Saturday, December 15, 2007

കണ്ടമ്പുള്ളി ബാലനാരായണന്‍ ഓര്‍മ്മയായി



കണ്ടമ്പുള്ളി ബാലനാരായണന്‍ (നാണു എഴുത്തച്ഛന്‍ ശിവശങ്കരന്‍) ചെരിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നാട്ടാനയായിരുന്നു. പാലക്കാട് ലക്കിടി പാലത്തിനടുത്ത് വെച്ച് ലോറിയില്‍ കയറ്റുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.


'സഹ്യനേക്കാള്‍ തലപ്പൊക്കം, നിളയേക്കാളുമാര്‍ദ്രത'- കവിതയിലെ വരികളില്‍ 'പട്ടാമ്പി നാരായണന്‍ എന്ന കണ്ടമ്പുള്ളി ബാലനാരായണന്‍ എന്ന നാണു എഴുത്തച്ഛന്‍ ശിവശങ്കരന്' വരികളിലെ ആദ്യഭാഗമാണ് കൂടുതല്‍ ചേരുക. ആര്‍ദ്രതയേക്കാള്‍ രൌദ്രഭാവമാണ് അവനില്‍ മുന്നിട്ടുനിന്നിരുന്നത്. അതുകൊണ്ടുതന്നെ ഒരേസമയം ഉത്സവപ്പറമ്പുകളിലെ നായകനും വില്ലനുമായി ഈ കൊമ്പന്‍.

തലപ്പൊക്കം കൊണ്ട് ഉത്സവപ്പറമ്പുകളിലെ ആവേശമായിരുന്നു കണ്ടമ്പുള്ളി ബാലനാരായണന്‍ എന്ന നാണുഎഴുത്തച്ഛന്‍ ശിവശങ്കരന്‍. പത്തേമുക്കാല്‍ അടി ഉയരം, ആരേയും കൂസാത്ത, ആര്‍ദ്രതയില്ലാത്ത ആ തലയുയര്‍ത്തിയുള്ള നില്പ്. ആനക്കമ്പക്കാര്‍ ആ തലയെടുപ്പിനെ നമിച്ചിരുന്നു, ഒപ്പം പേടിക്കുകയും. കാരണം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മയക്കുവെടിയേറ്റതില്‍ മുന്‍പന്തിയില്‍ ഈ കൊമ്പനുണ്ടായിരുന്നു എന്നതുതന്നെ. ഇവന്റെ പരാക്രമം കണ്ട ഉടമ കണ്ടമ്പുള്ളി ബാലന്‍ ഹൃദയംപൊട്ടി മരിക്കുകയായിരുന്നു.

ബിഹാറില്‍നിന്നും പട്ടാമ്പിയുടെ മണ്ണിലേക്കെത്തിയ ആദ്യദിനംതന്നെ അനുഗമിച്ച പാപ്പാന്റെ കഥ കഴിച്ചവനാണ് കക്ഷി. മയക്കുവെടി പ്രചാരത്തിലെത്തുന്നതിനും മുമ്പ് മുടക്കുവെടി വച്ചാണ് അന്ന് ഇവനെ തളച്ചത്. കണ്ടമ്പുള്ളിക്കാരുടേതായി മാറിയതിനുശേഷം ചൂണ്ടല്‍ പാറക്കുളത്തില്‍ വച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒന്നാംപാപ്പാന്‍ രാജനേയും ബാലനാരായണന്‍ കുത്തിമലര്‍ത്തി. ഇതൊക്കെയാണെങ്കിലും കടപുഴക്കിയ മരം തടഞ്ഞുനിര്‍ത്തി തറവാട്ടുവീടിനെ രക്ഷിച്ച കഥയും ചൂണ്ടല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കണ്ടമ്പുള്ളിയിലെ തറവാട്ടമ്മ 95-കാരി പാര്‍വതിയമ്മയെ കാണാനെത്തിയ ചരിത്രവും ഇവനു സ്വന്തം.

ബിഹാറിയായ ബാലനാരായണനെ കാല്‍നൂറ്റാണ്ടുമുമ്പാണ് ബാലന്‍ വാങ്ങിയത്. പട്ടാമ്പിയിലെ അഡ്വ. ഉദയവര്‍മനില്‍നിന്നും ഒന്നരലക്ഷം കൊടുത്ത്. കണ്ടമ്പുള്ളിയിലെത്തി ആദ്യ പത്തുവര്‍ഷത്തോളം ഇവന്റെ കുറുമ്പ് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളത്തിലെ ലക്ഷണമൊത്ത ആനകള്‍ ഏഴുന്നള്ളിയിട്ടുള്ള തൃശൂര്‍പൂരത്തിന്റെ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാഞ്ഞതും ഈ കുറുമ്പു കാരണമാകാം. വര്‍ഷത്തില്‍ പരമാവധി 50 എഴുന്നള്ളിപ്പുകള്‍ക്കു മാത്രമേ ബാലനാരായണനെ വിട്ടിരുന്നുള്ളൂ.

കണ്ടമ്പുള്ളിക്കാര്‍ക്ക് ആനക്കാര്യത്തില്‍ മേല്‍വിലാസമുണ്ടാക്കിയതുതന്നെ ബാലനാരായണനായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഇവന്റെ ഉയരംതന്നെ ചര്‍ച്ചാവിഷയമായി. മദകാലയളവില്‍ പരാക്രമിയാകുമെങ്കിലും ബാലനാരായണന്റെ ഉടമ ബാലന്റെ അമ്മ പാര്‍വതിയമ്മയ്ക്കു മുന്നില്‍ ശാന്തനാകും. നീരിലുള്ള ഇവന് തീറ്റകൊടുത്തിരുന്നതും ഇവരാണ്. ഭക്ഷണവുമായെത്തുന്ന ഇവര്‍ക്കായി പട്ട നീക്കി ഇവന്‍ വഴിയുമൊരുക്കുമായിരുന്നു. പിന്നീട് പട്ടയില്‍ തട്ടിത്തടഞ്ഞ് വീണ് ആശുപത്രിയിലായ ഇവരെ കാണാന്‍ ബാലനാരായണന്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. ആശുപത്രിയിലെത്തി തുമ്പിക്കൈ കൊണ്ട് തലോടി കണ്ണീരൊലിപ്പിച്ചുകൊണ്ടായിരുന്നു അന്നിവന്റെ മടക്കയാത്ര.

ചെമ്പൂത്രയിലെ പൂരപ്പറമ്പില്‍ വച്ചായിരുന്നു ഉടമ ബാലന്റെ മരണം. 1996-ലായിരുന്നു അത്. കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് ബാലനാരായണനായിരുന്നു. ഇടയ്ക്ക് പറ്റാനയുടെ കൊമ്പ് ഇവന്റെ മേലുരസി. ഇതോടെ ആന മുമ്പോട്ടുകുതിച്ചു. പാപ്പാനും ഓടിമാറി. ആരേയും അടുപ്പിക്കാതെ ക്ഷേത്രപരിസരത്ത് നില്‍ക്കുകയായിരുന്ന ആനയെ ബാലന്റെ മക്കളായ മോഹന്‍ദാസും സുന്ദരനും സുനിലും ചേര്‍ന്നാണ് അനുനയിപ്പിച്ചത്. വിവരം കേട്ടെത്തിയ ബാലന്‍ ക്ഷേത്രപ്പറമ്പിലെത്തിയെങ്കിലും അവിടെവച്ച് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ഇളയമകന്‍ സുനിലിനായി ഉടമസ്ഥാവകാശം. ഒടുവില്‍ മൂന്നു വര്‍ഷം മുമ്പാണ് ബാലനാരായണനെ നാണുഎഴുത്തച്ഛന്‍ഗ്രൂപ്പ് ശിവശങ്കരനാക്കിയത്.

കഴിഞ്ഞ തവണ തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍ഡിനടുത്ത് നാണു എഴുത്തച്ഛന്റെ തൊടിയില്‍ വെച്ച് കണ്ടപ്പോഴും അവന്റെ ശൌര്യത്തിനൊരു മാറ്റവുമുണ്ടായിരുന്നില്ല. സൌകര്യം കിട്ടിയാല്‍ പട്ടയെടുത്ത് അടുത്ത് വരുന്ന അപരിചിതരെ എറിയാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. എങ്കിലും ആ തലയെടുപ്പ് ആരുമൊന്ന് നോക്കിനിന്നുപോകും. ഇനിയതില്ല.

19 comments:

asdfasdf asfdasdf said...

കണ്ടമ്പുള്ളി ബാലനാരായണന്‍ (നാണു എഴുത്തച്ഛന്‍ ശിവശങ്കരന്‍) ഓര്‍മ്മയായി.

krish | കൃഷ് said...

ഈ ഗജകേസരിയുടെ (ബാലനാരായണന്‍ എന്ന നാണു എഴുത്തച്ഛന്‍ ശിവശങ്കരന്‍) വേര്‍പാടില്‍ ദുഃഖമുണ്ട്. ആദരാജ്ഞലികള്‍.

എന്താ അവന്‍റെ ഒരു തലയെടുപ്പ്. കണ്ടാല്‍ ആരും കൊതിച്ചുപോകും. ഇനി ആ കാഴ്ച ഓര്‍മ്മയില്‍ മാത്രം.

ഇത്രയൊക്കെ കുറുമ്പുണ്ടായിട്ടും പാര്‍വ്വതിയമ്മയോടുള്ള സ്നേഹം അപൂര്‍വ്വം തന്നെ.

കുറുമാന്‍ said...

അങ്ങനെ ബാലനാരായണനും ഓര്‍മ്മയായി. രണ്ടായിരത്തി ഏഴ് പൊതുവെ കേരളത്തിലെ ആനകള്‍ക്ക് ശനിദശയായിരുന്നെന്ന് തോന്നുന്നു.

Sreejith K. said...

പാ‍വം.

ഇവന്റെ ഉയരം കണ്ട് പേടി ആകുന്നു. എന്താ ആന. പക്ഷെ ഇനി ...

മൂര്‍ത്തി said...

:(
നാട്ടില്‍ ആനകള്‍ ആവശ്യമുണ്ടോ എന്ന ചോദ്യം..വീണ്ടും ചോദിക്കാന്‍ തോന്നുന്നു...

അപ്പു ആദ്യാക്ഷരി said...

അയ്യോ....

ഉപാസന || Upasana said...

Menone..

Now which elephant have highest height...

upasana

asdfasdf asfdasdf said...

ഉപാസന,എനിക്ക് തോന്നുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്നാണ്.

GMon said...

i think now the tallest will be Chulliparambil Sooryan

വേണു venu said...

ആനത്തലയോളം വെണ്ണ തരാമെടാ...
ഈ ഗജ കേസരിയുടെ തലയെടുപ്പ്.:)

മുസാഫിര്‍ said...

കണ്ടമ്പുള്ളീ ബാലനാരായണന് ആദരാഞ്ചലികള്‍ !

G.MANU said...

thalayeduppulla kesari..praNaamam

വിപിന്‍ said...

കഴിഞ്ഞ ദിവസം പുതിയ ഫോട്ടോകള്‍ ചിലത് കണ്ടേ ഒള്ളൂ....
ഉയരം മാത്രമല്ല ബാലനാ‍രായണന് പ്രായവും ഉണ്ട് അല്ലേ കുട്ടന്‍‌മേനോനേ?

ഈ നല്ല പോസ്സിനു നന്ദി.

ഏ.ആര്‍. നജീം said...

ഏഷ്യയില്‍ തന്നെ ഏറ്റവും പൊക്കം കൂടിയത് എന്ന പേരിനര്‍‌ഹനായിരുന്ന ഈ ആനയുടെ വീഴ്ചയുടെയും ഒക്കെ ചിത്രം പത്രത്താളുകളില്‍ കണ്ടിരുന്നു. ഇതേകുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം..
നന്ദി..

Mr. K# said...

ആനക്കഥ ഇഷ്ടപ്പെട്ടു.

എതിരന്‍ കതിരവന്‍ said...

ഒരു വന്യമൃഗത്തിന്റെ മേല്‍ മനുഷ്യഭാവങ്ങള്‍ കെട്ടി വയ്ക്കാനുള്ള മറ്റൊരു ശ്രമം. പീഡനങ്ങള്‍ സ്ഥിരമാകുമ്പോള്‍ ചെറുത്തു നില്‍പ്പാകുന്നു. പാപ്പാന്മാര്‍ മരിക്കുന്നു. അത്” കുസൃതി’ യായും ‘കുശുമ്പ്’ ആയും വ്യാഖ്യാനിക്കപ്പെടുന്നു.

കേരളത്തില്‍ ആനകള്‍ക്ക് എന്നു ഗതി കിട്ടുമോ ദൈവമേ!

നവരുചിയന്‍ said...

പീഡനങ്ങള്‍ തന്‍ ലോകത്ത് നിന്നും ഒരു ആന കൂടി രക്ഷപെട്ടു .
അവനെ ഇനി കാണാന്‍ പറ്റില്ല എന്ന വിഷമത്തെക്കാള്‍ വലിയ സന്തോഷം .

Unknown said...

chulli parambil suryan photo undo

Unknown said...

പോടാ മൈരേ.... നിനക്ക് ഇത് എങ്ങനെ തോന്നുന്നു ഇത് പറയാൻ