Tuesday, June 05, 2007

കൊമാല

വായനക്കാരനുമായി നല്ല ഒരു സംവേദനത്തിനു പുതിയ കൃതികള്‍ ഒരുമ്പെടുന്നില്ല എന്നതുകൊണ്ടു മാത്രം പുതിയ കഥകളോടും കഥയെഴുതുന്നവരോടും പുറന്തിരിഞ്ഞു നില്‍ക്കുന്ന ഒരു മനോഭാവമാണ് എനിക്കുണ്ടായിരുന്നത്. ഈയിടെ ഒരു സുഹൃത്തു മുഖേനയാണ് ‘കൊമാല’ എന്റെ മുന്നിലെത്തിയത്. ജനിച്ചുവളര്‍ന്ന ഭൂമിയും അതിലെ കൃഷിയിടങ്ങളും ചൂഷണം ചെയ്യപ്പെടുന്ന മദ്ധ്യപൂര്‍വ്വദേശത്തെ കുര്‍ദ്ദുകളുടെ സംഘടനയായ ‘കൊമാല‘യെ (Council on Rebirth of Kurdistan) മനസ്സില്‍ ധ്യാനിച്ചാണ് ഇതു വായിച്ചുതുടങ്ങിയത്.

ഏതൊരു രാജ്യത്തിന്റെയും സമ്പത് സമൃദ്ധിയുടെ അടിസ്ഥാനമാണ് കൃഷി. അടുത്ത കാലത്തായി കേരളത്തില്‍ ഉടലെടുത്ത ഒരു പ്രതിഭാസമാണ് കര്‍ഷക ആത്മഹത്യകള്‍. പൊതു സമൂഹം ഇതൊരു വലിയ വിഷയമായി എടുത്തുകണ്ടില്ല. ആത്മഹത്യകളുടെ പേരില്‍ വന്‍ പ്രക്ഷോഭങ്ങളൊന്നും നടന്നുമില്ല. ഒരു എഴുത്തുകാരനു സാമൂഹിക പ്രതിബദ്ധതയുണ്ടോയെന്ന് പലപ്പോഴും സംശയിച്ച സന്ദര്‍ഭങ്ങളായിരുന്നു അത്. ഇവിടെയാണ് ‘കൊമാല’ എന്ന കഥാസമാഹാരത്തിന്റെ പ്രസക്തി. അടുത്ത കാലത്ത് മലയാളത്തിലുണ്ടായ മികച്ച ഒരു കഥാസമാഹാരമായാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കൊമാല’ യെ എനിക്ക് കാണാനായത്. ‘കൊമാല’, ‘പന്തിഭോജനം’, ‘റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍’ തുടങ്ങി എട്ടു കഥകളുടെ സമാഹാരമാണിത്.

വ്യത്യസ്ഥങ്ങളായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതുതന്നെയാണ് ഈ കൃതിയുടെ സവിശേഷത. കേവലമായ സാങ്കേതികതയിലും പരീക്ഷണങ്ങളിലുമൊന്നും വീഴാതെ ഏകാത്മകമായ ചര്‍ച്ചകളുടെ ഒരു ലോകത്തെ തന്നെ ഈ കൃതി തുറന്നു വിടുന്നു. കേരളീയ നവോത്ഥാനത്തിന്റെ വികസന വഴികളും സമകാലിക ജീവിതാവസ്ഥകളും സസൂഷ്മം നിരീക്ഷിക്കുന്ന ഇതിലെ കഥകള്‍ വായനക്കാരന്റെ മുന്നിലേക്ക് ചര്‍ച്ചകള്‍ക്കായി ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കുന്നു.

കടബാധ്യതമൂലം ആത്മഹത്യക്കൊരുങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് കൊമാല. ജാമ്യം നിന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് കുണ്ടൂര്‍ വിശ്വന് ഈ അവസ്ഥ വരുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമ്പത്തിക വിനിമയങ്ങളില്‍ നഷ്ടബോധത്തിന്റെ പ്രതിനിധിയാണ് കുണ്ടൂര്‍ വിശ്വന്‍. കടക്കാര്‍ മാത്രമായ ഈ ലോകത്ത് കടത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രതിവിധികള്‍ ആര്‍ക്കും കണ്ടെത്താനാവുന്നില്ല. കേവലം സാങ്കേതികം മാത്രമായ കടം വീട്ടാന്‍ മറ്റൊരു നിര്‍വാഹവുമില്ലാതെയാണ് വിശ്വന്റെ മുന്നില്‍ മരണം ഒരു ചൂണ്ടു പലകയായെത്തുന്നത്. എല്ലാം തകര്‍ന്ന ‘കൊമാല‘യില്‍ വിശ്വന്റെ മരണം ലോകത്തിനു ഒരു വിഷയമേ ആവുന്നില്ല.

ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളിലൂടെയുള്ള ഒരു യാത്രയാണ് ‘റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍‘ എന്ന കഥ. ഫിലോസഫി പഠിപ്പിക്കുന്ന രവിചന്ദ്രന്‍ എന്ന പ്രൊഫസറെ ജീവിതത്തിന്റെ ഫിലോസഫിപഠിപ്പിക്കേണ്ടി വരുന്നത് രാമകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഒരു ഡ്രൈവറാണ്. ജീവിതത്തെ അവനവനു വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടുക്കേണ്ട വഴികളിലൂടെ അവനവനനുവദിച്ചിട്ടുള്ള വഴികളിലൂടെ ഓടിച്ചു കൊണ്ടു പോകേണ്ടതെങ്ങനെയെന്ന് രാമകൃഷ്ണന്‍ രവിചന്ദ്രനെന്ന പ്രൊഫസറെ പഠിപ്പിക്കേണ്ടി വരുന്നു.

ഈ സമാഹാരത്തിലെ ശ്രദ്ധേയമായ ഒരു കഥയാണ് ‘ പന്തി ഭോജനം’. സംഭാഷണങ്ങളിലൂടെ വികസിക്കുന്ന ഒരു ആഖ്യാന ശൈലിയാണിതില്‍ അവലംബിച്ചിരിക്കുന്നത്. ജാതീയ ഘടനകളുടെ വിനിമയത്തിന്റെ സംസ്കാര സൂചനകള്‍ നവോത്ഥാനശേഷമുള്ള കേരളീയ സമൂഹത്തെ എങ്ങനെയൊക്കെ ഗ്രസിക്കുന്നുവെന്നതിന്റെ ഒരു ചൂണ്ടുവിരലാണീ കഥ.

കഥയില്‍ നിന്നും..

രണ്ടു മതങ്ങള്‍ തമ്മിലുള്ള സാമൂഹികമായ അകലം നികത്തുന്നതില്‍ പന്നിമാംസത്തിന്റെ സ്വാധീനത്തെ പറ്റി കോതമംഗലം ഡിഷ് വിളമ്പാറുള്ള ദിവസങ്ങളിലൊക്കെ പറയാറുള്ള ചില അഭിപ്രായങ്ങള്‍ സംഗീ‍ത ഇന്നും ആവര്‍ത്തിച്ചു.
‘’സംഗീ.. ബി. സീരിയസ്.." സൂസന്‍ തന്റെ രണ്ടു വര്‍ഷത്തെ സീനിയോറിട്ടിയെ കണ്ണടയുടെ കൂടെ മൂക്കിന്‍ തുമ്പില്‍ നിന്നും മുകളിലേക്കുയര്‍ത്തി സംഗീതയ്ക്കരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു.
....
രമ്യപോയതും സംഗീത കണ്ണാടിയില്‍ നോക്കി മുഖം തുടച്ചു. പിന്നെ ടാപ്പ് തുറന്ന് ചത്തുപൊന്തിയ ചേറ്റുമീനുകളെ വാഷ് ബേസിനില്‍ നിന്നും ഒഴുക്കി കളയുവാന്‍ തുടങ്ങി. ....

ഒരു പരാതിയെഴുത്തുകാരന്റെ മാനസിക സംഘര്‍ഷങ്ങള്‍ , ചരമക്കോളം, തേവി നനച്ചത്, ബേബീസ് ബ്രെത്ത് ... തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകള്‍. തീര്‍പ്പുണ്ടാക്കാതെ കുമിഞ്ഞുകൂടുന്ന സമകാലിക പ്രശ്നങ്ങളിലേക്കുള്ള ഒരു നേര്‍ രേഖയായി ഈ കഥാസമാഹാ‍രം വായനക്കാരനു മുന്നിലെത്തുന്നു. സംവേദനക്ഷമതയുള്ള ഒരു കഥ വായിച്ച സുഖം എനിക്കും.



കൊമാല
സന്തോഷ് ഏച്ചിക്കാനം
കൈരളി ബുക്സ് കണ്ണൂര്‍
വില 45 രൂപ

19 comments:

asdfasdf asfdasdf said...

‘കൊമാല’ അടുത്തകാലത്ത് വായിച്ച പുതിയ പുസ്തകത്തെക്കുറിച്ച്..

Sapna Anu B.George said...

നന്നായിരിക്കുന്നു, നട്ടില്‍ ചെന്നിട്ടു വാങ്ങി വായിക്കാം

Pramod.KM said...

കുട്ടന്‍മേനോന്‍ ചേട്ടാ..നന്ദി പുസ്തകം പരിചയപ്പെടുത്തിയതിന്‍. സപ്നേച്ചി പറഞ്ഞ പോലെ നാട്ടില്‍ ചെന്നിട്ട് വായിക്കാം,അടുത്തു തന്നെ:).

Kiranz..!! said...

കുട്ടന്മാഷേ..ഇത് വളരെ നല്ലൊരാശയമാണ്,എനിക്ക് തോനുന്നത് ഒരു ബുക്ക് വായിച്ചതിനെ ഇതു പോലെ നല്ല രീതിയില്‍ പരിചയപ്പെടുത്തുന്നവരെല്ലാം കൂടി ഒരു “പുസ്ത്കപരിചയം” എന്ന ബ്ലോഗില്‍ ഏകീകരിച്ചാല്‍ ,മേനോന്‍ ആദ്യം പറഞ്ഞ പോലെ പുതിയ എഴുത്തുകാരോടെ സൃഷ്ടികള്‍ ശ്രദ്ധിക്കാതെ പോവില്ല,എന്നു തന്നെയുമല്ല,വായ ന പുനരാരംഭിക്കേണ്ടവര്‍ക്ക് അത് തുടങ്ങി വയ്ക്കുകയും ചെയ്യാം.!

എല്ലാവിധ ഭാവുകങ്ങളും..!

Kaithamullu said...

കിരണ്‍സിനോട് നൂരു ശതമാനം യോജിക്കുന്നു. നാട്ടില്‍ പോകുന്നോരൊക്കെ ധാരാളം പുസ്തകങ്ങള്‍ വാങ്ങി വരുന്നുണ്ട്.അതില്‍ നല്ലവയെ പരിചയപ്പെടുത്താന്‍ ആരെങ്കിലുമൊക്കെ മുന്നോട്ട് വരണമെന്ന അഭ്യര്ത്ഥനയുണ്ട്.

മേന്‍‌ന്നേ, നന്ദി!

e-Yogi e-യോഗി said...

ഒരു നല്ല പുസ്തകം പരിചയപെടുത്തിയതിനു നന്ദി.

ടി.പി.വിനോദ് said...

കൊമാലയെപ്പറ്റിയുള്ള ഈ കുറിപ്പ് വളരെ നന്നായി. ലളിതസുന്ദരമായി എഴുതിയിരിക്കുന്നു താങ്കള്‍.

മലയാളത്തിലെ പുതിയ കഥാകൃത്തുക്കളില്‍ സാമൂഹ്യബോധത്തിന്റെ സംവേദനങ്ങള്‍ക്ക് ഏറ്റവും സൂക്ഷ്മവും സമഗ്രവുമായ പാഠങ്ങള്‍ നല്‍കുന്നത് സന്തോഷ് എച്ചിക്കാനം തന്നെ. അദ്ദേഹത്തിന്റെ‘ഒറ്റവാതില്‍’ ‘കഥാപാത്രങ്ങളും പങ്കെടുത്തവരും’ എന്നീ മുന്‍സമാഹാരങ്ങളിലെ കഥകളിലും കാണാം ഈ രാഷ്ട്രീയ, സാമൂഹിക ദിശാബോധം.

‘കൊമാല’ പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉണ്ടെന്ന് ഞാന്‍ കേട്ടിരുന്നു...

Siji vyloppilly said...

നന്നായി എഴുതിയിരിക്കുന്നു. സന്തോഷ്‌ എച്ചിക്കാനത്തിന്റെ കഥകള്‍ 'സാമൂഹ്യബോധത്തിന്റെ സംവേദനങ്ങള്‍ക്ക്‌ ഏറ്റവും സൂക്ഷ്മവും സമഗ്രവുമായ പാഠങ്ങള്‍ നല്‍കുന്നു' എന്ന ലാപുടയുടെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു. അദ്ദേഹത്തിന്റെ 'ഒരു ചിത്രകഥയിലെ നായാട്ടുകാര്‍' എന്ന സമാഹാരത്തിലെ 'ഹാന്റ്‌ സെറ്റ്‌' എന്ന കഥയിലും മറ്റും ഇത്‌ വളരെയധികം പ്രകടമാണ്‌.

asdfasdf asfdasdf said...

കിരണ്‍സിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. പുതിയതും പഴയതുമായ കൃതികള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് തുടങ്ങേണ്ട സമയം പണ്ടെ കഴിഞ്ഞു. എഴുത്തിനേക്കാള്‍ വായനയ്ക്കാണ് കൂ‍ടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു തോന്നുന്നു.

K.V Manikantan said...

കുട്ട്ജീ,
എനിക്ക് കൊമാല വായിക്കാന്‍ കിട്ടിയില്ല. കൊമാലയ്ക്കു ശേഷം വന്ന രണ്ടു ലക്കവും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആ കഥയെ പറ്റി മാത്രമായിരുന്നു വായനക്കാരുടെ കത്തുകള്‍.

എന്നാല്‍ പന്തി ഭോജനം ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്ന ഒരു ഉജ്ജ്വല കൃതിയായിരുന്നു. ഉഗ്രന്‍ ഭാഷയും.

എച്ചിക്കാനത്തിന്റെ എനിക്കിഷ്ടപ്പെട്ട കഥ മറ്റൊന്നാണ്. അതിന്റെ പേര് ഞാന്‍ മറന്നു പോയി. ടെലിഫോണ്‍ കേബിള്‍ വലിക്കാന്‍ റോഡ് സൈഡില്‍ കുഴി കുത്തുന്ന തമിഴരുടെ കഥയായിരുന്നു അത്. വന്നത് ഭാഷാപോഷിണിയിലും.

ഓടോ:
രണ്ടു മാസം മുമ്പ് എനിക്ക് നാട്ടില്‍ നിന്നൊരു കോള്‍ വന്നു. സുനില്‍ സലാം (സൂഫിസം ബ്ലോഗുടമ)ആയിരുന്നു. ഞാന്‍ തനിക്കിഷ്ടപ്പെട്ട ഒരാള്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഫോണ്‍ കൊടുത്തു.

‘ഹായ് സങ്കു, എന്റെ പേര് സന്തോഷ് എച്ചിക്കാനം.

അതെയോ, എനിക്ക് പെരുത്ത് സന്തോഷമായി. പന്തിഭോജനം വായിച്ചതിന്റെ ഹാങോവര്‍ മാറിയിട്ടില്ല. വലിയ സന്തോഷം.

‘എന്നാ താന്‍ അത്ര സന്തോഷിക്കണ്ട. ഇത് എച്ചിക്കാനമല്ല. ഞാന്‍ സുഭാഷ് ചന്ദ്രന്‍...

-ഞാന്‍ ഫ്ലാറ്റ്.

Unknown said...

കുട്ടമേനോഞ്ചേട്ടാ,
നന്ദി!

വേഴാമ്പല്‍ said...

കൂട്ടന്‍മേനോന്‍ ചേട്ടാ, ഇതൊരു നല്ല തുടക്കമാണ്.വായനാശീലം തന്നെ കാലാഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുതിയ നല്ല പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നതും ,ഒപ്പം പഴയ പുസ്തകങ്ങളെകുറിച്ചും എഴുത്തുകരെകുറിച്ചുമുള്ള ഓര്‍മ്മകളും അടങ്ങിയ ഒരു ബ്ലോഗ് ഉടനെ പ്രതീക്ഷിക്കട്ടെ.

asdfasdf asfdasdf said...

കൊമാല വായിച്ചവര്‍ക്കെല്ലാം നന്ദി.

മറുമൊഴികള്‍ ടീം said...

It is really a good post

സുല്‍ |Sul said...

പുതിയ പുസ്തകങ്ങളെകുറിച്ചുള്ള താങ്കളുടെ വിലയിരുത്തലുകള്‍ എല്ലായ്പോഴും നന്നായിരിക്കുന്നു. കൊമാലയും മോശമല്ല. വായിക്കാന്‍ ശ്രമിക്കും.
-സുല്‍

Sha : said...

പുസ്തക പരിചയം.
നല്ലൊരു ആശയം,പണ്ടു നന്നായി വായിച്ചിരുന്നു.. കുവൈറ്റില്‍ വന്നതില്‍ പിന്നെ ഒന്നും സാധിക്കുന്നില്ല.നല്ല മലയാളം പുസ്തകങ്ങള്‍ കിട്ടാനുമില്ല ഇവിടെ. അങ്ങനെ ആണു ബ്ലോഗുവായന തുടങ്ങിയതു. അതും ഇപ്പോള്‍ ബോറാകുന്നു.

മുസാഫിര്‍ said...

നന്നായി മെന്നെ ഇങ്ങനെയൊരു സംരംഭം.ഇവിടെ മലയാള പുസ്തകങ്ങള്‍ കിട്ടുമോ ?

Unknown said...

വന്നാല്‍ വന്നു എന്ന് പറയാം

asdfasdf asfdasdf said...

മുസാഫിര്‍ ഭായ്, സൌഹൃദങ്ങള്‍ വഴികിട്ടുന്ന പുസ്തകങ്ങളേ ഉള്ളൂ. വായന മരിക്കുന്നു. പ്രത്യേകിച്ചും കഥ-നോവല്‍ വിഭാഗങ്ങളില്‍. ഉള്ളതുതന്നെ ശരാശരി നിലവാരം പോലും പുലര്‍ത്തുന്നില്ല. കഴിഞ്ഞ ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുകുന്ദന്റെ ഒരു കഥ കണ്ടു. വളരെ വികൃതമായിരിക്കുന്നു. കൊമാലയെക്കുറിച്ചുള്ള എന്റെ ചെറിയ കുറിപ്പ് വായിച്ചതിനു നന്ദി.