Thursday, February 14, 2008

വിജയന്‍ - ഒരു ജീവിതം

‘ഇതിഹാസം ഒരു പ്രായത്തില്‍ എനിക്കുണ്ടായിരുന്ന അനുഭവങ്ങളുടേയും ഭ്രമാത്മകമായ ഭാവനയുടെയും ഏറെക്കുറെ സത്യസന്ധമായ കട്ടുരയാണ്. അതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. കാറ്റുകൊള്ളുമ്പോലുള്ള ഒരു സുഖം പോലെ ഒരു അനുഭൂതിമാത്രം’ഖസാഖിന്റെ ഇതിഹാസം എഴുതിയപ്പോഴുണ്ടായ അനുഭവത്തെപ്പറ്റി വിജയന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

തീവ്രമായ മനുഷ്യസ്നേഹവും അഗാധമായ പ്രപഞ്ചബോധവുമുണ്ടായിരുന്ന മലയാളത്തിലെ വലിയൊരു എഴുത്തുകാരനായിരുന്നു വിജയന്‍.

ഖസാക്കിനു ശേഷം പലപ്പോഴായി വിജയനെന്ന വ്യക്തി നേരിട്ട ജീവിത മുഹൂര്‍ത്തങ്ങളെ അതേ വൈകാരിക തീവ്രതയോടെ ഒപ്പിയെടുത്തവതരിപ്പിക്കാന്‍ ഒരുപക്ഷേ വിജയനു കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. ഖസാക്കിനു ശേഷം വിജയന്റെ മനസ്സിലേക്കുള്ള വായനക്കാരന്റെ അധിനിവേശമായിരിക്കണം ഇതിനൊരു കാരണം. ഖസാക്കിലൂടെ വിശ്വസാഹിത്യത്തിന്റെ പടിവാതില്‍ക്കലെത്തിയ മലയാളത്തിന്റെ ഈ പ്രതിഭാശാലി പിന്നീട് ആ വഴിക്ക് പോയതേയില്ല. ‘ഗുരുസാഗര’ത്തിലും ‘ധര്‍മ്മപുരാണ’ത്തിലും ‘പ്രവാചകന്റെ വഴി’യിലുമെല്ലാം ആ പ്രതിഭയുടെ ഒരു മിന്നലാട്ടം പോലും കടന്നുവന്നിട്ടില്ലെന്നത് ഒരു പക്ഷേ വിജയന്റെ വ്യക്തി ജീവിതത്തിലെ അനാവശ്യ തര്‍ക്കങ്ങളും ബാലിശമായ ചോദ്യശരങ്ങളുമായി പലരേയും അഭിമുഖീകരിക്കേണ്ടിവന്നുവെന്നതിന്റെ ബാക്കിപത്രമായിരിക്കാം.

വിജയനെന്ന വ്യക്തിയെ അടുത്തറിയാന്‍ വായനക്കാരന്‍ ഇനിയും ശ്രദ്ധിച്ചിട്ടില്ലെന്നത് ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. വിജയനെ ഒരു മിത്തായി മാറ്റി നിര്‍ത്താതെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥ ഈ വൈകിയ വേളയിലെങ്കിലും ഉണ്ടായേത്തീരൂ. പ്രവാചകന്‍, ഇതിഹാസകാരന്‍ എന്നീ വിശേഷണങ്ങളൊക്കെ കൊടുത്ത് വിജയനെന്ന എഴുത്തുകാരെന മാറ്റി നിര്‍ത്തുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടെ തീഷ്ണതെയെ പിന്തുടരേണ്ടിയിരിക്കുന്നു. വിജയനിലെ പ്രതിഭയുടെ സ്രോതസിനെ കണ്ടെത്താന്‍ വായനക്കാരനു ഇന്നും കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. വിജയനെക്കുറിച്ചുള്ള അന്വേഷണങ്ങളും ജീവചരിത്രങ്ങളും ഓര്‍മ്മക്കുറിപ്പുകളും ലക്ഷ്യമാക്കേണ്ടത് അതാണ്.

അവസാന കാലത്ത്, രോഗത്തിന്റെ പിടിയിലായപ്പോള്‍ സഹായി എന്ന നിലയില്‍ കുറെക്കാലം വിജയനോടൊപ്പം കഴിഞ്ഞ ഗോപിനാരായണന്‍ രചിച്ച ഓര്‍മ്മപ്പുസ്തകമാണ് ‘ഒ.വി. വിജയന്‍ - ഒരു ജീവിതം’ . ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഒരു പുസ്തകമാണിത്.

വിരസമല്ലെങ്കിലും പുതുമ അവകാശപ്പെടാനില്ലാത്ത, വിജയനെന്ന വ്യക്തിയെ ശരിക്കും മനസ്സിലാക്കാത്ത ചില ഓര്‍മ്മക്കുറിപ്പുകളുടെ ശേഖരമായതിനാലാവാം ഒരുപക്ഷേ ശ്രദ്ധിക്കപ്പെടാതെ, ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. വിജയന്റെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയുമുള്ള യാത്രയും ഗോപി നാരായണന്‍ നടത്തിയിട്ടുണ്ട് ഈ പുസ്തകത്തിലൂടെ. ഓര്‍മ്മപ്പുസ്തകം എന്ന ശ്രേണിയില്‍ നിന്നും ഈ പുസ്തകം അകന്നു പോകാന്‍ ഇതൊരു കാരണമായിട്ടുണ്ട്. വിജയനിലെ വ്യക്തിയെ കുറെക്കൂടി സത്യസന്ധമായി അടുത്തറിയുന്നതിനു ഈ കൃതി പ്രയോജനപ്പെടുന്നില്ലെന്നതാണ് വാസ്തവം.

ഒ.വി. വിജയന്‍ - ഒരു ജീവിതം
ഗോപി നാരായണന്‍
കേരള സാഹിത്യ അക്കാദമി.
തൃശ്ശൂര്‍.