Thursday, April 16, 2009

ആരു ജയിക്കും ?

ആരു ജയിക്കും ?

വലിയൊരു ചോദ്യം തന്നെയാണത്.

കേരളത്തിന്റെ ഇലക്ഷന്‍ മാമാങ്കം ഇന്ന് പര്യവസാനിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്താനായപ്പോള്‍ വിജയ സാധ്യതയെ കുറിച്ചു ലഭിച്ച ചില സൂചനകള്‍ ഇവിടെ കുറിക്കൂന്നു.

ഇടതുപക്ഷത്തിനു അനുകൂലമായ മണ്ഡലങ്ങള്‍.

1. ആറ്റിങ്ങല്‍
2. കൊല്ലം
3. ആലത്തൂര്‍ (ജനതാദളിന്റെ ക്രിസ്ത്യന്‍ - മുസ്ലീം വോട്ടുകളുടെയും സ്വാധീനമില്ലെങ്കില്‍ മാത്രം )
4. വയനാട് ( മുരളീധരന്‍ കൂടുതല്‍ വോട്ട് പിടിച്ചില്ലെങ്കില്‍ സി.പി.ഐയ്ക്ക് ഇത്തവണ കേരളത്തില്‍ നിന്നു ഒരു എം.പിയും ലോകസഭ കാണില്ല. )
5. വടകര (പഴയ ഭൂരിപക്ഷമില്ലെങ്കിലും സതീദേവി തന്നെ )
6. കണ്ണൂര്‍
7. കാസറഗോഡ് (രണ്ടാം സ്ഥാനത്ത് ഒരു പക്ഷേ ബി.ജെ.പി സ്ഥാനാര്‍ത്ഥി എത്തിക്കൂടെന്നില്ല)


ഐക്യമുന്നണിക്ക് അനുകൂലമായ മണ്ഡലങ്ങള്‍

1. മാവേലിക്കര
2. പത്തനംതിട്ട
3. കോട്ടയം
4. എറണാംകുളം
5. ആലപ്പുഴ
6. ചാലക്കുടി
7. തൃശ്ശൂര്‍
8. പൊന്നാനി
9. മലപ്പുറം

വോട്ടിങ്ങിലെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമായിരിക്കും മറ്റു മണ്ഡലങ്ങളിലെ വിജയ സാധ്യത നിര്‍ണ്ണയിക്കുന്നത്.

1. തിരുവനന്തപുരം (പോളിങ് കുറഞ്ഞത് ശശി തരൂരിനു ഗുണകരമാവില്ല)
2. ഇടുക്കി ( ശക്തമായ മത്സരം നടക്കുന്ന മണ്ഡലം)
3. പാലക്കാട് ( ജനതാദളിന്റെയും ബി.ജെ.പിയുടേയും വോട്ടുകള്‍ നിര്‍ണ്ണായകം)
4. കോഴിക്കോട് (ജനതാദളിന്റെ സ്വാധീനം ശക്തമായില്ലെങ്കില്‍ മുഹമ്മദ് റിയാസിനു തന്നെ വിജയ സാധ്യത)

6 comments:

abhilash attelil said...

ഏറെ കുറെ ശരി ആയ പ്രവചനം .പക്ഷെ ആലപ്പുഴ എല്‍ ഡി എഫി നാണ് എല്‍ ഡി എഫ് മണ്ഡലങ്ങളില്‍ ആണ് ശക്തമായ പോളിങ്ങ് നടന്നാത്.ചേര്‍ത്തലയില്‍ ആണ് സംസ്ഥാനത്തെ ഏറ്റവും പോളിങ്ങ് നടന്ന മണ്ഡലം.പാലക്കട് ജനതാ ദളിന് ശക്തിയില്ല.ആലതൂരുണ്ട്.എറണാകുളം പറയാന്‍ പറ്റില്ല.യു ഡി എഫ് കേന്ദമായ കലമശേരിയിലും മുസ്ലീം ലീഗ് ശക്തി ഉള്ള കൊച്ചി മണ്ഡലങ്ങളിലും വോട്ടു കുറഞ്ഞത് തോമസിനെ ബാദിക്കും.ശശി തരൂരിന് പ്രതീക്ഷ ഉള്ള തിരുവനതപുരം നിയമസഭ മണ്ഡലത്തില്‍ ആണ് ഏറ്റവും കുറവ് പോളിങ്ങ് ശതമാനം.സീറ്റ് പത്തെ പത്തെ ആവാനാണ് ചാന്‍സ്.

പാവപ്പെട്ടവൻ said...

ഇങ്ങനെയും പറയാം LDF തന്നെ വരും മുന്നില്‍

Suraj said...

ഒന്നു രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ :


ആലപ്പുഴയില്‍ മനോജ് കഴിഞ്ഞതവണ ജയിച്ചത് 0.14% മാര്‍ജിനിലാണ്. അത് വി.എം.സുധീരനെന്ന അതികായനുണ്ടായിരുന്നപ്പോള്‍. ഇപ്പോ വേണുഗോപാലിന് ആ ഗ്ലാമറുണ്ടോ ? വോട്ടിംഗ് ശതമാനത്തില്‍ ഉദ്ദേശം 2% പോളിംഗ് വര്‍ധന ഉണ്ടായിട്ടുമുണ്ട്. അതൊക്കെ വച്ചു നോക്കിയാല്‍ ആലപ്പുഴ ഇത്തവണയും ഇടത്തോട്ടുവീഴുമെന്നാണ്‍ തോന്നല്‍.

പൊന്നാനിയില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് 62.32 %. ഇത്തവണ 77.04 ആയി. കഴിഞ്ഞതവണത്തെ വിജയ മാര്‍ജിന്‍ 14.07%. ഇത്തവണ 14.72% വോട്ട് കൂടിയിട്ടേയുള്ളൂ. പി.ഡി.പി ഫാക്റ്റര്‍ ശക്തമാണെന്നു ഗ്രൌണ്ട് റിപ്പോര്‍ട്ട്. പൊന്നാനിഒരു ഫോട്ടോഫിനിഷില്‍ ഇത്തവണ ഇടത്തോട്ട് വീഴാനാണു സാധ്യത.

എറണാകുളം കഴിഞ്ഞതവണത്തേതില്‍ നിന്ന് 11.14% വോട്ടാണ് കൂടിയിരിക്കുന്നത് ഇത്തവണ. കഴിഞ്ഞതവണ സെബാസ്റ്റ്യന്‍ പോളിന്റെ വിക്റ്ററി മാര്‍ജിന്‍ 10.64%. അതുകുറഞ്ഞാല്‍ പോലും പരമ്പരാഗത യു.ഡി.എഫ് മണ്ഡലത്തിലെ ഈ ഉയര്‍ന്ന പോളിംഗ് കെ.വി തോമസിനു പാരയാകാനാണ് സാധ്യത. പ്രത്യേകിച്ച് യൂത്തന്മാരിലും സ്ഥലം കോണ്‍ഗ്രസ്സുകാരിലും തന്നെ വിരോധമുള്ളപ്പോള്‍.

തിരുവനന്തപുരത്ത് തരൂരിന് സാധ്യതകളുണ്ടായിരുന്ന ഉദ്യോഗസ്ഥ/നഗരവാസി മേഖലകളില്‍ 35%മാണ് പോളിംഗ്. അതേ സമയം പി.ഡി.പി ഫാകറ്ററും നീലന്‍ ഫാക്റ്ററും നിര്‍ണ്ണായകമാകുന്ന തീരദേശ,ഗ്രാമാന്തരങ്ങളില്‍ 60+%മുണ്ട്. വലിയ മിറക്കിളുകള്‍ സംഭവിച്ചില്ലെങ്കില്‍ തരൂരു പൊട്ടുന്നകാര്യത്തില്‍ സംശയമൊന്നുമില്ല ;))

N.J Joju said...

അത് വി.എം.സുധീരനെന്ന അതികായനുണ്ടായിരുന്നപ്പോള്‍. ഇപ്പോ വേണുഗോപാലിന് ആ ഗ്ലാമറുണ്ടോ ?

അപരന്‍ അപരന്‍ എന്നു കേട്ടിട്ടൂണ്ടോ?

absolute_void(); said...

വേണുഗോപാലു് ജയിക്കുന്നതില്‍ വേറൊരു ഘടകമുണ്ടു് സൂരജേ, അയാളുടെ സൌന്ദര്യം. സൌന്ദര്യം കണ്ടു് ആരു വോട്ടുചെയ്യാനാ എന്നൊക്കെ പറയും. പക്ഷെ അങ്ങനെയൊക്കെയാ കാര്യങ്ങള്‍... അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ മനോജ് കുരിശിങ്കലിന്റെ പെര്‍ഫോമന്‍സിനെ തള്ളിപ്പറയാനാകുമോ, ആലപ്പുഴക്കാര്‍ക്കു്?

ഈ സൌന്ദര്യം വ‌ര്‍ഷങ്ങളായി ഇടതുമുന്നണിക്കു് അനുകൂലമായ ഫാക്ടറായി വര്‍ത്തിച്ച മണ്ഡലമാണു് കോട്ടയം. കുറുപ്പിനു് രാഷ്ട്രീയത്തിനു് അതീതമായ പേഴ്സണല്‍ വോട്ട് ഒത്തിരിക്കിട്ടും എന്നു പറയാറുണ്ടല്ലോ. ഈ പേഴ്സണല്‍ വോട്ടിനു് ഒരു പരിധി വരെ കാരണം മുടിയും താടിയും നരച്ചിട്ടും നരയ്ക്കാത്ത ആ സൌന്ദര്യം തന്നെയാണു്. കുറുപ്പു് ആദ്യം തോക്കുന്നതു് രമേശ് ചെന്നിത്തലയോടായിരുന്നു. അന്നു് കുറുപ്പിനെ കടത്തിവെട്ടുന്ന വെള്ളിവെളിച്ചവുമായാണു് ചെന്നിത്തല വന്നതു്. മുഖത്തോട്ടു് മഞ്ഞവെളിച്ചമടിച്ചു് 27 വയസ്സിന്റെ പ്രസരിപ്പില്‍ അങ്ങനെ... ഇത്തവണ തോറ്റാല്‍ അതിനു് മണ്ഡലപുനര്‍നിര്‍ണ്ണയം ആകും ഒരു കാരണം. രണ്ടാമത്തെ കാരണം എതിര്‍ സ്ഥാനാര്‍ത്ഥിക്കും സൌന്ദര്യം ഉണ്ടു് എന്നതു തന്നെ.

പറഞ്ഞുവരുമ്പോള്‍ ഇതൊക്കെ അരാഷ്ട്രീയമാണു്. പക്ഷെ എന്തു ചെയ്യാം? അരാഷ്ട്രീയക്കാരാണല്ലോ ഇന്നു് കൂടുതല്‍!

ജെ പി വെട്ടിയാട്ടില്‍ said...

ഹോം പേജിന് അല്പം ഭംഗി പകര്‍ന്നു കൂടേ മേനോന്‍ ജീ........