Thursday, May 22, 2008

നാണപ്പേട്ടനില്ലാത്ത പത്തു വര്‍ഷങ്ങള്‍

പൊള്ളയായ വാക്കുകളും അര്‍ത്ഥങ്ങളുമില്ലാത്ത കാപട്യം തൊട്ടുതീണ്ടാത്ത ഒരു സാഹിത്യകാരനെ കാണിച്ചുതരാന്‍ പറഞ്ഞാല്‍ ആദ്യം മനസ്സിലെത്തുന്നത് നാണപ്പേട്ടനെയാണ്. നാണപ്പേട്ടന്‍ അഥവാ എം.പി. നാരായണപ്പിള്ളയെ പരിചയപ്പെടുന്നത് ഏകദേശം പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. മുംബൈയില്‍ മലയാളികളുടെ ശ്രമഫലമായി സ്ഥാപിച്ച ഒരു വായനശാലയുടെ വാര്‍ഷികത്തിനു ക്ഷണിക്കാനാണ് ബോര്‍വിലിയിലെ നാണപ്പേട്ടന്റെ വീട്ടിലെത്തുന്നത്. അങ്ങനെ പ്രസംഗപരിപാടികള്‍ക്ക് പെട്ടന്നൊന്നും വഴങ്ങുന്ന വ്യക്തിത്വമല്ലായിരുന്നു നാണപ്പേട്ടന്‍. കലാകൌമുദി ദിനപ്പത്രത്തിലെ വിജു.വി. നായരു മുഖേനയോ മറ്റോ ആണ് ആ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. അന്നു വരെ അദ്ദേഹത്തെ കഥകളിലൂടെയും ലേഖനങ്ങളിലൂടെയും മാത്രമുള്ള അറിവായിരുന്നു അദ്ദേഹത്തെക്കുറിച്ച്.

ആദ്യ ദര്‍ശനത്തില്‍ തന്നെ മനസ്സില്‍ കുടിയേറുന്ന ഒരു വ്യക്തിത്വമാണ് നാണപ്പേട്ടന്റേത്. ഒരു തരം പരുക്കന്‍ സ്വഭാവം. കട്ടിയുള്ള കറുത്ത ഫ്രെയിമുള്ള കണ്ണടയും നെറ്റിക്കു മുകളിലുള്ള കറുത്ത പുള്ളിയും കഷണ്ടിയും അദ്ദേഹത്തിനു അങ്ങനെയൊരു പരിവേഷം നല്‍കിയിരുന്നുവെന്ന് വേണം കരുതാന്‍.
ചെന്ന പാടെ ചോദ്യം.
'എന്തിനാ വന്നേ..'
കാര്യം പറഞ്ഞു.
കുറച്ച് നേരം ലോകത്തിന്റെ അന്നത്തെ അവസ്ഥയെ കുറിച്ച് വാചാലനായി. ഞാന്‍ കമ്പ്യൂട്ടര് രംഗത്താണെന്നറിഞ്ഞപ്പോള്‍ മംഗ്ലീഷിലെഴുതുന്നതിനെക്കുറിച്ചായി സംസാരം. അന്ന് പല പ്രസിദ്ധീകരണങ്ങളിലേക്കും വേര്‍ഡ് സ്റ്റാറിലും ഡോസ് എഡിറ്റിലും മറ്റും മംഗ്ലീഷിലെഴുതിയാണ് നാണപ്പേട്ടന്‍ പല രചനകളും അയച്ചിരുന്നതെന്ന് കേട്ടപ്പോള്‍ നമിച്ചു പോയി.
സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. ആ വാക്ചാതുരിയില്‍ പലപ്പോഴും വന്നകാര്യം മറക്കും. അന്നും സംഭവിച്ചത് അതു തന്നെയായിരുന്നു. പിന്നീട് രണ്ടു ദിവസത്തിനു ശേഷം ഫോണ്‍ ചെയ്താണ് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കേണ്ടി വന്നത്.
പിന്നീട് പലപ്പോഴും അദ്ദേഹത്തെ കാണാനിടയായിട്ടുണ്ട്. ബോര്‍വിലിയിലെ ആ ഫ്ലാറ്റില്‍ വെച്ചും മറ്റും. ആ ഫ്ലാറ്റിനു ചുറ്റും നിറയെ മരങ്ങളുണ്ടായിരുന്നു അന്ന്. ഒരു പക്ഷേ അദ്ദേഹത്തിനു അതായിരിക്കും തിരക്കുകള്‍ക്കിടയിലും അവിടെ നിന്നും മാറിത്താമസിക്കാന്‍ മടിയുണ്ടായിരുന്ന ഘടകം.
കയ്യില്‍ കാശില്ലെങ്കില്‍ പോലും മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. സഹായമഭ്യര്‍ഥിച്ച് വരുന്ന പല കത്തുകള്‍ക്കും ആരെന്നോ എവിടേനിന്നെന്നോ നോക്കാതെ കഴിയാവുന്ന പോലെയൊക്കെ അദ്ദേഹം സഹായിക്കുമായിരുന്നു. , മുന്‍വിധികളില്ലാതെ..
അതുപോലെ തന്നെ ധാരാളിത്തവും.
നല്ല ഒരു സുഹൃത് വലയത്തിനുടമയായിരുന്നു അദ്ദേഹം. പലരും അത് മുതലാക്കിയെന്നൊക്കെ കേട്ടിട്ടുണ്ട്.
കഥകളും ലേഖനങ്ങളും മാത്രമെഴുതിയിരുന്ന അദ്ദേഹം നോവലിലേക്ക് തിരിഞ്ഞപ്പോള്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇതു പൂര്‍ത്തിയാക്കുകയെന്ന്. ആ നോവല്‍ എഴുതിത്തുടങ്ങിയിരുന്ന കാലത്ത് അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ അത് ശരിക്കും മനസ്സിലാക്കാനായിട്ടുണ്ട്. ഒരു തരം വാശിയായിരുന്നു. വ്യക്തിനിഷ്ടമാവാത്ത ഒരു ആത്മകഥയായിരുന്നു 'പരിണാമ'മെന്ന് വേണമെങ്കില്‍ പറയാം. അസാമാന്യമായ ഉള്‍ക്കാഴ്ചകൊണ്ട് ദീപ്തമായ കഥ. സാക്ഷിയായോ കാഴ്ചക്കാരനായോ അദ്ദേഹവും നോവലില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നതായി കാണാം. കുട്ടിച്ചാത്തനും ആനമറുതയും ഒറ്റമുലച്ചിയുമെല്ലാം ഇടകലര്‍ന്നൊഴുകിയ ഭാഷ. ഒരു പക്ഷേ അതുപോലൊരു നോവല്‍ മലയാളത്തിലിന്നും ഇറങ്ങിയിട്ടില്ലെന്ന് പറയാം.

നാണപ്പേട്ടന്റെ ലേഖനങ്ങള് ‍ പലതും ആറ്റിക്കുറുക്കിയതായിരുന്നു. ഒരു പേജില്‍ കവിയാത്ത ലേഖനങ്ങളാണ് എല്ലായ്പോഴും നല്ലതെന്നാണ് അദ്ദേഹത്തിന്റ വാദം.
ഒരു രാത്രി അദ്ദേഹത്തെ കണ്ടു മുട്ടിയത് സ്റ്റേഷനു സമീപമുള്ള ചേരിയിലായിരുന്നു. എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട് നടന്നു നീങ്ങുകയായിരുന്നു അപ്പോള്‍. ബോംബെയിലെ ചേരികളിലെ ജീവിതങ്ങളെക്കുറിച്ച് എപ്പോഴും അദ്ദേഹത്തിന് ആധിയായിരുന്നു. ആ വേദനയുമായാണ് അദ്ദേഹം ജീവിച്ചതെന്ന് വേണമെങ്കില്‍ പറയാം. ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവനെടുത്തതും.. അന്ന് സംസാരിക്കണമെന്നുണ്ടായിരുന്നു. ഒരു പക്ഷേ പ്രതീക്ഷിക്കാതെ വിളിക്കുന്നത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ലെങ്കിലോയെന്നതുകൊണ്ടു മാത്രം വേണ്ടെന്ന് വെച്ചു. പിന്നീട് ഒരിക്കലും അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ല.

സ്വതന്ത്രമാധ്യമം (ഇന്നത്തെ ബ്ലോഗിങ്ങ്) വളരെ മുമ്പുതന്നെ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നെന്നോര്‍ക്കുമ്പോള്‍ നാണപ്പേട്ടനില്ലാത്ത പത്തുവര്‍ഷം മനസ്സിലൊരു നീറ്റലായി ഇന്നുമവശേഷിക്കുന്നു.

11 comments:

കണ്ണൂസ്‌ said...

നന്നായി.

മുരളീ മേനോനും പണ്ട് എം.പി യെപ്പറ്റി അഞ്ച് ഭാഗം വരുന്ന കുറേ ഓര്‍മ്മകള്‍ എഴുതിയിരുന്നു. ഇവിടെ കാണാം.

ബഷീര്‍ വെള്ളറക്കാട്‌ said...

ഓര്‍മ്മക്കുറിപ്പുകള്‍ ..
വായിച്ചു..

കാന്താരിക്കുട്ടി said...

നാണപ്പേട്ടനെ കുറിച്ചുള്ള ഓര്‍മ്മകുറിപ്പുകള്‍ വായിച്ചു..നന്നായി..

മുസാഫിര്‍ said...

പരിണാമം , കലാകൌമുദിയില്‍ ആണെന്നു തോന്നുന്നു ഖണ്ടശ്ശ വായിച്ചതോര്‍ക്കുന്നു.ഒറ്റയാനായ എം പി നാരായണപിള്ളയുടെ വ്യക്തിത്വം ആ എഴുത്തില്‍ നിന്നേ വാ‍യിച്ചെടുക്കാമായിരുന്നു.
ഓര്‍മ്മക്കുറിപ്പ് നന്നായി.

Anonymous said...

മേ ന നെ, പിള്ളയെപ്പറ്റിയും നായരെപ്പറ്റിയും ഒക്കെ ഇങ്ങിനെ പറഞ്ഞോണ്ടിരിക്കണേ... ഓര്‍മ്മകുറിപ്പുകളില്ലാതെ ഓര്‍മ്മയെങ്ങാനും നശിച്ചുപോയാലോ....

ഫസല്‍ said...

മുംബെയില്‍ നിന്നിറങ്ങുന്ന കലകൌമുദിയില്‍ നാരായണപ്പിള്ളയുടെ ഒരു ചോദ്യോത്തര പംക്തിയുണ്ടായിരുന്നു, ഞാനറിയുന്ന നാരായണപ്പിള്ള അതാണ്, അല്ലാതെ ഞാന്‍ അദ്ദേഹത്തിന്‍റെ നോവലോ കഥകളോ ലേഘനങ്ങളോ വായിച്ചിട്ടില്ല. നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വളരെയധികം ആദരവ് മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ഒരാളാണ്‍ ഞാന്‍...

കുട്ടന്‍മേനൊന്‍ said...

കണ്ണൂസ്,മുരളിമേനൊന്‍ചേട്ടന്റെ ഓര്‍മ്മക്കുറിപ്പ് അന്നുതന്നെ വായിച്ചിരുന്നു. എം.പിയുമായി വളരെ അടുപ്പമുണ്ടായിരുന്നു മുരളിമേനോന്.
മെയ് 19 നായിരുന്നു എം.പിയുടെ 10-ം ചരമവാര്‍ഷികം. ഓര്‍മ്മവന്നപ്പോള്‍ എഴുതിയ്യതാണ്.

അനോനി, എം.പിയെ അടുത്തറിയാത്തോണ്ടാണ് നിങ്ങള്‍ ജാതി പറയുന്നത്. ‘ഓര്‍മ്മകുറിപ്പുകളില്ലാതെ ഓര്‍മ്മയെങ്ങാനും നശിച്ചുപോയാലോ....‘. വാക്കുകള്‍ക്ക് അറം പറ്റാതിരിക്കട്ടെ !

Dinkan-ഡിങ്കന്‍ said...

“ജോര്‍ജ്ജ് ആറാമന്റെ കോടതി“വരാന്തയില്‍ അലഞ്ഞ് തിരിഞ്ഞ് “പരിണാമ“വിധേയമാകാത്ത ഞാന്‍ എന്ന നായ വിചാരണ കേട്ടുകൊണ്ടിരിക്കുകയാണ്.

ഇയാള്‍ കഥകള്‍ സൃഷ്ടിച്ചിരുന്നത് കടലാസിലല്ല ക്യാന്‍‌വാസിലായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. ആ “മൂന്നാംകണ്ണി”ന് പലപ്പോഴും അഭിനന്ദനങ്ങള്‍ മതിയാവുകയില്ല.

സതീശ് മാക്കോത്ത്| sathees makkoth said...

ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു.

എതിരന്‍ കതിരവന്‍ said...

Prabha PiLLa herself brought in vivid memoirs in Sam. Malayaalam-mostly about his 'cute' mannerisms.
'Murukan enna paampaaTTi'-my favorite

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ശരിക്കും നര്‍മ്മ സാഹിത്യം എന്നു പറഞ്ഞാല്‍
നാരായണപിള്ള സാറിന്റെ സാഹിത്യമാണ്