* * *

ഖുറൈശി ഒരു വിശ്വാസിയായതുകൊണ്ട് തന്റെതെന്ന് ഉറപ്പിച്ച ഒരു ലോട്ട കുഞ്ഞബ്ദുള്ളയ്ക്ക് ചിരിച്ചുകൊണ്ട് സമ്മാനിച്ചതായിരിക്കില്ലേ ?
അതോ
മദ്രാസികള്‍ മുഴുവന്‍ കള്ളന്മാരാണെന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് ഖുറൈശിക്ക് ആ ലോട്ടയിലെ ഉടമസ്ഥാവകാശം വേണ്ടെന്ന് വെച്ചുകൂടെ.. ?

ഏതായാലും കുഞ്ഞബ്ദുള്ളയുടെ ഇതുപോലെയുള്ള വളിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിക്ക് നമോവാകം.

Monday, August 25, 2008

മാടമ്പി

ഇവന്‍ മാടമ്പി.. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍..
ഇന്നലെ (24/08/2008) മുതല്‍ മദപ്പാടില്‍.. മദപ്പാടിന്റെ ആരംഭഘട്ടമായതുകൊണ്ട് വലിയ പ്രശ്നമില്ല. നീരൊലിച്ചുതുടങ്ങിയാല്‍ അടുപ്പിക്കില്ല ഇവന്‍.. ഇന്ന് കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ളവന്‍ ഇവന്‍ മാത്രം.. ചില ബ്ലോഗേഴ്സിനു വേണ്ടിയാണ് ഇവന്റെ പടമെടുക്കാന്‍ ചെന്നത്. രണ്ടു ദിവസം മുമ്പ് വരെ ശ്രീഗുരുവായൂരപ്പന്‍ എന്ന സീരിയലില്‍ അഭിനയിക്കാന്‍ പോയിരിക്കുകയായിരുന്നു ഇവന്‍..




Saturday, August 23, 2008

അഷ്ടമിരോഹിണിനാളില്‍

അഷ്ടമിരോഹിണിനാളില്‍ ഗുരുവായൂരമ്പലത്തിലെ ചില ദൃശ്യങ്ങള്‍ (മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍..)





ക്ഷേത്രം അലങ്കാരപ്രഭയില്‍






കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്ത സന്ധ്യ..


അഷ്ടമി രോഹിണി നാളില്‍ കണ്ണന്റെ തിടമ്പേറ്റിയ കുട്ടികൃഷ്ണന്‍..

Wednesday, July 30, 2008

ഭരതനില്ലാത്ത പത്തുവര്‍ഷങ്ങള്‍




നമ്മുടെ സ്വപ്നങ്ങള്ക്ക് എത്ര വര്ണ്ണങ്ങളുണ്ടെന്ന് നമുക്ക് കാണിച്ഛു തന്ന ചലച്ചിത്രകാരനാണ് ഭരതന്...

ഓര്മ്മകളില് ദൃശ്യവസന്തത്തിന്റെ ഇതളുകള് വിരിച്ചിട്ട് പത്തുവര്ഷങ്ങള് കടന്നുപോയിരിക്കുന്നു..

പലതും പറയാന് മടിക്കുന്ന നമ്മുടെയെല്ലാം കാപട്യങ്ങള്ക്കുമേലെയാണ് പച്ചയായ മോഹങ്ങളുടെ ബ്രഷുകൊണ്ട് ഭരതേട്ടന് ഒരു പാട് സ്വപ്നങ്ങള് വരച്ഛിട്ടത്..

മണ്ണിന്റെ ചൂടിനും പെണ്ണിന്റെ ചൂരിനും നിറങ്ങളുണ്ടെന്ന് അങ്ങനെ നമ്മളറിഞ്ഞു.. ആ നിറങ്ങള്ക്ക് സംഗീതമുണ്ടെന്നും..

ഭരതനു സമം ഭരതന് മാത്രം..

ഇന്നലെ ഭരതന്റെ പത്താം ചരമവാര്ഷികം സാംസ്കാരിക നഗരത്തില് സ്മൃതിയുടെ കേളികൊട്ടായി. ഭരതനെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മമായി. ഒപ്പം കഴിഞ്ഞ വര്ഷം ഭരതന് സ്മൃതി ഉദ്ഘാടനം ചെയ്ത ഭരത് ഗോപിയോടുള്ള സ്മൃതിയും പങ്കുവെച്ചു. സമൂഹത്തിന്റെ നാനാത്തുറയിലുള്ളവര് ഒത്തു ചേര്ന്നു.

കാവാലം നാരായണപ്പണിക്കര് മുതല് ജയരാജ് വാര്യര് വരെ എല്ലാതലമുറയിലെയും ഭരതന്റെ സ്മൃതി പങ്കുവെക്കാനെത്തിച്ചേര്ന്നു.

ഫൈന് ആര്ട്സ് കോളജിലെ വിദ്യാര്ത്ഥികള് വരച്ച ചിത്രങ്ങളും ഭരതന്റെ പ്രതിമയും പ്രദര്ശിപ്പിച്ഛു.

പിന്നീട് നടന്ന ഭരത സ്മൃതിയില് പലരും ഓര്മ്മകള് പങ്കുവെച്ചു.

കമല് :- മനസിന്റെ പരിണാമത്തിലെവിടെയോ വല്ലാതെ സ്വാധീനം ചെലുത്തിയ ഭരതേട്ടന്റെ സിനിമകളാണ് പ്രയാണം, ആരവം, ഓര്മ്മയ്ക്കായ്..മലയാള സിനിമയ്ക്ക് അഭൌമമായ സുഗന്ധം പരത്തി മൃതിയുടെ ഏതോ കോണുകളിലേക്ക് ചേക്കേറിയപ്പോള് മലയാളത്തിന്റെ പുണ്യമാണ് നഷ്ടപ്പെട്ടത്.

കാവാലം :- അകക്കണ്ണുകൊണ്ട് ശ്രദ്ധിച്ചാല് , ഉള്ക്കാതുകൊണ്ട് സൂക്ഷ്മമായി കാതോര്ത്താല് കാണാം, കേള്ക്കാം, അറിയാം പ്രപഞ്ചത്തിന്റെ തുടിതാളത്തിലാണ് ആ മനസ്സ് സ്പന്ദിക്കുന്നതും വിരലുകള് ചലിക്കുന്നതു. സൃഷ്ടിയുടെ തുടിതാളപ്പെരുക്കത്തിനൊരു വായ്ത്താരിയയി സ്വന്തം സത്ത സമര്പ്പിച്ച ജന്മമായിരുന്നു ഭരതന്റേത്.

ഐ.വി.ശശി :- ഭരതന് ആരായിരുന്നു മലയാളത്തിനു എന്നതിന് ഭരതനില്ലാതെ കടന്നുപോയ 10 വര്ഷങ്ങള് സാക്ഷ്യം വഹികുന്നു.

ജോണ്പോള് :- തിരക്കഥയും സിനിമയുടെ പുതിയ വെളിപാടുകളിലേക്കും വിസ്മയങ്ങളിലേക്കും സാധ്യതകളിലേക്ക് കടന്നു ചെല്ലണമെന്ന് എന്നെ പഠിപ്പിച്ചത് ഭരതനാണ്.

ഭരതന്റെ ചിത്രങ്ങള് :

പ്രയാണം, ഗുരുവായൂര് കേശവന്, ആരവം, അണിയറ, രതിനിര്വ്വേദം, തകര, ചാമരം, ലോറി, ചാട്ട, പറങ്കിമല,നിദ്ര, പാര്വ്വതി,മര്മ്മരം,ഓര്മ്മക്കായി, ഈണം,കാറ്റത്തെകിളിക്കൂട്, എന്റെ ഉപാസന, ഇത്തിരിപൂവേ ചുവന്നപൂവേ, കാതോടുകാതോരം, ചിലമ്പ്, പ്രണാമം,നീലക്കുറിഞ്ഞിപൂത്തപ്പോള്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സന്ധ്യമയങ്ങും നേരം, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, മാളൂട്ടി, താഴ്വാരം,അമരം, കേളി, ചമയം, പാഥേയം, വെങ്കലം, ദേവരാഗം, മഞ്ജീരധ്വനി, ചുരം.

ചിത്രപ്രദര്‍ശനത്തിന്റെ ബോര്‍ഡ്




കലാധരന്‍, സി.ന്‍. കരുണാകരന്‍

സി.എന്‍. കരുണാകരന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു.
ഫൈന്‍ ആര്‍ട്സ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍.

























Monday, July 28, 2008

വാ‍ട്ടര്‍ ബൈക്



മഴയില്ലാ മഴയില്ലാ എന്ന് എപ്പോഴും പരാതി.. ഒരൊറ്റ മഴ പെയ്തപ്പോഴേയ്ക്കും ഇങ്ങനെ ..

Thursday, July 10, 2008

തലയിലൊരാല്‍




ആസനത്തില്‍ വാല്‍മുളയ്ക്കുകയെന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് തലയില്‍ ആലു മുളച്ചതാണ്. രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന എന്‍.എച് 47 ലെ (ആമ്പല്ലൂര്‍ ജംങ്ഷന്‍) ഒരു ഓട്ടുകമ്പനിയുടെ മുകളില്‍ ആലു മുളച്ചപ്പോള്‍..

Saturday, June 14, 2008

ദശാവതാരം (?)

1

' CPRC-26 Station - 12 .. over over..'
'ഉം.. ഓവര് ഓവര്‍..'
'ഇപ്പോള്‍ പേരൂര്‍ക്കട ജങഷനില്‍ നിന്നും തിരിഞ്ഞു കൊണ്ടിരിക്കുകയാണ് .. ഓവര്‍ ഓവര്‍..'
'ആരാണ്.. ഓവര്‍ ഓവര്‍..'
'ദേവസ്വം മന്ത്രിയുടെ കോണ്‍ വോയ്....ഓവര്‍ ഓവര്‍..'
'നേരെ റൈറ്റ് പോകട്ടെ..ഓവര്‍ ഓവര്‍...'
'സര്‍.. നെടുമങ്ങാട്ടേക്ക് ആ വഴിയല്ലല്ലോ ‍..ഓവര്‍ ഓവര്‍..'
' ഈ വഴിയും പോകാമെടേ.. വണ്ടി നേരെ വിട്....ഓവര്‍ ഓവര്‍ ..'
അല്പ സമയത്തിനു ശേഷം

'സര്‍ .. ഇപ്പോ ഹിന്ദുസ്ഥാന്‍ ലാറ്റക്സ്റ്റിനടുത്തെത്തി .. ഓവര്‍ ഓവര്‍..'
'എന്തരടേ.... വണ്ടിയ്ക്ക് ഇത്ര സ്പീഡോ.. റൈറ്റ് തിരിഞ്ഞ് ലെഫ്റ്റിലേക്കെടുക്കൂ ..ഓവര്‍ ഓവര്‍..'
'ബട് സര്‍.. അത് ഊളമ്പാറ മെന്റല്‍ ഹോസ്പിറ്റലല്ലേ..ഓവര്‍..'
'തന്നെ തന്നെ.... മഴക്കാലമല്ലടേയ് ....അങ്ങേരെ ഒരു രണ്ടുമാസം അവിടെ കൊണ്ടിട്.. ഓവര്‍.. ഓവര്‍..'
'സര്‍.. ഹലോ ഹലോ....
കട്ട്

2

' CPRC-26 Station - 12 .. over over..'
'ഉം. ഉം.. ഓവര്‍ ഓവര്‍..'
'സര്‍.. ശംഖുമുഖം റോഡില്‍ സംഘര്‍ഷം..ഓവര്‍.. ഓവര്‍..'
'ആരൊക്കെയാടെയ്...ഓവര്‍ ഓവര്‍..'
'സിപിഐക്കാരും സിപീഎമ്മുകാരും.... അടി തുടങ്ങി സര്‍.. ഓവര്‍..'
'അടിക്കട്ടെടേയ്.. ഓവര്‍.. ഓവര്‍..'
'സര്‍.. ക്രമസമാധാനപ്രശ്നമാണ്.. ഓവര്‍.. ഓവര്‍..'
'അവന്റെ %^%%% പ്രശ്നം. പോയി വല്ല പുട്ടും കടലയും അടിക്കടേയ്...ഓവര്‍ ഓവര്‍..'
കട്ട്

3

' CPRC-26 Station - 12 .. over over..'
'ഉം.. എന്ത് ര് .. ഓവര്‍ ഓവര്‍..'
'സര്‍ ഓപ്പോസിഷന്‍ ലീഡറുടെ കോണ്വോയ് ഇപ്പോള്‍ തമ്പാനൂരെത്തി.. ഓവര്‍ ഓവര്‍..'
'തന്നെ... അങ്ങേര്‍ അവിടെയും എത്തിയോ..ഓവര്‍.. ഓവര്‍..'
'പാസ് ചെയ്യട്ടേ .. ഓവര്‍..ഓവര്‍..'
'അവിടെ ഗണപതി അമ്പമില്ലടേയ്.. അവിടെ സൈഡ് ആക്കൂ.. ഓവര്‍. ഓവര്‍..'
'യെസ് .. സൈഡ് ആക്കി. സര്‍.. ഓവര്‍ ഓവര്‍..'
'അവിടെ നിന്ന് ഒരു തേങ്ങ വാങ്ങി അങ്ങേരുടെ തലമണ്ടയ്ക്ക് ഒരു കുത്ത് കൊടുക്കടെയ്... ബുദ്ധിയൊക്കെ ഒന്ന് ഇളകി വരട്ടെ..ഓവര്‍ ഓവര്‍..'
കട്ട്


4
' CPRC-26 Station - 12 .. over over..'
'ഉവ്വ് .. ഓവര്‍ ഓവര്‍..'
'സര്‍.. ഈസ്റ്റ് പോലീസ് സ്തേഷനില്‍ ഫോണ്‍ അടിക്കുന്നു. ആരു എടുക്കുന്നില്ല..ഓവര്‍.. ഓവര്‍..'
'എടേയ്..അത് ആ ഉരുട്ടിക്കൊല നടന്ന സ്തേഷനല്യോ..ഓവര്‍. ഓവര്‍..'
'സര്‍.. ഓവര് ഓവര്‍..'
'അവന്മാരെ മൊത്തം ഇന്നലെ രാത്രി അണ്ണന്മാര് കയറി ഉരുട്ടിക്കൊന്നടേയ്..ഓവര്‍ ഓവര്‍...'
കട്ട്

5

' CPRC-26 Station - 12 .. over over..'
'അതെ..അതെ.. ഓവര്‍ ഓവര്‍..'
'സര്‍ .. സി.എമ്മിന്റെ കോണ്വോയ് വഴുതക്കാട് ജങഷനിലെത്തി.. ഓവര്‍ ഓവര്‍..'
'ഷൂട്ട് ഹിം.. '
കട്ട്

6

' CPRC-26 Station - 12 .. over over..'
'ശരി ഓവര്‍ ഓവര്‍..'
'സര്‍.. സെക്രട്ടറിയേറ്റിനുമുന്നില്‍ നൂറോളം പിച്ചക്കാര്‍ സമരം ചെയ്യുന്നു..ഓവര്‍ ഓവര്‍..'
'എന്തരടേയ്..ഓവര്‍ ഓവര്‍..'
'അവര്‍ സെക്രട്ടറിയേറ്റിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നു സര്‍..ഓവര്‍ ഓവര്‍..'
'കടത്തിവിടടേയ്.. കടത്തി വിട് ..അവരു ബന്ധുക്കളെയൊക്കെ ഒന്ന് കണ്ട് പോരട്ട്...ഓവര്‍ ഓവര്‍..
കട്ട്

7

' CPRC-26 Station - 12 .. over over..'
'ഉം.. ഓവര്‍ ഓവര്‍..'
'സര്‍ ആരോഗ്യമന്ത്രിയുടെ കോണ്‍സ്റ്റിപേഷന്‍ ടാബ്ലറ്റ് കഴിഞ്ഞു .. ഓവര്‍ ഓവര്‍..'
'എന്തരടേയ്.. ഓവര്‍ ഓവര്‍...'
'ആ ഏരിയയിലെ മെഡിക്കല്‍ ഷാപ്പില്‍ ഉണ്ടോയെന്ന് ഡിജിപി ചോദിക്കുന്നു സര്‍...ഓവര്‍ ഓവര്‍..'
'അവരെ എടുത്ത് പത്തുമിനിട്ട് ജനറല്‍ ആശുപത്രിയുടെ വരാന്തയില്‍ കൊണ്ടുപോയി ഇരുത്തടേയ്.. മലബന്ധം പമ്പകടക്കും. ഓവര്‍ ഓവര്‍..'
കട്ട്

8

' CPRC-26 Station - 12 .. over over..'
'ഓവര്‍ ഓവര്‍..'
'സര്‍.. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കയറിയ വണ്ടി ഇതാ കടന്നു വരുന്നു.. ഓവര്‍.. ഓവര്‍..'
'നോക്കി നില്‍ക്കാതെ പോയി എല്ലാറ്റിനും ചന്തിക്ക് നാ‍ല് പൂശ് കൊടുക്കടെയ്.. ഓവര്‍ ഓവര്‍..'
കട്ട്


9

' CPRC-26 Station - 12 .. over over..'
‘ഉം.. ഓവര്‍ ഓവര്‍..’
‘സര്‍.. കേന്ദ്രമന്ത്രിയുടെ കോണ് വോയ് പി.എം.ജി ജങ്ഷന്‍ പാസ് ചെയ്തു..ഓവര്‍ ഓവര്‍..’
‘ലെവന്‍ എവിടെ പോണടേയ്..ഓവര്‍.. ഓവര്‍..’
‘ഒരു ജന്മശതാബ്ദിക്ക് ..ഓവര്‍ ഓവര്‍..’
‘ഏത് .. അങ്ങേരുടെ അമ്മായിയിപ്പന്റെ ... ഓവര്‍ ഓവര്‍..’
‘യെസ് സര്‍.. ഓവര്‍ ഓവര്‍..’
‘ലെഫ്റ്റ് പിടിച്ച് സ്ട്രൈറ്റ് പോകട്ട്..ഓവര്‍..ഓവര്‍..’
‘സര്‍ അത് മ്യൂസിയമല്ലേ സര്‍..ഓവര്‍ ഓവര്‍..’
‘അവനു എന്തരടേയ് കേന്ദ്രത്തില് പണി ? പോയി കുറച്ച് നേരം ഫ്രന്റ്സിനെയൊക്കെ കണ്ട് പോരട്ടടേയ്.. ഓവര്‍ ഓവര്‍..’
കട്ട്.

10

' CPRC-26 Station - 12 .. over over..'
‘ഉം. ഓവര്‍ ഓവര്‍..’
‘സര്‍ ഞങ്ങള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വരുന്നു..ഓവര്‍ ഓവര്‍..’
‘അവിടെ എന്തെടുക്കാനടേയ്..ഓവര്‍. ഓവര്‍..’
‘ചാല മാര്‍ക്കറ്റില്‍ നിന്ന് രണ്ട് പോക്കറ്റടിയന്മാരെ പൊക്കിയിട്ടുണ്ട്. ഓവര്‍ ഓവര്‍..’
‘ഏതരവനടേയ്..ഓവര്‍..ഓവര്‍..’
‘ഒന്ന് പൂന്തുറ രാജു, മറ്റേത് ലൊടുക്ക് കുഞ്ഞന്‍.. ഓവര്‍ ഓവര്‍..’
‘തന്നെ.. ഇറക്കി വിടടേയ്.. ഓവര്‍ ഓവര്‍..’
കട്ട്

* * * * *
എന്തരോ..എന്തോ..
എന്റെയൊക്കെ ഒരു സമയം..
ഏത് സമയത്താണാവോ ദൈവമേ കേരളാ പോലീസിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിക്കാന്‍ തോന്നിയത് !!

(Based on a true incident )



Wednesday, June 04, 2008

ഇവരും നിയമപാലകര്‍ തന്നെ

നിയമപാലകര്‍ തന്നെ നിയമങ്ങള്‍ തെറ്റിച്ചാലോ ?



നിയമം തെറ്റിച്ച് പാര്‍ക്ക് ചെയ്ത ആര്‍മിയുടെ വാഹനം പോലീസിന്റെ വീല്‍ ക്ലാമ്പിട്ട് സ്റ്റൈലില്‍ !!

ഇന്നത്തെ അല്‍-വതന്‍ പത്രത്തില്‍നിന്നും.

Friday, May 30, 2008

സമാധാനമായി

ഹൌ എന്തൊരു സമാധാനം.

ഒരു സൈറ്റ് ബ്ലോഗ് പോസ്റ്റുകളെടുത്ത് മലയാളത്തെ പ്രോത്സാഹിപ്പിക്കാന്‍ നോക്കിയപ്പോള്‍ തന്നെ വിചാരിച്ചിരുന്നു ഇത് അധിക കാലം ഉണ്ടാവില്ലെന്ന്.

തികച്ചും പ്രതിഷേധാര്‍ഹം തന്നെ.
പക്ഷേ,

എല്ലാവരും ചേര്‍ന്ന് ഇപ്പൊ ആ സൈറ്റിന്റെ മലയാളവിഭാഗം പൂട്ടിക്കെട്ടിയിരിക്കുന്നു.

എന്ന ദുര്‍വാശി എന്തിനായിരുന്നു ?


കേരള്‍സ്.കോം ഇനി ഇംഗ്ലീഷില്‍ കളിച്ചാല്‍ മതി.


പൈറേറ്റഡ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, സോഫ്റ്റ്വെയറുകള്‍, ഫോണ്ടുകള്‍ എന്നിവ ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്ന തമിഴിലും കന്നടയിലുമുള്ള ബ്ലോഗ്ഗേഴ്സ് ഇതൊക്കെ കണ്ട് പഠിക്ക്.


ഒരു സംഭവത്തിന്റെ മറുവശം കൂടിയൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു സമാന്തര ചിന്ത. അത്രമാത്രം. ചിന്തിക്കാന്‍ വേറെ കാശൊന്നും കൊടുക്കേണ്ടല്ലോ !! :)

Thursday, May 22, 2008

നാണപ്പേട്ടനില്ലാത്ത പത്തു വര്‍ഷങ്ങള്‍

പൊള്ളയായ വാക്കുകളും അര്‍ത്ഥങ്ങളുമില്ലാത്ത കാപട്യം തൊട്ടുതീണ്ടാത്ത ഒരു സാഹിത്യകാരനെ കാണിച്ചുതരാന്‍ പറഞ്ഞാല്‍ ആദ്യം മനസ്സിലെത്തുന്നത് നാണപ്പേട്ടനെയാണ്. നാണപ്പേട്ടന്‍ അഥവാ എം.പി. നാരായണപ്പിള്ളയെ പരിചയപ്പെടുന്നത് ഏകദേശം പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. മുംബൈയില്‍ മലയാളികളുടെ ശ്രമഫലമായി സ്ഥാപിച്ച ഒരു വായനശാലയുടെ വാര്‍ഷികത്തിനു ക്ഷണിക്കാനാണ് ബോര്‍വിലിയിലെ നാണപ്പേട്ടന്റെ വീട്ടിലെത്തുന്നത്. അങ്ങനെ പ്രസംഗപരിപാടികള്‍ക്ക് പെട്ടന്നൊന്നും വഴങ്ങുന്ന വ്യക്തിത്വമല്ലായിരുന്നു നാണപ്പേട്ടന്‍. കലാകൌമുദി ദിനപ്പത്രത്തിലെ വിജു.വി. നായരു മുഖേനയോ മറ്റോ ആണ് ആ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. അന്നു വരെ അദ്ദേഹത്തെ കഥകളിലൂടെയും ലേഖനങ്ങളിലൂടെയും മാത്രമുള്ള അറിവായിരുന്നു അദ്ദേഹത്തെക്കുറിച്ച്.

ആദ്യ ദര്‍ശനത്തില്‍ തന്നെ മനസ്സില്‍ കുടിയേറുന്ന ഒരു വ്യക്തിത്വമാണ് നാണപ്പേട്ടന്റേത്. ഒരു തരം പരുക്കന്‍ സ്വഭാവം. കട്ടിയുള്ള കറുത്ത ഫ്രെയിമുള്ള കണ്ണടയും നെറ്റിക്കു മുകളിലുള്ള കറുത്ത പുള്ളിയും കഷണ്ടിയും അദ്ദേഹത്തിനു അങ്ങനെയൊരു പരിവേഷം നല്‍കിയിരുന്നുവെന്ന് വേണം കരുതാന്‍.
ചെന്ന പാടെ ചോദ്യം.
'എന്തിനാ വന്നേ..'
കാര്യം പറഞ്ഞു.
കുറച്ച് നേരം ലോകത്തിന്റെ അന്നത്തെ അവസ്ഥയെ കുറിച്ച് വാചാലനായി. ഞാന്‍ കമ്പ്യൂട്ടര് രംഗത്താണെന്നറിഞ്ഞപ്പോള്‍ മംഗ്ലീഷിലെഴുതുന്നതിനെക്കുറിച്ചായി സംസാരം. അന്ന് പല പ്രസിദ്ധീകരണങ്ങളിലേക്കും വേര്‍ഡ് സ്റ്റാറിലും ഡോസ് എഡിറ്റിലും മറ്റും മംഗ്ലീഷിലെഴുതിയാണ് നാണപ്പേട്ടന്‍ പല രചനകളും അയച്ചിരുന്നതെന്ന് കേട്ടപ്പോള്‍ നമിച്ചു പോയി.
സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. ആ വാക്ചാതുരിയില്‍ പലപ്പോഴും വന്നകാര്യം മറക്കും. അന്നും സംഭവിച്ചത് അതു തന്നെയായിരുന്നു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം ഫോണ്‍ ചെയ്താണ് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കേണ്ടി വന്നത്.
പിന്നീട് പലപ്പോഴും അദ്ദേഹത്തെ കാണാനിടയായിട്ടുണ്ട്. ബോര്‍വിലിയിലെ ആ ഫ്ലാറ്റില്‍ വെച്ചും മറ്റും. ആ ഫ്ലാറ്റിനു ചുറ്റും നിറയെ മരങ്ങളുണ്ടായിരുന്നു അന്ന്. ഒരു പക്ഷേ അദ്ദേഹത്തിനു അതായിരിക്കും തിരക്കുകള്‍ക്കിടയിലും അവിടെ നിന്നും മാറിത്താമസിക്കാന്‍ മടിയുണ്ടായിരുന്ന ഘടകം.
കയ്യില്‍ കാശില്ലെങ്കില്‍ പോലും മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. സഹായമഭ്യര്‍ഥിച്ച് വരുന്ന പല കത്തുകള്‍ക്കും ആരെന്നോ എവിടേനിന്നെന്നോ നോക്കാതെ കഴിയാവുന്ന പോലെയൊക്കെ അദ്ദേഹം സഹായിക്കുമായിരുന്നു. , മുന്‍വിധികളില്ലാതെ..
അതുപോലെ തന്നെ ധാരാളിത്തവും.
നല്ല ഒരു സുഹൃത് വലയത്തിനുടമയായിരുന്നു അദ്ദേഹം. പലരും അത് മുതലാക്കിയെന്നൊക്കെ കേട്ടിട്ടുണ്ട്.
കഥകളും ലേഖനങ്ങളും മാത്രമെഴുതിയിരുന്ന അദ്ദേഹം നോവലിലേക്ക് തിരിഞ്ഞപ്പോള്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇതു പൂര്‍ത്തിയാക്കുകയെന്ന്. ആ നോവല്‍ എഴുതിത്തുടങ്ങിയിരുന്ന കാലത്ത് അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ അത് ശരിക്കും മനസ്സിലാക്കാനായിട്ടുണ്ട്. ഒരു തരം വാശിയായിരുന്നു. വ്യക്തിനിഷ്ടമാവാത്ത ഒരു ആത്മകഥയായിരുന്നു 'പരിണാമ'മെന്ന് വേണമെങ്കില്‍ പറയാം. അസാമാന്യമായ ഉള്‍ക്കാഴ്ചകൊണ്ട് ദീപ്തമായ കഥ. സാക്ഷിയായോ കാഴ്ചക്കാരനായോ അദ്ദേഹവും നോവലില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നതായി കാണാം. കുട്ടിച്ചാത്തനും ആനമറുതയും ഒറ്റമുലച്ചിയുമെല്ലാം ഇടകലര്‍ന്നൊഴുകിയ ഭാഷ. ഒരു പക്ഷേ അതുപോലൊരു നോവല്‍ മലയാളത്തിലിന്നും ഇറങ്ങിയിട്ടില്ലെന്ന് പറയാം.

നാണപ്പേട്ടന്റെ ലേഖനങ്ങള് ‍ പലതും ആറ്റിക്കുറുക്കിയതായിരുന്നു. ഒരു പേജില്‍ കവിയാത്ത ലേഖനങ്ങളാണ് എല്ലായ്പോഴും നല്ലതെന്നാണ് അദ്ദേഹത്തിന്റ വാദം.
ഒരു രാത്രി അദ്ദേഹത്തെ കണ്ടു മുട്ടിയത് സ്റ്റേഷനു സമീപമുള്ള ചേരിയിലായിരുന്നു. എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട് നടന്നു നീങ്ങുകയായിരുന്നു അപ്പോള്‍. ബോംബെയിലെ ചേരികളിലെ ജീവിതങ്ങളെക്കുറിച്ച് എപ്പോഴും അദ്ദേഹത്തിന് ആധിയായിരുന്നു. ആ വേദനയുമായാണ് അദ്ദേഹം ജീവിച്ചതെന്ന് വേണമെങ്കില്‍ പറയാം. ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവനെടുത്തതും.. അന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു. ഒരു പക്ഷേ പ്രതീക്ഷിക്കാതെ വിളിക്കുന്നത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ലെങ്കിലോയെന്നതുകൊണ്ടു മാത്രം വേണ്ടെന്ന് വെച്ചു. പിന്നീട് ഒരിക്കലും അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ല.

സ്വതന്ത്രമാധ്യമം (ഇന്നത്തെ ബ്ലോഗിങ്ങ്) വളരെ മുമ്പുതന്നെ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നെന്നോര്‍ക്കുമ്പോള്‍ നാണപ്പേട്ടനില്ലാത്ത പത്തുവര്‍ഷം മനസ്സിലൊരു നീറ്റലായി ഇന്നുമവശേഷിക്കുന്നു.

Tuesday, April 22, 2008

കാലന്‍ ജോസേട്ടന്‍

സംഭവം നടക്കുന്നത് ഒരു പതിനഞ്ചുകൊല്ലം മുമ്പ് റിയാദില്‍ വെച്ചാണ്. വലിയ അല്ലലൊന്നുമില്ലാതെ മലയാളിയുടെതെന്നല്ല ഒരു ഇന്ത്യക്കാരന്റെ പോലും മണമില്ലാത്ത കമ്പനിയില്‍ സുഡാനികളും മസറികളും പാലസ്തീനികളുമൊക്കെയുള്ള ഒരു ഗ്രൂപ്പുമായി വളരെ മനസ്സമാധാനത്തോടെ വാഴുന്ന കാലം. ഒരു തേങ്ങയും മനസ്സിലായില്ലെങ്കിലും അറബിചാനലുകളില്‍ വരുന്ന സീരിയലുകള്‍ മണിക്കൂറുകളോളം അവരോടൊപ്പം സസന്തോഷം കണ്ട് ആനന്ദിച്ചിരുന്ന സമയം. ‘പത്താക്ക‘യില്ലാതെ പുറത്തിറങ്ങിയാല്‍ അറബി പോലീസ് പിടിച്ചുകൊണ്ടു പോയി കൂമ്പിനിടിക്കുമെന്ന്‍ അറബികള്‍ വിരട്ടിയതിനാല്‍ ജോയിന്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്യാമ്പില്‍ നിന്നും പുറത്തിറങ്ങാനായത്. അന്നുവരെ വിചാരിച്ചിരുന്നത്, ആ പ്രദേശത്ത് ഇന്ത്യക്കാരൊന്നുമില്ലെന്നായിരുന്നു. ഗോതമ്പ് കുബ്ബൂസും മുത്തബലും ഹുമ്മൂസുമൊക്കെ സാമ്പാറും കുടമ്പുളിയിട്ടുവെച്ച മീന്കറിയും ബീഫ് ഫ്രൈയുമൊക്കെയാണെന്ന് സങ്കല്‍പ്പിച്ചായിരുന്നു കണ്ണടച്ചിറക്കിയിരുന്നത്.

ഒരു ദിവസം പുറത്തിറങ്ങി ഒരു ഫര്‍ലോങ്ങ് നടന്നപ്പോള്‍ റോഡരികില്‍ ചുവന്ന അക്ഷരത്തില്‍ ‘മാണിക്കല്‍’ റെസ്റ്റോറന്റെന്ന ബോര്‍ഡ് കണ്ടപ്പോഴാണ് ലോകത്തെവിടെ ചെന്നാലും മലയാളികളെകാണാമെന്ന തത്വത്തില്‍ കഴുമ്പുണ്ടെന്ന് മനസ്സിലായത്. അവിടെ വെച്ചാണ് കൊച്ചിക്കാരനായ ജോണ്‍സനെ പരിചയപ്പെട്ടതും. ജോണ്‍സനാണ് പറഞ്ഞത് തൊട്ടടുത്ത് തന്നെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു ക്യാമ്പുണ്ടെന്നും അവിടെ ഇരുപത്തിനാലുമണിക്കുറും പ്രവര്‍ത്തിക്കുന്ന ഷാപ്പും മലയാളം സിനിമകള്‍ മാത്രമിടുന്ന വി.സി.യാറുമുണ്ടെന്ന്. ആനന്ദലബ്ദിക്കിനിയെന്തുവേണം. വ്യാഴാഴ്ചകളും വെള്ളിയാഴ്ചകളും പിന്നീട് ജോണ്‍സന്റെ കൂടാരത്തില്‍.

അവിടെ വെച്ചാണ് ജോസേട്ടനെ പരിചയപ്പെടുന്നത്. നാല്‍പ്പതു കടന്ന യുവാവ്. കാലന്‍ ജോസെന്ന് പറഞ്ഞാലേ ക്യാമ്പില്‍ അറിയൂ. മാടപ്രാവിന്റെ മുഖവും മാലാഖയുടെ സ്വരവുമുള്ള ഈ മനുഷ്യനെയാണോ കാലനെന്ന് വിളിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു. മറ്റൊരു അന്തേവാസിയായ ആന്റണിയാണ് അക്കഥ പറഞ്ഞത്.

ആന്റണിയുടെ അപ്പന്‍ ദേവസ്സിക്ക് പണ്ട് മൂന്നു ബസുണ്ടായിരുന്നു. ആലുവ- പനങ്ങാട് റൂട്ടില്‍. അതിലൊന്നിന്റെ സാരഥിയായിരുന്നുവത്രേ ജോസേട്ടന്‍. അപ്പന്‍ ദേവസ്സിയുടെ വിശ്വസ്ഥനായ സാരഥിയായിരുന്നു ജോസേട്ടന്‍. യാത്രക്കാരിലൊരുത്തനെ കാലപുരിയ്ക്കയച്ച് ഒരു ബസ് തവിടുപൊടിയാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ ജോസേട്ടന്‍ മറ്റൊരുത്തനെ ഇടിച്ചിട്ടു. രണ്ടാമത്തെ ഇടിയ്ക്കു ശേഷമാണത്രേ കാലന്‍ ജോസെന്ന് പേരു വീണത്. കേസു നടത്തി മൂന്നാമത്തെ ബസ് വില്‍ക്കാറായപ്പോഴാണ് മൂന്നാമത്തെ ആക്സിഡന്റും ഉണ്ടായത്. പിന്നെ ജോസേട്ടന്‍ നാട്ടില്‍ നിന്നില്ല. രായ്ക്കുരാമാനം ബോംബെയ്ക്ക് മുങ്ങി. ഇപ്പോഴും പോലീസ് കണക്കില്‍ പിടികിട്ടാപ്പുള്ളിയാണ് ജോസേട്ടന്‍. ഒരു വിധം നല്ല സാമ്പത്തിക സ്ഥിതിയുണ്ടായിരുന്ന ദേവസിച്ചേട്ടന്‍ കടം വാങ്ങിയ പൈസ കൊണ്ടാണ് ആന്റണിയെ ഗള്‍ഫില്‍ വിട്ടത്. ഗള്‍ഫിലെത്തി പിറ്റേന്നു തികച്ചും ആകസ്മികമായിട്ടാണ് ജോസേട്ടനെ സ്വന്തം ക്യാമ്പില്‍ തന്നെ ആന്റണി കണ്ടുമുട്ടുന്നത്. സ്വന്തം അപ്പനെ കുത്തുപാളയെടുപ്പിച്ചവനെങ്കിലും ആന്റണി മറ്റൊരു വേതാളമായി ജോസേട്ടനെ കൂടെക്കൂട്ടി ജന്മാന്തരങ്ങളുടേ കണക്കുപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തു.

അന്നൊരു വ്യാഴാഴ്ചയായിരുന്നു. വെള്ളിയാഴ്ചയ്ക്കു മുമ്പുള്ള വ്യാഴം. വ്യാഴാഴ്ചകളില്‍ ഉറങ്ങാന്‍ പാടില്ലെന്നാണ് ക്യാമ്പിലെ നിയമം. പുലരുന്നതുവരെ ദാഹം തീര്‍ത്തും ടിജി രവിയുടെ പുണ്യപുരാണ ചിത്രങ്ങള്‍ കണ്ടും കഴിയണം. എല്ലാ വ്യാഴാഴ്ചയും ഓരോരോ ആഘോഷങ്ങളാണ്.
അന്നത്തെ ആഘോഷം ജോണ്‍സന്‍ നാട്ടില്‍ നിന്നു തിരിച്ചു വന്നതിന്റെയായിരുന്നു. ചമ്പക്കുളം വര്‍ഗ്ഗീസിന്റെ വഞ്ചിപ്പാട്ടും കുക്കും പ്രധാന വാറ്റ് നിര്‍മ്മിതാവുമായ സജീവന്റെ വക കവിതാ പാരായണവും കൊടുമ്പിരിക്കൊള്ളുകയായിരുന്നു. അപ്പോഴാണ് ഒരശരീരിപോലെ ജോണ്‍സന്‍ അത് പ്രഖ്യാപിച്ചത്.
‘ജോസേട്ടാ.. ചെലവ് ചെയ്യണം ..’
‘എന്തിനു ? ’
‘ഞാന്‍ ജോസേട്ടന്റെ വീട്ടില്‍ പോയിരുന്നു. അടുത്ത മെമ്പറ് വരാറായി അല്ലേ.ഉം.. ചേച്ചീനെ ഞാന്‍ കണ്ടു... ‘
ആഘോഷം തുടര്‍ന്നുകൊണ്ടേയിരുന്നു.
അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ ജോസേട്ടന് മെല്ലെ അവിടെ നിന്നും മുങ്ങി.
വഞ്ചിപ്പാട്ടിനു ചൂടുകൂടിയാല്‍‍ വര്‍ഗ്ഗീസിനു ഇരിപ്പുറയ്ക്കില്ല. പിന്നെ മുറിക്ക് ചുറ്റും താളം പിടിച്ച് ഓടിക്കൊണ്ടായിരിക്കും പാട്ട്. അങ്ങനെ കൈകൊട്ടിപ്പാട്ട് പാടി രസം പിടിച്ചുവരുന്നതിന്റെ ഇടയ്കായിരുന്നു ഒരു അപശബ്ദം കേട്ട് പാട്ട് നിര്‍ത്തിയത്. ജോസേട്ടന്റെ കുഞ്ഞിക്കൈ ജോണ്‍സന്റെ മുഖത്ത് തലോടിയതായിരുന്നു അത്.
‘നായിന്റെ മോനെ.. മനുഷ്യനെ എടങ്ങേറാക്കാന്‍.. നട്ടപ്പാതിരയ്ക്ക് ഫോണ്‍ ചെയ്ത് എന്റെ കാശും കളഞ്ഞു..’
‘എന്താ ജോസേട്ടാ പ്രശ്നം. ? ‘
‘ഇവന്‍ പോയിട്ട് എന്റെ അനിയന്റെ ഭാര്യേനെയാണ് കണ്ടുവന്നത്...കൊല്ലം ആറായി നാട്ടില്‍ പോകാതെ ഞാനിവിടെ കിടക്കുന്നു....’

Thursday, April 10, 2008

റിംഗ് ടോണ്‍ മാനിയ

ഈയടുത്ത കാലത്ത് ഒരു പൊതുപ്രവര്‍ത്തകയുടെ മരണത്തെത്തുടര്‍ന്നു നടന്ന അനുശോചന യോഗം. സ്ഥലം എം.എല്‍.എ പ്രസംഗിക്കുകയാണ്. എണ്‍പതു വയസ്സുകഴിഞ്ഞ പാര്‍ട്ടിയുടെ പഴയ ഒരു പ്രവര്‍ത്തകയാണ് മരിച്ചിരിക്കുന്നത്. പാര്‍ട്ടിക്കും നാടിനും വേണ്ടി അവര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് എം.എല്‍.എയുടെ മൊബൈല്‍ ചിലച്ചത്. ‘ലജ്ജാവതിയേ....’ . ജനം ചിരിക്കണോ കരയണോയെന്നറിയാതെ നിന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല.

അമ്മായിയമ്മയുടെ മരണശുശ്രൂഷയ്ക്കിടയില്‍ മരുമകളുടെ മൊബൈലിലെ റിംഗ് ടോണായി ‘രാക്ഷസീ.. രാക്ഷസീ ‘ എന്ന പാട്ട് വന്നാല്‍ എങ്ങനെയിരിക്കും ?

ബസ്റ്റോപ്പിലെ ക്യൂവില്‍ മധുരപ്പതിനേഴുകാരിയുടെ പിന്നില്‍ നില്‍ക്കുന്ന പ്രായം ചെന്ന ചേട്ടന്റെ മൊബൈലില്‍ റിംഗ് ടോണായി ‘ചോളി കെ പീഛേ..’ വന്നാല്‍ എങ്ങനെയിരിക്കും ?

കുറച്ചുകാലം മുമ്പ് മൈക്രോസോഫ്റ്റിന്റെ ഒരു സെമിനാറില്‍ കൂലങ്കഷമായ ചര്‍ച്ച നടക്കുകയായിരുന്നു. മൂന്നോ നാലോ ഇന്ത്യക്കാരും ബാക്കിയെല്ലാവരും അറബ്സും യൂറോപ്യന്‍സുമായിരുന്നു. പെട്ടന്ന് ഒരു മൊബൈല്‍ അലറി വിളിച്ചു ‘ സ്വാമിയേ.. ശരണമയ്യപ്പ..’
അത് ഒരു മലയാളിയുടെയായിരുന്നു.. മണ്ഡലകാലത്തെ സ്പെഷല്‍ റിംഗ് ടോണാണത്രേ. അത് മൈക്രോസോഫ്റ്റിനെ അറിയിച്ചാല്‍ അവനു എന്തു കിട്ടാനാണ് ?

ഒരു കോള്‍ വരുന്നെന്ന് ഉപഭോക്താവിനെ അറിയിക്കുകയാണ് റിംഗ് ടോണുകളുടെ കടമെയ്ങ്കിലും പലപ്പോഴും തന്റെ റിംഗ് ടോണ്‍ മറ്റുള്ളവരെ കേള്‍പ്പികയാണ് അതിന്റെ പ്രധാന പരിപാടിയെന്ന് തോന്നിപ്പോകും പലരും ഉപയോഗിക്കുന്നത് കണ്ടാല്‍. ആരെങ്കിലും മൊബൈലില്‍ വിളിച്ചാല്‍ അതിന്റെ റിംഗ് ടോണ്‍ പാടിത്തീരുന്നതുവരെ കാള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുന്ന പലരേയും കണ്ടിട്ടുണ്ട്.

മൊബൈല്‍ ഫോണുകളില്‍ ഇതുപോലെയുള്ളാ ഫാന്‍സി റിംഗ് ടോണുകള്‍ ആവശ്യമാണോ ?

Thursday, April 03, 2008

പൊതുവിജ്ഞാനം

പൊതു വിജ്ഞാന പരീക്ഷ

ചോദ്യം : കടല്‍പ്പാമ്പിനെ എങ്ങനെ തിരിച്ചറിയാം
ഉത്തരം : നക്കി നോക്കിയാല്‍ മതി. ഉപ്പുരസമുണ്ടെങ്കില്‍ അത് കടല്‍പ്പാമ്പാണെന്ന് തിരിച്ചറിയാം.

ചോദ്യം : മണിപ്രവാളം എന്നാലെന്ത് ?
ഉത്തരം : പരീക്ഷാ ഹാളിലേക്ക് കയറാനുള്ള മണി അടിയ്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാവുന്ന വെപ്രാളമാണ് മണിപ്രവാളം

ചോദ്യം : ഗാന്ധിയുടെ അവസാന നിമിഷങ്ങള്‍ വിവരിക്കുക
ഉത്തരം : ഡിഷ്യും.. ഡിഷ്യും... റാം റാം

ചോദ്യം : വേലിയേറ്റവും വേലിയിറക്കവും എന്നാലെന്ത് ?
ഉത്തരം : ഒരാള്‍ തന്റെ പറമ്പിന്റെ അതിരു മറ്റൊരാളുടെ പറമ്പിലേക്ക് കയറ്റി വേലികെട്ടുന്നതിന്റെ വേലിയേറ്റം എന്നും മറ്റേ പറമ്പുകാരന്‍ ആളുകളേയും കൂട്ടിവന്ന് അത് പൊളിച്ചിറക്കുന്നതിനെ വേലിയിറക്കമെന്നും പറയുന്നു.

ചോദ്യം : ഇന്ത്യന്‍ പഞ്ചവത്സര പദ്ധതിയും റഷ്യന്‍ പഞ്ചവത്സര പദ്ധതിയും തമ്മിലുള്ള വ്യതാസം ?

ഉത്തരം : റഷ്യന്‍ പഞ്ചവത്സരപദ്ധതി 5 വര്‍ഷം കൊണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യ പഞ്ചവത്സരപദ്ധതി 5 വര്‍ഷം കഴിഞ്ഞേ ആരംഭിക്കൂ.


(നെറ്റില്‍ തലമുറ തലമുറ കൈമാറി കിട്ടിയത്... )

Sunday, March 30, 2008

കാട്ടാളനു വിട



കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിച്ചു. ഇന്നു(31/03/2008) രാവിലെയായിരുന്നു അന്ത്യം.

കടമ്മനിട്ട രാമകൃഷ്ണന്‍ (ജ.മാര്‍ച്ച് 22, 1935) കേരളത്തിലെ‍ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവര്‍ത്തകനുമാണ്. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടന്‍ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണന്‍ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാള്‍ നാടോടി കലാരൂപങ്ങളുടെ താളം കവിതയില്‍ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.


1960കളില്‍ കേരളത്തില്‍ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളില്‍ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളില്‍ ശ്രദ്ധയൂന്നിയപ്പോള്‍ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകള്‍. 1970കള്‍ക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി.


പ്രധാനകൃതികള്‍
കുറത്തി
കടിഞ്ഞൂല്‍‌പൊട്ടന്‍
മിശ്രതാളം
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
കടമ്മനിട്ടയുടെ കവിതകള്‍
വെള്ളിവെളിച്ചം
ഗോദോയെ കാത്ത് (സാമുവല്‍ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോര്‍ ഗോദോ” എന്ന നാടകത്തിന്റെ വിവര്‍ത്തനം)
സൂര്യശില




(വിവരങ്ങള്‍ക്കു കടപ്പാട് : വിക്കിപീഡിയ )



Saturday, March 08, 2008

പൊറാട്ടുചെണ്ട

ജീവിതത്തിന്റെ കാലിക പ്രതിസന്ധികള്‍ സൂക്ഷ്മതയോടെ രേഖപ്പെടുത്തുന്ന, തന്റെ കാലത്തോട് അര്‍ത്ഥവത്തായി സംവദിക്കുന്ന മുണ്ടൂര്‍ സേതുമാധവന്റെ കഥാസമാഹാരമാണ് പൊറാട്ടുചെണ്ട. മലയാള ചെറുകഥാ സാഹിത്യത്തില്‍ ആധുനികതയുടെ പ്രവാഹം ശക്തിയായിരുന്നപ്പോള്‍ എഴുതിയ കഥകളാളിവ. എന്നാല്‍ ആധുനികതയുടെ ആഘോഷത്തിമര്‍പ്പുകളിലൊന്നും മുണ്ടൂരിന്റെ കഥകള്‍ ഉള്‍പ്പെടുന്നില്ല. കഴിഞ്ഞ നാല്പതുവര്‍ഷക്കാലമായി മുണ്ടൂര്‍ സേതുമാധവന്‍ എഴുതിയ ഇരുപത്തിയഞ്ചുകഥകളുടെ സമാഹാരമാണ് ഈ കൃതി.

വ്യക്തി അനുഭവിക്കുന്ന നോവുകളും അനാഥത്വവും ‘പഥികന്‍’, ‘സീത പറയുമായിരുന്നു’ എന്നീ കഥകളില്‍ കാണാം. വര്‍ത്തമാനകാലത്ത് ഭൌതിക ജീവിത പരിസരത്തില്‍ ഉണ്ടായ പരിണാമം വേദനയോടെ വരച്ചുകാട്ടുകയാണ് ‘ കാഴ്ചപ്പാടുകളി’ല്‍.ഇന്നിന്റെ വേഗതകളില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബന്ധങ്ങളുടെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്ന’ഹേമന്തം’, ‘ഇരുട്ടിലേക്ക് പറന്നു പോയ ഒരു വെണ്‍പ്രാവ്’, എന്നീ കഥകള്‍ക്ക് കാലിക പ്രസക്തിയുണ്ട്.
ജീവിത ചിന്തയുടെ ഭാഗമായാണ് കഥാകൃത്ത് ഈ കഥകളില്‍ കാലത്തെ കാണുന്നത്. ജീവിതത്തിലെ അതിസാധാരണമായ വസ്തുതകളില്‍ നിന്നാണ് പലപ്പോഴും ഇതിലെ കഥകളുടെ പ്രമേയം സ്വീകരിച്ചിട്ടുള്ളത്. ബന്ധങ്ങളില്‍ സാന്ത്വനമന്വേഷിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങളില്‍ ഒട്ടുമിക്കവരും. കാല്‍പ്പനികമായ ഭാഷയിലൂടെയാണ് ഇതിലെ കഥകള്‍ അവതരിപ്പിക്കുന്നുവെങ്കിലും വായനക്കാ‍രനിലേക്ക് കഥയെ സംക്രമിപ്പിക്കുന്നതിനത് തടസ്സമാവുന്നില്ല.

മലയാള ചെറുകഥാസാഹിത്യത്തില്‍ വേറിട്ട വായനാനുഭവം പകരുന്നവയാണ് ‘പൊറാട്ടുചെണ്ട’യിലെ കഥകളെന്ന് നിസ്സംശയം പറയാം.

പൊറാട്ടുചെണ്ട
മുണ്ടൂര്‍ സേതുമാധവന്‍
കറന്റ് ബുക്സ്
വില 75 രൂപ


ഈ പുസ്തകം ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Thursday, February 14, 2008

വിജയന്‍ - ഒരു ജീവിതം

‘ഇതിഹാസം ഒരു പ്രായത്തില്‍ എനിക്കുണ്ടായിരുന്ന അനുഭവങ്ങളുടേയും ഭ്രമാത്മകമായ ഭാവനയുടെയും ഏറെക്കുറെ സത്യസന്ധമായ കട്ടുരയാണ്. അതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. കാറ്റുകൊള്ളുമ്പോലുള്ള ഒരു സുഖം പോലെ ഒരു അനുഭൂതിമാത്രം’ഖസാഖിന്റെ ഇതിഹാസം എഴുതിയപ്പോഴുണ്ടായ അനുഭവത്തെപ്പറ്റി വിജയന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

തീവ്രമായ മനുഷ്യസ്നേഹവും അഗാധമായ പ്രപഞ്ചബോധവുമുണ്ടായിരുന്ന മലയാളത്തിലെ വലിയൊരു എഴുത്തുകാരനായിരുന്നു വിജയന്‍.

ഖസാക്കിനു ശേഷം പലപ്പോഴായി വിജയനെന്ന വ്യക്തി നേരിട്ട ജീവിത മുഹൂര്‍ത്തങ്ങളെ അതേ വൈകാരിക തീവ്രതയോടെ ഒപ്പിയെടുത്തവതരിപ്പിക്കാന്‍ ഒരുപക്ഷേ വിജയനു കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. ഖസാക്കിനു ശേഷം വിജയന്റെ മനസ്സിലേക്കുള്ള വായനക്കാരന്റെ അധിനിവേശമായിരിക്കണം ഇതിനൊരു കാരണം. ഖസാക്കിലൂടെ വിശ്വസാഹിത്യത്തിന്റെ പടിവാതില്‍ക്കലെത്തിയ മലയാളത്തിന്റെ ഈ പ്രതിഭാശാലി പിന്നീട് ആ വഴിക്ക് പോയതേയില്ല. ‘ഗുരുസാഗര’ത്തിലും ‘ധര്‍മ്മപുരാണ’ത്തിലും ‘പ്രവാചകന്റെ വഴി’യിലുമെല്ലാം ആ പ്രതിഭയുടെ ഒരു മിന്നലാട്ടം പോലും കടന്നുവന്നിട്ടില്ലെന്നത് ഒരു പക്ഷേ വിജയന്റെ വ്യക്തി ജീവിതത്തിലെ അനാവശ്യ തര്‍ക്കങ്ങളും ബാലിശമായ ചോദ്യശരങ്ങളുമായി പലരേയും അഭിമുഖീകരിക്കേണ്ടിവന്നുവെന്നതിന്റെ ബാക്കിപത്രമായിരിക്കാം.

വിജയനെന്ന വ്യക്തിയെ അടുത്തറിയാന്‍ വായനക്കാരന്‍ ഇനിയും ശ്രദ്ധിച്ചിട്ടില്ലെന്നത് ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. വിജയനെ ഒരു മിത്തായി മാറ്റി നിര്‍ത്താതെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥ ഈ വൈകിയ വേളയിലെങ്കിലും ഉണ്ടായേത്തീരൂ. പ്രവാചകന്‍, ഇതിഹാസകാരന്‍ എന്നീ വിശേഷണങ്ങളൊക്കെ കൊടുത്ത് വിജയനെന്ന എഴുത്തുകാരെന മാറ്റി നിര്‍ത്തുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടെ തീഷ്ണതെയെ പിന്തുടരേണ്ടിയിരിക്കുന്നു. വിജയനിലെ പ്രതിഭയുടെ സ്രോതസിനെ കണ്ടെത്താന്‍ വായനക്കാരനു ഇന്നും കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. വിജയനെക്കുറിച്ചുള്ള അന്വേഷണങ്ങളും ജീവചരിത്രങ്ങളും ഓര്‍മ്മക്കുറിപ്പുകളും ലക്ഷ്യമാക്കേണ്ടത് അതാണ്.

അവസാന കാലത്ത്, രോഗത്തിന്റെ പിടിയിലായപ്പോള്‍ സഹായി എന്ന നിലയില്‍ കുറെക്കാലം വിജയനോടൊപ്പം കഴിഞ്ഞ ഗോപിനാരായണന്‍ രചിച്ച ഓര്‍മ്മപ്പുസ്തകമാണ് ‘ഒ.വി. വിജയന്‍ - ഒരു ജീവിതം’ . ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഒരു പുസ്തകമാണിത്.

വിരസമല്ലെങ്കിലും പുതുമ അവകാശപ്പെടാനില്ലാത്ത, വിജയനെന്ന വ്യക്തിയെ ശരിക്കും മനസ്സിലാക്കാത്ത ചില ഓര്‍മ്മക്കുറിപ്പുകളുടെ ശേഖരമായതിനാലാവാം ഒരുപക്ഷേ ശ്രദ്ധിക്കപ്പെടാതെ, ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. വിജയന്റെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയുമുള്ള യാത്രയും ഗോപി നാരായണന്‍ നടത്തിയിട്ടുണ്ട് ഈ പുസ്തകത്തിലൂടെ. ഓര്‍മ്മപ്പുസ്തകം എന്ന ശ്രേണിയില്‍ നിന്നും ഈ പുസ്തകം അകന്നു പോകാന്‍ ഇതൊരു കാരണമായിട്ടുണ്ട്. വിജയനിലെ വ്യക്തിയെ കുറെക്കൂടി സത്യസന്ധമായി അടുത്തറിയുന്നതിനു ഈ കൃതി പ്രയോജനപ്പെടുന്നില്ലെന്നതാണ് വാസ്തവം.

ഒ.വി. വിജയന്‍ - ഒരു ജീവിതം
ഗോപി നാരായണന്‍
കേരള സാഹിത്യ അക്കാദമി.
തൃശ്ശൂര്‍.

Monday, January 28, 2008

ചൊവ്വയിലെ ചേച്ചി




തെങ്ങുകയറുന്ന കണാരേട്ടന്‍ കുര്യാക്കുവിന്റെ പറമ്പില്‍ തെങ്ങുകയറുന്ന ഇന്നലെ വരെ വെറും കണാരേട്ടന്‍ മാത്രമായിരുന്നു. കാലത്ത് എഴുന്നേറ്റ് സ്വന്തം തലൈവി മുണ്ടിക്കുട്ടിയെ നാലു തെറിയും വിളിച്ച് വെട്ടുകത്തിയും തളാപ്പുമായി വളരെ മനസ്സമാധാനത്തോടെ ചെമ്പരത്തിക്കാട് പഞ്ചായത്തിലെ ഓരോ വീട്ടിലെയും തെങ്ങുകളില്‍ കയറി, രാത്രി പാടവരമ്പത്ത് വാറ്റുന്ന ദാക്ഷായണിയുടെ ഹൈടെക് വാറ്റുകേന്ദ്രത്തില്‍ നിന്നും ഇന്ധനവും നിറച്ച് സ്റ്റാന്‍ഡ് പിടിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു.

അന്ന്, കുര്യാക്കേട്ടന്റെ പറമ്പിലെ ആ ചമ്പത്തെങ്ങില്‍ കയറി പകുതിയെത്തിയപ്പോഴാണ് കണാരനു രണ്ടിനു പോകണമെന്ന് കലശ്ശലായി തോന്നിയത്. ഏതായാലും കയറിയില്ലേ ഇനി മുകളിലെത്തിയിട്ട് ഒരു കാജാ ബീഡി വലിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് സമാധാനിച്ചാണ് കയറിയത്. മുകളിലെത്തി ഒരു കാജാ ബീഡിക്ക് തീകൊളുത്തി. ഒരു പുക മുകളിലേക്കൂതി വിട്ട് അതിന്റെ അലസഗമനം നോക്കിയിരിക്കുമ്പോഴാണ് കണാരേട്ടന്‍ അത് കണ്ടത്.

ആകാശത്ത് ഒരു നക്ഷത്രം.
നക്ഷത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരുത്തി അവിടെ കിടന്നുറങ്ങുന്നു.
ങാഹ. . ഇവളിതുവരെയും എഴുന്നേറ്റില്ലേ .. കാലത്ത് റേഷനായി കൊടുക്കേണ്ട എല്ലാ തെറിയും കൊടുത്തതാണല്ലോ..

‘എടീ.. %#%#$% , #@$%#@$ , മോളേ എഴുന്നേറ്റ് പോയി ക്ടാങ്ങളെ സ്കൂളില്‍ പറഞ്ഞയ്ക്കടി....’

അവളെഴുന്നേല്‍ക്കുന്ന ലക്ഷണമില്ല....

‘ഡാ കണാരാ.... നെനക്കെന്താ പ്രാന്തായാ .. ചമ്പത്തെങ്ങിന്റെ മോളീക്കയറി തെറി വിളിക്കാന്‍.. താഴെ എറങ്ങടാ..’ കുര്യാക്കേട്ടന്‍ താഴെ നിന്നലറി വിളിച്ചു.

പണ്ടാറക്കാലന്‍ ഒരു മടലുപോലും വെട്ടാനില്ലാത്ത തെങ്ങിന്മേല്‍ എണ്ണം തികയ്ക്കാന്‍ കയറിയതും പോര മനുഷ്യനെ തെറിവിളിക്കുന്നോ..

‘ദേ നോക്ക്യ കുര്യാക്കേട്ടാ,, അവള്‍ അവിടെ കിടക്കന്ന്യ...’

‘ഏതവള് ..’ കുരുത്തംകെട്ടവന്‍ പിച്ചും പേയും പറയുന്നോ..

‘താഴ്ത്തെറങ്ങടാ കണാരാ..’ കുര്യാക്കേട്ടന്‍ ലാസ്റ്റ് വാണിങ്ങ് കൊടുത്തു.

ഒന്നും പറ്റാതെ താഴെ ഇറങ്ങിയാല്‍ അടുത്ത ഷഷ്ഠിക്ക് കണാരനെ ശൂലം കുത്തിച്ച് മലകയറ്റിക്കോളാമെന്ന് നേര്‍ച്ചയും നേര്‍ന്നു കുര്യാക്കേട്ടന്‍.

പാതി വലിച്ച ബീഡി തെങിന്റെ കൊരലയ്ക്കു തന്നെ കുത്തിക്കെടുത്തി കണാരേട്ടാന്‍ താഴെ ഇറങ്ങി.
വിയര്‍ത്തുകുളിച്ചാണ് കണാരേട്ടന്‍ തെങ്ങില്‍ നിന്നറങ്ങിവന്നത്.

‘എന്താ കണാരാ നെനക്ക് പറ്റ്യേ ? ‘
കണാരേട്ടന്‍ കാര്യം പറഞ്ഞു. കുര്യാക്കേട്ടന് കാര്യം അത്ര പന്തിയായി തോന്നിയില്ല. ഒന്നുകില്‍ ഇവനു മുഴുവട്ട്. അല്ലെങ്കില്‍..

വീട്ടിനകത്ത് പോയി മകന്‍ വാറുണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു.

വാറുണ്ണി വേഗം തന്നെ പോയി തന്റെ ലാപ്ടോപ്പ് തുറന്ന് ഇന്റര്‍നെറ്റില്‍ പരതി.

ഒടുവിലാണതു കണ്ടത്.. ‘നാസ’യുടെ സൈറ്റില്‍ ..

ചൊവ്വയില്‍ ഒരു സ്ത്രീ രൂപം....

അപ്പോള്‍ തന്നെ തന്റെ ബ്ലോഗ് തുറന്ന് അടുത്ത കവിത കാച്ചി.

വ്യത്യസ്ഥനാമൊരു ക്ലൈമ്പറാം കണാരനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
...

പിന്നെ, ഓര്‍ക്കുട്ടില്‍ കയറി എല്ലാവര്‍ക്കും സ്ക്രാപ്പിട്ടു.


ചൊവ്വയിലെ ചേച്ചിയെ കണാരേട്ടന്‍ കണ്ടേ....

അങ്ങനെ സ്ക്രാപ്പുകളില്‍ നിന്നും സ്ക്രാപ്പുകളിലേക്ക് കണാരേട്ടന്‍ ചേച്ചിയെ കണ്ട വിവരം പറന്നു നടന്നു.


സ്ക്രാപ്പ് കണ്ട മലയാളദേവി പത്രപ്രവര്‍ത്തകനും കോപ്പാനിനക്ക് ടൂര്‍ണ്ണമെന്റിന്റെ സ്പെഷല്‍ കറസ്പോണ്ടന്റുമായ മനീഷ് കൂത്താട്ടുകുളം എല്ലാ ബ്ലോഗര്‍മാരുമായും സംവദിച്ചു.

ആരാണീ ചേച്ചി ?

ബ്ലോഗില്‍ മൊത്തം രണ്ടു ചാച്ചിമാരേ ഉള്ളു. ഒന്ന് ചെല്ലമ്മ ചേച്ചി. ഈയടുത്ത കാലത്ത് പ്രൌഢഗംഭീരമായ ഒരു കവിത ചേച്ചി എഴുതിയിരുന്നു.

തേങ്ങാച്ചമ്മന്തി
വെട്ടുകല്ല്
ഏപ്രില്‍ 1
എല്‍.ഐ.സി ഏജന്റ്
മടക്കിക്കുത്തിയ മുണ്ട്
നായ്ക്കൊര്‍ണ്ണപ്പൊടി
നീല സാരി --

ആ ചേച്ചി ചെല്ലമ്മച്ചാച്ചിയാണോ ?

ആണോ...

പിന്നെയുള്ള ചേച്ചി രമേച്ചി..

രമേച്ചി ഈയിടെ അപൂര്‍വ്വമായേ ബ്ലോഗൂ.. പ്രശസ്ത എഴുത്തുകാരന്‍ കോന്തുണ്ണിനായരുടെ നോവലായ ‘മിന്നുകെട്ട്’ ന്റെ 150 -ം വാര്‍ഷികാഘോഷപരിപാടികളില്‍ മുഴുകിയിരിക്കുകയാണ്.

പിന്നെ ആര് ?

പടം പിടിക്കുന്ന കാല്‍പ്പിള്ളിയും പിടിച്ച പടത്തെ ബ്ലാക് & വൈറ്റാകി മാസക്കുറിപ്പിലിടുന്ന നീരജനും സിഗ്നല്‍ തെറ്റിച്ചതിനു പോലീസ് പിടിച്ചപ്പോള്‍ കവിത ചൊല്ലിക്കേള്‍പ്പിച്ച ചുള്ളനുമെല്ലാം ആലോചനോട് ആലോചന. ...

ആര്‍ക്കും തന്നെ മനസ്സിലായില്ല ആ ചാച്ചിയാരെന്ന്.


അന്ന് കിട്ടുണ്ണിച്ചേട്ടന്റെ ചായക്കടയില്‍ ചെന്നപ്പോഴാണ് തട്ടാന്‍ വാസു കണാരേട്ടനോട് ചോദിക്കുന്നത്
‘കണാരന്‍ ചൊവ്വയിലെ ചേച്ചിയെ കണ്ടൂന്ന് പറയണത് നേരാണോ ?’
‘പിന്നല്ലാണ്ട്..’
‘എങ്ങനീണ്ട് മൊതല് ? ’
‘ഞാനാദ്യം വിചാരിച്ചത് മ്മടെ മുണ്ടിക്കുട്ട്യാന്നാ.....ഇതതൊന്ന്വല്ലാത്രേ.. ഏതോ ബ്ലാഗ് ചേച്ച്യാന്നാ വാറുണ്ണി പറയണെ..’

‘അതെന്തൂട്ടാ കണാരാ ബ്ലാഗ് ചേച്ചീന്ന് പറഞ്ഞാല് ?’

‘ആര്‍ക്കറിയാം.. അവന്‍ ദേ കമ്പോട്ടര്‍ല് കുത്തീട്ട് പറഞ്ഞതാ..’

ഏതായാലും നാട്ടില്‍ കണാരനു നല്ല പേരായി. കാണുന്നവരെല്ലാം കണാരനോട് ചോദിച്ചു ..

പക്ഷേ സ്വന്തം കുടുമ്മത്ത് ഇതാ‍യിരുന്നില്ല പ്രതികരണം.

‘നിങ്ങ അവള്‍ടെ കൂടെ പോയി കെടക്ക് മനുഷ്യ...’ എന്നാണ് അന്ന് രാത്രി കിടയ്ക്ക പായീന്നും കണാരേട്ടനെ ഇറക്കിവിടുമ്പോ മുണ്ടിക്കുട്ടി പറഞ്ഞത്.
പാവം കണാരേട്ടന്‍ വീടിന്റെ വരാന്തയിലിരുന്ന് കാജാ ബീഡിക്ക് തീ‍കൊളുത്തി.

Thursday, January 17, 2008

മഴ


ആരുമറിയാതെ
ആരും കാണാതെ
ഉള്ളില്‍ ഒരു മഴ
സ്നേഹമഴ

വിങ്ങാന്‍ മറന്ന്
തുളുമ്പാന്‍ കൊതിച്ച്
പലരുമുണ്ടെന്ന ശ്രുതിയില്‍
ലയിക്കാന്‍ കൊതിച്ച്
പലതുമുണ്ടെന്ന ഭാഗ്യത്തെ
പുണരാന്‍ വെമ്പി
കാത്തുകാത്തിരുന്ന നേരം
ഞാന്മാത്രമറിയും
ഞാന്‍
വെറുമൊരനാഥയെന്ന്

Wednesday, January 16, 2008

നിഴല്‍



എത്ര പറഞ്ഞിട്ടും തിരിച്ചുപോവാത
മറിച്ചു പറയാനൊന്നുമില്ലാതെ
എന്നെ പുണരാന്‍ വെമ്പുന്ന
വെറുമൊരു നിഴലാണു നീ.

വിട്ടുപോവുക വിട്ടുപോവുക
നീയറിയാതൊരു നിമിഷത്തെ
എനിക്കു വിട്ടുതരിക
ഉറങ്ങട്ടെ സ്വസ്ഥം .