Sunday, March 30, 2008

കാട്ടാളനു വിട



കടമ്മനിട്ട രാമകൃഷ്ണന്‍ അന്തരിച്ചു. ഇന്നു(31/03/2008) രാവിലെയായിരുന്നു അന്ത്യം.

കടമ്മനിട്ട രാമകൃഷ്ണന്‍ (ജ.മാര്‍ച്ച് 22, 1935) കേരളത്തിലെ‍ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവര്‍ത്തകനുമാണ്. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടന്‍ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണന്‍ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാള്‍ നാടോടി കലാരൂപങ്ങളുടെ താളം കവിതയില്‍ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.


1960കളില്‍ കേരളത്തില്‍ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളില്‍ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളില്‍ ശ്രദ്ധയൂന്നിയപ്പോള്‍ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകള്‍. 1970കള്‍ക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി.


പ്രധാനകൃതികള്‍
കുറത്തി
കടിഞ്ഞൂല്‍‌പൊട്ടന്‍
മിശ്രതാളം
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
കടമ്മനിട്ടയുടെ കവിതകള്‍
വെള്ളിവെളിച്ചം
ഗോദോയെ കാത്ത് (സാമുവല്‍ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോര്‍ ഗോദോ” എന്ന നാടകത്തിന്റെ വിവര്‍ത്തനം)
സൂര്യശില




(വിവരങ്ങള്‍ക്കു കടപ്പാട് : വിക്കിപീഡിയ )



Saturday, March 08, 2008

പൊറാട്ടുചെണ്ട

ജീവിതത്തിന്റെ കാലിക പ്രതിസന്ധികള്‍ സൂക്ഷ്മതയോടെ രേഖപ്പെടുത്തുന്ന, തന്റെ കാലത്തോട് അര്‍ത്ഥവത്തായി സംവദിക്കുന്ന മുണ്ടൂര്‍ സേതുമാധവന്റെ കഥാസമാഹാരമാണ് പൊറാട്ടുചെണ്ട. മലയാള ചെറുകഥാ സാഹിത്യത്തില്‍ ആധുനികതയുടെ പ്രവാഹം ശക്തിയായിരുന്നപ്പോള്‍ എഴുതിയ കഥകളാളിവ. എന്നാല്‍ ആധുനികതയുടെ ആഘോഷത്തിമര്‍പ്പുകളിലൊന്നും മുണ്ടൂരിന്റെ കഥകള്‍ ഉള്‍പ്പെടുന്നില്ല. കഴിഞ്ഞ നാല്പതുവര്‍ഷക്കാലമായി മുണ്ടൂര്‍ സേതുമാധവന്‍ എഴുതിയ ഇരുപത്തിയഞ്ചുകഥകളുടെ സമാഹാരമാണ് ഈ കൃതി.

വ്യക്തി അനുഭവിക്കുന്ന നോവുകളും അനാഥത്വവും ‘പഥികന്‍’, ‘സീത പറയുമായിരുന്നു’ എന്നീ കഥകളില്‍ കാണാം. വര്‍ത്തമാനകാലത്ത് ഭൌതിക ജീവിത പരിസരത്തില്‍ ഉണ്ടായ പരിണാമം വേദനയോടെ വരച്ചുകാട്ടുകയാണ് ‘ കാഴ്ചപ്പാടുകളി’ല്‍.ഇന്നിന്റെ വേഗതകളില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യ ബന്ധങ്ങളുടെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്ന’ഹേമന്തം’, ‘ഇരുട്ടിലേക്ക് പറന്നു പോയ ഒരു വെണ്‍പ്രാവ്’, എന്നീ കഥകള്‍ക്ക് കാലിക പ്രസക്തിയുണ്ട്.
ജീവിത ചിന്തയുടെ ഭാഗമായാണ് കഥാകൃത്ത് ഈ കഥകളില്‍ കാലത്തെ കാണുന്നത്. ജീവിതത്തിലെ അതിസാധാരണമായ വസ്തുതകളില്‍ നിന്നാണ് പലപ്പോഴും ഇതിലെ കഥകളുടെ പ്രമേയം സ്വീകരിച്ചിട്ടുള്ളത്. ബന്ധങ്ങളില്‍ സാന്ത്വനമന്വേഷിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങളില്‍ ഒട്ടുമിക്കവരും. കാല്‍പ്പനികമായ ഭാഷയിലൂടെയാണ് ഇതിലെ കഥകള്‍ അവതരിപ്പിക്കുന്നുവെങ്കിലും വായനക്കാ‍രനിലേക്ക് കഥയെ സംക്രമിപ്പിക്കുന്നതിനത് തടസ്സമാവുന്നില്ല.

മലയാള ചെറുകഥാസാഹിത്യത്തില്‍ വേറിട്ട വായനാനുഭവം പകരുന്നവയാണ് ‘പൊറാട്ടുചെണ്ട’യിലെ കഥകളെന്ന് നിസ്സംശയം പറയാം.

പൊറാട്ടുചെണ്ട
മുണ്ടൂര്‍ സേതുമാധവന്‍
കറന്റ് ബുക്സ്
വില 75 രൂപ


ഈ പുസ്തകം ഇവിടെ നിന്നും ലഭിക്കുന്നതാണ്.