Monday, March 05, 2007

നാലുകാലുള്ള ഷാപ്പ്

അതെ, തൃശ്ശൂര്‍ ജില്ലയിലെ നെടുമ്പാള്‍ പഞ്ചായത്തിലെ ഈ ഷാപ്പ് വളരെ പ്രസിദ്ധമാണ്. പ്രാവിന്‍ കൂട് ഷാപ്പെന്നാണ് അറിയപ്പെടുന്നത്. കുറുമാലിപ്പുഴയുടെ തായ്‌വഴികള്‍ വന്നുചേരുന്ന നെല്‍പ്പാടങ്ങളിലാണ് ഈ ഷാപ്പ് കുടികൊള്ളുന്നത്.

പറപ്പൂക്കരയിലെ ഒരു സുഹ്രുത്തിനെ കാണാനായി മാപ്രാണം വഴി പോയപ്പോഴാണ് ഈ ഷാപ്പ് ഇങ്ങനെ നാലുകാലില്‍ നില്‍ക്കുന്നത് കണ്ടത്. നെല്‍പ്പാടങ്ങള്‍ അതിരു തിരിച്ച സുഖശീതളിമ.

വണ്ടി സൈഡാക്കി നേരെ കയറിച്ചെന്നു. അയ്യപ്പാസിന്റെ പരസ്യം പോലെ അകത്ത് അതിവിശാലമായ ഷോപ്പിങ് വിസ്മയം. പലതരം കറികള്‍.
നെല്‍പ്പാടത്തെ പല തരം കിളികളും തവളകളും മറ്റും വലിയ ഉരുളികളില്‍ നിരന്നിരിക്കുന്നു. നെടുമ്പാള്‍ സംയുകത സമിതിയെന്ന ഒരു ഗ്രൂപ്പാണ് ഷാപ്പ് നടത്തുന്നത്. നല്ല തിരക്കുള്ള ഷാപ്പാണ്. നെടുമ്പാളിലെയും സമീപ പ്രദേശങ്ങളായ പറപ്പൂക്കര, പുതുക്കാട്, മാപ്രാണം, കൊടകര നിവാസികളുടേയും ദാഹശമിനി. നല്ല തണുത്ത കാറ്റേറ്റ് കുടിയന്മാര്‍ ഷാപ്പിന്റെ പുറത്തേക്ക് തുറന്നിരിക്കുന്ന ബാല്‍ക്കണിയിലിരുന്ന് കള്ളുകുടിക്കുന്നു.

പുറത്തിറങ്ങാന്‍ നേരമാണതുകണ്ടത്. രണ്ടുകാലില്‍ നാലുകാലുള്ള ഷാപ്പിലേക്ക് പോയ ഒരു ചേട്ടന്‍ നാലുകാലില്‍ ഷാപ്പില്‍ നിന്നിറങ്ങുന്നു. നല്ല ഷോട്ടായിരിക്കുമെന്ന് വിചാരിച്ച് ഒരു ഫോട്ടോയെടുക്കാന്‍ കാമറ ഫോക്കസ് ചെയ്തപ്പോള്‍ ചേട്ടന്റെ ലേറ്റസ്റ്റ് പുറത്തിറങ്ങിയ ഒരു തെറി. അതുകേട്ട് അകത്തുള്ള സഹ കുടിയന്മാരിറങ്ങിവന്നു. ഒറ്റക്കാലില്‍ സ്കോര്‍പ്പിയോ ഓടിച്ച് പരിചയമില്ലാത്തതുകൊണ്ട് ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു.


18 comments:

കുറുമാന്‍ said...

മേന്നെ, നൊവാള്‍ജിയ, നൊവാള്‍ജിയ.....നമ്മുടെ അയല്പക്കം തന്നെ ഈ ഷാപ്പും (കഴിഞ്ഞ മാസം വരെ).....

കറികള്‍ ഇവിടുത്തേം പ്രസിദ്ധമാ, പക്ഷെ രാവിലെ 11 മണിക്ക് മുന്നേ ചെന്നില്ലെങ്കില്‍ നല്ല കള്ളു കിട്ടില്ലാന്നു മാത്രം.

വര്‍ഷക്കാലത്ത് അവിടെ പോയിരിക്കാനാ സുഖം. അടി വരെ വെള്ളം പൊന്തും, പാടം മൊത്തം ആമ്പലും, കറ്റാര്‍വാഴപൂക്കളുമായിരിക്കും.

ഓര്‍മ്മകളെ കൈവള.......

Sul | സുല്‍ said...

ഹെഹെഹെ മേന്നെ. കാലൊന്ന് പോയാലെന്താ പടമൊന്നു കിട്ടില്ലെ.

പാടത്ത് പൂത്ത കറ്റാര്‍വാഴ കാണാന്‍ വന്നതാ. എവ്വടെ.

-സുല്‍

Radheyan said...

ഷാപ്പ് തന്നെ നാലു കാലിലായല്‍ പിന്നെ അവിടുത്തെ കുടിയന്മാരുടെ കാര്യം പറയാന്‍ ഉണ്ടോ

കുറുമാനെ, എന്തിന്ത്, ഷാപ്പൈക്ലോപ്പീഡിയായോ

KM said...

സുല്ലേ, നിന്‍ മോഹം മനസ്സിലിരിക്കുകയേ ഉള്ളൂ ട്ടോ.

venu said...

വര്‍ഷക്കാലത്ത് അവിടെ പോയിരിക്കാനാ സുഖം. അടി വരെ വെള്ളം പൊന്തും,
ഹാഹാ..കുറുമാന്‍റെ കമന്‍റു്. അകത്തും പുറത്തും വെള്ളമയമായ ആ വര്‍ഷകാലം.:)

ചക്കര said...

:)

kaithamullu - കൈതമുള്ള് said...

അടുത്ത പോക്കില്‍ എന്തായാലും ആ ഷാപ്പിലൊന്ന് കേറീട്ട്‌ന്നെ കാര്യം!

അപ്പു said...

മേന്‍‌നേ, കലക്കി... തെറികേട്ടാലെന്ത് ഫോട്ടോ പിടിക്കാ‍മായിരുന്നു.

അഗ്രജന്‍ said...

ഹഹഹഹ... മേന്ന്നേ... അതു തകര്‍ത്തു...

നാലു കാലിലുള്ള ഷാപ്പില്‍ നിന്നും നാലു കാലി വന്നവന്‍ :)

ആ രണ്ടാമത്തെ ഫോട്ടോ കാരണം എന്‍റെ കീ ബോര്‍ഡ് നനഞ്ഞു :)

അതുല്യ said...

ഞാന്‍ കരുതി ഇത്‌ അന്നാ അലുമൂന്യം കമ്പനീടെ പരസ്യം ആവും എന്ന്. :)

ഷാപ്പ്‌ കാരു കേസിനു പോവുമോ ആവോ :)

KM said...

അതുല്യചേച്ചി പറഞ്ഞത് ശരി തന്നെ.. ഈ നാലുകാലുള്ള ഷാപ്പ് ഇപ്പോള്‍ ഒരു കേസിലാ. ഈ ഷാപ്പിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ 2005 ഡിസംബറില്‍‍ ഒരു മാറ്റര്‍ (ഫോട്ടൊ അടക്കം) വന്നിരുന്നു. അത് ഇന്ത്യാ ടുഡെയുടെ മലയാളം പതിപ്പില്‍ മുമ്പ് വന്നിട്ടുള്ളതായിരുന്നുവെന്നു പറയുന്നു. ഷാപ്പുകാരന്‍ സുപ്രീം കോടതിയുടെ സാക്ഷിപ്പട്ടികയില്‍. അതിന്റെ കേസ് ഇന്നും നടന്നുകൊണ്ടിരിക്കുന്നു. ഷാപ്പുകാരന് മഹാ‍നഗരമെന്നത് ചാലക്കുടിയായിരിക്കേ സുപ്രീം കോടതിയുടെ അടുത്ത നീക്കമെന്താണാവോ.

കൃഷ്‌ | krish said...

കള്ളും കുടിക്കാം പോട്ടവും പിടിക്കാം.. ഐഡിയ കൊള്ളാം മേനനേ.. പക്ഷേ പോട്ടം പിടിക്കാന്‍ ഇറങ്ങിയപ്പോള്‍ പുതുതായി ഇറങ്ങിയ തെറികള്‍ വരെ കേള്‍ക്കാന്‍ ഫാഗ്യം കിട്ടിയല്ലോ. ഹോ.. സമ്മതിക്കണം.

ആവനാഴി said...

മേന്‍‌നേ,
ഇതൊന്തൊക്കെ കറികളായിരിക്കാം എന്നു ചിന്തിക്കുകയായിരുന്നു.

ആ മഞ്ഞ നിറത്തില്‍ കാണുന്ന “കുളമ്പ്” നല്ല പുഴമീന്‍, പച്ചമാങ്ങയും പച്ചമുളകും കരിവേപ്പിലയും ഇഞ്ചി തളിരെ അരിഞ്ഞതും പച്ചക്കൊത്തമല്ലി അരച്ചതും ചേര്‍ത്ത് തയ്യാറാക്കിയതില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തു വാങ്ങിയതല്ലേ?

sandoz said...

ഹ..ഹ..ഹാ
ദേ....കെടക്കണൂ....ഇന്നു രാവിലത്തെ രണ്ടാമത്തെ ഷാപ്പ്‌.
മേനനേ......ഇതൊക്കെ കണ്ട്‌ വാശിമൂത്ത്‌ മഞ്ഞുമ്മലിലെ 'കോണ്‍ക്രീറ്റ്‌' കള്ള്‌ വാങ്ങിച്ചു കുടിച്ച്‌..വയര്‍...കോര്‍പ്പറേഷന്റെ വേസ്റ്റ്‌ ബിന്‍ പോലെ ആക്കേണ്ടി വരൂന്നാ തോന്നണേ.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഈ ഷാപ്പിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ 2005 ഡിസംബറില്‍‍ ഒരു മാറ്റര്‍ (ഫോട്ടൊ അടക്കം) വന്നിരുന്നു. അത് ഇന്ത്യാ ടുഡെയുടെ മലയാളം പതിപ്പില്‍ മുമ്പ് വന്നിട്ടുള്ളതായിരുന്നുവെന്നു പറയുന്നു“

“എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും“
“കോപ്പീ പ്രശ്നം സര്‍വത്ര“

ശിശു said...

ഷാപ്പുകള്‍ ഒരുകാലത്ത്‌ ശുദ്ധമായ തെങ്ങിന്‍ കള്ള്‌ കിട്ടിയിരുന്ന സ്ഥലമായിരുന്നു. ഇന്നത്‌ ചിക്കുന്‍ഗുനിയ വില്‍ക്കാനും തെറികേള്‍ക്കാനും മാത്രമുള്ളിടമായിപ്പോയി.
എങ്കിലും ഷാപ്പെന്നു കേള്‍ക്കുമ്പോള്‍..എന്തോ ഒരു യിത്‌..

കൃഷ്‌ | krish said...

ഷാപ്പുകളില്‍ ശുദ്ധമായ കള്ളോ..? ഏതു യുഗത്തിലെ കാര്യമാ ശിശു.

(ഷാപ്പിലെ കള്ളെന്നാല്‍ ആനമയക്കിയും, ഡയസെപാം കലക്കിയതും, ഈച്ചാദികള്‍ തുടങ്ങി ചത്തുകിടക്കുന്നതുമെന്നാണ്‌ കേട്ടിരിക്കുന്നത്‌. പാലക്കാട്‌ ജില്ലയില്‍ നിന്നും ഓരോ ദിവസവും തെക്കന്‍ ജില്ലകളിലേക്ക്‌ ഒഴുകുന്ന കള്ളുകളുടെ വ്യക്തമായ കണക്കില്ല. പക്ഷെ ഉല്‍പാദിപ്പിക്കുന്നതിനേക്കാല്‍ എത്രയോ ഇരട്ടിവരും അത്‌. അപ്പോള്‍ അത്‌ ് ഷാപ്പിലെത്തുമ്പോല്‍ ശുദ്ധമാകുന്നതെങ്ങിനെ?)

suji mundakkal said...

Nedumbal panchayathallaaa......
koottukare.....
Parappukkara panchayath.