Tuesday, March 27, 2007
ഡോ. ചുമ്മാര്‍ ചൂണ്ടല്‍
കേരളത്തിലെ നാടന്‍ കലകളായ മാര്‍ഗ്ഗം കളിയുടേയും ചവിട്ടുനാടകത്തിന്റെയുമെല്ലാം ഉന്നമനത്തിനായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഡോ. ചുമ്മാര്‍ എഴുതിയ പല ഗ്രന്ഥങ്ങളും കേരളീയ നാടന്‍ കലകളുടെ വേദപുസ്തകമായി ഇന്നും നിലകൊള്ളുന്നു. കര്‍മ്മഭൂമിയില്‍ തനതായ ശൈലിയും വ്യക്തിത്വവും വച്ചുപുലര്‍ത്തുന്ന ചുമ്മാര്‍ സാര്‍ ബുദ്ധിജീവികളുടെ വലയത്തില്‍ ഒരിക്കലും ഉള്‍പ്പെട്ടിരുന്നില്ല. നാടന്‍ കലകളുടെ ഈറ്റില്ലത്തില്‍ (അത് മിക്കവാറും ആദിവാസികളുടെ രംഗഭൂമിതന്നെയായിരിക്കും) ചെന്നുതന്നെ അവയെ തൊട്ടറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വളരെ ശ്ലാഘനീയമാണ്. വളരെ കഷ്ടപ്പെട്ട് ആ കലകള്‍ പഠിച്ചെടുത്ത് സ്വന്തമായി അദ്ദേഹം സദസ്സിനുമുന്‍പില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. മാര്‍ത്തോമാ ക്രിസ്ത്യാനികളെ പറ്റിയുള്ള പല ആധികാരിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. തൃശ്ശൂര്‍ സെന്തോമസ് കോളജിലെ മലയാളവിഭാഗം തലവനായിരുന്നു അദ്ദേഹം.
എന്റെ ചൂചു സാര്‍
എന്നെ ഞാനാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചത് ചുമ്മാര്‍ സാര്‍ എന്ന ആ വലിയ മനുഷ്യനായിരുന്നു. തൃശ്ശൂര്‍ സെന്തോമസിലെ പഠനകാലത്ത് മലയാള ഭാഷയും നാടന്‍ കലകളെ പരിചയിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ ക്ലാസുകള്‍ക്ക് കഴിഞ്ഞിരുന്നു. ഡിഗ്രി രണ്ടാം വര്‍ഷം ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികള് എന്ന കവിതാ സമാഹാരം ക്ലാസ്സിലവതരിപ്പിച്ച രീതി ഇന്നും മനസ്സിലുണ്ട്. മാനേജുമെന്റുമായുള്ള വടം വലിയില്‍ ഞങ്ങള്‍ ചില വിദ്യാര്‍ത്ഥികളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ക്ലാസ്സില്‍ ശ്രദ്ധിക്കതെയിരുന്നാല്‍ ‘ കുട്ടന്മേന്നെ.. ‘ എന്ന ആ നീട്ടിയുള്ള വിളി, അട്ടപ്പാടിയിലെ കോരനുമായി സ്റ്റൈലില്‍ കാമ്പസിലെത്തുന്ന യെസ്ഡി മോട്ടോര്‍ സൈക്കിള്‍, പബ്ലിക് ലൈബ്രറിയിലെ ഒരു മൂലയിലിരുന്ന് പാതി കണ്ണടയില്‍ കൂടിയുള്ള ആ നോട്ടം.. എല്ലാം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.
അവഗണന
നാടന്‍ കലകളെ മലയാളി അവഗണിക്കുന്നതുപോലെ തന്നെ ഡോ. ചുമ്മാറിനെയും നാം അവഗണിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ നാം അംഗീകരിച്ചില്ലെങ്കിലും വിദേശങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് നല്ല അംഗീകാരം കിട്ടിയിരുന്നു. കേരളത്തിലെ പല ലൈബ്രറികളിലുമില്ലാത്ത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വാഷിങ്ടന്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലും മറ്റും ലഭ്യമാണ്.
നാടോടി
ചുമ്മാര്‍ സാറിന്റെ വിദ്യാര്‍ത്ഥികളും അഭുദയകാംക്ഷികളും നാടന്‍ കലാ സ്നേഹികളും ചേര്‍ന്ന് 1995 ലാണ് ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂരിലെ ചേറ്റുപുഴയിലാണ് അതിന്റെ ആസ്ഥാനം. ഫോക് ലോര്‍ സെന്റര്‍ അദ്ദേഹത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു. ‘നാടോടി’ എന്ന പേരില്‍. സി.ജി. പ്രിന്‍സിന്റെ സംവിധാനത്തില്‍ രാജേഷ് ദാസ് സംഗീതം നല്കി രവി അന്തിക്കാട് മുഖ്യവേഷത്തിലഭിനയിക്കുന്ന ഒരു ചെറിയ ഡോക്യുമെന്ററിയാണ് ‘നാടോടി’.
ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും
ഡോ. ചുമ്മാര്‍ ചൂണ്ടലിന്റെ സമഗ്രമായ ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ തയ്യാറാക്കുന്നു. അതിലേക്കാവശ്യമായ വിവരങ്ങള്‍ ഇപ്പോള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഏപ്രില്‍ മുപ്പതിനുമുന്‍പായി താഴെക്കാണുന്ന വിലാസത്തില്‍ അയച്ചാല്‍ നന്നായിരിക്കും. ഫോട്ടോകളും കുറിപ്പുകളും കോപ്പിയെടുത്ത് തിരിച്ചയച്ചുകൊടുക്കുന്നതായിരിക്കും.
വിലാസം :
വിന്‍സന്റെ പുത്തൂര്‍
എഡിറ്റര്‍,
ഡോ. ചുമ്മാര്‍ അനുസ്മരണ ഗ്രന്ഥം,
പി.ഒ. ചേറ്റുപുഴ.
തൃശ്ശൂര്‍. കേരള.
Saturday, March 24, 2007
അവകാശികളുടെ താഴ്വര.
ഒരു വിഹഗ വീക്ഷണം..

Monday, March 05, 2007
നാലുകാലുള്ള ഷാപ്പ്
പറപ്പൂക്കരയിലെ ഒരു സുഹ്രുത്തിനെ കാണാനായി മാപ്രാണം വഴി പോയപ്പോഴാണ് ഈ ഷാപ്പ് ഇങ്ങനെ നാലുകാലില്‍ നില്‍ക്കുന്നത് കണ്ടത്. നെല്‍പ്പാടങ്ങള്‍ അതിരു തിരിച്ച സുഖശീതളിമ.
വണ്ടി സൈഡാക്കി നേരെ കയറിച്ചെന്നു. അയ്യപ്പാസിന്റെ പരസ്യം പോലെ അകത്ത് അതിവിശാലമായ ഷോപ്പിങ് വിസ്മയം. പലതരം കറികള്‍. നെല്‍പ്പാടത്തെ പല തരം കിളികളും തവളകളും മറ്റും വലിയ ഉരുളികളില്‍ നിരന്നിരിക്കുന്നു. നെടുമ്പാള്‍ സംയുകത സമിതിയെന്ന ഒരു ഗ്രൂപ്പാണ് ഷാപ്പ് നടത്തുന്നത്. നല്ല തിരക്കുള്ള ഷാപ്പാണ്. നെടുമ്പാളിലെയും സമീപ പ്രദേശങ്ങളായ പറപ്പൂക്കര, പുതുക്കാട്, മാപ്രാണം, കൊടകര നിവാസികളുടേയും ദാഹശമിനി. നല്ല തണുത്ത കാറ്റേറ്റ് കുടിയന്മാര് ഷാപ്പിന്റെ പുറത്തേക്ക് തുറന്നിരിക്കുന്ന ബാല്‍ക്കണിയിലിരുന്ന് കള്ളുകുടിക്കുന്നു.
പുറത്തിറങ്ങാന്‍ നേരമാണതുകണ്ടത്. രണ്ടുകാലില്‍ നാലുകാലുള്ള ഷാപ്പിലേക്ക് പോയ ഒരു ചേട്ടന് നാലുകാലില്‍ ഷാപ്പില് നിന്നിറങ്ങുന്നു. നല്ല ഷോട്ടായിരിക്കുമെന്ന് വിചാരിച്ച് ഒരു ഫോട്ടോയെടുക്കാന്‍ കാമറ ഫോക്കസ് ചെയ്തപ്പോള്‍ ചേട്ടന്റെ ലേറ്റസ്റ്റ് പുറത്തിറങ്ങിയ ഒരു തെറി. അതുകേട്ട് അകത്തുള്ള സഹ കുടിയന്മാരിറങ്ങിവന്നു. ഒറ്റക്കാലില്‍ സ്കോര്‍പ്പിയോ ഓടിച്ച് പരിചയമില്ലാത്തതുകൊണ്ട് ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു.