Sunday, February 04, 2007

കോവിലന്റെ മകന്‍..

ലാറ്റിനമേരിക്കന്‍ നോവലിസ്റ്റും ഗോത്രവര്‍ഗ്ഗത്തില്‍ ജനിച്ചവനുമായ റിച്ചാര്‍ഡ് റൈറ്റ് ഒരിക്കല്‍ പറയുകയുണ്ടായി ‘Living in the past with regret is like killing yourself on the inside and throwing them to darkness‘. റൈറ്റിന്റെ എല്ലാ നോവലുകളിലും ഈ വാക്കുകളുടെ സുവ്യക്തമായ അനുരണനങ്ങള്‍ കാണാം. മലയാളത്തിലെ ഗോത്രസാഹിത്യത്തിന് ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാണ് കോവിലന്‍. റിച്ചാര്‍ഡ് റൈറ്റിനെപ്പോലെ കോവിലനും ആത്മഹത്യചെയ്യപ്പെടാവുന്ന ഒരു ഭൂതകാലത്തിനുടമയാണ്. സംസ്കൃതിയെ രൂപപ്പെടുത്തിയ വംശമഹിമയുടെ എഴുത്തുകാരുടെ ഒരു കണിക കോവിലനിലുമുണ്ട്. കഥയായാലും നോവലായാലും കോവിലന്റെ കയ്യൊപ്പ് ഒന്ന് വേറിട്ടുതന്നെ നിന്നു. ‘മകന്‍‘ എന്ന കഥ അങ്ങനെയൊരു കൃതി തന്നെയാ‍ണ്. ഇന്നും ഈ കഥ മലയാള സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാതെ കിടക്കുന്നു.

ഈ കഥയിലെ ഒരോ വാക്കും തട്ടകത്തിലെ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളുകയാണ്.
വിശപ്പിന്റെ വിളികള്‍.
‘ചോര ഞാന്‍ കുടിക്കും
ചോരയില്‍ കുളിക്കും
ചീറ്റുന്ന ചോരല്; ചിതറുന്ന ചോര;
മഴപോലെ ചോര; ചോരപ്പുഴ കണ്ടോ ?’ കഥ തുടങ്ങുന്നതു തന്നെ ചോരയുടെ മണവുമായാണ്.
ഗോപന്റെ വിശപ്പും ജീവന്റെ വിളികളും കഥയില്‍ മുഴുവന്‍ മുഴങ്ങുന്നു. ഇവിടെ കഥാകാരന്‍ ബൂര്‍ഷ്വകള്‍ക്കെതിരെയും തന്റെ വാളുയര്‍ത്തുന്നു.
‘ആ ഞാന്‍ അച്ഛനെക്കൊല്ലാന്‍ തീര്‍ച്ചയാക്കി. എങ്ങനെയാണ് കൊല്ലേണ്ടതെന്നാലോചിച്ചു.
കഴുത്തില്‍ മുണ്ടിട്ടു മുറുക്കിയിട്ടോ
അതോ
ആ വെട്ടുകത്തികൊണ്ട് ഒറ്റവെട്ടിന്....’ വാക്കുകള്‍ അതിശക്തമാവുന്നു. 47 - 48 കാ‍ലത്തെ കഥാ‍കാരന്റെ മാനസികാവസ്ഥയെ ശരിക്കും വെളിവാക്കുന്ന രചനതന്നെയാണിത്. വിദ്യഭ്യാസമെന്നത് ഭൌതികനേട്ടങ്ങളില്‍ ഏറ്റവുമുയര്‍ന്നതാണെന്നും അത് സ്വായത്തമാക്കാനാവാ‍ത്തതില്‍ മനം മടുക്കുന്ന ഒരാളുടെ മാനസികവ്യാപാരങ്ങള്‍ ഈ കഥയില്‍ മുഴുവനും നിഴലിച്ചുകാണാം.

കഥാഭാഷയുടെ ഘടനയില്‍ ആധുനികരുടേതായി എടുത്തുപറയുന്ന വ്യക്തമായ സ്വരഭേദത്തിന്റെ ആദിമരൂപങ്ങളിലേറെയും കോവിലന്റെ ഈ കഥകളിലാണ്. തീവ്രമായ ഒരു റിയലിസ്റ്റിക് ബോധത്തിന്റെ ആവിഷ്കാരങ്ങള്‍. എന്നിട്ടും കോവിലനെ അംഗീകരിക്കാന്‍ ഇത്രയും കാലമെടുത്തു. ഇന്നും ‘മകന്‍’ എന്ന ഈ കഥ നിരൂപകരുടെ പട്ടികയില്‍ വരാത്തത് തീര്‍ത്തും നിരാശാജനകമാണ്.

8 comments:

കുട്ടന്മേനൊന്‍::KM said...

കോവിലന്റെ ‘മകന്‍‘ പുതിയ പോസ്റ്റ്.

തറവാടി said...

:)

കരീം മാഷ്‌ said...

എം.എ.റഹ്‌മാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചു കാര്‍ത്തികേയന്റെ ക്യാമറയിലെറ്റുത്ത പി.പി.ആര്‍ ചന്ദ്രന്റെ ഒരു ഡോക്കുമെണ്ടറി കോവിലനെ കുറിച്ചു നന്നായറിയാന്‍ സഹായിക്കും. കഴിഞ്ഞ വര്‍ഷത്തെയോ അതിനു മുന്‍പത്തെയോ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇതിന്റെ തിരക്കഥ പബ്ലിഷു ചെയ്തിരുന്നു.
കിട്ടുമെങ്കില്‍ വായിക്കുക.
കോവിലന്റെ ജീവിതം നെരിട്ടനുഭവിക്കാം

കുട്ടന്മേനൊന്‍::KM said...

കരിം മാഷെ, ഞാനത് വായിച്ചിരുന്നു. കോവിലന് വൈകിയ വേളയിലെങ്കിലും ഒരു അംഗീകാ‍രം കിട്ടിയതില്‍ സന്തോഷിക്കാം. കോവിലനുമായി പലപ്പോഴും സംസാരിക്കാനിടവന്നിട്ടുള്ളതുകൊണ്ട് തോന്നിയിട്ടുള്ള അടുപ്പം കൊണ്ടാണിത് എഴുതിയത്.

അരീക്കോടന്‍ said...

കുട്ടമ്മേനോനെ...."മകന്‍" വായിക്കാന്‍ കിട്ടിയിട്ടില്ല.

വിചാരം said...

മകന്‍ .. കുട്ടന്മേനോന്‍ നല്ല നിരൂപണം .. എന്നെ മകനില്‍ എത്തിക്കും

മഴത്തുള്ളി said...

കൊള്ളാം കോവിലന്റെ ‘മകന്‍’ വായിച്ചിട്ടില്ലെങ്കിലും കഥയെക്കുറിച്ച് ഒരേകദേശ രൂപം കിട്ടി. ഇനി എന്നെങ്കിലും കിട്ടിയാല്‍ വായിക്കും.

കുട്ടന്മേനൊന്‍::KM said...

കോവിലന്റെ പല കൃതികള്‍ക്കും ഇന്നും വായനക്കാരില്ല. ഗോത്രസംസ്കാരത്തിന്റെ പരിഛേദനങ്ങളായ അവയ്ക്ക് സര്‍ക്കാര്‍ പോലും ഈയടുത്ത കാലത്തു മാത്രമാണ് പ്രോത്സാഹനങ്ങള്‍ നല്‍കിവരുന്നത്.