Tuesday, June 05, 2007

കൊമാല

വായനക്കാരനുമായി നല്ല ഒരു സംവേദനത്തിനു പുതിയ കൃതികള്‍ ഒരുമ്പെടുന്നില്ല എന്നതുകൊണ്ടു മാത്രം പുതിയ കഥകളോടും കഥയെഴുതുന്നവരോടും പുറന്തിരിഞ്ഞു നില്‍ക്കുന്ന ഒരു മനോഭാവമാണ് എനിക്കുണ്ടായിരുന്നത്. ഈയിടെ ഒരു സുഹൃത്തു മുഖേനയാണ് ‘കൊമാല’ എന്റെ മുന്നിലെത്തിയത്. ജനിച്ചുവളര്‍ന്ന ഭൂമിയും അതിലെ കൃഷിയിടങ്ങളും ചൂഷണം ചെയ്യപ്പെടുന്ന മദ്ധ്യപൂര്‍വ്വദേശത്തെ കുര്‍ദ്ദുകളുടെ സംഘടനയായ ‘കൊമാല‘യെ (Council on Rebirth of Kurdistan) മനസ്സില്‍ ധ്യാനിച്ചാണ് ഇതു വായിച്ചുതുടങ്ങിയത്.

ഏതൊരു രാജ്യത്തിന്റെയും സമ്പത് സമൃദ്ധിയുടെ അടിസ്ഥാനമാണ് കൃഷി. അടുത്ത കാലത്തായി കേരളത്തില്‍ ഉടലെടുത്ത ഒരു പ്രതിഭാസമാണ് കര്‍ഷക ആത്മഹത്യകള്‍. പൊതു സമൂഹം ഇതൊരു വലിയ വിഷയമായി എടുത്തുകണ്ടില്ല. ആത്മഹത്യകളുടെ പേരില്‍ വന്‍ പ്രക്ഷോഭങ്ങളൊന്നും നടന്നുമില്ല. ഒരു എഴുത്തുകാരനു സാമൂഹിക പ്രതിബദ്ധതയുണ്ടോയെന്ന് പലപ്പോഴും സംശയിച്ച സന്ദര്‍ഭങ്ങളായിരുന്നു അത്. ഇവിടെയാണ് ‘കൊമാല’ എന്ന കഥാസമാഹാരത്തിന്റെ പ്രസക്തി. അടുത്ത കാലത്ത് മലയാളത്തിലുണ്ടായ മികച്ച ഒരു കഥാസമാഹാരമായാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കൊമാല’ യെ എനിക്ക് കാണാനായത്. ‘കൊമാല’, ‘പന്തിഭോജനം’, ‘റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍’ തുടങ്ങി എട്ടു കഥകളുടെ സമാഹാരമാണിത്.

വ്യത്യസ്ഥങ്ങളായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതുതന്നെയാണ് ഈ കൃതിയുടെ സവിശേഷത. കേവലമായ സാങ്കേതികതയിലും പരീക്ഷണങ്ങളിലുമൊന്നും വീഴാതെ ഏകാത്മകമായ ചര്‍ച്ചകളുടെ ഒരു ലോകത്തെ തന്നെ ഈ കൃതി തുറന്നു വിടുന്നു. കേരളീയ നവോത്ഥാനത്തിന്റെ വികസന വഴികളും സമകാലിക ജീവിതാവസ്ഥകളും സസൂഷ്മം നിരീക്ഷിക്കുന്ന ഇതിലെ കഥകള്‍ വായനക്കാരന്റെ മുന്നിലേക്ക് ചര്‍ച്ചകള്‍ക്കായി ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കുന്നു.

കടബാധ്യതമൂലം ആത്മഹത്യക്കൊരുങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് കൊമാല. ജാമ്യം നിന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് കുണ്ടൂര്‍ വിശ്വന് ഈ അവസ്ഥ വരുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമ്പത്തിക വിനിമയങ്ങളില്‍ നഷ്ടബോധത്തിന്റെ പ്രതിനിധിയാണ് കുണ്ടൂര്‍ വിശ്വന്‍. കടക്കാര്‍ മാത്രമായ ഈ ലോകത്ത് കടത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രതിവിധികള്‍ ആര്‍ക്കും കണ്ടെത്താനാവുന്നില്ല. കേവലം സാങ്കേതികം മാത്രമായ കടം വീട്ടാന്‍ മറ്റൊരു നിര്‍വാഹവുമില്ലാതെയാണ് വിശ്വന്റെ മുന്നില്‍ മരണം ഒരു ചൂണ്ടു പലകയായെത്തുന്നത്. എല്ലാം തകര്‍ന്ന ‘കൊമാല‘യില്‍ വിശ്വന്റെ മരണം ലോകത്തിനു ഒരു വിഷയമേ ആവുന്നില്ല.

ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളിലൂടെയുള്ള ഒരു യാത്രയാണ് ‘റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍‘ എന്ന കഥ. ഫിലോസഫി പഠിപ്പിക്കുന്ന രവിചന്ദ്രന്‍ എന്ന പ്രൊഫസറെ ജീവിതത്തിന്റെ ഫിലോസഫിപഠിപ്പിക്കേണ്ടി വരുന്നത് രാമകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഒരു ഡ്രൈവറാണ്. ജീവിതത്തെ അവനവനു വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടുക്കേണ്ട വഴികളിലൂടെ അവനവനനുവദിച്ചിട്ടുള്ള വഴികളിലൂടെ ഓടിച്ചു കൊണ്ടു പോകേണ്ടതെങ്ങനെയെന്ന് രാമകൃഷ്ണന്‍ രവിചന്ദ്രനെന്ന പ്രൊഫസറെ പഠിപ്പിക്കേണ്ടി വരുന്നു.

ഈ സമാഹാരത്തിലെ ശ്രദ്ധേയമായ ഒരു കഥയാണ് ‘ പന്തി ഭോജനം’. സംഭാഷണങ്ങളിലൂടെ വികസിക്കുന്ന ഒരു ആഖ്യാന ശൈലിയാണിതില്‍ അവലംബിച്ചിരിക്കുന്നത്. ജാതീയ ഘടനകളുടെ വിനിമയത്തിന്റെ സംസ്കാര സൂചനകള്‍ നവോത്ഥാനശേഷമുള്ള കേരളീയ സമൂഹത്തെ എങ്ങനെയൊക്കെ ഗ്രസിക്കുന്നുവെന്നതിന്റെ ഒരു ചൂണ്ടുവിരലാണീ കഥ.

കഥയില്‍ നിന്നും..

രണ്ടു മതങ്ങള്‍ തമ്മിലുള്ള സാമൂഹികമായ അകലം നികത്തുന്നതില്‍ പന്നിമാംസത്തിന്റെ സ്വാധീനത്തെ പറ്റി കോതമംഗലം ഡിഷ് വിളമ്പാറുള്ള ദിവസങ്ങളിലൊക്കെ പറയാറുള്ള ചില അഭിപ്രായങ്ങള്‍ സംഗീ‍ത ഇന്നും ആവര്‍ത്തിച്ചു.
‘’സംഗീ.. ബി. സീരിയസ്.." സൂസന്‍ തന്റെ രണ്ടു വര്‍ഷത്തെ സീനിയോറിട്ടിയെ കണ്ണടയുടെ കൂടെ മൂക്കിന്‍ തുമ്പില്‍ നിന്നും മുകളിലേക്കുയര്‍ത്തി സംഗീതയ്ക്കരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു.
....
രമ്യപോയതും സംഗീത കണ്ണാടിയില്‍ നോക്കി മുഖം തുടച്ചു. പിന്നെ ടാപ്പ് തുറന്ന് ചത്തുപൊന്തിയ ചേറ്റുമീനുകളെ വാഷ് ബേസിനില്‍ നിന്നും ഒഴുക്കി കളയുവാന്‍ തുടങ്ങി. ....

ഒരു പരാതിയെഴുത്തുകാരന്റെ മാനസിക സംഘര്‍ഷങ്ങള്‍ , ചരമക്കോളം, തേവി നനച്ചത്, ബേബീസ് ബ്രെത്ത് ... തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകള്‍. തീര്‍പ്പുണ്ടാക്കാതെ കുമിഞ്ഞുകൂടുന്ന സമകാലിക പ്രശ്നങ്ങളിലേക്കുള്ള ഒരു നേര്‍ രേഖയായി ഈ കഥാസമാഹാ‍രം വായനക്കാരനു മുന്നിലെത്തുന്നു. സംവേദനക്ഷമതയുള്ള ഒരു കഥ വായിച്ച സുഖം എനിക്കും.കൊമാല
സന്തോഷ് ഏച്ചിക്കാനം
കൈരളി ബുക്സ് കണ്ണൂര്‍
വില 45 രൂപ

Saturday, June 02, 2007

ആളൂര്‍ ഷാപ്പ്

പാതിരാവില്‍,പെരുമഴയത്ത്‌
ഒഴുകിവന്ന മരത്തടിയില്‍
പിടിച്ചുനീന്തി ഞാന്‍ അക്കരെയെത്തി.
നീ എനിക്ക്‌ അന്നവും കമ്പിളിയും തന്നു
കാന്താരിയും കള്ളും തന്നു....

തൃശ്ശൂര്‍ - കുന്ദംകുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ പടിഞ്ഞാറ് മാറി കേച്ചേരിപ്പുഴയുടെ തീരത്ത്, ആളൂര് പാലത്തിന്റെ വലതുവശത്തായി കുടിയിരിത്തിയിരിക്കുന്ന കള്ളുഷാപ്പില്‍ ത്രിസന്ധ്യക്ക് കേള്‍ക്കുന്ന ചുള്ളിക്കാടിന്റെ കവിതാഭേദങ്ങളിലൊന്നാണിത്.

കേച്ചേരി അങ്ങാടിയില്‍ ചാക്കിറക്കുന്ന രാമേട്ടന്‍ ചുള്ളിക്കാടിന്റെ കവിതയെ ചുള്ളിക്കൊമ്പുകളാക്കി ഇങ്ങനെ കയ്യില്‍ വെച്ചുതരും. അതിനിത്തിരി ചെലവുണ്ട്. രണ്ടു കുടുക്ക കള്ളെങ്കിലും രാമേട്ടന്റെ കുഞ്ഞു ആമാശയഭിത്തിയെ പ്രകമ്പനം കൊള്ളിക്കണമെന്നുമാത്രം.

ഒരു വേള രാമേട്ടനീ കവിതയെല്ലാം എവിടെനിന്നു കിട്ടിയെന്ന് അടക്കാനാവാത്ത ജിഞ്ജാസകൊണ്ട് ചോദിച്ചുപോയി..

‘മ്മടെ നവാബ് ഒരു പ്രാവശ്യം മറന്നു വെച്ച പൊസ്തകം.. ആപ്പീസിന്റെ എറേത്ത് ഞാന്‍ കേറ്റി വെച്ചു. പണീല്ലാണ്ടാവുമ്പോ ഇരുന്നു വായിക്കും..അദന്നെ..’
അതുപോലെ പല ആസ്ഥാന ഗായകരേയും കവികളേയും കൊണ്ട് മുഖരിതമാണ് അശോകേട്ടന്റെ ഷാപ്പ്.


വക്കുപൊട്ടിയ കുടുക്കയിലെ കള്ളിനിത്ര സ്വാദുണ്ടോ ?

അപ്പോയിന്റ്മെന്റ് എടുത്ത് ചെന്നാല്‍ നല്ല കള്ളുകിട്ടും. അല്ലെങ്കില്‍ ..സ്വാഹ.


പ്രധാന സേവ ഹനുമാന്‍. ഹനുമാനു സമര്‍പ്പിച്ചിട്ടെ അശോകേട്ടന്‍ സ്റ്റൌവ് കത്തിക്കൂ.


മുതിര ഉപ്പേരിയും താറാവുകറിയും അശോകേട്ടന്റെ സ്പെഷ്യല്‍ പാചകവിധി.

കള്ളും കുടിച്ചിരിക്കുമ്പോ ഇങ്ങനെ ഒരു കുളിസീന്‍ ...രാമേട്ടന്റെ പടമെടുക്കാന്‍ ഒരുങ്ങിയതാണ്. ‘ഡാ ചെക്കാ നീ ഈ കാമറ്യാട്ട് ഇവിടുന്ന് എറങ്ങണതൊന്ന് കാണണം.. ‘ ആ സ്നേഹത്തിനു മുന്‍പില്‍ പകച്ചു നിന്നുപോയി.