Saturday, December 02, 2006

ഒരു പോസ്റ്റ്പെയ്ഡ് കദനകഥ

ഇവിടെ ഒരു ഒപ്റ്റിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ് നൌഷാദ്. വളരെ ചുരുങ്ങിയ വേതനത്തിലാണ് നൌഷാദ് ജോലി ചെയ്യുന്നത്.
രണ്ടാഴ്ച മുന്‍പൊരു ദിവസം‍ നൌഷാദിന്റെ ഉപ്പ മരിച്ചെന്ന ഫോണ്‍ വന്നു. ഷോപ്പിലെ മുതലാളിയുടെ കാരുണ്യം കൊണ്ട് പെട്ടന്നൊരു ടിക്കറ്റും സംഘടിപ്പിച്ച് നൌഷാദ് നാട്ടിലേക്ക് യാത്ര തിരിച്ചു. ബോര്‍ഡിങ്ങ് പാസും വാങ്ങി എമിഗ്രേഷന്‍ കൌണ്ടറിലെത്തിയപ്പോഴാണ് അറിയുന്നത് നൌഷാദിനെ ബ്ലാക് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണറിയുന്നത് നൌഷാദിന്റെ പോസ്റ്റ്പെയ്ഡ് മൊബൈലിന്റെ ബില്‍ പേ ചെയ്തിട്ടില്ലെന്നും ഫൈനടക്കം 640 ദിനാര്‍ ( ഏകദേശം ഒരു ലക്ഷം രൂപ)അടച്ച് കോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കിയാലേ രാജ്യം വിട്ടുപോകാനാവുയെന്നും.
സ്വന്തമായി ഇന്നും ഒരു മൊബൈലില്ലാത്ത നൌഷാദ് അവിടെ വെച്ച് ശരിക്കും ബോധം കെട്ടു.
പിന്നീടുള്ള അന്വേഷണത്തിലറിഞ്ഞത്
നാലുവര്‍ഷം മുന്‍പ് നൌഷാദ് നിന്നിരുന്ന ഒപ്റ്റിക്കല്‍ ഷോപ്പിലെ ഫിലിപ്പീനിയായ മറ്റൊരു സെയിത്സ് ഗേള്‍ ചെയ്ത പരിപാടിയായിരുന്നു ഇത്. നൌഷാദില്ലാത്ത സമയത്ത് ഇക്കാമയുടെ കോപ്പിയും നൌഷാദിന്റെ കള്ളൊപ്പുമിട്ട് അവള്‍ ഒരു പോസ്റ്റ്പെയ്ഡ് ലൈന്‍ എടുത്തു. ആദ്യമൊക്കെ മുറയ്ക്ക് ബില്ലടച്ചു. പിന്നീട് ഏകദേശം ആറുമാസത്തേക്ക് അവള്‍ പൈസയടച്ചില്ല. ലാവിഷായി ഫോണ്‍ വിളിച്ചു.
അവസാനം എം.ടി.സി ലൈന്‍ കട്ട് ചെയ്തു.
ഒരു വര്‍ഷം മുന്‍പ് അവള്‍ ഇവിടം വിട്ടുപോകുകയും ചെയ്തു.
പിന്നിട് എം.ടി.സി കേസാക്കി. അവസാനം ഇന്റീരിയര്‍ മിനിസ്ട്രി നൌഷാദിനെ ബ്ലാക് ലിസ്റ്റു ചെയ്തു.

ഇക്കാര്യങ്ങളെല്ലാം എം.ടി.സിയോട് നൌഷാദ് രേഖാമൂലം എഴുതി നല്‍കി. ഒരു രക്ഷയുമില്ല.

ഇന്നും നൌഷാദിന് നാട്ടില്‍ പോകാനായിട്ടില്ല.

വാല്‍ക്കഷണം : മൊബൈല്‍ ഫോണുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇതൊരു ഗുണപാഠമാവട്ടെ.

10 comments:

കുട്ടന്മേനൊന്‍::KM said...

ഒരു നുറുങ്ങ് സംഭവം ’ഒരു പോസ്റ്റ്പെയ്ഡ് കദനകഥ‘

രാജു ഇരിങ്ങല്‍ said...

മേനോന്‍ ചേട്ടാ..
സംഭവം ഞെട്ടിച്ചു.
ഇങ്ങനെ യും ആളുകളൊ?

Sul | സുല്‍ said...

പാവം നൌഷാദ്. ആള് ഇപ്പോള്‍ അകത്തൊ പുറത്തൊ?

ഇടിവാള്‍ said...

ഹോ.. കഷ്ടം..

ikkaas|ഇക്കാസ് said...

ഇത് നാട്ടിലൊരു തുടര്‍ക്കഥയായിരുന്നു മേന്നേ.
പക്ഷെ കേസും ഗുലുമാലുമൊക്കെ വളരെക്കുറച്ചുപേര്‍ക്ക് മാത്രമേ വന്നിട്ടുള്ളൂന്ന് തോന്നുന്നു.
ഈയിടെ ഒരു ദിവസം മനോരമയിലും ഒരു വാര്‍ത്ത കണ്ടിരുന്നു.
സൂക്ഷിക്കുക എന്നു മാത്രമേ പറയാന്‍ പറ്റൂ.
അവനവന്റെ തിരിച്ചറിയല്‍ രേഖകള്‍, അവയുടെ കോപ്പികള്‍ മുതലായവ അലക്ഷ്യമായി സൂക്ഷിക്കാതിരുന്നാല്‍ ഒരു പരിധി വരെ ഒഴിവാക്കാം. പിന്നെ ഇപ്പോള്‍ മൊബൈല്‍ കമ്പനികള്‍ കണക്ഷനെടുത്തയാളുടെ വീട്ടില്‍ ചെന്നുള്ള അഡ്രസ് വെരിഫിക്കേഷനും ആരംഭിച്ചിട്ടുണ്ട്.

തറവാടി said...

മേന്‍ന്നേ , വായിച്ചുട്ടോ

കുറുമാന്‍ said...

പാവം നൌഷാദ്.

ഡയല്‍/റിസീവ് ചെയ്തിട്ടുള്ള നമ്പറുകളും, കൈയ്യൊപ്പും മൊത്തമായി വിശകലനം ചെയ്താല്‍ നൌഷാദിന്റെ നിരപരാധിത്വം തെളിയപെടില്ലേ മേന്നെ?

അല്ല അല്ലെങ്കിലും ഈ രാജ്യങ്ങളില്‍ സാധാരണക്കാരനെന്തു വില?

കുട്ടന്മേനൊന്‍::KM said...

ഇവിടെ നിരപരാധിത്വത്തിനെന്തു വില ? കേസിനു പോയാല്‍ നൌഷാദിന് എത്രെ പൈസ നഷ്ടം വരും ? എം.ടി.സിക്കാര്‍ ഈ പൈസ എവിടെനിന്നും വസൂലാക്കും ? ആറുമാസത്തിനകം ഈ പൈസ അടച്ചാല്‍ മതിയെന്ന ഒരു ദാക്ഷിണ്യം എം.ടി.സി കൊടുത്തിട്ടുണ്ട്.

വിഷ്ണു പ്രസാദ് said...

തീര്‍ച്ചയായും ശ്രദ്ധ പതിയേണ്ട ഒരു വിഷയമാണിത്.ഈ സംഭവവും അപരിചിതരുടെ കാരുണ്യവും ചേര്‍ത്തുവെച്ച് വായിക്കേണ്ടതാണ്.

സു | Su said...

പാവം നൌഷാദ്. ഇങ്ങനെ ഓരോ പറ്റിക്കല്‍‌സ് ആള്‍ക്കാര്‍ ഉള്ളതുകൊണ്ടാണ്, ആരെങ്കിലും, എന്തെങ്കിലും, സഹായം നല്‍കാന്‍ പോലും മടിക്കുന്നത്. ആ ഫിലിപ്പീനിയെ നൌഷാദ് എന്നെങ്കിലും കണ്ടുപിടിക്കുമായിരിക്കും.