Sunday, December 10, 2006

ബബന്‍ സിംഗ് യാദവും കേസരിയും

കമ്പനിയിലെ ബീഹാറിയായ ബബന്‍ സിംഗ് യാ‍ദവ് കഴിഞ്ഞ കുറെ നാളുകളായി എന്നോട് ഒരു ഹോം മെയ്ഡ് സ്വീറ്റ് ഉണ്ടാക്കി കൊണ്ടുവരാന്‍ പറയുന്നു. കമ്പനിയിലെ ബയറായ യാദവ് നല്ല ഒരു തീറ്റെറപ്പായിയും കൂടിയാണ്. കഴിഞ്ഞ ദിവസം ഡിപ്പാര്‍ട്ടുമെന്റില്‍ കെന്റക്കി ചിക്കണ്‍ വാങ്ങിയപ്പോള്‍ ഡയറ്റു ചെയ്യുന്ന ചില മാന്യന്മാര്‍ കോഴിയുടെ തൊലിപ്പുറമെല്ലാം നീക്കി കൊഴുപ്പുമാറ്റാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മാറ്റിയ തൊലിപ്പുറമെല്ലാം ‘മസ്ത് ഹെ’ എന്നും പറഞ്ഞ് യാദവ് വെച്ച് നീക്കി . പിന്നെ രണ്ടേകാല്‍ ലിറ്ററിന്റെ ഒരു പെപ്സിക്കുപ്പിയുടെ കാല്‍ ഭാഗം മാത്രം ബാക്കി വെച്ച് ഒരു ഏമ്പക്കവും വിട്ട് തന്റെ കറങ്ങുന്ന കസേരയില്‍ ചെന്നിരുന്നപ്പോഴാണ് വീണ്ടും ആ റിമൈന്‍ഡര്‍ എനിക്കിട്ടത്.

വീട്ടിലെത്തി ഞാന്‍ കുറച്ച് നേരം ആലോചിച്ചു. ഒരു കറിയുണ്ടാക്കുന്ന അത്ര എളുപ്പമല്ല ഒരു സ്വീറ്റ് ഉണ്ടാക്കി ഫലിപ്പിക്കുകയെന്നത്. സൂവിന്റെ കറിവേപ്പിലയില്‍ കുറെ തപ്പി നോക്കി. അവിടെയും മധുരമുള്ള നമ്പറുകള്‍ കുറവ്. (ഒരു പക്ഷേ ബ്ലോഗര്‍മാരെല്ലാവരും മധുരം കഴിച്ച് അതുല്യചേച്ചിയുടെ പുതിയ ഓഫീസ് സെറ്റപ്പിന്റെ പ്രേതം കൂടേണ്ടതില്ലല്ലോയെന്ന നല്ല മനസ്സാവാം.) .

പിന്നെ നേരെ കിച്ചണില്‍ കയറി ഒരു ഇന്വെന്ററിയെടുത്തു. കാര്യമായൊന്നും തടഞ്ഞില്ല.
അപ്പോഴാണ് നിഡോയുടെ ഒരു ടിന്ന് വെറുതെയിരിക്കുന്നത് ശ്രദ്ധിച്ചത്. നോക്കിയപ്പോള്‍ പകുതിയോളം റവ. തലയില്‍ 100 വാട്ടിന്റെ ഫ്ലാഷ് മിന്നി.

ഒരു കേസരി തന്നെ പൂശാം. ഫ്രിഡ്ജില്‍ നോക്കിയപ്പോള്‍ ഇന്ന് കാലാവധികഴിയുന്ന അര ലിറ്റര്‍ മറായിയുടെ മില്‍ക് സുസ്മേരവദനനായി ഇരിക്കുന്നു. നോണ്‍സ്റ്റിക്കിന്റെ വായ്‌വട്ടമുള്ള ഒരു പാത്രം നേരെ അടുപ്പില്‍ കയറ്റി തീപൂട്ടി. വെറുതെ ഒരു രസത്തിന് രണ്ട് ടീസ്പൂണ്‍ ബട്ടറെടുത്തിട്ട് അതിലിട്ടു. ചൂടായി വന്ന സമയത്ത് പാലെടുത്തൊഴിച്ചു. പിന്നെ തിളച്ചു തുടങ്ങിയപ്പോള്‍ മെല്ലെ ഇളക്കിത്തുടങ്ങി. പഞ്ചസാര ടിന്നില്‍ നിന്നും രണ്ടു കുഞ്ഞിക്കയില്‍ പഞ്ചസാരയും ചേര്‍ത്തിളക്കി. പിന്നെ കുറച്ച് സഫ്രോണിന്റെ പൊടി ഒരു നുള്ളും ചേര്‍ത്തു. വീണ്ടും ഇളക്കി. തീകുറച്ച് ഒരു മൂന്നു കുഞ്ഞിക്കയില്‍ റവയും ചേര്‍ത്ത് നന്നായി ഇളക്കി. മൊത്തത്തില്‍ ഒന്ന് കുറുകി വന്നപ്പോള്‍ ബട്ടര്‍ പേപ്പര്‍ നിരത്തിയ ഒരു സ്റ്റീല്‍ പ്ലേറ്റിലേക്ക് അത് പകര്‍ന്നു. കുറച്ചു നേരം ഫ്രിഡ്ജില്‍ വെച്ചു.

ഇന്നലെ കാലത്ത് ഫ്രിഡ്ജില്‍ നിന്നുമെടുത്ത് ഒരു കത്തിയെടുത്ത് കലാപരമായി കുറെ വെട്ടും കുത്തും നടത്തി ഒരു പാത്രത്തിലാക്കി ഓഫീസില്‍ കൊണ്ടുവന്നു. കേസരിയെന്നുവിളിക്കുന്ന ഈ സാധനം ഒരു മൈസൂര്‍പാക്ക് പരുവത്തിലാണിപ്പോള്‍ ഇരിക്കുന്നത്. കഴിച്ചവര്‍ കഴിച്ചവര്‍ കുഴപ്പമില്ലെന്നു പറഞ്ഞു. ബബന്‍ സിംഗ് യാദവ് അതില്‍നിന്നും പകുതിയിലേറെയും വച്ച് നീക്കി. ‘മസ്ത് ഹെ’ എന്ന് കമന്റും കിട്ടി. ഇനിയും ഇതുപോലുള്ള ഐറ്റംസ് കൊണ്ടുവരണമെന്ന് പറഞ്ഞു ഒരു ഏമ്പക്കവും വിട്ടു.

ഇന്ന് ഇതുവരെയായിട്ടും ബബന്‍ സിംഗ് യാദവ് ഓഫീസിലെത്തിയിട്ടില്ല. മൊബൈലും ഓഫ്.
ദൈവമേ .. ഇനി ഞാന്‍ വല്ല നേര്‍ച്ച നേരേണ്ടി വരുമോ എന്തോ....

8 comments:

കുട്ടന്മേനൊന്‍::KM said...

‘ബബന്‍ സിംഗ് യാദവും കേസരിയും‘ ഒരു നുറുങ്ങു പോസ്റ്റ്.

സു | Su said...

കുട്ടമ്മേനോന്‍ കുടുങ്ങി. അയാള്‍ റവയും, മറ്റു വസ്തുക്കളും കൊണ്ടുവരാന്‍ പോയതാവും. ;)ഇനീം ഉണ്ടാക്കിക്കൊടുക്കാന്‍.

Sul | സുല്‍ said...

കേസരി ബബന്‍ സിംഗ് യാദവ് കലക്കി.

അപ്പൊ ഇങ്ങനെയും പാചകക്കുറിപ്പെഴുതാം അല്ലെ. ഡി. പി. ഇ. പി പോലെ.

ആ ഡേറ്റ് കഴിയാന്‍ പോയ അല്‍ മറായ് ആണോ ചതിച്ചത്?

-സുല്‍

പാര്‍വതി said...

എന്നാലും മേന്ന്യനേ, യാധവനെ പാലും വെണ്ണയും കൊണ്ട് തന്നെ ചതിച്ചുവോ നീയ്യ്..

:-)

-പാര്‍വതി.

അതുല്യ said...

കുട്ടന്മേനൊന്e..

Try this.
1 measure corn flour
2 measure sugar
3 measure water
2 spoon ghee (very little ghee)

mix corn flour/water/sugar and keep pan in gas and mix continously and add ghee too in between. After little time, it gives a shining layer on top, then pour to butter paper of greased plate. Use nonstick pan for convenience. If you have food colour of orange add this while cooking and nuts too. very easy to make and being cornflour it will not upset stomach too. When guest arrives at short notice,this helps.

അഗ്രജന്‍ said...

അബദ്ധത്തില്‍ എന്‍റെയും ഒരുപാട് പരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്... ന്നാലോ എല്ലാം കണക്കിനൊക്കെ എടുത്ത് ഒരു സംഭവമാക്കാം എന്ന് വിചാരിച്ച് ചെയ്യുന്നതെല്ലാം എട്ട് നിലയില്‍ പൊട്ടും :)

വിചാരം said...

മേന്ന്യേ .. ഈ കഥ പറഞ്ഞത് നന്നായി .. നമ്മുടെ റൂം അടുത്താണല്ലോ എന്ന് കരുതി അടുത്ത കുവൈറ്റ് വിസിറ്റിന് നിന്‍റെ റൂമില്‍ വരാനിരിക്കുകയായിരിന്നു അപ്പോ. അവിടെ എല്ലാം പഴയ തിയ്യതി കഴിഞ്ഞ സാധങ്ങള്‍ .. എന്നെ പോലെ പാവം ബബര്‍ സിംഗുമാരെ ഗിനി പന്നികളാക്കും അല്ലേ... ഞാനില്ല മോനെ അങ്ങോട്ട്... 99 റസ്റ്റോറന്‍റിന്‍റെ പുറകിലാ എന്‍റെ റൂം നീ അങ്ങോട്ട് വന്നാല്‍ മതി

കുട്ടന്മേനൊന്‍::KM said...

99 റെസ്റ്റോറന്‍ഡിന്റെ പുറകുവശം അത്ര പന്തിയല്ലല്ലോ വിചാരമേ.. Kuwait Times ന്റെയോ Arab Times ന്റെയോ മൂന്നാം പേജില്‍ VIP യുടെ പരസ്യത്തിന് ഞാനിരിക്കേണ്ടി വരുമോ ?