Saturday, July 07, 2007

കലാലയ വര്‍ണ്ണങ്ങള്‍

മഴക്കാലം വന്നാല്‍ പലപ്പോഴും എന്റെ മനസ്സില്‍ വരുന്ന ഒരു ചിത്രമുണ്ട്. പഠിച്ചിരുന്ന കോളജിന്റെ.. തൃശ്ശൂര്‍ ജില്ലയിലെ എല്‍ത്തുരുത്തെന്ന ദ്വീപിലെ സെന്റ്. അലോഷ്യസ് കോളജിന്റെ ചിത്രം. ചുറ്റും നെല്‍പ്പാടം.. അതിനെ ചുറ്റി ഒരു കനാല്‍. മഴക്കാലത്ത് നെല്‍പ്പാടം വെള്ളം നിറഞ്ഞ് കിടക്കും. മനോഹരമായ ഒരു ദൃശ്യമാണത്. ദ്വീപിലേക്ക് ഒരു വലിയ കയറ്റമാണ്. ഒരു വശം റബ്ബര്‍തോട്ടം. മറുവശം മരച്ചീ‍നി കൃഷി ( എത്ര വലിയ കമ്പി വേലി കെട്ടിയാലും ഇരുകാലികളായ തൊരപ്പന്മാരുടെ ശല്യം സഹിക്ക വയ്യാതെ അച്ചന്മാര്‍ മരച്ചീനി കൃഷി പിന്നീട് നിര്‍ത്തിയെന്നറിഞ്ഞു. ). കയറ്റം കയറി ചെന്നാല്‍ പൂമരങ്ങള്‍ ഇതള്‍ വിരിയിക്കുന്ന വിശാലമായ കാമ്പസ്.

കുറച്ചുകാലം മുമ്പ് അവിചാരിതമായാണ് ഡോ. മുരളിധരന്‍ സാറിനെ ഓര്‍ക്കുട്ടില്‍ കിട്ടിയത്. മുരളി സാര്‍ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. 85-86 കാലഘട്ടത്തില്‍‍ എന്നെ പഠിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സാറുമായുള്ള സൌഹൃദ ഭാഷണത്തിനിടയില്‍ ഇപ്പോഴത്തെ കാമ്പസ് എങ്ങനെയുണ്ടെന്ന് ചോദിച്ചു. നന്നായിരിക്കുന്നെന്ന് വിരസമായ ഒരു മറുപടി. പക്ഷേ, പിറ്റേന്ന് 'this is how your college now..' എന്നൊരടിക്കുറിപ്പുമായി കുറെ ചിത്രങ്ങള്‍ എന്റെ മെയില്‍ ബോക്സില്‍..



ഇതാണ് കോളജിലേക്കുള്ള വഴി. എല്ലാം പഴയ പോലെ തന്നെ.


ഇത് കോളജിലേക്കുള്ള ബസുകള്‍ വന്നു നില്‍ക്കുന്ന സ്ഥലം. മുമ്പ് സിറ്റി ബസുകള്‍ വന്നു നിന്നിരുന്നതും ഇവിടെ തന്നെ. ഇപ്പോള്‍ സിറ്റി ബസുകളൊന്നുമില്ലെന്ന് തോന്നുന്നു. ഈ മരങ്ങള്‍ക്ക് എത്ര കഥകളാണ് പറയാനുണ്ടാവുക ? അവസാനത്തെ ബസു വരുന്നതു വരെ കാത്തു നിന്ന സായാഹ്നങ്ങള്‍..

ചെറിയ മറ്റു തണല്‍ മരങ്ങള്‍. ഇടവേളകള്‍ ഉല്ലാസകരമാക്കിയിരുന്നതിവിടെ.. ചെറിയ ചാറ്റല്‍ മഴ വന്നാല്‍ ഇതിനടിയില്‍.. മഴമാറിയാല്‍ മരം പെയ്യും...




‘കാലാപാനി‘യിലേക്കുള്ള വഴി. വലത്തു കാണുന്നതാണ് ലബോറട്ടറി. അതിന്റെ സൈഡ് പിടിച്ച് പോയാല്‍ ശേഖരേട്ടന്റെ കാന്റീന്‍. വയലിലെ തണുത്ത കാറ്റേറ്റിരുന്ന് ചായയും പരിപ്പുവടയും കഴിക്കുന്നത് ഇപ്പോഴും നല്ല ഓര്‍മ്മ.




വെള്ളം നിറഞ്ഞുകിടക്കുന്ന പാടം. അപ്പുറത്ത് നെടുപുഴ ദേശം. ഇലക്ഷന്‍ കാലത്ത് കോളജില്‍ അടിയുണ്ടാക്കി (കൂടുതല്‍ ഇങ്ങോട്ട് കിട്ടിയിട്ടേ ഉള്ളൂ :) ) പോലീസ് വരുന്നതിനു മുമ്പ് സ്കൂട്ടാവുന്നത് ഈ വഴിയാണ്.





ചിത്രങ്ങളെടുത്ത് അയച്ചു തന്ന മുരളി സാറിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.

14 comments:

asdfasdf asfdasdf said...

കലാലയ വര്‍ണ്ണങ്ങള്‍.. പുതിയ പോസ്റ്റ്..

sandoz said...

മേനനേ...നൊസ്റ്റാള്‍ജിയ..മുടിഞ നൊസ്റ്റാല്‍ജിയ...
പണി പഠിച്ച ക്യാമ്പസിനേക്കാളും എനിക്കിഷ്റ്റം ആദ്യമായി കളറുമണിഞ് കേറിച്ചെന്ന ക്യാമ്പസിനോടാണ്.
പക്ഷേ അത് സ്കൂള്‍ കാലം തൊട്ട് മുന്നില്‍ കാണുന്നത്കൊണ്ട് ഒരമ്പരപ്പ് ഒന്നുമുണ്ടായിരുന്നില്ലാ.
പിന്നെന്താ വിശാലമായ ക്യാമ്പസ് ഒന്നുമുണ്ടായില്ലാ..തെരുവേ ക്യാമ്പസ്...
അത് കൊണ്ടുള്ള പാട് ബസ്സുകാര്‍ക്കും നാട്ടുകാര്‍ക്കും ആയിരുന്നു.
ബോയ്സ് കോളേജായതിന്റെ സ്വാതന്ത്ര്യം വേറേ....
ഒരു ലക്കും ലഗാനുമില്ലാത്ത ജീവിതം...
ക്ലാസില്‍ കേറാന്‍ വേണ്ടി ചീട്ടുകളിക്കുന്ന ഷെഡില്‍ വന്ന് സാറുമ്മാര്‍ കാലുപിടിച്ച് രംഗം വരെ ഉണ്ടായിട്ടുണ്ട് കോളേജില്‍...

രാജീവ്::rajeev said...

ഓര്‍മ്മകളോടി കളിക്കുമീ “ക്യാമ്പസ്” മുറ്റത്തെ കസ്തൂരി മാവിന്‍ ചുവട്ടില്.

ഒരുപാടോറ്മ്മകള്‍ ഓടിക്കളിക്കുന്നുണ്ട് മാഷെ, ഈ ക്യമ്പസിന്റെയല്ല. കുറെ മാറി വേറൊരു ക്യാമ്പസിന്റെ മുറ്റത്ത്.

ഒരു ആഗസ്ത് മഴയില്‍ ആദ്യമായി ആ കലാലയത്തിന്റെ പടികള്‍ ചവിട്ടിയപ്പോള്‍ ഉള്ളില്‍ അമ്പരപ്പായിരുന്നു. ഒപ്പം വിവിധ വര്‍ണങ്ങള്‍ (അതു തന്നെ - കലാലയ വര്‍ണ്ണങ്ങള്‍) അങ്ങിങ്ങായി നില്‍ക്കുന്നത് കാണുന്നതിന്റെ ആവേശവും. അതിലൊരു വര്‍ണ്ണം, ഓറഞ്ച് കളര്‍ ചുരിദാറും നെറ്റിയിലെ‍ ചന്ദനകുറിയും ഇന്നു മനസ്സില്‍ മായാതെ നില്‍പ്പുണ്ട്.

നന്നായി മാഷെ. ഫൊട്ടോസും നന്നയിട്ടുണ്ട്. അതിന്‍ മാഷടെ മാഷിനും അഭിനന്ദനങ്ങള്‍.

-രാജീവ്::rajeev

SUNISH THOMAS said...

കോളജിന്‍റെ ഓര്‍മകള്‍ക്കു ജൂണിലെ മഴയുടെ മണമാണ്. ജൂലൈയിലെ ഇടവെയിലിന്‍റെ നിറമാണ്. മേനോനെ.... എനിക്കിപ്പം വീട്ടിപ്പോണം..(നൊസ്റ്റാള്‍ജിയ!!!)

Murali said...

Onnum mariyittillennu paranjukooda. kure mattangalundayittundu ketto. Ippol samarangal theere illa ennu parayam. Predegree poyi. Puthiya kure courses vannu. Pazhaya teachers okke retire cheythu. Annathe cheruppakkarayirunna njangal okke vayassanmarayi.

Students um vallathe maari. These days they are more hopeful, more serious and practical minded. Expensive bikes and cars almost ellavarkkum. College niraye computers aayi. Ingane ethra ethra mattangal...

വേണു venu said...

കലാലയ ഓര്‍മ്മകള്‍‍ ഒരിക്കലും തുരുമ്പെടുക്കുന്നില്ല. സ്കൂട്ടായി പോകുന്ന വഴി പറയുന്ന ചിത്രം എന്തൊ കൂടുതല്‍‍ ആസ്വദിച്ചു.:)

ഡാലി said...

ആ കോളേജിന്റെ അരികത്തുള്ള ബണ്ടിനു (പാടം?) പകരം വയ്ക്കുന്ന മറ്റൊരു നൊസ്റ്റാള്‍ജിയ ഇല്ല. ഇപ്പോഴും അതു നിറഞ്ഞ് കിടക്കുന്ന കാണുമ്പോല്‍..
(മൂന്നാലു വട്ടം ആ വഴി പോയീട്ടുണ്ട്)

മൂര്‍ത്തി said...

ഞാന്‍ പണ്ടവിടെ അപ്പ്ലിക്കേഷന്‍ വാങ്ങാന്‍ ടൌണില്‍ നിന്ന് സൈക്കിള്‍ ചവിട്ടി പോയിട്ടുണ്ട്.

കറുമ്പന്‍ said...

ചുമ്മാ സെന്റി അടിപ്പിക്കാതെ മേനനേ

മുസാഫിര്‍ said...

മണ്ണുത്തിയില്‍ ഉള്ള എന്റെ ഒരു കസിന്‍ പറഞ്ഞു കേട്ടിട്ടുണ്ട് എല്‍തുരുത്ത് സെന്റ് അലോഷ്യസിനെപ്പറ്റി,അവന്‍ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിച്ചത് ഇപ്പോള്‍ നേരില്‍ കണ്ട പോലെ.നന്നായി മേന്നേ.

asdfasdf asfdasdf said...

കോളജിന്റെ അടുത്തുള്ള പാടവും വഞ്ചിയില്‍ അക്കരെ കടക്കുന്നതുമെല്ലാം.. വായിച്ചവര്‍ക്ക് നന്ദി. ഇവിടെയെത്തി കമന്റിട്ട മുരളിസാറിനു പ്രത്യേകം നന്ദി. കാന്റീനുണ്ടെങ്കിലൂം ശേഖരേട്ടന്‍ ഇല്ലെന്ന നൊമ്പരം ബാക്കിയാവുന്നു.

വല്യമ്മായി said...

കേട്ടിട്ടുണ്ടെങ്കിലും ഇത് വരെ കണ്ടിട്ടുണ്ടായിരുന്നില്ല.നന്ദി,ഫോട്ടോസിനും വിവിരണത്തിനും.ഏത് കോളേജായാലും ഓര്‍മ്മകള്‍ക്കൊക്കെ ഒരേമണവും രുചിയും.

Manu said...

എനിക്കും കുറച്ച് അവകാശമുണ്ട് നാലു കൊല്ലം തൊട്ടടുത്ത സ്ക്കൂളിൽ ഞാനും ഉണ്ടായിരുന്നു. ചേട്ടൻമാരുടെ കളികൾ കണ്ടും കളിച്ചും. ശേഖരേട്ടന്റ്റെ ദോശ കഴിച്ചും എല്ലാം..

Manu said...
This comment has been removed by the author.