Wednesday, August 26, 2009

കാള വേല

ഓണക്കാലമല്ലേ.. ഒരു നാടന്‍പാട്ട് ആയ്ക്കോട്ടെ..

കഴിഞ്ഞ ദിവസം എളവള്ളി ഷാപ്പിനു മുന്നില്‍ വെച്ച് കോരച്ചനെ കണ്ടിരുന്നു. കോരച്ചനു അപ്പോള്‍ എന്നോട് ഭയങ്കര ഇഷ്ടം. ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കുന്നത് ശരിയല്ലല്ലോ.. പ്രത്യേകിച്ചു വയസ്സായവരുടെ.. ഷാപ്പിലെ സപ്ലയര്‍ കം മെയിന്‍ കുക്കായ വിശാലാക്ഷി(യക്ഷിയെന്ന് കോരച്ചന്‍ ഇടയ്ക്കിടെ കണ്ണിറുക്കി ചെവിയില്‍ പറയുന്ന കക്ഷിതന്നെ) ചേച്ചിയുടെ സ്പെഷല്‍ ഒണക്കമീന്‍ ഫ്രൈ ചെമ്പട്ടുപുതച്ച എണ്ണം പറഞ്ഞ പല്ലുകള്‍ക്കിടയില്‍ ഓരോന്നായി എടുത്തുവെയ്ക്കുമ്പോള്‍ പാടിയ ഒരു നാടന്‍ പാട്ടാണിത്..
വാ മൊഴിയില്‍ നിന്നും വരമൊഴിയിലേക്കാക്കിയതിന്റെ ചില പ്രശ്നങ്ങളുണ്ട്.



പാള കൊണ്ടല്ലോ കാള
കാള കഴുത്തില് മാല
വള്ളി ചരടില് കോര്‍ത്ത്
മെല്ലെ നടക്കുന്നു മോള്
പുല്ലരിയാനൊന്നും വയ്യ
നെല്ല് കടിക്കല്ലേ കാളേ

പാറോമ്മ കണ്ടാല്‍ പിരാകും
വേഗം നടക്കെടി കാളേ
പടികടന്നപ്പുറം മോള്
പടിയിലുടക്കിയ്യ കാള

വേഗം നടക്കെടി കാളേ
വെയില് മൂക്കുന്നെടി വേഗം
പുല്ലു പറിച്ചുകാണിച്ചു
പാടത്തിറങ്ങി വലിച്ചു
പാള കുരുങ്ങിക്കിടപ്പൂ
മോളറിയുന്നില്ല പാവം

പിന്നെ തിരിച്ചു നടന്നു
ഒന്നു കൊടുത്തു തലയ്ക്ക്
പാവാടത്തുമ്പില്‍ പിടിച്ച്
ഉമ്മറത്തൂണില്‍ തളച്ചു

ചാടിക്കളിക്കാതെ നിന്നോ
കാടിയെടുക്കട്ടെ ഞാനും
കണ്ണന്‍ ചിരട്ടയീല്‍ വെള്ളം
ഇറയത്ത് കൊണ്ട് വെയ്ക്കുന്നു
കയ്യതിലിട്ട് കലക്കി
പയ്യെ വിളിപ്പു കുടിക്കാന്‍
കിട്ടുന്ന നേരം കുടിച്ചോ
അല്ല്ങ്കിലാടിന്ന് കേട്ടോ

ഒക്കെയും നോക്കിച്ചിരിച്ച്
മോളേ ഞാന്‍ വാരിയെടുത്തു
നല്ലമോളിങ്ങിനെ വേണം
എല്ലാ പഠിച്ചു വളരാന്‍..

3 comments:

അനാഗതശ്മശ്രു said...

Good...

OnamaasamsakaL

Sapna Anu B.George said...

നാടൻ പാട്ടിന്റെ ദിവസങ്ങൾ എന്നൊക്കെ കേട്ടിട്ടെയുള്ളു....ഇവിടെ ഈ ഗൾഫിൽ ഇരുന്നു കേട്ടാസ്വദിക്കാൻ പറ്റി ഇന്ന്. രാവിലെ റ്റി.വി യിൽ ‘മണി’ യുടെ നാടൻ പാട്ടിന്റെ കാസറ്റ് ഇറങ്ങി. അതിന്റെ പ്രാകാശന ചടങ്ങിന്റെ തത്സമയ സപ്രേക്ഷണത്തിൽ മണി ആ കാസറ്റിലെ ചില പാട്ടുകളും പാടി. അതുകഴിഞ്ഞ് ഈ മെയിൽ/ചാറ്റ് തുറന്നപ്പൊ...കുഴൂരിന്റെ പേജിൽ നിന്നു കിട്ടിയതാ ഈ കുട്ടൻ മേനോന്റെ ബ്ലോഗ് ലിങ്ക്. മണിയുടെ താളത്തിലൊന്നു വായിച്ചു ഈ വരികൾ, എന്റെ ശബ്ദം കൊള്ളില്ലെങ്കിലും, പാട്ടിന്റെ വരികൾ ഉഗ്രൻ. എന്റെ പിള്ളാരുടെ സ്കൂളിലെ ഓണത്തിന്റെ പ്രോഗ്രാമിനു, ഞനിതൊന്നു കടം എടുത്തോട്ടെ ഈ വരികൾ, എന്റെ 6 ആം ക്ലാസ്സുകാരനു ഓണത്തിനു പാടാൻ???? മേനൊന്റെ ബ്ലോഗിലെ ഈ സൂചിക എങ്ങനെയാ ചെയ്യുന്നത് എന്നൊന്നു പറഞ്ഞു തരാമൊ??

വേണു venu said...

മേനോനെ ഓണാശംസകള്‍.

ഞാന്‍ രാവിലെ ഒന്നു പാടിയീ വരികള്‍. ഒന്നു കൂടി ഉറച്ചു പാടട്ടെ.