Thursday, February 14, 2008

വിജയന്‍ - ഒരു ജീവിതം

‘ഇതിഹാസം ഒരു പ്രായത്തില്‍ എനിക്കുണ്ടായിരുന്ന അനുഭവങ്ങളുടേയും ഭ്രമാത്മകമായ ഭാവനയുടെയും ഏറെക്കുറെ സത്യസന്ധമായ കട്ടുരയാണ്. അതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. കാറ്റുകൊള്ളുമ്പോലുള്ള ഒരു സുഖം പോലെ ഒരു അനുഭൂതിമാത്രം’ഖസാഖിന്റെ ഇതിഹാസം എഴുതിയപ്പോഴുണ്ടായ അനുഭവത്തെപ്പറ്റി വിജയന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

തീവ്രമായ മനുഷ്യസ്നേഹവും അഗാധമായ പ്രപഞ്ചബോധവുമുണ്ടായിരുന്ന മലയാളത്തിലെ വലിയൊരു എഴുത്തുകാരനായിരുന്നു വിജയന്‍.

ഖസാക്കിനു ശേഷം പലപ്പോഴായി വിജയനെന്ന വ്യക്തി നേരിട്ട ജീവിത മുഹൂര്‍ത്തങ്ങളെ അതേ വൈകാരിക തീവ്രതയോടെ ഒപ്പിയെടുത്തവതരിപ്പിക്കാന്‍ ഒരുപക്ഷേ വിജയനു കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. ഖസാക്കിനു ശേഷം വിജയന്റെ മനസ്സിലേക്കുള്ള വായനക്കാരന്റെ അധിനിവേശമായിരിക്കണം ഇതിനൊരു കാരണം. ഖസാക്കിലൂടെ വിശ്വസാഹിത്യത്തിന്റെ പടിവാതില്‍ക്കലെത്തിയ മലയാളത്തിന്റെ ഈ പ്രതിഭാശാലി പിന്നീട് ആ വഴിക്ക് പോയതേയില്ല. ‘ഗുരുസാഗര’ത്തിലും ‘ധര്‍മ്മപുരാണ’ത്തിലും ‘പ്രവാചകന്റെ വഴി’യിലുമെല്ലാം ആ പ്രതിഭയുടെ ഒരു മിന്നലാട്ടം പോലും കടന്നുവന്നിട്ടില്ലെന്നത് ഒരു പക്ഷേ വിജയന്റെ വ്യക്തി ജീവിതത്തിലെ അനാവശ്യ തര്‍ക്കങ്ങളും ബാലിശമായ ചോദ്യശരങ്ങളുമായി പലരേയും അഭിമുഖീകരിക്കേണ്ടിവന്നുവെന്നതിന്റെ ബാക്കിപത്രമായിരിക്കാം.

വിജയനെന്ന വ്യക്തിയെ അടുത്തറിയാന്‍ വായനക്കാരന്‍ ഇനിയും ശ്രദ്ധിച്ചിട്ടില്ലെന്നത് ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. വിജയനെ ഒരു മിത്തായി മാറ്റി നിര്‍ത്താതെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥ ഈ വൈകിയ വേളയിലെങ്കിലും ഉണ്ടായേത്തീരൂ. പ്രവാചകന്‍, ഇതിഹാസകാരന്‍ എന്നീ വിശേഷണങ്ങളൊക്കെ കൊടുത്ത് വിജയനെന്ന എഴുത്തുകാരെന മാറ്റി നിര്‍ത്തുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടെ തീഷ്ണതെയെ പിന്തുടരേണ്ടിയിരിക്കുന്നു. വിജയനിലെ പ്രതിഭയുടെ സ്രോതസിനെ കണ്ടെത്താന്‍ വായനക്കാരനു ഇന്നും കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. വിജയനെക്കുറിച്ചുള്ള അന്വേഷണങ്ങളും ജീവചരിത്രങ്ങളും ഓര്‍മ്മക്കുറിപ്പുകളും ലക്ഷ്യമാക്കേണ്ടത് അതാണ്.

അവസാന കാലത്ത്, രോഗത്തിന്റെ പിടിയിലായപ്പോള്‍ സഹായി എന്ന നിലയില്‍ കുറെക്കാലം വിജയനോടൊപ്പം കഴിഞ്ഞ ഗോപിനാരായണന്‍ രചിച്ച ഓര്‍മ്മപ്പുസ്തകമാണ് ‘ഒ.വി. വിജയന്‍ - ഒരു ജീവിതം’ . ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഒരു പുസ്തകമാണിത്.

വിരസമല്ലെങ്കിലും പുതുമ അവകാശപ്പെടാനില്ലാത്ത, വിജയനെന്ന വ്യക്തിയെ ശരിക്കും മനസ്സിലാക്കാത്ത ചില ഓര്‍മ്മക്കുറിപ്പുകളുടെ ശേഖരമായതിനാലാവാം ഒരുപക്ഷേ ശ്രദ്ധിക്കപ്പെടാതെ, ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. വിജയന്റെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയുമുള്ള യാത്രയും ഗോപി നാരായണന്‍ നടത്തിയിട്ടുണ്ട് ഈ പുസ്തകത്തിലൂടെ. ഓര്‍മ്മപ്പുസ്തകം എന്ന ശ്രേണിയില്‍ നിന്നും ഈ പുസ്തകം അകന്നു പോകാന്‍ ഇതൊരു കാരണമായിട്ടുണ്ട്. വിജയനിലെ വ്യക്തിയെ കുറെക്കൂടി സത്യസന്ധമായി അടുത്തറിയുന്നതിനു ഈ കൃതി പ്രയോജനപ്പെടുന്നില്ലെന്നതാണ് വാസ്തവം.

ഒ.വി. വിജയന്‍ - ഒരു ജീവിതം
ഗോപി നാരായണന്‍
കേരള സാഹിത്യ അക്കാദമി.
തൃശ്ശൂര്‍.

9 comments:

കുട്ടന്‍മേനൊന്‍ said...

‘ഒ.വി.വിജയന്‍ - ഒരു ജീവിതം’ എന്ന വിജയനെക്കുറിച്ചുള്ള ഓര്‍മ്മചിത്രങ്ങളെക്കുറിച്ച് ഒരു കുറിപ്പ്.

ശ്രീ said...

:)

കാപ്പിലാന്‍ said...

good

ഉപാസന | Upasana said...

ആചാര്യനെ സ്മരിച്ചതില്‍ സന്തോഷിക്കുന്നു ഞാന്‍.
പ്രണാം..!


“ ‘ഗുരുസാഗര’ത്തിലും ‘ധര്‍മ്മപുരാണ’ത്തിലും ‘പ്രവാചകന്റെ വഴി’യിലുമെല്ലാം ആ പ്രതിഭയുടെ ഒരു മിന്നലാട്ടം പോലും കടന്നുവന്നിട്ടില്ലെന്നത് ഒരു പക്ഷേ വിജയന്റെ വ്യക്തി ജീവിതത്തിലെ അനാവശ്യ തര്‍ക്കങ്ങളും ബാലിശമായ ചോദ്യശരങ്ങളുമായി പലരേയും അഭിമുഖീകരിക്കേണ്ടിവന്നുവെന്നതിന്റെ ബാക്കിപത്രമായിരിക്കാം“

‘ഇതിഹാസം‘ ത്തിന് ശേഷം പുറത്ത് വരുന്ന എല്ലാ കൃതികള്‍ക്കും അതേ പ്രിയത ഇല്ലെന്നുള്ളത് സത്യമാണ്. പക്ഷേ അത് നിര്‍ബന്ധമായും വേണമെന്നുണ്ടോ കുട്ടന്‍ ഭായ്.

നമ്മുടെ അമിതമായ പ്രതീക്ഷ മൂലമല്ലേ ഗുരുസാഗരം, പ്രവാചകന്‍ ലും വിജയന്റെ പ്രതിഭ കടന്നു വരുന്നില്ല എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍.

അവസാനമാണ് ‘ഇതിഹാസം’ എഴുതിയതെനില്‍ ഇങ്ങിനെയുള്ള നിരീക്ഷണങ്ങള്‍ ഉണ്ടാകുമായിരുന്നോ..?

ഖസാക്കിന്റെ ഇതിഹാസം അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തിന്റെ ഭൂമികയില്‍ നിന്ന് രചിച്ച ഒരു കൃതിയാണ്.
അതു കൊണ്ട് അതിന്റെ മേന്മ വിജയന്റെ മറ്റ് പല കൃതികള്‍ക്കും ഉണ്ടായേക്കില്ല.

ഇതല്ലേ ഇതിഹാസത്തെ അപേക്ഷിച്ച് മറ്റ് കൃതികള്‍ കുറച്ചെങ്കിലും ‘മോശ’( (?) ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും ഈ വിഷയത്തിലുള്‍ല വീക്ഷണങ്ങള്‍) മാണെന്ന് ഉള്ള ആരോപണത്തിന്റെ ഉത്തരം...

പുസ്തകം വായിക്കാതെ കൂടുതല്‍ ഒന്നും പറയാന്‍ പറ്റില്ല.

നന്നായി ഈ പോസ്റ്റ്.
:)
എന്നും സ്നേഹത്തോടെ
ഉപാസന

വിചാരം said...

:)

കുട്ടന്‍മേനൊന്‍ said...

ഖസാക്കിന്റെ ഇതിഹാസം അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തിന്റെ ഭൂമികയില്‍ നിന്ന് രചിച്ച ഒരു കൃതിയാണ്.ശരിയാണ്. അതേ ജനുസ്സില്‍പ്പെട്ട ‘തലമുറകള്‍’ എവിടെയെത്തി നില്‍ക്കുന്നു എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു ഉപാസനേ.

ഉപാസന | Upasana said...

‘ഇതിഹാസം’ ത്തില്‍ ഉള്ള പോലത്തെ ഒരു ഭൂമിക അല്ല ’തലമുറകള്‍’ ളില്‍ ഉള്ളതെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

അതു കൊണ്ട് തന്നെ “ഭാഷയുടെ ഉത്സവം” തലമുറകളില്‍ ദൃശ്യമാകുന്നില്ല.
ഇത് വായനക്കാരുടെ ആസ്വാദനക്ഷമതയെ സ്വാധീനിക്കും.
:)
ഉപാസന

നിരക്ഷരന്‍ said...

പുസ്തകത്തിന്റെ പ്രസാധകര്‍ കേരള സാഹിത്യ അക്കാഡമിയാണോ മേന്നേ... ?

കുട്ടന്‍മേനൊന്‍ said...

സാഹിത്യ അക്കാദമി തന്നെയാണ്. അക്കാദമി ഈയിടെയായി കുറച്ച്ച് പുസ്തകങ്ങളേ പ്രസിദ്ധീകരിക്കാറുള്ളുവെന്നും അവ മാര്‍ക്കറ്റിങ് സര്‍ക്കാര്‍ കാര്യം പോലെയെന്നും കേള്‍ക്കുന്നു.