കൊല്ലാട്ടിക്കാരുടെ പറമ്പിനടുത്തുള്ള രാമേട്ടന്റെ ചായപ്പീടികയിലെ വടയുടെ എണ്ണം അന്ത്രുവിന്റെ വരവു നീളുന്തോറും കുറഞ്ഞു തുടങ്ങിയിരുന്നു. കാലത്ത് തന്നെ അന്ത്രുവുമായി ഒരു അത്യാവശ്യകാര്യം സാധിക്കാന്‍ എത്തിയതാണ് ഞാനും ബിജുക്കുട്ടനും. പെരിങ്ങോട്ടുകരയില്‍ നിന്നും പെട്രോളടിക്കുമ്പോഴാണ് ബിജുക്കുട്ടന് ചാത്തനെ ദര്‍ശിക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ചത്. അപ്പോള്‍ തന്നെ അവന് പറഞ്ഞു ഇന്നത്തെ പരിപാടികളെല്ലാം കുഴഞ്ഞുമറിയുമെന്നു. അല്ലെങ്കില്‍ ഈ അന്ത്രുവിനെയും നോക്കി കാലത്ത് പത്തരമുതല്‍ ഇങ്ങനെ ഇരിക്കേണ്ടി വരുമോ . മൊബൈലിനു റേഞ്ചില്ലാത്ത ഏതോ സ്ഥലത്ത് കുരുങ്ങിക്കിടക്കുകയാവും അന്ത്രു. പന്ത്രണ്ടുമണിയായിട്ടും അന്ത്രുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. അപ്പോഴാണ് ബിജുക്കുട്ടനു ഐഡിയ മുളച്ചത്. മാപ്രാണത്തെ ലാല്‍ ആശുപത്രിയുടെ അടുത്തുള്ള ഒരു കല്യാണമണ്ഡപത്തിന്റെ ഓഫീസില്‍ ചിലപ്പോള്‍ അന്ത്രു ചെന്നിരിക്കാറുണ്ടെന്ന്. പിന്നെ വേറൊന്നും നോക്കാതെ മാപ്രാണത്തേക്ക് വിട്ടു വണ്ടി.
മാപ്രാണത്തെത്തി പ്രസ്തുത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് അന്ത്രുവിനെ അവര്‍ അറിയുകപോലുമില്ലെന്ന് മനസ്സിലായത്. അപ്പോള്‍ തന്നെ ബിജുക്കുട്ടന് മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നിയതാണ്. അവന് പഴയ ബിജുക്കുട്ടനല്ലാത്തതുകൊണ്ടും ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തിട്ടില്ലാത്തതുകൊണ്ടും ഞാന്‍ രോഷം കടിച്ചമര്‍ത്തി ആക്സലറേറ്ററില്‍ കാലമര്‍ത്തി.
മാപ്രാണം സെന്ററിനു തൊട്ടുമുന്‍പുള്ള ഒഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ ബിജുക്കുട്ടന് വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
‘എന്തിനാണ്ടാ ഇബടെ നിര്‍ത്തണേ..’
‘മനുഷ്യനു മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് നേരം കൊറെയായി.. ഇനി ഇതു കഴിഞ്ഞിട്ട് ബാക്കി കാര്യം..’
വെറുതെയല്ല.. ഞാനവിടെ ടെന്‍ഷടിച്ചിരിക്കുന്ന സമയം മുഴുവന്‍ അടുത്തുള്ള പെട്ടിക്കടകളിലെ സെവന് അപ്പിന്റെയും പെപ്സിയുടെയും എണ്ണമെടുക്കുകയായിരുന്നു ബിജുക്കുട്ടന്. കാലത്ത് ചെറിയമ്മയുണ്ടാക്കിയ കഞ്ഞിയും പയറും പ്ലേറ്റു വെടിപ്പാക്കി കയറ്റിയിട്ടാണിവിനങ്ങനെ.
ഒന്നാം ക്ലാസില്‍ പോയി തിരിച്ച് കാറിലേക്ക് കയറുമ്പോഴാണ് ബിജുക്കുട്ടന് ‘യുറേക്കാ..’ എന്ന ടോണില്‍ ഇങ്ങനെ മൊഴിഞ്ഞത്.
‘ഇതല്ലേ മാപ്രാണം ഷാപ്പ്...’ എനിക്കും അപ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്.

അങ്ങനെയാണ് പ്രശസ്തമായ ജോയിച്ചേട്ടന്റെ മാപ്രാണം ഷാപ്പില് വീണ്ടും കയറുന്നത്. മാപ്രാണം ഷാപ്പിലെ കറികള്‍ പ്രശസ്തമാണെന്നെ ബ്ലോഗ്ഗില്‍ ചിലരുടെ പോസ്റ്റുകള്‍ കണ്ടതില്‍ പിന്നെ മാപ്രാണം ഷാപ്പിലൊന്ന് കയറണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.
വിശാലമായ നടവഴിയിലൂടെ കയറി, ഒഴിഞ്ഞ ഒരു ബഞ്ചില്‍ ഇരുന്നു. ചുറ്റും നോക്കി. സ്ഥിരം കുറ്റികള്‍ സ്ഥലം വിട്ടെന്നു തോന്നുന്നു. ഒരു വശത്ത് കുറച്ച് കോളജ് പിള്ളേര് ഇരുന്ന് മോന്തുന്നുണ്ട്. ഒരുത്തന് സ്റ്റീയറിങ് വീല്‍ പിടിച്ച് തിരിക്കുന്നപോലെയാണ് കുപ്പിയെടുത്ത് തിരിക്കുന്നത്. ആരോടോ ഉള്ള വാശി തീര്‍ക്കുകയാവാം. ഒരു പക്ഷേ കുപ്പിയുടെ തലഭാഗം കണ്ടെത്താനുള്ള പ്രയത്നത്തിലുമാവാം. കറുത്ത കണ്ണട വെച്ച മറ്റൊരുത്തന് സ്റ്റീല്‍ പിഞ്ഞാണം നക്കിത്തുടക്കുന്നു. പനമ്പിന്റെ മറയുടെ അപ്പുറത്തിരുന്ന് പ്രതിഷേധ സ്വരത്തില്‍ ഒരു നായ മുരളുന്നു. കോളജ് പിള്ളേര് കൂലങ്കലുഷിതമായി എന്താണ് ഡിസ്കസ് ചെയ്യുന്നതെന്നറിയാന്‍ ബിജുക്കുട്ടന് കാതോര്‍ത്തിരിക്കുന്നു. ഇടക്കിടെ എന്നെ നോക്കുന്നുണ്ട്.
‘നീയ്യെന്തിനാണ്ടാ അവരെ ശ്രദ്ധിക്കുന്നത്.. അവര്‍ വല്ല അന്താരാഷ്ട്ര പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയായിരിക്കും..’
‘ ഏയ് .. അവരിവിടത്തെ കടല ഫ്രൈ എങ്ങന്യാണെന്നതിന്റെ ഡിസ്കഷനിലാണ്..’
ആ ശുഭ മുഹൂര്‍ത്തത്തിലാണ് സപ്ലയര്‍ വരുന്നത്.
‘കടലക്കറിയാല്ലാതെ കഴിക്കാനെന്തുണ്ട് ? ‘ അയാള്‍ വന്നു നില്ക്കുന്നതിനു മുന്‍പു തന്നെ ബിജുക്കുട്ടന് ചോദിച്ചു.
‘ബീഫ് ഫ്രൈ, കാട ഫ്രൈ......’ നീളുന്ന പട്ടിക ഒറ്റ ശ്വാസത്തില്‍ അയാള്‍ നീട്ടിവിളമ്പി.

രണ്ടു കുപ്പിയും ഒരു ലിവര്‍ ഫ്രൈയും പറഞ്ഞ് ബിജുക്കുട്ടന് ഒരു സിസറിനു തീ കൊളുത്തി.
‘ഇവിടത്തെ കറികളൊക്കെ കിണ്ണങ്കാച്യാന്നാ പറയണത്..’
‘കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ ..’
കോളജ് പിള്ളേരിലെ കറുത്ത കണ്ണട വെച്ചവന് ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു. അവന് നല്ല ഉറക്കം വരുന്നുണ്ടെന്ന് തോന്നി. കണ്ണുകള്‍ ചുവന്നിരിക്കുന്നു. പാത്രങ്ങളും കുപ്പികളും കാലി.
കുറച്ച് കഴിഞ്ഞപ്പോള്‍ സപ്ലയര്‍ കുപ്പികളും ലിവര്‍ ഫ്രൈ എന്ന സാധനവും മേശയില്‍ കൊണ്ടുവന്നു വെച്ചു. കുപ്പിയില്‍ നിന്നും ഒരു ഗ്ലാസില്‍ പകര്‍ന്ന് ബിജുക്കുട്ടന് കണ്ണടച്ച് ഒരു നീക്കു നീക്കി. പിന്നെ അച്ചാറിന്റെ പിഞ്ഞാണം വായിലേക്ക് പകര്‍ന്നു. ‘‘ശ് ശൂ ‘ എന്ന ശബ്ദത്തോടെ പിഞ്ഞാണം താഴെ വെച്ചു.
‘എങ്ങിനീണ്ട്രാ സാധനം ? ‘
‘സാധനം ചാത്തനല്ലേ.. ചാത്തന്..’
‘എന്ത് ?’
‘ അച്ചാറ്..’
‘അച്ചാറല്ലടാ കള്ള് എങ്ങനെയുണ്ട് ? ‘
‘കുഴപ്പമില്ല.. ‘ ഇവനോട് ചോദിച്ചിട്ടൊരു കാര്യവുമില്ലെന്ന് മനസ്സിലായി.
പിന്നെ,അടുത്ത ഓര്‍ഡറെടുക്കാന്‍ വന്നപ്പോള്‍ ബിജുക്കൂട്ടന്‍ സപ്ലയറോട് ബില്ലെടുത്തോളാന്‍ പറഞ്ഞു. ബില്ല് സെറ്റില്‍ ചെയ്റ്റു കഴിഞ്ഞപ്പോള്‍ ബിജുക്കുട്ടന് സപ്ലയറെ വിളിച്ച് ഒരു ഉപദേശം കൊടുക്കാന്‍ മറന്നില്ല.
‘ഇനി മുതല്‍ കഞ്ഞി വെള്ളത്തില്‍ കുറച്ച് ചോറിട്ടിട്ട് കൊടുത്താല്‍ നന്നായിരിക്കും ട്ടാ..’ സപ്ലയര്‍ ഒരു വളിച്ച ചിരി ചിരിച്ചു.
പുറത്തിറങ്ങിയപ്പോള്‍ എനിക്കാകെ ഒരു സംശയം
‘അല്ല ബിജുക്കുട്ടാ, ആ സപ്ലയര്‍ക്ക് നമ്മളെ ഇത്ര കൃത്യമായി മനസ്സിലാക്കാന്‍ പറ്റിയതെങ്ങനെയാണാവോ ..’
പിന്നെ,അടുത്ത ബാര്‍ കണ്ടുപിടിക്കുന്നതുവരെ ബിജുക്കുട്ടന് നിര്‍ത്താതെ സിഗരറ്റു വലിച്ചുകൊണ്ടിരുന്നു. ബാറിലിരിക്കുമ്പോഴാണ് മേലില്‍ മാപ്രാണം ഷാപ്പില് കയറില്ലെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞയെടുത്തതും തിരിച്ച് പോകുന്ന വഴിയില്‍ ചാത്തനെ ദര്‍ശിച്ചേപോകുവെന്ന് തീരുമാനിച്ചതും.
വാല്‍ക്കഷണം : മാപ്രാണം ഷാപ്പിനെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ആരുടെയെങ്കിലും വികാരങ്ങള്‍ വൃണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഡെറ്റോള്‍ സോപ്പ് സപ്ലൈകോ സ്റ്റോറുകളില്‍ നിന്നും ഫ്രീയായി ലഭിക്കുന്നതാണ്.