Tuesday, March 27, 2007

ഡോ. ചുമ്മാര്‍ ചൂണ്ടല്‍

കേരളത്തിലെ നാടന്‍ കലകളുടെ ആചാര്യനായിരുന്ന ഡോ. ചുമ്മാര്‍ ചൂണ്ടല്‍ ദിവംഗതനായിട്ട് ഇന്നേക്ക് പതിമൂന്നു വര്‍ഷമാവുന്നു.

കേരളത്തിലെ നാടന്‍ കലകളായ മാര്‍ഗ്ഗം കളിയുടേയും ചവിട്ടുനാടകത്തിന്റെയുമെല്ലാം ഉന്നമനത്തിനായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഡോ. ചുമ്മാര്‍ എഴുതിയ പല ഗ്രന്ഥങ്ങളും കേരളീയ നാടന്‍ കലകളുടെ വേദപുസ്തകമായി ഇന്നും നിലകൊള്ളുന്നു. കര്‍മ്മഭൂമിയില്‍ തനതായ ശൈലിയും വ്യക്തിത്വവും വച്ചുപുലര്‍ത്തുന്ന ചുമ്മാര്‍ സാര്‍ ബുദ്ധിജീവികളുടെ വലയത്തില്‍ ഒരിക്കലും ഉള്‍പ്പെട്ടിരുന്നില്ല. നാടന്‍ കലകളുടെ ഈറ്റില്ലത്തില് ‍(അത് മിക്കവാറും ആദിവാസികളുടെ രംഗഭൂമിതന്നെയായിരിക്കും) ചെന്നുതന്നെ അവയെ തൊട്ടറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വളരെ ശ്ലാഘനീയമാണ്. വളരെ കഷ്ടപ്പെട്ട് ആ കലകള്‍ പഠിച്ചെടുത്ത് സ്വന്തമായി അദ്ദേഹം സദസ്സിനുമുന്‍പില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. മാര്‍ത്തോമാ ക്രിസ്ത്യാനികളെ പറ്റിയുള്ള പല ആധികാരിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. തൃശ്ശൂര്‍ സെന്തോമസ് കോളജിലെ മലയാളവിഭാഗം തലവനായിരുന്നു അദ്ദേഹം.

എന്റെ ചൂചു സാര്‍
എന്നെ ഞാനാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചത് ചുമ്മാര്‍ സാര്‍ എന്ന ആ വലിയ മനുഷ്യനായിരുന്നു. തൃശ്ശൂര്‍ സെന്തോമസിലെ പഠനകാലത്ത് മലയാള ഭാഷയും നാടന്‍ കലകളെ പരിചയിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ ക്ലാസുകള്‍ക്ക് കഴിഞ്ഞിരുന്നു. ഡിഗ്രി രണ്ടാം വര്‍ഷം ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികള്‍ എന്ന കവിതാ സമാഹാരം ക്ലാസ്സിലവതരിപ്പിച്ച രീതി ഇന്നും മനസ്സിലുണ്ട്. മാനേജുമെന്റുമായുള്ള വടം വലിയില്‍ ഞങ്ങള്‍ ചില വിദ്യാര്‍ത്ഥികളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ക്ലാസ്സില്‍ ശ്രദ്ധിക്കതെയിരുന്നാല്‍ ‘ കുട്ടന്മേന്നെ.. ‘ എന്ന ആ നീട്ടിയുള്ള വിളി, ‍ അട്ടപ്പാടിയിലെ കോരനുമായി സ്റ്റൈലില്‍ കാമ്പസിലെത്തുന്ന യെസ്ഡി മോട്ടോര്‍ സൈക്കിള്‍, പബ്ലിക് ലൈബ്രറിയിലെ ഒരു മൂലയിലിരുന്ന് പാതി കണ്ണടയില്‍ കൂടിയുള്ള ആ നോട്ടം.. എല്ലാം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.

അവഗണന
നാടന്‍ കലകളെ മലയാളി അവഗണിക്കുന്നതുപോലെ തന്നെ ഡോ. ചുമ്മാറിനെയും നാം അവഗണിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ നാം അംഗീകരിച്ചില്ലെങ്കിലും വിദേശങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് നല്ല അംഗീകാരം കിട്ടിയിരുന്നു. കേരളത്തിലെ പല ലൈബ്രറികളിലുമില്ലാത്ത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വാഷിങ്ടന്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലും മറ്റും ലഭ്യമാണ്.

നാടോടി
ചുമ്മാര്‍ സാറിന്റെ വിദ്യാര്‍ത്ഥികളും അഭുദയകാംക്ഷികളും നാടന്‍ കലാ സ്നേഹികളും ചേര്‍ന്ന് 1995 ലാണ് ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂരിലെ ചേറ്റുപുഴയിലാണ് അതിന്റെ ആസ്ഥാനം. ഫോക് ലോര്‍ സെന്റര്‍ അദ്ദേഹത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു. ‘നാടോടി’ എന്ന പേരില്‍. സി.ജി. പ്രിന്‍സിന്റെ സംവിധാനത്തില്‍ രാജേഷ് ദാസ് സംഗീതം നല്‍കി രവി അന്തിക്കാട് മുഖ്യവേഷത്തിലഭിനയിക്കുന്ന ഒരു ചെറിയ ഡോക്യുമെന്ററിയാണ് ‘നാടോടി’.

ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും
ഡോ. ചുമ്മാര്‍ ചൂണ്ടലിന്റെ സമഗ്രമായ ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ തയ്യാറാക്കുന്നു. അതിലേക്കാവശ്യമായ വിവരങ്ങള്‍ ഇപ്പോള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഏപ്രില്‍ മുപ്പതിനുമുന്‍പായി താഴെക്കാണുന്ന വിലാസത്തില്‍ അയച്ചാല്‍ നന്നായിരിക്കും. ഫോട്ടോകളും കുറിപ്പുകളും കോപ്പിയെടുത്ത് തിരിച്ചയച്ചുകൊടുക്കുന്നതായിരിക്കും.
വിലാസം :
വിന്‍സന്റെ പുത്തൂര്‍
എഡിറ്റര്‍,
ഡോ. ചുമ്മാര്‍ അനുസ്മരണ ഗ്രന്ഥം,
പി.ഒ. ചേറ്റുപുഴ.
തൃശ്ശൂര്‍. കേരള.

18 comments:

asdfasdf asfdasdf said...

കേരളത്തിലെ നാടന്‍ കലകളുടെ ആചാര്യനായിരുന്ന ഡോ. ചുമ്മാര്‍ ചൂണ്ടല്‍ ദിവംഗതനായിട്ട് ഇന്നേക്ക് പതിമൂന്നു വര്‍ഷമാവുന്നു. ഒരു കുറിപ്പ്..

സുല്‍ |Sul said...

ഗുരുവനുസ്മരണം നന്നായി മേന്നേ.

"ഡോ. ചുമ്മാര്‍ ചൂണ്ടല്‍" നെ കുറിച്ച് കൂടുതല്‍ എഴുതുമെന്ന് പ്രതീക്ഷിക്കട്ടെ.

-സുല്‍

സു | Su said...

ഇവിടെയുള്ള ഒരാളെ അംഗീകരിച്ചില്ല എന്ന് പറയുന്നതില്‍ ഒരു അത്ഭുതവും തോന്നിയില്ല. നാടന്‍ കലകളേയും, കലാകാരന്മാരേയും, പരിഹാസത്തോടെ നോക്കി, അവഗണിച്ച് പോകും ജനങ്ങള്‍.

ചിത്രങ്ങളൊക്കെ ഇട്ട് പോസ്റ്റ് ഇടൂ.

മൂര്‍ത്തി said...

ഒരു തവണ മാഷുടെ ക്ലാസ്സില് കുറെകുട്ടികള്‍‍ അലമ്പുണ്ടാക്കി. മാഷ് ക്ലാസ്സ് നിര്‍ത്തിപ്പോവുകയും ചെയ്തു. പിറ്റെന്ന് മാപ്പ് പറയാതെ താനിനി ക്ലാസ്സ് എടുക്കുന്നില്ല എന്നദ്ദേഹം പ്രഖ്യാപിച്ചു. ഒന്ന്‌, രണ്ട്‌, മൂന്ന്‌. ഒരോരുത്തരായി എഴുന്നേറ്റു. അഞ്ചുപേര്‍ എഴുന്നേറ്റിട്ടും മാഷ് സമ്മതിച്ചില്ല. ഇനിയും ഒരാള്‍ കൂടി ഉണ്ട് എന്ന് പറഞ്ഞുകൊണ്ടിരുന്നു. അവസാനം ആറാമനും എഴുന്നേറ്റു. പിന്നെ കേട്ടത് കണ്ണുപൊട്ടുന്ന ചീത്തയാണ്. തലേന്നത്തെ ബഹളത്തിനിടയില്‍ ഈ ആറുപേരെ മാഷ് ഇത്ര കൃത്യമായി എങ്ങനെ കണ്ടുപിടിച്ചു എന്നത് അന്ന് അത്ഭുതമായിരുന്നു...

നന്നായി മേനോനേ...

Sathees Makkoth | Asha Revamma said...

ഗുരുവിനെ സ്നേഹിക്കുന്ന നല്ല മനസ്സിന് നന്മകള്‍നേരുന്നു.

asdfasdf asfdasdf said...

സൂ, അദ്ദേഹത്തിന്റെ ക്വാളിറ്റിയുള്ള പടങ്ങളൊന്നും എന്റെ കൈവശമില്ല. വിശ്വേട്ടനടക്കമുള്ള പല ബ്ലോഗര്‍മാരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണെന്നാണ് എന്റെ ചെറിയ അറിവ്. ആരുടെയെങ്കിലും കൈവശം ചിത്രങ്ങളുണ്ടെങ്കില്‍ ലിങ്ക് തന്നാല്‍ നന്നായിരിക്കും.
മൂര്‍ത്തി, ചുമ്മാര്‍ സാര്‍ ഒരു പ്രതിഭാശാലിമാത്രമല്ല മനുഷ്യസ്നേഹി കൂടിയായിരുന്നു. പല കഥകളും മനസ്സിലുണ്ട്. സമയമുള്ളപ്പോള്‍ പോസ്റ്റും.

sandoz said...

മേനനേ....നന്നായി....

ആ വലിയ മനുഷ്യന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണാമം.......

അശോക് കർത്താ said...

ചുമ്മാര്‍ സാറിനെ എഴുത്തിലൂടെയൊക്കെ അറിയാം. ഗുരുദക്ഷിണ നന്നായി. ഇങ്ങനെയുള്ള തിരിച്ചറിവുകള്‍ ഇന്ന് ആവശ്യമാണു

Navi said...

ചുമ്മാറിനെക്കുറിച്ച് കേട്ടിട്ടെയുള്ളൂ... എന്റെ വീട് ചെറ്റുപുഴയിലാ.. പക്ഷെ എനിക്കിതിനെപറ്റി ഒന്നും അറിയില്ലാ. അവിടെ ഞാനധികം താമസിച്ചിട്ടില്ല. ഇനി നാട്ടില്‍ പോവുമ്പോല്‍ ഒന്നു അന്വെഷിച്ചു നോക്കട്ടേ..
ഒരു ചേറ്റുപുഴക്കാരന്‍..

asdfasdf asfdasdf said...

ചേറ്റുപുഴക്കാരനു അറ്റ്ലസ് രാമചന്ദ്രനെ അറിയാമെങ്കിലും ചുമ്മാര്‍ചൂണ്ടലിനെ അറിയില്ലെന്നത് വളരെ മോശം. :(

തറവാടി said...

മേന്‍ന്നേ ,

ഞാനേറ്റവും ബഹുമാനിക്കുന്ന ഒരു വര്‍ഗ്ഗമാണു അധ്യാപകര്‍ , സ്കൂളിലായാലും , മറ്റിടങ്ങളിലായാലും . മൂന്നാം ക്ളാസ്സില്‍ പഠിപ്പിച്ച സരസ്വതിയമ്മ ട്ടീച്ചറുടെ

സ്നേഹമല്ലാ പിന്നീടുള്ള ജാനകിട്ടിച്ചറുടീങ്കിലും , അവരെല്ലാം സ്നേഹമുള്ളവരായിരുന്നു.

എന്‍റ്റെയത്ര കുരുത്വക്കേടുള്ളവരെ കന്ടിട്ടില്ലെന്നു പറഞ്ഞ പലരും പിന്നെ എന്നെകണ്ട് കണ്ണ്` നിറച്ചിട്ടുണ്ട്.

ദുബായില്‍ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന മാഷെ ബഹുമാനത്തോടെ

" മാഷെ നാളെ ഒരു ക്ളാസ്സെടുക്കാന്‍പറ്റുമോ എന്നു ചോദിക്കുമ്പൊള്"

" എടാ ദിലീപെ നാളെ ഒരു ക്ളാസ്സ് വേണല്ലോ " എന്നു പറയുന്ന്വരേയും കന്റിട്ടുണ്ട്.


ലൈസെന്സ് കിട്ടി ഒരു ചെറിയ പാരിദോഷികവുമായ ചെന്ന എന്നോട് അന്നു പറഞ്ഞ ഒരു വാക്കുണ്ട് ,

പ്രായത്തില്‍ എന്നെക്കാളധികമില്ലാത്താ ആ അധ്യാപകന്‍റ്റെ ,

എന്തൊക്കെയോ ഓര്‍ത്തുപോയി...

മെന്‍ന്നേ അസ്സലായി , ഇതു
( തിരക്കിലിട്ടതാ , തെറ്റുകള്‍ മറക്കുക)

P Das said...

nice post, hope you ll post the info you get

Rasheed Chalil said...

ഒരു ശിഷ്യന് നല്‍കാവുന്ന നല്ല സമ്മാനം.
മേനോന്‍ ജീ... നല്ല പോസ്റ്റ്.
നന്ദിയുണ്ട് ഈ പോസ്റ്റിന്.

ദേവന്‍ said...

അദ്ദേഹത്തെക്കുറിച്ച് വായിച്ചു പരിചയമേയുള്ളു മേനോനേ. ഈ പോസ്റ്റിലൂടെ കൂടുതല്‍ മനസ്സിലായി.
നല്ല ഗുരുക്കന്മാരെ കിട്ടുന്നതൊരു ഭാഗ്യമാണ്. ആ ഭാഗ്യം എനിക്കും പലപ്പോഴും ലഭിച്ചിട്ടുണ്ട്.

ആവനാഴി said...

ഗുരു സ്മരണ വളരെ ശ്ലാഖനീയമായിരിക്കുന്നു മേന്‍‌നേ. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എഴുതൂ.

സസ്നേഹം
ആവനാഴി

പ്രിയംവദ-priyamvada said...

KM,നല്ല ഗുരുക്കന്മാര്‍ ഒരു ഭാഗ്യമാണു!
തല്‍ക്കാലം 'വിജയാശംസകള്‍' അല്ലാതെ ഒന്നും കൈയിലില്ല..
qw_er_ty

asdfasdf asfdasdf said...

ഡോ.ചുമ്മാര്‍ ചൂണ്ടല്‍ സ്മാരക കലാസന്ധ്യ.
നാളെ (21/04/2007) വൈകീട്ട് 5 നു സാഹിത്യ അക്കാദമി ഹാളില്‍. ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം. ഗോത്രകലകളുടെ സംസ്കൃതിയും സൌന്ദര്യവും എന്ന വിഷയത്തില്‍ ഡോ. എ.കെ . നമ്പ്യാര്‍ സ്മാരക പ്രഭാഷണം നടത്തും.
കണ്ണൂരിലെ കെ.കുമാരനും സംഘവും അവതരിപ്പിക്കുന്ന ചിമ്മനക്കളി എന്ന ദളിത് നാടകവും ഉണ്ടായീരിക്കും. പ്രവേശനം സൌജന്യം.

Cibu C J (സിബു) said...

പ്രീഡിഗ്രിക്ക് എന്റേയും മലയാളം മാഷായിരുന്നു, ചുമ്മാര്‍ ചൂണ്ടല്‍. വല്ലപ്പോഴുമേ വരാറുണ്ടായിരുന്നുള്ളൂവെങ്കിലും രസകരമായ ക്ലാസായിരുന്നു എന്നത്‌ ഇപ്പോഴും ഓര്‍ക്കുന്നു. അമ്മ സ്കൂള്‍ ടീച്ചറായിരുന്നതുകൊണ്ടാവാം, മാര്‍ഗംകളിയുമായി ബന്ധപ്പെട്ട് ചുമ്മാര്‍ ചൂണ്ടല്‍ ഇടയ്ക്കിടെ വീട്ടില്‍ സംസാരവിഷയമാവാറുണ്ടായിരുന്നു. പുസ്തകങ്ങളൊന്നും തന്നെ വായിച്ചിട്ടില്ല.