Sunday, April 01, 2007

ആനകള്‍ക്ക് സംഭവിക്കുന്നത്

‘ആനയും കടലും’ കണ്ടാല്‍ മതിവരില്ലെന്നാണ് മലയാളിയുടെ മനസ്സിലമര്‍ന്നിരിക്കുന്ന ഒരു വാമൊഴി. ലക്ഷണമൊത്ത ഒരാനയെ കണ്ടാല്‍ ആരും ഒന്ന് നോക്കി നിന്നുപോകും. ലക്ഷണമൊത്ത ആനയെ കിട്ടാന്‍ ആനപ്രേമികളായ ഉത്സവക്കമ്മറ്റിക്കാര്‍ പലരും ലക്ഷങ്ങളാണ് ഏക്കക്കൂലി തന്നെ കൊടുക്കുന്നത്. ഗുരുവായൂര്‍ പദ്മനാഭനെന്ന ആനയ്ക്ക് ശരാശരി ഒരു എഴുന്നെള്ളിപ്പിനു നാല്‍പ്പതിനായിരമാണ് ലഭിക്കുന്നതെന്നറിയുമ്പോള്‍ ആനയോടുള്ള മലയളിയുടെ ആരാധന എത്രമാത്രമാണെന്ന് മനസ്സിലാവും.

മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നതും ആന തന്നെ. പക്ഷേ ഇന്ന് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന ആനക്കാഴ്ചകള്‍ മിക്കതും ആനയെ ദ്രോഹിക്കുന്ന കഥകളും കൂടുതല്‍ പണിയെടുപ്പിച്ച് ബുദ്ധിമുട്ടിക്കുന്ന കഥകളും പരിചരണം കിട്ടാതെ ചെരിയുന്ന ആനകളുടെ കഥകളും
മാത്രമാണ്.

ആനവംശം

കേരളത്തില്‍ ഇപ്പോള്‍ ആറായിരത്തില്‍ കൂടുതല്‍ ആനകളുണ്ട്. അതില്‍ നാട്ടാനകള്‍ ആയിരത്തോളവും. അതില്‍ തന്നെ ലക്ഷണമൊത്ത ആനകള്‍ നൂറില്‍ താ‍ഴെ മാത്രമാണ്. കൊമ്പിനുവേണ്ടിയുള്ള ആനവേട്ടയും കാടുവെട്ടിത്തെളിക്കലും ആനകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. നാട്ടാനകളുടെ ക്രയവിക്രയം 1972 ലെ നിയമമനുസരിച്ച് നിരോധിച്ചതിനാല്‍ പുതിയ ലക്ഷണമൊത്ത ആനകളെ മലയാളിക്ക് കിട്ടുന്നതും അപൂര്‍വ്വം.


സാമ്പത്തികം
ശരാശരി ഒരാനക്ക് ഒരു മാസം പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ചെലവുണ്ട്. പാപ്പാന്‍മാരുടെ ശംബളം വേറെ. ഒരു ഉത്സവ സീസണില്‍ , ജനുവരിമുതല്‍ മെയ് വരെയുള്ള കാലത്താണ് ഉടമയ്ക്ക് ആനയുടെ ചെലവുകള്‍ തിരിച്ചു പിടിക്കാനാവുന്നത്. ഒരു ഉടമയ്ക്കും തങ്ങളിറക്കിയ മൂലധനം തിരിച്ചുപിടിക്കാന്‍ സാധിക്കാറില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

മദപ്പാട്
ആരോഗ്യമുള്ള ആണാനകള്‍ക്കും മോഴയാനകള്‍ക്കും വര്‍ഷത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ മാസം നീണ്ടുനില്‍ക്കുന്ന ഒന്നാണ് മദപ്പാട്. മദപ്പാട് കാലത്ത് ആനയെ കൂച്ചുവിലങ്ങിടുകയാണ് സാധാരണ ചെയ്യുന്നത്. വളരെ സൌമ്യനായ ആന പോലും മദപ്പാട് കാലത്ത് അക്രമോത്സുകനായിരിക്കും.

എന്തുകൊണ്ട് ഉത്സവ സീസണ്‍ കാലത്ത് ആനകള്‍ ഇടയുന്നു ?

പല പാപ്പാന്മാരും കൂടുമാറുന്നത് ഇക്കാലത്താണ്. പുതിയ പാപ്പാനുമായി ഇണങ്ങാ‍ന്‍ സാധാരണ ഒരാനക്ക് ഒന്നുമുതല്‍ രണ്ടു മാസം വരെ സമയം വേണ്ടിവരും. ഇന്നുവരെ ഒപ്പമുണ്ടായിരുന്നവരെ നാളെ കാണാതായാല്‍ മനുഷ്യനെപ്പോലെ തന്നെ മറ്റു ജീവികളും ഒന്ന് പ്രകോപിക്കുകയോ വിഷമം പ്രകടിപ്പിക്കുകയോ സ്വാഭാവികമാണ്. ഉത്സവസീസണിലെ ആനയിടച്ചിലിന് ഒരു കാരണം ഈ കൂടുമാറ്റമാണ്.

പാപ്പാന്റെ ഭാഷ, ആനകള്‍ ഇടയുന്നതിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. നല്ല ഒരു പാപ്പാന് തന്റെ ആനയെ ശരിക്കും അറിയാം. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാത്ത പാപ്പാന്മാരാണ്‍ ആനകളെ അസ്വസ്ഥരാക്കുന്നത്. മാത്രവുമല്ല, ആന ഒരു വന്യജീവിയാണെന്ന ബോധം മിക്ക പാപ്പാന്മാരും തിരക്കിനിടയില്‍ മറന്നുപോകുന്നു.

എത്ര വലിയ ആനയാണെങ്കിലും ഒരു ബലഹീനത അതിനുണ്ടാവും. നായ, പോത്ത്, ആട് എന്നിവ മുന്നിലൂടെ വന്നാല്‍ പിന്തിരിഞ്ഞോടുന്ന ആനകളുണ്ട്. ഒരു വെടി പൊട്ടുന്നതു കേട്ടാല്‍ വിറളിപിടിക്കുന്ന ആനകളുമുണ്ട്. നടന്നു പോകുമ്പോള്‍ രണ്ടാം പാപ്പാന്‍ തന്റെ മുന്‍ കാലുകളേക്കാള്‍ മുന്നില്‍ നടന്നാ‍ല്‍ വിറളിപിടിക്കുന്ന ആനകളുമുണ്ട്. കുളിക്കുന്ന സമയത്ത് ചെവിയില്‍ പിടിച്ചാല്‍ വിറളിപിടിക്കുന്നവയുമുണ്ട്. അങ്ങനെ പല തരം വ്യത്യസ്ഥ സ്വഭാവ വൈചിത്ര്യങ്ങള്‍ ആനയ്ക്കുണ്ട്. അത് പൂര്‍ണ്ണാമായി മനസ്സിലാക്കുന്നവനാണ് നല്ല പാപ്പാന്‍.

വലിയ ശരീരമുള്ള എല്ലാ ജീവികള്‍ക്കും അവയുടെ ശരീരത്തിന്റെ സംതുലനം നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണ്. (ഉദാ: ഹിപ്പൊപ്പോട്ടാമസ്,..) ദിവസത്തില്‍ നിശ്ചിത സമയം അവയ്ക്ക് വെള്ളത്തില്‍ കിടന്നാലേ അവയുടെ ശരീരത്തിലെ ഊഷ്മാവ് പരിമിതപ്പെടുത്തുവാനാവൂ. മിക്ക ആനകളുടെയും മദപ്പാട് സമയം ഏപ്രില്‍ മുതല്‍ ആരംഭിക്കും. മദപ്പാട് നീട്ടിക്കിട്ടാന്‍ പാപ്പാന്മാരും ആനയുടമകളും അവയ്ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുന്നു. ഈ പ്രക്രിയ എല്ലായ്പ്പോഴും ആനകളില്‍ വിജയിക്കണമെന്നില്ല. ചിലപ്പോള്‍ അത് ആനകളില്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങള്‍ക്കും ഇടയാക്കും.

മുന്‍പൊക്കെ ആനകളെ കിലോമീറ്ററുകളോളം നടത്തിയാണ് ഉത്സവത്തിനു കൊണ്ടുപോയിരുന്നത്. ഇന്ന് അതല്ല സ്ഥിതി. മിക്കവാറും ആനകള്‍ ലോറിയിലാണ് യാത്ര. നാം വിചാരിക്കുന്ന അത്ര സുഖകരമല്ല ആനകള്‍ക്ക് ഈ ലോറി യാത്ര. പ്രത്യേകിച്ചും കേരളത്തിലെ റോഡുകളില്‍.

തൃശ്ശൂര്‍ ജില്ലയിലെ മുതുവറയടുത്ത് ചൂരക്കാട്ടുകര പൂരത്തിനു അഞ്ചു വര്‍ഷം മുന്‍പ് എഴുന്നെള്ളിച്ചിരുന്നത് മൂന്നാനപ്പുറത്തായിരുന്നു. ഇത്തവണ പാമ്പാടി രാജനടക്കം പതിനഞ്ചാനകളാണ് അണിനിരന്നത്. ഇതുതന്നെയാണ് ഇന്ന് കേരളത്തിലെ മിക്ക ഉത്സവങ്ങളുടേയും അവസ്ഥ. ഗുരുവായൂര്‍ പദ്മനാഭനെ ഒരു ദിവസം മൂന്നുപൂരങ്ങളില്‍ എഴുന്നെള്ളിച്ചുവെന്ന് കേള്‍ക്കുന്നത് ഇന്ന് ഒട്ടും അതിശയോക്തിയല്ല. ലക്ഷണമൊത്ത ആനകള്‍ ഇന്ന് വിശ്രമമില്ലാതെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പറന്നു നടന്ന് ഉത്സവം കൊഴുപ്പിക്കേണ്ട അവസ്ഥയാണ്. ഇതിനൊരു അറുതി വന്നേ മതിയാവു. ഉത്സവങ്ങളിലെ ആനസാന്നിദ്ധ്യം കുറക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

എല്ലാ ആനപ്രേമികളും ഉടമകളെ പഴിപറയുന്നതിനുമുമ്പ് മേല്‍പ്പറഞ്ഞ വസ്തുതകള്‍ കൂടി കണക്കിലെടുക്കുക. ഒരു ആനയുടമയ്ക്കും സ്വന്തം ആനയെ ഉപദ്രവിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് പല ആനകളുടെയും ദാരുണമായ് അന്ത്യത്തിലേക്ക് വഴിവെക്കുന്നത്.


വിവരങ്ങള്‍ക്ക് കടപ്പാട് :
1.ഡേവിസ് ചിറ്റിലപ്പിള്ളി ( ആന ഡേവീസേട്ടന്‍ - തൃശ്ശൂരിലെ ആനകളുടെ ഒരു എന്‍സൈക്ലോപ്പീഡിയ. )
2.ചിറക്കല്‍ മധു. ( ചിറക്കല്‍ മഹാദേവനെന്ന പേരുകേട്ട ആനയടക്കം മൂന്നാനകള്‍ സ്വന്തം)

9 comments:

കുട്ടന്മേനൊന്‍::KM said...

ആനകള്‍ക്ക് സംഭവിക്കുന്നത്..മാധ്യമങ്ങളില്‍ ഇപ്പോള്‍ ആനയിടഞ്ഞ വാര്‍ത്തകളില്ലാത്ത ദിവസമില്ല. എന്തുകൊണ്ട് ആനയിടയുന്നു ? ചില നിരീക്ഷണങ്ങള്‍.

കുറുമാന്‍ said...

നല്ല ലേഖനം മേന്നെ ഇത്, പക്ഷെ അപൂര്‍ണ്ണം. ആനയെ കണ്ടാല്‍ മതി വരില്ല എന്നു പറയുന്നതുപോലെല തന്നെ എഴുതിയാലും തീരില്ല. അന്നും, ഇന്നും ആനകമ്പം ഭയങ്കരമാണെനിക്ക്. കൂടല്‍മാണിക്യം മാണിക്യന്‍ എന്റെ ഒരു ചങ്ങാതിയായിരുന്നു (പാപ്പാന്‍ അച്ചുതന്‍ നായരും, മകന്‍ ഗോപിയുമല്ല, ആന തന്നെ), പിന്നെ അവിടെ തന്നെ ഉണ്ടായിരുന്ന രാമചന്ദ്രന്‍ (ചരിച്ചു, തല്ല്ലി കൊന്നു എന്നു പറയുന്നതാവും നല്ലത്), ലക്ഷമണന്‍, - അവനെ വിറ്റു. ഈ രണ്ട് ആനകളും ഏകദേശം ഒരു വയസ്സുള്ളപ്പോള്ള്, അവിടെ വന്നതായിരുന്നു........

കുട്ടന്മേനൊന്‍::KM said...

അതെ . ഇത് അപൂര്‍ണ്ണമാണ്. അതെ,ആനകളെ കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ തീരില്ല. കൂടല്‍മാണിക്യത്തിലെ ചങ്ങല ഇപ്പോഴുമില്ലെ കുറുമാനേ ?

ikkaas|ഇക്കാസ് said...

ആനകളെക്കുറിച്ച് കൂടുതലൊന്നുമറിയില്ല. ആന വിരണ്ട കഥകള്‍ ദിവസേന പത്രത്തില്‍ വരുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്. ഈയടുത്ത ദിവസം തൃശ്ശൂരില്‍ ഒരേ ദിവസം തന്നെ മൂന്നാനകള്‍ വിരണ്ടോടി നാശം വിതച്ച സംഭവം വായിച്ചതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ കൂടുതലെന്തെങ്കിലും അറിയാന്‍ കഴിയുമോ എന്നു ശ്രമിച്ചിരുന്നു.
ഉടമകളും പാപ്പാന്മാരും ചേര്‍ന്ന് ഈ മിണ്ടാപ്രാണികളെ ദാരുണമായി പീഡിപ്പിക്കുന്ന നഗ്ന സത്യമാണ് അറിയാന്‍ കഴിഞ്ഞത്. ‘അഴിച്ചുകെട്ടല്‍’ എന്ന പേരില്‍ വര്‍ഷാവര്‍ഷം എല്ലാ ആനകളും ഇത്തരം ക്രൂരപീഡനത്തിനു വിധേയമാകുന്നുണ്ടത്രെ. ഇതിനെക്കുറിച്ച് കൂടുതലറിയാവുന്നവര്‍ എഴുതുക.

Siju | സിജു said...

ഉത്സവങ്ങളിലെ ആന സാന്നിധ്യം കുറക്കണമെന്നു പറയുന്നതിലും ഒരു ഉടമയ്ക്കും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നു പറയുന്നതിലും തമ്മില്‍ ഒരു ചെറിയ കോണ്‍ഫ്ലിക്റ്റില്ലേ..

കുട്ടന്മേനൊന്‍::KM said...

സിജു,ഞാന്‍ ചില നിരീക്ഷണങ്ങള്‍ മാത്രമണെഴുതിയത്. ഇത് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. ആനയുടെ ജീവിതചെലവുകുറക്കാനുള്ള മാര്‍ഗങ്ങളും ആലോചിക്കേണ്ട വിഷയമാണ്.

ഹരിയണ്ണന്‍@Harilal said...

ഇ..ഫോര്‍ അവിയല്‍
ആനവിശേഷം നന്നായി മേനനേ..
നെറ്റിപ്പട്ടംകെട്ടി,തിടമ്പേറ്റി നാട്ടുവഴിയിലൂടെ ആഘോഷമായിവരുന്ന എഴുന്നള്ളത്ത് കാണുമ്പോള്‍ കുട്ടിക്കാലത്ത് ‘ആന’യായിരുന്നു മനസ്സിലെ സൂപ്പര്‍സ്റ്റാര്‍.
ഞാന്‍ അന്നൊക്കെ കരുതിയിരുന്നത് (അതുകൊണ്ടുതന്നെ കൈകൂപ്പിയിരുന്നതും)ആനയാണുതാരമെന്നാണ്.’തിരിച്ചറിവ്’വന്നപ്പോള്‍ തിടമ്പിലേക്ക് വണങ്ങി.
ആ തിരിച്ചറിവില്ലായിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചുപോയി...!
ഒരു നിമിഷം ഞാന്‍ ആനയെത്തന്നെ കൈകൂപ്പി..തിരിച്ചറിവോടെ!!

എതിരന്‍ കതിരവന്‍ said...

കുട്ടന്‍:
ഞാന്‍ എഴുതാനിരുന്നതായിരുന്നു ഇത്! ഇതിലും തീക്ഷ്ണമായി.

ഇന്ന് ആനപ്രേമമെന്ന പേരില്‍ നടക്കുന്ന അതി തീവ്ര ഉപ്ദ്രവം പൊറുക്കാവതല്ല. ഇ ഫോര്‍ എലഫന്റ് എന്ന റ്റി. വി. പ്രോഗ്രാം ഈ ഉപദ്രവത്തിനു പിന്തുണയാണ്. സംവിധായകന്‍ ശ്രീകുമാര്‍ അരൂക്കുറ്റിയ്ക്ക് ശക്തമായ ഭാഷയില്‍ ഞാന്‍ പല തവണ ഇ- മയില്‍ അയച്ചു. ഈ ഉപദ്രവത്തെപ്പറ്റി ഒരു എപിസോഡ് എടുക്കാന്‍ ഞാന്‍ തന്നെ സ്പോണ്‍സര്‍ ചെയ്യാമെന്നു വരെ പറഞ്ഞു.

ആനകള്‍ക്ക് അഞ്ചു മൈല്‍ ദൂരെ വരെ സന്ദേശങ്ങ്നല്‍ അയയ്ക്കാനും കേള്‍ക്കാനുമുള്ള കഴിവുണ്ട്. മറ്റൊരിടത്ത് ഒരാനയെ ഉപദ്രവിക്കുന്നതറിഞ്ഞാവണം ഒരു സ്ഥലത്ത് ആന പരിഭ്രാന്തനാകുന്നത്.

ആനപ്രേമികള്‍ ആനദ്രൊഹികളാണ്.

മൂര്‍ത്തി said...

ആനകളോടുള്ള ക്രൂരത അതിരു കടക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ. അല്ലെങ്കില്‍ ഇത്രയധികം ആനകള്‍ പ്രശ്നമുണ്ടാക്കുമോ? ഒരു പക്ഷെ, ഉള്ളവന്‍ ഇല്ലാത്തവന്‍ വ്യത്യാസം ആനകളുടെ കാര്യത്തിലും ഉണ്ട് എന്നതാവാം കാരണം. 40000 കിട്ടുന്ന പത്മനാഭനെപ്പോലെയാണ് എല്ലാ ആനകളുടേയും കാര്യമെങ്കില്‍ ഉടമക്ക് നഷ്ടം വരില്ലല്ലോ. അതല്ലാത്തതുകൊണ്ട് കൂടുതല്‍ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നതായിരിക്കാം. പക്ഷെ, അത് വന്‍ ക്രൂരതക്കാണ് വഴിവെയ്ക്കുന്നത്.

പാപ്പാനും കവിയും ആയ ഗുരുവായൂര്‍ കൃഷ്ണന്‍‌കുട്ടി പറഞ്ഞിട്ടുള്ളത് എന്തൊക്കെ പറഞ്ഞാലും ആന വന്യമൃഗമാണെന്നാണ്. ഇതൊക്കെ വിട്ട് ഓടി കാട്ടിലെത്താനുള്ള ഒരു ജന്മ വാസന അതിനുണ്ടത്രേ..സൂക്ഷിച്ചും കണ്ടും നിന്നാല്‍ വലിയ കുഴപ്പമില്ലാതെ ആനയെ കൊണ്ടു നടക്കാം. പക്ഷെ, എപ്പോള്‍ വേണമെങ്കിലും അതിന്റെ സ്വഭാവം മാറാം...