Sunday, December 30, 2007
സര്‍വ്വീസ് പായ്ക്ക്
നിറയെ ഫയലുകള്‍
കമ്പ്യൂട്ടര്‍ റൂമിലെന്തിനിത്ര
ബോക്സ് ഫയലുകള്‍ ?
നിറഞ്ഞ സിഡി ബോക്സുകളിലെന്തിനിത്ര
സര്‍വ്വീസ് പായ്ക്കുകള്‍ ?
ഒരു ജിബി ഡാറ്റാഫയലിനെന്തിനു
റാക് സെര്‍വ്വര്‍ ?
പോയിന്റു കൂട്ടിയ പുതിയ കണ്ണട
മോണിറ്ററില്‍ നോക്കി
ഊര്‍ദ്ധ്വം വലിച്ചുകൊണ്ടൊന്നാം
പെന്റിയം ചിരിച്ചു മറിഞ്ഞു.
Saturday, December 22, 2007
വിചാരവും ധ്യാനവും ഒന്നാണോ ?
സര്‍വ്വസങ്കല്പ വികല്പനങ്ങളും ഒഴിഞ്ഞിരിക്കുന്ന അവസ്ഥയെ ധ്യാനം എന്നു പറയാം. അതിന്റെ അര്‍ത്ഥം ധ്യാനിക്കാന്‍ കഴിയുകയില്ല എന്നാണ്.
ധ്യാനം എന്നാല്‍ ഒരു അവസ്ഥയാണ്. മനസ്സ് അടങ്ങിയിരിക്കുമ്പോഴുള്ള അവസ്ഥ. മനസ്സുകൊണ്ടു പിന്നെ ചെയ്യാന്‍ കഴിയുന്നത് എന്താണ് ?
വിചാരം.
വിചാരം എങ്ങനെ നയിക്കപ്പെടണമെന്ന് അറിയാമോ ?
തര്‍ക്കവും ന്യായവും മീമാംസയും എല്ലാം ഉണ്ടായിട്ടുള്ളത് ചിന്തയ്ക്ക് പദ്ധതി ഉണ്ടാക്കിക്കൊടുക്കാനാണല്ലോ.
വ്യാകരണം പഠിച്ചിട്ടാണോ മനുഷ്യര്‍ സംസാരിച്ചുതുടങ്ങിയത് ?
തര്‍ക്കം പഠിച്ചിട്ടേ ചിന്തിക്കാന്‍ പാടുള്ളൂ ?
അടിസ്ഥാനപരമായ അറിവ് ആദ്യം തന്നെ മനസ്സില്‍ ഒളിഞ്ഞിരിപ്പുണ്ടാവും. ഉപനിഷത്തുകളിലൂടെ ഘൃഷിമാരും ഗീതയിലൂടെ വ്യാസനും ശങ്കരനുമെല്ലാം പഠിച്ച സര്‍വ്വകലാശാല ഏതാണ് ? അവരുടെ ദര്‍ശനത്തിനു ഒരു സമഗ്രതയുണ്ടായിരിക്കുമ്പോള്‍ പണ്ഠിതരുടെ വികലമാകുന്നതെന്തേ ?
ശൂന്യാകാശത്തില്‍ ഒളിഞ്ഞിരിക്കുന്ന തടസ്സങ്ങളെ കണക്കുകൂട്ടി കണ്ടെത്തി. പ്രാതിയൌഗികമായ കണക്കുകൂട്ടലുകള്‍കൊണ്ട് അവയേ ഒഴിവാക്കി. ചന്ദ്രനിലും ചൊവ്വയിലും കടന്നുചെല്ലുവാന്‍ കഴിയുന്ന മനുഷ്യന്റെ മനസ്സിനു എന്തുകൊണ്ട് ആ കണക്കുകൂട്ടലിലെ തെറ്റും ശരിയും നിര്‍ണ്ണയിക്കുന്ന ബുദ്ധിയുടെ സ്വഭാവവും സ്വരൂപവും അളക്കാനായി സ്വാത്മാവിലേക്കുതന്നെ നടന്നുചെല്ലുവാന്‍ തോന്നുന്നില്ല ? അങ്ങനെയൊന്ന് സംഭവിച്ചാല്‍ തന്നെ അതെന്തുകൊണ്ട് ഇത്ര ദുഷ്കരമായിരിക്കുന്നു ?
ശരിയായ പ്രതിജ്ഞയില്‍ എത്തിച്ചേരണമെങ്കില്‍ ചിന്തയെ വേണ്ടവിധത്തില്‍ മുന്നോട് കൊണ്ടുപോകാന്‍ കഴിയണം. ഇവിടെ വിശേഷബുദ്ധിയേക്കാള്‍ സാമാന്യബുദ്ധിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
എവിടെയോ കണ്ട ഒരു കമന്റാണ് ഇങ്ങനെ ഒരു കുത്തിക്കുറിപ്പിനാധാരം.
Saturday, December 15, 2007
കണ്ടമ്പുള്ളി ബാലനാരായണന്‍ ഓര്‍മ്മയായി

കണ്ടമ്പുള്ളി ബാലനാരായണന്‍ (നാണു എഴുത്തച്ഛന്‍ ശിവശങ്കരന്‍) ചെരിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നാട്ടാനയായിരുന്നു. പാലക്കാട് ലക്കിടി പാലത്തിനടുത്ത് വെച്ച് ലോറിയില്‍ കയറ്റുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
'സഹ്യനേക്കാള്‍ തലപ്പൊക്കം, നിളയേക്കാളുമാര്‍ദ്രത'- കവിതയിലെ വരികളില്‍ 'പട്ടാമ്പി നാരായണന്‍ എന്ന കണ്ടമ്പുള്ളി ബാലനാരായണന്‍ എന്ന നാണു എഴുത്തച്ഛന്‍ ശിവശങ്കരന്' വരികളിലെ ആദ്യഭാഗമാണ് കൂടുതല്‍ ചേരുക. ആര്‍ദ്രതയേക്കാള്‍ രൌദ്രഭാവമാണ് അവനില്‍ മുന്നിട്ടുനിന്നിരുന്നത്. അതുകൊണ്ടുതന്നെ ഒരേസമയം ഉത്സവപ്പറമ്പുകളിലെ നായകനും വില്ലനുമായി ഈ കൊമ്പന്‍.
തലപ്പൊക്കം കൊണ്ട് ഉത്സവപ്പറമ്പുകളിലെ ആവേശമായിരുന്നു കണ്ടമ്പുള്ളി ബാലനാരായണന്‍ എന്ന നാണുഎഴുത്തച്ഛന്‍ ശിവശങ്കരന്‍. പത്തേമുക്കാല്‍ അടി ഉയരം, ആരേയും കൂസാത്ത, ആര്‍ദ്രതയില്ലാത്ത ആ തലയുയര്‍ത്തിയുള്ള നില്പ്. ആനക്കമ്പക്കാര്‍ ആ തലയെടുപ്പിനെ നമിച്ചിരുന്നു, ഒപ്പം പേടിക്കുകയും. കാരണം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മയക്കുവെടിയേറ്റതില്‍ മുന്‍പന്തിയില്‍ ഈ കൊമ്പനുണ്ടായിരുന്നു എന്നതുതന്നെ. ഇവന്റെ പരാക്രമം കണ്ട ഉടമ കണ്ടമ്പുള്ളി ബാലന്‍ ഹൃദയംപൊട്ടി മരിക്കുകയായിരുന്നു.
ബിഹാറില്‍നിന്നും പട്ടാമ്പിയുടെ മണ്ണിലേക്കെത്തിയ ആദ്യദിനംതന്നെ അനുഗമിച്ച പാപ്പാന്റെ കഥ കഴിച്ചവനാണ് കക്ഷി. മയക്കുവെടി പ്രചാരത്തിലെത്തുന്നതിനും മുമ്പ് മുടക്കുവെടി വച്ചാണ് അന്ന് ഇവനെ തളച്ചത്. കണ്ടമ്പുള്ളിക്കാരുടേതായി മാറിയതിനുശേഷം ചൂണ്ടല്‍ പാറക്കുളത്തില്‍ വച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒന്നാംപാപ്പാന്‍ രാജനേയും ബാലനാരായണന്‍ കുത്തിമലര്‍ത്തി. ഇതൊക്കെയാണെങ്കിലും കടപുഴക്കിയ മരം തടഞ്ഞുനിര്‍ത്തി തറവാട്ടുവീടിനെ രക്ഷിച്ച കഥയും ചൂണ്ടല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കണ്ടമ്പുള്ളിയിലെ തറവാട്ടമ്മ 95-കാരി പാര്‍വതിയമ്മയെ കാണാനെത്തിയ ചരിത്രവും ഇവനു സ്വന്തം.
ബിഹാറിയായ ബാലനാരായണനെ കാല്‍നൂറ്റാണ്ടുമുമ്പാണ് ബാലന്‍ വാങ്ങിയത്. പട്ടാമ്പിയിലെ അഡ്വ. ഉദയവര്‍മനില്‍നിന്നും ഒന്നരലക്ഷം കൊടുത്ത്. കണ്ടമ്പുള്ളിയിലെത്തി ആദ്യ പത്തുവര്‍ഷത്തോളം ഇവന്റെ കുറുമ്പ് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളത്തിലെ ലക്ഷണമൊത്ത ആനകള്‍ ഏഴുന്നള്ളിയിട്ടുള്ള തൃശൂര്‍പൂരത്തിന്റെ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കാഞ്ഞതും ഈ കുറുമ്പു കാരണമാകാം. വര്‍ഷത്തില്‍ പരമാവധി 50 എഴുന്നള്ളിപ്പുകള്‍ക്കു മാത്രമേ ബാലനാരായണനെ വിട്ടിരുന്നുള്ളൂ.
കണ്ടമ്പുള്ളിക്കാര്‍ക്ക് ആനക്കാര്യത്തില്‍ മേല്‍വിലാസമുണ്ടാക്കിയതുതന്നെ ബാലനാരായണനായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഇവന്റെ ഉയരംതന്നെ ചര്‍ച്ചാവിഷയമായി. മദകാലയളവില്‍ പരാക്രമിയാകുമെങ്കിലും ബാലനാരായണന്റെ ഉടമ ബാലന്റെ അമ്മ പാര്‍വതിയമ്മയ്ക്കു മുന്നില്‍ ശാന്തനാകും. നീരിലുള്ള ഇവന് തീറ്റകൊടുത്തിരുന്നതും ഇവരാണ്. ഭക്ഷണവുമായെത്തുന്ന ഇവര്‍ക്കായി പട്ട നീക്കി ഇവന്‍ വഴിയുമൊരുക്കുമായിരുന്നു. പിന്നീട് പട്ടയില്‍ തട്ടിത്തടഞ്ഞ് വീണ് ആശുപത്രിയിലായ ഇവരെ കാണാന്‍ ബാലനാരായണന്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. ആശുപത്രിയിലെത്തി തുമ്പിക്കൈ കൊണ്ട് തലോടി കണ്ണീരൊലിപ്പിച്ചുകൊണ്ടായിരുന്നു അന്നിവന്റെ മടക്കയാത്ര.
ചെമ്പൂത്രയിലെ പൂരപ്പറമ്പില്‍ വച്ചായിരുന്നു ഉടമ ബാലന്റെ മരണം. 1996-ലായിരുന്നു അത്. കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നത് ബാലനാരായണനായിരുന്നു. ഇടയ്ക്ക് പറ്റാനയുടെ കൊമ്പ് ഇവന്റെ മേലുരസി. ഇതോടെ ആന മുമ്പോട്ടുകുതിച്ചു. പാപ്പാനും ഓടിമാറി. ആരേയും അടുപ്പിക്കാതെ ക്ഷേത്രപരിസരത്ത് നില്‍ക്കുകയായിരുന്ന ആനയെ ബാലന്റെ മക്കളായ മോഹന്‍ദാസും സുന്ദരനും സുനിലും ചേര്‍ന്നാണ് അനുനയിപ്പിച്ചത്. വിവരം കേട്ടെത്തിയ ബാലന്‍ ക്ഷേത്രപ്പറമ്പിലെത്തിയെങ്കിലും അവിടെവച്ച് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ഇളയമകന്‍ സുനിലിനായി ഉടമസ്ഥാവകാശം. ഒടുവില്‍ മൂന്നു വര്‍ഷം മുമ്പാണ് ബാലനാരായണനെ നാണുഎഴുത്തച്ഛന്‍ഗ്രൂപ്പ് ശിവശങ്കരനാക്കിയത്.
കഴിഞ്ഞ തവണ തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍ഡിനടുത്ത് നാണു എഴുത്തച്ഛന്റെ തൊടിയില്‍ വെച്ച് കണ്ടപ്പോഴും അവന്റെ ശൌര്യത്തിനൊരു മാറ്റവുമുണ്ടായിരുന്നില്ല. സൌകര്യം കിട്ടിയാല്‍ പട്ടയെടുത്ത് അടുത്ത് വരുന്ന അപരിചിതരെ എറിയാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. എങ്കിലും ആ തലയെടുപ്പ് ആരുമൊന്ന് നോക്കിനിന്നുപോകും. ഇനിയതില്ല.
Wednesday, December 12, 2007
വരയും പാരയും.
നീണ്ട വര
കുറുകിയ വര
വളഞ്ഞ വര
വാലുള്ള വര
കനമുള്ള വര
ചുളുങ്ങിയ വര
ചെരിഞ്ഞ വര
എല്ലാ വരകള്‍ക്കും
വേരു തലവര
ഒടുക്കം അടിവര
പാര
കമ്പിപ്പാര
കനമുള്ള പാര
നീളമുള്ള പാര
നിറമുള്ള പാര
നിജമുള്ള പാര
എല്ലാ പാരകള്‍ക്കും
പിടി കൈപ്പിടി
Thursday, October 25, 2007
കൃഷ്ണന്‍കുട്ടി ചേട്ടന്‍ ഇനി ആനക്കഥകളിലേക്കും കവിതകളിലേക്കും.

എല്ലാ അവധിക്കും ഞാന്‍ കൃഷ്ണങ്കുട്ടിച്ചേട്ടനെ കാണാറുണ്ട്. ഇത്തവണയും ഏറെ തിരക്കുണ്ടായിട്ടും കാണാതെ പോരാന്‍ മനസ്സുണ്ടായില്ല. വര്‍ഷങ്ങളായി അങ്ങനെ ഒരു ആത്മബന്ധമാണ്.കൃഷ്ണന്‍ കുട്ടിച്ചേട്ടനോട് സംസാരിച്ചിരുന്നാല്‍ നേരം പോകുന്നതേയറിയില്ല.
ആനകളെപ്പോലെ തന്നെ കവിതകളും കൃഷ്ണന്‍ കുട്ടിച്ചേട്ടന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. കുറച്ചുകാലം സുഖമില്ലാതെ കിടപ്പിലായപ്പോഴും കവിതകളായിരുന്നു കൂട്ട്. ഇരുന്നൂറ്റന്‍പതോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ‘പുനര്‍ജനി’ , ‘കല്ലുകളില്‍ കാണുന്നത്’ എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇരുപതോളം കഥകളും ഒരു നോവലും വേറെ.
ഇനി ഒരു വലിയ ആനക്കഥകളുടെ സമാഹാരമിറക്കാനുള്ള പരിപാടിയിലാണ് കൃഷ്ണങ്കുട്ടിച്ചേട്ടന്‍. അതുപോലെ തന്നെ ആനകളുടെ ഒരു എന്‍സൈക്ലോപീഡിയയും വെബ്സൈറ്റും മനസ്സിലുണ്ട്.
ഇരുപത്തെട്ടുവര്‍ഷമായി പാപ്പാനായിട്ട്. സ്വദേശം പാലക്കാട് ജില്ലയിലെ കര്‍ക്കിടാംകുന്നാണെങ്കിലും വളരെ ചെറുപ്പത്തില്‍ തന്നെ ഗുരുവായൂരെത്തിയിട്ടുണ്ട്. അച്ഛന്‍ ഗോവിന്ദന്‍ നായര്‍ ക്ഷേത്രത്തിലെ ആന പാപ്പാനായിരുന്നു. ആദ്യം കുട്ടിശങ്കരന്‍ എന്ന ആനയുടെ പാപ്പാനായിരുനു കൃഷ്ണങ്കുട്ടിച്ചേട്ടന്‍. പിന്നെ പത്തിരുപതോളം ആനകളുടെ പാപ്പാനായിട്ടുണ്ട്. ഭാര്യയും മകനും സഹോദരനും സഹോദരിയുമൊക്കെയായി ആനക്കൊട്ടിലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നു.
മൂന്നു വര്‍ഷം മുമ്പ് ഒരു ആനയൂട്ടിനു ‘രശ്മി’ എന്ന ആനയുമായി പാലക്കാട്ടേക്ക് പോകുമ്പോള്‍ വാഹനമിടിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന് ആറുമാസം ചികിത്സയിലായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് തിരിച്ച് ജോലിക്ക് കയറിയത്. അതിനു ശേഷം പുറത്തേക്കൊന്നും അധികം പോകാറില്ല. ആനക്കൊട്ടിലില്‍ തന്നെ. വായനയും എഴുത്തും തന്നെ. സുഹ്രുത്തുക്കളല്ലാതെ കാര്യമായ സമ്പാദ്യങ്ങളൊന്നും ഇല്ല. ഇനി മരണം വരെ ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ മുന്നില്‍ തന്നെ.
Monday, October 08, 2007
പനി
ശിരസ്സിലേക്കിറങ്ങി
പുലരുവോളം ത്രസിച്ചു
കളിച്ചു.
വരില്ലെന്നാണയിട്ടിറങ്ങിപ്പോയതാണ്
പണ്ട്.
വാഷ് ബേസിനില്
ചിതറിയ വറ്റുകള്‍ക്കിടയില്
'തമിഴത്തി'യുടെ ഭ്രൂണവും
പല്ലിളിച്ചു കാണിച്ചു
എന്തൊരാശ്വാസം
പടിപ്പുരവാതിലില്‍
തിരിഞ്ഞു നോക്കാതെ നടന്നു
പനി.
(തമിഴത്തി - ഇന്നലെ മനോരമ ന്യൂസില്‍ മലപുറത്ത് ഒരു ഗര്‍ഭിണിയായ ഒരു തമിഴ് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി ചിലര്‍ മര്‍ദ്ദിച്ചത് കണ്ടു.)
Monday, August 27, 2007
ഗുരുവായൂരപ്പനും ഓണത്തിരക്ക്.




എന്റെ മൊബൈല്‍ കാമറയില്‍ തെളിഞ്ഞ കുറച്ച് പടങ്ങള്‍ ..
Sunday, August 26, 2007
തമിഴന്റെ ഓണം

ഇതു സന്തോഷത്തിന്റെ ഓണം.
മലയാളിയുടെയല്ല. തനി പാണ്ടിയുടെ... തമിഴന്റെ ഓണം.
മലയാളി ചിക്കന്‍ 65 യും തന്തൂരി ചിക്കണുമായി ഓണം സ്വപ്നം കാണുമ്പോള്‍ തമിഴന്‍ മലയാളിയുടെ ഓണത്തെ അതിരറ്റു ആശ്ലേഷിക്കുന്നു.
ഇന്നു ഉത്രാടം. പാറമ്മേക്കാവിനുമുന്നില്‍ തിങ്ങിക്കൂടിയ ജനസഹസ്രത്തിനു ഓണമാഘോഷിക്കാന്‍ തമിഴന്റെ ചെണ്ടുമല്ലിപ്പൂവും പിച്ചിപ്പൂവും മലയാളിയുടെ ഓണത്തിനു അത്യാവശ്യ ഘടകം തന്നെ.

href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqxgnxkSUSkJpUZ1NB7PnP2WBfSqfoFnPNhpbaC_eSstZLi-aF8KNK16CoWtx1JXVg6bfse4eE1ZwwOAqM-9r6QOuZ9-RAorJICW-xuIF354-kpQFfGeTCxWj7pMvyj6fQQ94h/s1600-h/Image044.jpg">

എല്ലാവര്‍ക്കും ഓണാശംസകള്‍ !!
Monday, July 30, 2007
ചുള്ളിക്കാടിനു അന്‍പതുവയസ്സ്..
ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ് നീ നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
മലയാളത്തിന്റെ ധിക്കാരിയായ യുവ കവിക്ക് ഇന്നേക്ക് (30/07/2007) അന്‍പതു വയസ്സാവുന്നു. എണ്‍പതുകളിലെ കാമ്പസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ലഹരിയായിരുന്നു ചുള്ളിക്കാടിന്റെ കവിതകള്‍. പതിനെട്ടുകവിതകള്‍, മാനസാന്തരം, അമാവാസി എന്നിവയാണ് പ്രധാന കൃതികള്‍.
കുറച്ചുകാലമായി കവിതയെഴുത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന അദ്ദേഹം സിനിമാ സീരിയല്‍ അഭിനയരംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. നല്ലൊരു പ്രാസംഗികനും കൂടിയാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ കുറച്ചുകാലം മുമ്പ് ചുള്ളിക്കാടിന്റേതെന്ന പേരില്‍ ഒരു ബ്ലോഗ് കണ്ടിരുന്നു. പിന്നീട് അത് അപ്രത്യക്ഷമായി.
പ്രിയ കവിക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
Tuesday, July 17, 2007
ഉപകാര സ്മരണ
വളരെ മനസ്സമാധാനത്തോടെ ഇരുന്നിരുന്ന കോഴി ചന്തമുക്കെത്തിയപ്പോള്‍ ഡിങ്കനെ കണ്ട ദില്‍ബനെ പോലെ സഞ്ചിക്കുള്ളില്‍ കിടന്ന് പെരുകി. സഞ്ചിക്കകം കോഴി നഗര ശുചീകരണത്തിന്റെ ആവശ്യകതെയെക്കുറിച്ച് ക്ലാസെടുത്തു. സൌകര്യം കിട്ടിയാല്‍ ലെന്‍ വൈസ്മാനെ വരെ കൊണ്ടുവന്ന് ക്ലാസെടുക്കുമെന്ന് കുമാരേട്ടനൊരു മുന്നറിയിപ്പും. കുമാരേട്ടനത് സമ്മതിച്ചുകൊടുത്തു. ഏതായാലും അതിന്റെ അവസാനത്തെ ഒരു ആഗ്രഹമല്ലേ. സഞ്ചി പോയാലും കോഴി നന്നായല്‍ മതി എന്ന വിശ്വാസപ്രമാണം ചെല്ലി കുമാരേട്ടന്‍ യാത്ര തുടര്‍ന്നു.
ഇടപ്പിള്ളി പള്ളിയുടെ മണ്ണ്ഢപത്ത് നിന്ന് ഗീവര്‍ഗ്ഗീസു പുണ്യാളനു ആദ്യത്തെ തിരി കത്തിച്ചപ്പോഴാണ് ഒരു പൊട്ടലും ചീറ്റലും. ഒരു മാതിരി മലപ്പുറത്തെ മലയാളരംഭയുടെ ആപ്പീസിലിരുന്ന് കോപ്പാ അമേരിക്കയുടെ ഫൈനല്‍ കണ്ടിരിക്കുന്ന പാലാക്കാരന്‍ കൊച്ചുതോമായുടെ മൂക്കുപിഴിയലുപോലെ .. മഴക്കാലമായതുകൊണ്ടാവുമെന്ന് വെറുതെ വിചാരിച്ചത് തെറ്റ്. മഞ്ഞുമ്മലിലെ കുട്ടൂസന്‍സ് പലചരക്കുകടയില്‍ നിന്നു തിരി വാങ്ങേണ്ടെന്ന് സഹധര്‍മ്മിണി പല വട്ടം പറഞ്ഞതാ. കത്താത്ത, വെറുതെ കിടന്നു ചീറ്റുന്ന തിരിയേ അവിടെയുള്ളുവെന്ന് ഏത് കഞ്ഞിപ്പശകൂട്ടിയ കാല്‍ ശരായിയിട്ട പോലീസുകാരനും അറിയാവുന്നതാണ്. എങ്കിലും നിവൃത്തികേടുകൊണ്ട് വാങ്ങിപ്പോയി. കുറെ നേരത്തെ കരച്ചിലിനും പിഴിച്ചിലിനുമൊടുവില്‍ തിരികത്തി ജ്വലിച്ചു നിന്നു. കുമാരേട്ടനു സമാധാനമായി. കോഴിയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഈ കോഴിയെ നീയെടുത്ത് ആ ബൂലോക കോഴിയെ ദര്‍ശിക്കാനുള്ള അനുഗ്രഹം തരണേ ..
പിന്നെ, ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ ഡിലേക്ക് വെച്ചടിച്ചു.
‘വൈക്കം വഴി കോട്ടയത്തിനു പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റാന്‍ഡിന്റെ വടക്കു വശത്തു പാര്‍ക്ക് ചെയ്തിരിക്കുന്നു..’
പിന്നെ ഏതുവഴിക്കൊക്കെ കോട്ടയത്തിനു പോകുമെന്ന് കുമാരേട്ടന്‍ ഡൌട്ടടിച്ചു.
ലക്ഷം മാതാവ് പാലം കഴിഞ്ഞ് അടുത്ത സ്റ്റോപ്പിലിറങ്ങി വലത്തോട്ട് നോക്കിയാല്‍ തെക്കോട്ടിറങ്ങി നില്‍ക്കുന്ന തലതിരിഞ്ഞ മലയാളരംഭയുടെ ആപ്പീസില്‍ ദുബായിലെ കുപ്പൂസും കോഴിയും കണികണ്ടുണരുന്ന അവനെ ഇന്നു കാണാതെ തിരിച്ചുപോരില്ലെന്ന് ശപഥം ചെയ്തിരിക്കുന്ന കുമാരേട്ടന്‍ രണ്ടും കല്‍പ്പിച്ച് ശകടത്തില്‍ കയറി.
മൂന്നര രൂപകൊടുത്ത് വാങ്ങിയ ലേറ്റ് എഡിഷന്‍ മലയാള രംഭയുടെ കുത്തിനു പിടിച്ച് തുറന്നു. രണ്ടാം പേജില്‍ ഇതാ തേടിയ വള്ളി മാമുക്കോയ സ്റ്റൈലില്‍ ഇരിക്കുന്നു. ‘ഉപകാര സ്മരണ’ കോളത്തില്‍ 10 X 12 സൈസില്‍. ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തങ്ങളുടെ അണ്ടിക്കമ്പനി പൂട്ടിച്ചുതന്നതിനു ഉപകാരസ്മരണ. ഫിലഡാല്‍ഫിയയില്‍ നിന്നും കുഞ്ഞവറാന്‍ & ഫാമിലി.
ഓഹൊ ഇവനു ഈ പരിപാടിയും ഉണ്ടോ എന്റെ ഗീവര്‍ഗ്ഗീസ് പുണ്യാളാ. കണ്ടാല്‍ മാമുക്കോയയാണെങ്കിലും മമ്മൂട്ടിയുടെ കയ്യിലിരിപ്പാണവനെന്ന് വിശ്രുത സാഹിത്യ ശിരോമണി വടിവാള്‍ മുന്‍പൊരിക്കല്‍ ജാലകക്കാഴ്ചകള്‍ എന്ന പംക്തിയില്‍ അഭിപ്രായപ്പെട്ടത് കുമാരേട്ടന്‍ ഓര്‍മ്മിച്ചു.
എങ്ങനെയെങ്കിലും ഇവനെ ഇന്നു കണ്ടേ തീരു. ഇത്തവണ പരാജയപ്പെട്ടാല്‍ കുറുമാന്റെ ആജീവനാന്ത സുഹൃത്ത് പോത്തന്‍ കോട് എസ്പി. ഡാഷ് ചന്ദ്രനെ തന്നെ കൊണ്ടുവരേണ്ടി വരുമെന്ന് കുമാരേട്ടന്‍ കണക്കുകൂട്ടി.
വൈറ്റിലയും പൂണിത്തുറയും കടന്ന് സര്‍ക്കാര്‍ അനുവദിച്ചു തന്ന 60 കി.മീ സ്പീഡില്‍ ശകടം വെച്ചു പെടച്ചു. ഈ അവസ്ഥയില്‍ പോയാല്‍ കോട്ടയത്തെത്തിയാല്‍ തന്നെ യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞേ പുറത്തിറങ്ങാനാവൂവെന്നു പോലും കുമാരേട്ടന്‍ ഭയന്നു. മേലില്‍ കാലത്തെ എല്ലാ സത്‍ക്കര്‍മ്മങ്ങളും കഴിച്ച് സഹധര്‍മ്മിണിയോട് റ്റാറ്റായും പറഞ്ഞേ ഒരു വഴിക്കിറങ്ങൂയെന്ന് അപ്പോള്‍ തന്നെ കുമാരേട്ടന്‍ ദൃഢപ്രതിഞ്ജയെടുത്തു.
ലക്ഷം മാതാ കോളനിയില്‍ വണ്ടിയിറങ്ങി മലയാള രംഭയുടെ ആപ്പീസ് ലക്ഷ്യമാക്കി കുമാരേട്ടന്‍ നടന്നു. സെക്യൂരിറ്റിക്കാരനു പകിടി കൊടുത്ത് കുമാരേട്ടന്‍ മലയാള രംഭയുടെ നാലുനില കെട്ടിടത്തിനകത്ത് അവനെ തപ്പാനിറങ്ങി. ആ കശ്മലനെ.. വാറുണ്ണിയെ.
കുമാരേട്ടന്‍ സബ് എഡിറ്ററായിട്ടുള്ള ‘അജപാലനം’ മാസികയില്‍ പാചക കുറിപ്പിന്റെ ആയിരത്തൊന്നാമത്തെ എപ്പിസോഡെഴുതാന്‍ മോഹന്‍ ലാലിന്റെ ഡേറ്റ് തരാമെന്ന് പറഞ്ഞ് സ്ഥലം വിട്ട കഷിയാണ് ഈ വാറുണ്ണി.
വെട്രിവേലിട്ട തറയില്‍ മിന്നി തിളങ്ങുന്ന പ്രതലത്തില്‍ കുമാരേട്ടന്‍ വെറുതെ കാലൊന്നു വെച്ചതേയുള്ളൂ.
പിറ്റേന്ന് കണ്ണു തുറക്കുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സ്പെഷല്‍ വാര്‍ഡില്‍ ഇഞ്ചക്ഷനുമായി നില്‍ക്കുന്ന നേഴ്സ് കുമാരേട്ടനോട് പറഞ്ഞു..
‘ചേട്ടനു ചിക്കന്‍ ഗുനിയായാണ്.. മിണ്ടാതെ അവിടെ കിടന്നോളണം..’
കുമാരേട്ടന്‍ വിറച്ചു കിടന്നു. കുനിഞ്ഞിരുന്ന് പത്രം വായിക്കുന്ന അടുത്ത കട്ടിലിലുള്ളവനില്‍ നിന്നും പത്രം കടം വാങ്ങി വായിച്ചു.
അന്നും മലയാള രംഭയിലെ രണ്ടാം പേജില്‍ 10 X 12 സൈസില്‍ ഒരു ഉപകാര സ്മരണ കോളമുണ്ടായിരുന്നു.
‘ചിക്കണ്‍ ഗുനിയയില്‍ നിന്നു വിടുതല്‍ തന്നതിന് ... ഉപകാരസ്മരണയോടെ പാലായില്‍ നിന്നും വാറുണ്ണി & ഫാമിലി..’
കുന്തം പിടിച്ചു നില്‍ക്കുന്ന ഗീവര്‍ഗ്ഗീസ് പുണ്യാളനു വാറുണ്ണിയുടെ ഛായയുണ്ടോയെന്ന് കുമാരേട്ടന് വര്‍ണ്യത്തിലാശങ്കയുയര്‍ന്നു.
Saturday, July 07, 2007
കലാലയ വര്‍ണ്ണങ്ങള്‍
കുറച്ചുകാലം മുമ്പ് അവിചാരിതമായാണ് ഡോ. മുരളിധരന്‍ സാറിനെ ഓര്‍ക്കുട്ടില്‍ കിട്ടിയത്. മുരളി സാര്‍ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. 85-86 കാലഘട്ടത്തില്‍ എന്നെ പഠിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സാറുമായുള്ള സൌഹൃദ ഭാഷണത്തിനിടയില്‍ ഇപ്പോഴത്തെ കാമ്പസ് എങ്ങനെയുണ്ടെന്ന് ചോദിച്ചു. നന്നായിരിക്കുന്നെന്ന് വിരസമായ ഒരു മറുപടി. പക്ഷേ, പിറ്റേന്ന് 'this is how your college now..' എന്നൊരടിക്കുറിപ്പുമായി കുറെ ചിത്രങ്ങള്‍ എന്റെ മെയില്‍ ബോക്സില്‍..
‘കാലാപാനി‘യിലേക്കുള്ള വഴി. വലത്തു കാണുന്നതാണ് ലബോറട്ടറി. അതിന്റെ സൈഡ് പിടിച്ച് പോയാല്‍ ശേഖരേട്ടന്റെ കാന്റീന്‍. വയലിലെ തണുത്ത കാറ്റേറ്റിരുന്ന് ചായയും പരിപ്പുവടയും കഴിക്കുന്നത് ഇപ്പോഴും നല്ല ഓര്‍മ്മ.
വെള്ളം നിറഞ്ഞുകിടക്കുന്ന പാടം. അപ്പുറത്ത് നെടുപുഴ ദേശം. ഇലക്ഷന്‍ കാലത്ത് കോളജില്‍ അടിയുണ്ടാക്കി (കൂടുതല്‍ ഇങ്ങോട്ട് കിട്ടിയിട്ടേ ഉള്ളൂ :) ) പോലീസ് വരുന്നതിനു മുമ്പ് സ്കൂട്ടാവുന്നത് ഈ വഴിയാണ്.
ചിത്രങ്ങളെടുത്ത് അയച്ചു തന്ന മുരളി സാറിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.
Tuesday, June 05, 2007
കൊമാല
ഏതൊരു രാജ്യത്തിന്റെയും സമ്പത് സമൃദ്ധിയുടെ അടിസ്ഥാനമാണ് കൃഷി. അടുത്ത കാലത്തായി കേരളത്തില്‍ ഉടലെടുത്ത ഒരു പ്രതിഭാസമാണ് കര്‍ഷക ആത്മഹത്യകള്‍. പൊതു സമൂഹം ഇതൊരു വലിയ വിഷയമായി എടുത്തുകണ്ടില്ല. ആത്മഹത്യകളുടെ പേരില്‍ വന്‍ പ്രക്ഷോഭങ്ങളൊന്നും നടന്നുമില്ല. ഒരു എഴുത്തുകാരനു സാമൂഹിക പ്രതിബദ്ധതയുണ്ടോയെന്ന് പലപ്പോഴും സംശയിച്ച സന്ദര്‍ഭങ്ങളായിരുന്നു അത്. ഇവിടെയാണ് ‘കൊമാല’ എന്ന കഥാസമാഹാരത്തിന്റെ പ്രസക്തി. അടുത്ത കാലത്ത് മലയാളത്തിലുണ്ടായ മികച്ച ഒരു കഥാസമാഹാരമായാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കൊമാല’ യെ എനിക്ക് കാണാനായത്. ‘കൊമാല’, ‘പന്തിഭോജനം’, ‘റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍’ തുടങ്ങി എട്ടു കഥകളുടെ സമാഹാരമാണിത്.
വ്യത്യസ്ഥങ്ങളായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതുതന്നെയാണ് ഈ കൃതിയുടെ സവിശേഷത. കേവലമായ സാങ്കേതികതയിലും പരീക്ഷണങ്ങളിലുമൊന്നും വീഴാതെ ഏകാത്മകമായ ചര്‍ച്ചകളുടെ ഒരു ലോകത്തെ തന്നെ ഈ കൃതി തുറന്നു വിടുന്നു. കേരളീയ നവോത്ഥാനത്തിന്റെ വികസന വഴികളും സമകാലിക ജീവിതാവസ്ഥകളും സസൂഷ്മം നിരീക്ഷിക്കുന്ന ഇതിലെ കഥകള്‍ വായനക്കാരന്റെ മുന്നിലേക്ക് ചര്‍ച്ചകള്‍ക്കായി ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കുന്നു.
കടബാധ്യതമൂലം ആത്മഹത്യക്കൊരുങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് കൊമാല. ജാമ്യം നിന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് കുണ്ടൂര്‍ വിശ്വന് ഈ അവസ്ഥ വരുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമ്പത്തിക വിനിമയങ്ങളില്‍ നഷ്ടബോധത്തിന്റെ പ്രതിനിധിയാണ് കുണ്ടൂര്‍ വിശ്വന്‍. കടക്കാര്‍ മാത്രമായ ഈ ലോകത്ത് കടത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രതിവിധികള്‍ ആര്‍ക്കും കണ്ടെത്താനാവുന്നില്ല. കേവലം സാങ്കേതികം മാത്രമായ കടം വീട്ടാന്‍ മറ്റൊരു നിര്‍വാഹവുമില്ലാതെയാണ് വിശ്വന്റെ മുന്നില്‍ മരണം ഒരു ചൂണ്ടു പലകയായെത്തുന്നത്. എല്ലാം തകര്‍ന്ന ‘കൊമാല‘യില്‍ വിശ്വന്റെ മരണം ലോകത്തിനു ഒരു വിഷയമേ ആവുന്നില്ല.
ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളിലൂടെയുള്ള ഒരു യാത്രയാണ് ‘റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍‘ എന്ന കഥ. ഫിലോസഫി പഠിപ്പിക്കുന്ന രവിചന്ദ്രന്‍ എന്ന പ്രൊഫസറെ ജീവിതത്തിന്റെ ഫിലോസഫിപഠിപ്പിക്കേണ്ടി വരുന്നത് രാമകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഒരു ഡ്രൈവറാണ്. ജീവിതത്തെ അവനവനു വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടുക്കേണ്ട വഴികളിലൂടെ അവനവനനുവദിച്ചിട്ടുള്ള വഴികളിലൂടെ ഓടിച്ചു കൊണ്ടു പോകേണ്ടതെങ്ങനെയെന്ന് രാമകൃഷ്ണന്‍ രവിചന്ദ്രനെന്ന പ്രൊഫസറെ പഠിപ്പിക്കേണ്ടി വരുന്നു.
ഈ സമാഹാരത്തിലെ ശ്രദ്ധേയമായ ഒരു കഥയാണ് ‘ പന്തി ഭോജനം’. സംഭാഷണങ്ങളിലൂടെ വികസിക്കുന്ന ഒരു ആഖ്യാന ശൈലിയാണിതില്‍ അവലംബിച്ചിരിക്കുന്നത്. ജാതീയ ഘടനകളുടെ വിനിമയത്തിന്റെ സംസ്കാര സൂചനകള്‍ നവോത്ഥാനശേഷമുള്ള കേരളീയ സമൂഹത്തെ എങ്ങനെയൊക്കെ ഗ്രസിക്കുന്നുവെന്നതിന്റെ ഒരു ചൂണ്ടുവിരലാണീ കഥ.
കഥയില്‍ നിന്നും..
രണ്ടു മതങ്ങള്‍ തമ്മിലുള്ള സാമൂഹികമായ അകലം നികത്തുന്നതില്‍ പന്നിമാംസത്തിന്റെ സ്വാധീനത്തെ പറ്റി കോതമംഗലം ഡിഷ് വിളമ്പാറുള്ള ദിവസങ്ങളിലൊക്കെ പറയാറുള്ള ചില അഭിപ്രായങ്ങള്‍ സംഗീത ഇന്നും ആവര്‍ത്തിച്ചു.
‘’സംഗീ.. ബി. സീരിയസ്.." സൂസന്‍ തന്റെ രണ്ടു വര്‍ഷത്തെ സീനിയോറിട്ടിയെ കണ്ണടയുടെ കൂടെ മൂക്കിന്‍ തുമ്പില്‍ നിന്നും മുകളിലേക്കുയര്‍ത്തി സംഗീതയ്ക്കരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു.
....
രമ്യപോയതും സംഗീത കണ്ണാടിയില്‍ നോക്കി മുഖം തുടച്ചു. പിന്നെ ടാപ്പ് തുറന്ന് ചത്തുപൊന്തിയ ചേറ്റുമീനുകളെ വാഷ് ബേസിനില്‍ നിന്നും ഒഴുക്കി കളയുവാന്‍ തുടങ്ങി. ....
ഒരു പരാതിയെഴുത്തുകാരന്റെ മാനസിക സംഘര്‍ഷങ്ങള്‍ , ചരമക്കോളം, തേവി നനച്ചത്, ബേബീസ് ബ്രെത്ത് ... തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകള്‍. തീര്‍പ്പുണ്ടാക്കാതെ കുമിഞ്ഞുകൂടുന്ന സമകാലിക പ്രശ്നങ്ങളിലേക്കുള്ള ഒരു നേര്‍ രേഖയായി ഈ കഥാസമാഹാരം വായനക്കാരനു മുന്നിലെത്തുന്നു. സംവേദനക്ഷമതയുള്ള ഒരു കഥ വായിച്ച സുഖം എനിക്കും.
കൊമാല
സന്തോഷ് ഏച്ചിക്കാനം
കൈരളി ബുക്സ് കണ്ണൂര്‍
വില 45 രൂപ
Saturday, June 02, 2007
ആളൂര്‍ ഷാപ്പ്
ഒഴുകിവന്ന മരത്തടിയില്‍
പിടിച്ചുനീന്തി ഞാന്‍ അക്കരെയെത്തി.
നീ എനിക്ക് അന്നവും കമ്പിളിയും തന്നു
കാന്താരിയും കള്ളും തന്നു....
തൃശ്ശൂര്‍ - കുന്ദംകുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ പടിഞ്ഞാറ് മാറി കേച്ചേരിപ്പുഴയുടെ തീരത്ത്, ആളൂര് പാലത്തിന്റെ വലതുവശത്തായി കുടിയിരിത്തിയിരിക്കുന്ന കള്ളുഷാപ്പില്‍ ത്രിസന്ധ്യക്ക് കേള്‍ക്കുന്ന ചുള്ളിക്കാടിന്റെ കവിതാഭേദങ്ങളിലൊന്നാണിത്.
കേച്ചേരി അങ്ങാടിയില്‍ ചാക്കിറക്കുന്ന രാമേട്ടന്‍ ചുള്ളിക്കാടിന്റെ കവിതയെ ചുള്ളിക്കൊമ്പുകളാക്കി ഇങ്ങനെ കയ്യില്‍ വെച്ചുതരും. അതിനിത്തിരി ചെലവുണ്ട്. രണ്ടു കുടുക്ക കള്ളെങ്കിലും രാമേട്ടന്റെ കുഞ്ഞു ആമാശയഭിത്തിയെ പ്രകമ്പനം കൊള്ളിക്കണമെന്നുമാത്രം.
ഒരു വേള രാമേട്ടനീ കവിതയെല്ലാം എവിടെനിന്നു കിട്ടിയെന്ന് അടക്കാനാവാത്ത ജിഞ്ജാസകൊണ്ട് ചോദിച്ചുപോയി..
‘മ്മടെ നവാബ് ഒരു പ്രാവശ്യം മറന്നു വെച്ച പൊസ്തകം.. ആപ്പീസിന്റെ എറേത്ത് ഞാന്‍ കേറ്റി വെച്ചു. പണീല്ലാണ്ടാവുമ്പോ ഇരുന്നു വായിക്കും..അദന്നെ..’
അതുപോലെ പല ആസ്ഥാന ഗായകരേയും കവികളേയും കൊണ്ട് മുഖരിതമാണ് അശോകേട്ടന്റെ ഷാപ്പ്.
വക്കുപൊട്ടിയ കുടുക്കയിലെ കള്ളിനിത്ര സ്വാദുണ്ടോ ?
അപ്പോയിന്റ്മെന്റ് എടുത്ത് ചെന്നാല്‍ നല്ല കള്ളുകിട്ടും. അല്ലെങ്കില്‍ ..സ്വാഹ.
പ്രധാന സേവ ഹനുമാന്‍. ഹനുമാനു സമര്‍പ്പിച്ചിട്ടെ അശോകേട്ടന്‍ സ്റ്റൌവ് കത്തിക്കൂ.
മുതിര ഉപ്പേരിയും താറാവുകറിയും അശോകേട്ടന്റെ സ്പെഷ്യല്‍ പാചകവിധി.
കള്ളും കുടിച്ചിരിക്കുമ്പോ ഇങ്ങനെ ഒരു കുളിസീന്‍ ...
രാമേട്ടന്റെ പടമെടുക്കാന്‍ ഒരുങ്ങിയതാണ്. ‘ഡാ ചെക്കാ നീ ഈ കാമറ്യാട്ട് ഇവിടുന്ന് എറങ്ങണതൊന്ന് കാണണം.. ‘ ആ സ്നേഹത്തിനു മുന്‍പില്‍ പകച്ചു നിന്നുപോയി.
Wednesday, May 09, 2007
കോഴിക്കറിയും പത്തിരിയും

പത്തിരി ഉണ്ടാക്കേണ്ട വിധം ഇവിടെ വല്യമ്മായി വിവരിച്ചിട്ടുണ്ട്.

Monday, April 16, 2007
മാപ്രാണം ഷാപ്പും ചാത്തനും.
കൊല്ലാട്ടിക്കാരുടെ പറമ്പിനടുത്തുള്ള രാമേട്ടന്റെ ചായപ്പീടികയിലെ വടയുടെ എണ്ണം അന്ത്രുവിന്റെ വരവു നീളുന്തോറും കുറഞ്ഞു തുടങ്ങിയിരുന്നു. കാലത്ത് തന്നെ അന്ത്രുവുമായി ഒരു അത്യാവശ്യകാര്യം സാധിക്കാന്‍ എത്തിയതാണ് ഞാനും ബിജുക്കുട്ടനും. പെരിങ്ങോട്ടുകരയില്‍ നിന്നും പെട്രോളടിക്കുമ്പോഴാണ് ബിജുക്കുട്ടന്‍ ചാത്തനെ ദര്‍ശിക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ചത്. അപ്പോള്‍ തന്നെ അവന്‍ പറഞ്ഞു ഇന്നത്തെ പരിപാടികളെല്ലാം കുഴഞ്ഞുമറിയുമെന്നു. അല്ലെങ്കില്‍ ഈ അന്ത്രുവിനെയും നോക്കി കാലത്ത് പത്തരമുതല്‍ ഇങ്ങനെ ഇരിക്കേണ്ടി വരുമോ . മൊബൈലിനു റേഞ്ചില്ലാത്ത ഏതോ സ്ഥലത്ത് കുരുങ്ങിക്കിടക്കുകയാവും അന്ത്രു. പന്ത്രണ്ടുമണിയായിട്ടും അന്ത്രുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. അപ്പോഴാണ് ബിജുക്കുട്ടനു ഐഡിയ മുളച്ചത്. മാപ്രാണത്തെ ലാല്‍ ആശുപത്രിയുടെ അടുത്തുള്ള ഒരു കല്യാണമണ്ഡപത്തിന്റെ ഓഫീസില്‍ ചിലപ്പോള്‍ അന്ത്രു ചെന്നിരിക്കാറുണ്ടെന്ന്. പിന്നെ വേറൊന്നും നോക്കാതെ മാപ്രാണത്തേക്ക് വിട്ടു വണ്ടി.
മാപ്രാണത്തെത്തി പ്രസ്തുത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് അന്ത്രുവിനെ അവര്‍ അറിയുകപോലുമില്ലെന്ന് മനസ്സിലായത്. അപ്പോള്‍ തന്നെ ബിജുക്കുട്ടന് മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നിയതാണ്. അവന്‍ പഴയ ബിജുക്കുട്ടനല്ലാത്തതുകൊണ്ടും ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തിട്ടില്ലാത്തതുകൊണ്ടും ഞാന്‍ രോഷം കടിച്ചമര്‍ത്തി ആക്സലറേറ്ററില്‍ കാലമര്‍ത്തി.
മാപ്രാണം സെന്ററിനു തൊട്ടുമുന്‍പുള്ള ഒഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ ബിജുക്കുട്ടന്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
‘എന്തിനാണ്ടാ ഇബടെ നിര്‍ത്തണേ..’
‘മനുഷ്യനു മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് നേരം കൊറെയായി.. ഇനി ഇതു കഴിഞ്ഞിട്ട് ബാക്കി കാര്യം..’
വെറുതെയല്ല.. ഞാനവിടെ ടെന്‍ഷടിച്ചിരിക്കുന്ന സമയം മുഴുവന്‍ അടുത്തുള്ള പെട്ടിക്കടകളിലെ സെവന്‍ അപ്പിന്റെയും പെപ്സിയുടെയും എണ്ണമെടുക്കുകയായിരുന്നു ബിജുക്കുട്ടന്‍. കാലത്ത് ചെറിയമ്മയുണ്ടാക്കിയ കഞ്ഞിയും പയറും പ്ലേറ്റു വെടിപ്പാക്കി കയറ്റിയിട്ടാണിവിനങ്ങനെ.
ഒന്നാം ക്ലാസില്‍ പോയി തിരിച്ച് കാറിലേക്ക് കയറുമ്പോഴാണ് ബിജുക്കുട്ടന്‍ ‘യുറേക്കാ..’ എന്ന ടോണില്‍ ഇങ്ങനെ മൊഴിഞ്ഞത്.
‘ഇതല്ലേ മാപ്രാണം ഷാപ്പ്...’ എനിക്കും അപ്പോഴാണത് ശ്രദ്ധയില് പെട്ടത്.

അങ്ങനെയാണ് പ്രശസ്തമായ ജോയിച്ചേട്ടന്റെ മാപ്രാണം ഷാപ്പില്‍ വീണ്ടും കയറുന്നത്. മാപ്രാണം ഷാപ്പിലെ കറികള്‍ പ്രശസ്തമാണെന്നെ ബ്ലോഗ്ഗില്‍ ചിലരുടെ പോസ്റ്റുകള്‍ കണ്ടതില്‍ പിന്നെ മാപ്രാണം ഷാപ്പിലൊന്ന് കയറണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.
വിശാലമായ നടവഴിയിലൂടെ കയറി, ഒഴിഞ്ഞ ഒരു ബഞ്ചില്‍ ഇരുന്നു. ചുറ്റും നോക്കി. സ്ഥിരം കുറ്റികള്‍ സ്ഥലം വിട്ടെന്നു തോന്നുന്നു. ഒരു വശത്ത് കുറച്ച് കോളജ് പിള്ളേര്‍ ഇരുന്ന് മോന്തുന്നുണ്ട്. ഒരുത്തന്‍ സ്റ്റീയറിങ് വീല്‍ പിടിച്ച് തിരിക്കുന്നപോലെയാണ് കുപ്പിയെടുത്ത് തിരിക്കുന്നത്. ആരോടോ ഉള്ള വാശി തീര്‍ക്കുകയാവാം. ഒരു പക്ഷേ കുപ്പിയുടെ തലഭാഗം കണ്ടെത്താനുള്ള പ്രയത്നത്തിലുമാവാം. കറുത്ത കണ്ണട വെച്ച മറ്റൊരുത്തന്‍ സ്റ്റീല്‍ പിഞ്ഞാണം നക്കിത്തുടക്കുന്നു. പനമ്പിന്റെ മറയുടെ അപ്പുറത്തിരുന്ന് പ്രതിഷേധ സ്വരത്തില്‍ ഒരു നായ മുരളുന്നു. കോളജ് പിള്ളേര് കൂലങ്കലുഷിതമായി എന്താണ് ഡിസ്കസ് ചെയ്യുന്നതെന്നറിയാന്‍ ബിജുക്കുട്ടന്‍ കാതോര്‍ത്തിരിക്കുന്നു. ഇടക്കിടെ എന്നെ നോക്കുന്നുണ്ട്.
‘നീയ്യെന്തിനാണ്ടാ അവരെ ശ്രദ്ധിക്കുന്നത്.. അവര് വല്ല അന്താരാഷ്ട്ര പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയായിരിക്കും..’
‘ ഏയ് .. അവരിവിടത്തെ കടല ഫ്രൈ എങ്ങന്യാണെന്നതിന്റെ ഡിസ്കഷനിലാണ്..’
ആ ശുഭ മുഹൂര്‍ത്തത്തിലാണ് സപ്ലയര്‍ വരുന്നത്.
‘കടലക്കറിയാല്ലാതെ കഴിക്കാനെന്തുണ്ട് ? ‘ അയാള്‍ വന്നു നില്‍ക്കുന്നതിനു മുന്‍പു തന്നെ ബിജുക്കുട്ടന്‍ ചോദിച്ചു.
‘ബീഫ് ഫ്രൈ, കാട ഫ്രൈ......’ നീളുന്ന പട്ടിക ഒറ്റ ശ്വാസത്തില്‍ അയാള്‍ നീട്ടിവിളമ്പി.

രണ്ടു കുപ്പിയും ഒരു ലിവര്‍ ഫ്രൈയും പറഞ്ഞ് ബിജുക്കുട്ടന്‍ ഒരു സിസറിനു തീ കൊളുത്തി.
‘ഇവിടത്തെ കറികളൊക്കെ കിണ്ണങ്കാച്യാന്നാ പറയണത്..’
‘കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ ..’
കോളജ് പിള്ളേരിലെ കറുത്ത കണ്ണട വെച്ചവന്‍ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു. അവന് നല്ല ഉറക്കം വരുന്നുണ്ടെന്ന് തോന്നി. കണ്ണുകള്‍ ചുവന്നിരിക്കുന്നു. പാത്രങ്ങളും കുപ്പികളും കാലി.
കുറച്ച് കഴിഞ്ഞപ്പോള്‍ സപ്ലയര്‍ കുപ്പികളും ലിവര്‍ ഫ്രൈ എന്ന സാധനവും മേശയില്‍ കൊണ്ടുവന്നു വെച്ചു. കുപ്പിയില്‍ നിന്നും ഒരു ഗ്ലാസില്‍ പകര്‍ന്ന് ബിജുക്കുട്ടന്‍ കണ്ണടച്ച് ഒരു നീക്കു നീക്കി. പിന്നെ അച്ചാറിന്റെ പിഞ്ഞാണം വായിലേക്ക് പകര്‍ന്നു. ‘‘ശ് ശൂ ‘ എന്ന ശബ്ദത്തോടെ പിഞ്ഞാണം താഴെ വെച്ചു.
‘എങ്ങിനീണ്ട്രാ സാധനം ? ‘
‘സാധനം ചാത്തനല്ലേ.. ചാത്തന്‍..’
‘എന്ത് ?’
‘ അച്ചാറ്..’
‘അച്ചാറല്ലടാ കള്ള് എങ്ങനെയുണ്ട് ? ‘
‘കുഴപ്പമില്ല.. ‘ ഇവനോട് ചോദിച്ചിട്ടൊരു കാര്യവുമില്ലെന്ന് മനസ്സിലായി.
പിന്നെ,അടുത്ത ഓര്‍ഡറെടുക്കാന്‍ വന്നപ്പോള്‍ ബിജുക്കൂട്ടന്‍ സപ്ലയറോട് ബില്ലെടുത്തോളാന്‍ പറഞ്ഞു. ബില്ല് സെറ്റില്‍ ചെയ്റ്റു കഴിഞ്ഞപ്പോള്‍ ബിജുക്കുട്ടന്‍ സപ്ലയറെ വിളിച്ച് ഒരു ഉപദേശം കൊടുക്കാന്‍ മറന്നില്ല.
‘ഇനി മുതല് കഞ്ഞി വെള്ളത്തില് കുറച്ച് ചോറിട്ടിട്ട് കൊടുത്താല്‍ നന്നായിരിക്കും ട്ടാ..’ സപ്ലയര്‍ ഒരു വളിച്ച ചിരി ചിരിച്ചു.
പുറത്തിറങ്ങിയപ്പോള്‍ എനിക്കാകെ ഒരു സംശയം
‘അല്ല ബിജുക്കുട്ടാ, ആ സപ്ലയര്‍ക്ക് നമ്മളെ ഇത്ര കൃത്യമായി മനസ്സിലാക്കാന്‍ പറ്റിയതെങ്ങനെയാണാവോ ..’
പിന്നെ,അടുത്ത ബാര്‍ കണ്ടുപിടിക്കുന്നതുവരെ ബിജുക്കുട്ടന്‍ നിര്‍ത്താതെ സിഗരറ്റു വലിച്ചുകൊണ്ടിരുന്നു. ബാറിലിരിക്കുമ്പോഴാണ് മേലില്‍ മാപ്രാണം ഷാപ്പില്‍ കയറില്ലെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞയെടുത്തതും തിരിച്ച് പോകുന്ന വഴിയില്‍ ചാത്തനെ ദര്‍ശിച്ചേപോകുവെന്ന് തീരുമാനിച്ചതും.
വാല്‍ക്കഷണം : മാപ്രാണം ഷാപ്പിനെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ആരുടെയെങ്കിലും വികാരങ്ങള്‍ വൃണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഡെറ്റോള്‍ സോപ്പ് സപ്ലൈകോ സ്റ്റോറുകളില്‍ നിന്നും ഫ്രീയായി ലഭിക്കുന്നതാണ്.
Sunday, April 01, 2007
ആനകള്‍ക്ക് സംഭവിക്കുന്നത്
മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്നതും ആന തന്നെ. പക്ഷേ ഇന്ന് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന ആനക്കാഴ്ചകള്‍ മിക്കതും ആനയെ ദ്രോഹിക്കുന്ന കഥകളും കൂടുതല്‍ പണിയെടുപ്പിച്ച് ബുദ്ധിമുട്ടിക്കുന്ന കഥകളും പരിചരണം കിട്ടാതെ ചെരിയുന്ന ആനകളുടെ കഥകളും
മാത്രമാണ്.
ആനവംശം
കേരളത്തില്‍ ഇപ്പോള്‍ ആറായിരത്തില്‍ കൂടുതല്‍ ആനകളുണ്ട്. അതില്‍ നാട്ടാനകള്‍ ആയിരത്തോളവും. അതില്‍ തന്നെ ലക്ഷണമൊത്ത ആനകള്‍ നൂറില്‍ താഴെ മാത്രമാണ്. കൊമ്പിനുവേണ്ടിയുള്ള ആനവേട്ടയും കാടുവെട്ടിത്തെളിക്കലും ആനകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. നാട്ടാനകളുടെ ക്രയവിക്രയം 1972 ലെ നിയമമനുസരിച്ച് നിരോധിച്ചതിനാല്‍ പുതിയ ലക്ഷണമൊത്ത ആനകളെ മലയാളിക്ക് കിട്ടുന്നതും അപൂര്‍വ്വം.
സാമ്പത്തികം
ശരാശരി ഒരാനക്ക് ഒരു മാസം പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ചെലവുണ്ട്. പാപ്പാന്‍മാരുടെ ശംബളം വേറെ. ഒരു ഉത്സവ സീസണില്‍ , ജനുവരിമുതല്‍ മെയ് വരെയുള്ള കാലത്താണ് ഉടമയ്ക്ക് ആനയുടെ ചെലവുകള്‍ തിരിച്ചു പിടിക്കാനാവുന്നത്. ഒരു ഉടമയ്ക്കും തങ്ങളിറക്കിയ മൂലധനം തിരിച്ചുപിടിക്കാന്‍ സാധിക്കാറില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
മദപ്പാട്
ആരോഗ്യമുള്ള ആണാനകള്‍ക്കും മോഴയാനകള്‍ക്കും വര്‍ഷത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ മാസം നീണ്ടുനില്‍ക്കുന്ന ഒന്നാണ് മദപ്പാട്. മദപ്പാട് കാലത്ത് ആനയെ കൂച്ചുവിലങ്ങിടുകയാണ് സാധാരണ ചെയ്യുന്നത്. വളരെ സൌമ്യനായ ആന പോലും മദപ്പാട് കാലത്ത് അക്രമോത്സുകനായിരിക്കും.
എന്തുകൊണ്ട് ഉത്സവ സീസണ്‍ കാലത്ത് ആനകള്‍ ഇടയുന്നു ?
പല പാപ്പാന്മാരും കൂടുമാറുന്നത് ഇക്കാലത്താണ്. പുതിയ പാപ്പാനുമായി ഇണങ്ങാന്‍ സാധാരണ ഒരാനക്ക് ഒന്നുമുതല്‍ രണ്ടു മാസം വരെ സമയം വേണ്ടിവരും. ഇന്നുവരെ ഒപ്പമുണ്ടായിരുന്നവരെ നാളെ കാണാതായാല്‍ മനുഷ്യനെപ്പോലെ തന്നെ മറ്റു ജീവികളും ഒന്ന് പ്രകോപിക്കുകയോ വിഷമം പ്രകടിപ്പിക്കുകയോ സ്വാഭാവികമാണ്. ഉത്സവസീസണിലെ ആനയിടച്ചിലിന് ഒരു കാരണം ഈ കൂടുമാറ്റമാണ്.
പാപ്പാന്റെ ഭാഷ, ആനകള്‍ ഇടയുന്നതിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. നല്ല ഒരു പാപ്പാന് തന്റെ ആനയെ ശരിക്കും അറിയാം. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാത്ത പാപ്പാന്മാരാണ്‍ ആനകളെ അസ്വസ്ഥരാക്കുന്നത്. മാത്രവുമല്ല, ആന ഒരു വന്യജീവിയാണെന്ന ബോധം മിക്ക പാപ്പാന്മാരും തിരക്കിനിടയില്‍ മറന്നുപോകുന്നു.
എത്ര വലിയ ആനയാണെങ്കിലും ഒരു ബലഹീനത അതിനുണ്ടാവും. നായ, പോത്ത്, ആട് എന്നിവ മുന്നിലൂടെ വന്നാല്‍ പിന്തിരിഞ്ഞോടുന്ന ആനകളുണ്ട്. ഒരു വെടി പൊട്ടുന്നതു കേട്ടാല്‍ വിറളിപിടിക്കുന്ന ആനകളുമുണ്ട്. നടന്നു പോകുമ്പോള്‍ രണ്ടാം പാപ്പാന്‍ തന്റെ മുന്‍ കാലുകളേക്കാള്‍ മുന്നില്‍ നടന്നാല്‍ വിറളിപിടിക്കുന്ന ആനകളുമുണ്ട്. കുളിക്കുന്ന സമയത്ത് ചെവിയില്‍ പിടിച്ചാല്‍ വിറളിപിടിക്കുന്നവയുമുണ്ട്. അങ്ങനെ പല തരം വ്യത്യസ്ഥ സ്വഭാവ വൈചിത്ര്യങ്ങള്‍ ആനയ്ക്കുണ്ട്. അത് പൂര്‍ണ്ണാമായി മനസ്സിലാക്കുന്നവനാണ് നല്ല പാപ്പാന്‍.
വലിയ ശരീരമുള്ള എല്ലാ ജീവികള്‍ക്കും അവയുടെ ശരീരത്തിന്റെ സംതുലനം നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണ്. (ഉദാ: ഹിപ്പൊപ്പോട്ടാമസ്,..) ദിവസത്തില്‍ നിശ്ചിത സമയം അവയ്ക്ക് വെള്ളത്തില്‍ കിടന്നാലേ അവയുടെ ശരീരത്തിലെ ഊഷ്മാവ് പരിമിതപ്പെടുത്തുവാനാവൂ. മിക്ക ആനകളുടെയും മദപ്പാട് സമയം ഏപ്രില്‍ മുതല്‍ ആരംഭിക്കും. മദപ്പാട് നീട്ടിക്കിട്ടാന്‍ പാപ്പാന്മാരും ആനയുടമകളും അവയ്ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുന്നു. ഈ പ്രക്രിയ എല്ലായ്പ്പോഴും ആനകളില്‍ വിജയിക്കണമെന്നില്ല. ചിലപ്പോള്‍ അത് ആനകളില്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങള്‍ക്കും ഇടയാക്കും.
മുന്‍പൊക്കെ ആനകളെ കിലോമീറ്ററുകളോളം നടത്തിയാണ് ഉത്സവത്തിനു കൊണ്ടുപോയിരുന്നത്. ഇന്ന് അതല്ല സ്ഥിതി. മിക്കവാറും ആനകള്‍ ലോറിയിലാണ് യാത്ര. നാം വിചാരിക്കുന്ന അത്ര സുഖകരമല്ല ആനകള്‍ക്ക് ഈ ലോറി യാത്ര. പ്രത്യേകിച്ചും കേരളത്തിലെ റോഡുകളില്‍.
തൃശ്ശൂര്‍ ജില്ലയിലെ മുതുവറയടുത്ത് ചൂരക്കാട്ടുകര പൂരത്തിനു അഞ്ചു വര്‍ഷം മുന്‍പ് എഴുന്നെള്ളിച്ചിരുന്നത് മൂന്നാനപ്പുറത്തായിരുന്നു. ഇത്തവണ പാമ്പാടി രാജനടക്കം പതിനഞ്ചാനകളാണ് അണിനിരന്നത്. ഇതുതന്നെയാണ് ഇന്ന് കേരളത്തിലെ മിക്ക ഉത്സവങ്ങളുടേയും അവസ്ഥ. ഗുരുവായൂര്‍ പദ്മനാഭനെ ഒരു ദിവസം മൂന്നുപൂരങ്ങളില്‍ എഴുന്നെള്ളിച്ചുവെന്ന് കേള്‍ക്കുന്നത് ഇന്ന് ഒട്ടും അതിശയോക്തിയല്ല. ലക്ഷണമൊത്ത ആനകള്‍ ഇന്ന് വിശ്രമമില്ലാതെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പറന്നു നടന്ന് ഉത്സവം കൊഴുപ്പിക്കേണ്ട അവസ്ഥയാണ്. ഇതിനൊരു അറുതി വന്നേ മതിയാവു. ഉത്സവങ്ങളിലെ ആനസാന്നിദ്ധ്യം കുറക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
എല്ലാ ആനപ്രേമികളും ഉടമകളെ പഴിപറയുന്നതിനുമുമ്പ് മേല്‍പ്പറഞ്ഞ വസ്തുതകള്‍ കൂടി കണക്കിലെടുക്കുക. ഒരു ആനയുടമയ്ക്കും സ്വന്തം ആനയെ ഉപദ്രവിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് പല ആനകളുടെയും ദാരുണമായ് അന്ത്യത്തിലേക്ക് വഴിവെക്കുന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട് :
1.ഡേവിസ് ചിറ്റിലപ്പിള്ളി ( ആന ഡേവീസേട്ടന്‍ - തൃശ്ശൂരിലെ ആനകളുടെ ഒരു എന്‍സൈക്ലോപ്പീഡിയ. )
2.ചിറക്കല്‍ മധു. ( ചിറക്കല്‍ മഹാദേവനെന്ന പേരുകേട്ട ആനയടക്കം മൂന്നാനകള്‍ സ്വന്തം)
Tuesday, March 27, 2007
ഡോ. ചുമ്മാര്‍ ചൂണ്ടല്‍
കേരളത്തിലെ നാടന്‍ കലകളായ മാര്‍ഗ്ഗം കളിയുടേയും ചവിട്ടുനാടകത്തിന്റെയുമെല്ലാം ഉന്നമനത്തിനായി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എടുത്തു പറയേണ്ടതാണ്. ഡോ. ചുമ്മാര്‍ എഴുതിയ പല ഗ്രന്ഥങ്ങളും കേരളീയ നാടന്‍ കലകളുടെ വേദപുസ്തകമായി ഇന്നും നിലകൊള്ളുന്നു. കര്‍മ്മഭൂമിയില്‍ തനതായ ശൈലിയും വ്യക്തിത്വവും വച്ചുപുലര്‍ത്തുന്ന ചുമ്മാര്‍ സാര്‍ ബുദ്ധിജീവികളുടെ വലയത്തില്‍ ഒരിക്കലും ഉള്‍പ്പെട്ടിരുന്നില്ല. നാടന്‍ കലകളുടെ ഈറ്റില്ലത്തില് (അത് മിക്കവാറും ആദിവാസികളുടെ രംഗഭൂമിതന്നെയായിരിക്കും) ചെന്നുതന്നെ അവയെ തൊട്ടറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വളരെ ശ്ലാഘനീയമാണ്. വളരെ കഷ്ടപ്പെട്ട് ആ കലകള്‍ പഠിച്ചെടുത്ത് സ്വന്തമായി അദ്ദേഹം സദസ്സിനുമുന്‍പില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. മാര്‍ത്തോമാ ക്രിസ്ത്യാനികളെ പറ്റിയുള്ള പല ആധികാരിക ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. തൃശ്ശൂര്‍ സെന്തോമസ് കോളജിലെ മലയാളവിഭാഗം തലവനായിരുന്നു അദ്ദേഹം.
എന്റെ ചൂചു സാര്‍
എന്നെ ഞാനാക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചത് ചുമ്മാര്‍ സാര്‍ എന്ന ആ വലിയ മനുഷ്യനായിരുന്നു. തൃശ്ശൂര്‍ സെന്തോമസിലെ പഠനകാലത്ത് മലയാള ഭാഷയും നാടന്‍ കലകളെ പരിചയിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ ക്ലാസുകള്‍ക്ക് കഴിഞ്ഞിരുന്നു. ഡിഗ്രി രണ്ടാം വര്‍ഷം ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികള്‍ എന്ന കവിതാ സമാഹാരം ക്ലാസ്സിലവതരിപ്പിച്ച രീതി ഇന്നും മനസ്സിലുണ്ട്. മാനേജുമെന്റുമായുള്ള വടം വലിയില്‍ ഞങ്ങള്‍ ചില വിദ്യാര്‍ത്ഥികളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ക്ലാസ്സില്‍ ശ്രദ്ധിക്കതെയിരുന്നാല്‍ ‘ കുട്ടന്മേന്നെ.. ‘ എന്ന ആ നീട്ടിയുള്ള വിളി, അട്ടപ്പാടിയിലെ കോരനുമായി സ്റ്റൈലില്‍ കാമ്പസിലെത്തുന്ന യെസ്ഡി മോട്ടോര്‍ സൈക്കിള്‍, പബ്ലിക് ലൈബ്രറിയിലെ ഒരു മൂലയിലിരുന്ന് പാതി കണ്ണടയില്‍ കൂടിയുള്ള ആ നോട്ടം.. എല്ലാം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.
അവഗണന
നാടന്‍ കലകളെ മലയാളി അവഗണിക്കുന്നതുപോലെ തന്നെ ഡോ. ചുമ്മാറിനെയും നാം അവഗണിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ നാം അംഗീകരിച്ചില്ലെങ്കിലും വിദേശങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് നല്ല അംഗീകാരം കിട്ടിയിരുന്നു. കേരളത്തിലെ പല ലൈബ്രറികളിലുമില്ലാത്ത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വാഷിങ്ടന്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലും മറ്റും ലഭ്യമാണ്.
നാടോടി
ചുമ്മാര്‍ സാറിന്റെ വിദ്യാര്‍ത്ഥികളും അഭുദയകാംക്ഷികളും നാടന്‍ കലാ സ്നേഹികളും ചേര്‍ന്ന് 1995 ലാണ് ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ തൃശ്ശൂരിലെ ചേറ്റുപുഴയിലാണ് അതിന്റെ ആസ്ഥാനം. ഫോക് ലോര്‍ സെന്റര്‍ അദ്ദേഹത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു. ‘നാടോടി’ എന്ന പേരില്‍. സി.ജി. പ്രിന്‍സിന്റെ സംവിധാനത്തില്‍ രാജേഷ് ദാസ് സംഗീതം നല്‍കി രവി അന്തിക്കാട് മുഖ്യവേഷത്തിലഭിനയിക്കുന്ന ഒരു ചെറിയ ഡോക്യുമെന്ററിയാണ് ‘നാടോടി’.
ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും
ഡോ. ചുമ്മാര്‍ ചൂണ്ടലിന്റെ സമഗ്രമായ ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ തയ്യാറാക്കുന്നു. അതിലേക്കാവശ്യമായ വിവരങ്ങള്‍ ഇപ്പോള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഏപ്രില്‍ മുപ്പതിനുമുന്‍പായി താഴെക്കാണുന്ന വിലാസത്തില്‍ അയച്ചാല്‍ നന്നായിരിക്കും. ഫോട്ടോകളും കുറിപ്പുകളും കോപ്പിയെടുത്ത് തിരിച്ചയച്ചുകൊടുക്കുന്നതായിരിക്കും.
വിലാസം :
വിന്‍സന്റെ പുത്തൂര്‍
എഡിറ്റര്‍,
ഡോ. ചുമ്മാര്‍ അനുസ്മരണ ഗ്രന്ഥം,
പി.ഒ. ചേറ്റുപുഴ.
തൃശ്ശൂര്‍. കേരള.
Saturday, March 24, 2007
അവകാശികളുടെ താഴ്വര.
ഒരു വിഹഗ വീക്ഷണം..

Monday, March 05, 2007
നാലുകാലുള്ള ഷാപ്പ്
പറപ്പൂക്കരയിലെ ഒരു സുഹ്രുത്തിനെ കാണാനായി മാപ്രാണം വഴി പോയപ്പോഴാണ് ഈ ഷാപ്പ് ഇങ്ങനെ നാലുകാലില്‍ നില്‍ക്കുന്നത് കണ്ടത്. നെല്‍പ്പാടങ്ങള്‍ അതിരു തിരിച്ച സുഖശീതളിമ.
വണ്ടി സൈഡാക്കി നേരെ കയറിച്ചെന്നു. അയ്യപ്പാസിന്റെ പരസ്യം പോലെ അകത്ത് അതിവിശാലമായ ഷോപ്പിങ് വിസ്മയം. പലതരം കറികള്‍. നെല്‍പ്പാടത്തെ പല തരം കിളികളും തവളകളും മറ്റും വലിയ ഉരുളികളില്‍ നിരന്നിരിക്കുന്നു. നെടുമ്പാള്‍ സംയുകത സമിതിയെന്ന ഒരു ഗ്രൂപ്പാണ് ഷാപ്പ് നടത്തുന്നത്. നല്ല തിരക്കുള്ള ഷാപ്പാണ്. നെടുമ്പാളിലെയും സമീപ പ്രദേശങ്ങളായ പറപ്പൂക്കര, പുതുക്കാട്, മാപ്രാണം, കൊടകര നിവാസികളുടേയും ദാഹശമിനി. നല്ല തണുത്ത കാറ്റേറ്റ് കുടിയന്മാര്‍ ഷാപ്പിന്റെ പുറത്തേക്ക് തുറന്നിരിക്കുന്ന ബാല്‍ക്കണിയിലിരുന്ന് കള്ളുകുടിക്കുന്നു.
പുറത്തിറങ്ങാന്‍ നേരമാണതുകണ്ടത്. രണ്ടുകാലില്‍ നാലുകാലുള്ള ഷാപ്പിലേക്ക് പോയ ഒരു ചേട്ടന്‍ നാലുകാലില്‍ ഷാപ്പില്‍ നിന്നിറങ്ങുന്നു. നല്ല ഷോട്ടായിരിക്കുമെന്ന് വിചാരിച്ച് ഒരു ഫോട്ടോയെടുക്കാന്‍ കാമറ ഫോക്കസ് ചെയ്തപ്പോള്‍ ചേട്ടന്റെ ലേറ്റസ്റ്റ് പുറത്തിറങ്ങിയ ഒരു തെറി. അതുകേട്ട് അകത്തുള്ള സഹ കുടിയന്മാരിറങ്ങിവന്നു. ഒറ്റക്കാലില്‍ സ്കോര്‍പ്പിയോ ഓടിച്ച് പരിചയമില്ലാത്തതുകൊണ്ട് ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു.
Friday, February 16, 2007
കാശിനൊരു ആശീര്‍വ്വാദം
Sunday, February 04, 2007
കോവിലന്റെ മകന്..
ഈ കഥയിലെ ഒരോ വാക്കും തട്ടകത്തിലെ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളുകയാണ്.
വിശപ്പിന്റെ വിളികള്‍.
‘ചോര ഞാന്‍ കുടിക്കും
ചോരയില്‍ കുളിക്കും
ചീറ്റുന്ന ചോരല്; ചിതറുന്ന ചോര;
മഴപോലെ ചോര; ചോരപ്പുഴ കണ്ടോ ?’ കഥ തുടങ്ങുന്നതു തന്നെ ചോരയുടെ മണവുമായാണ്.
ഗോപന്റെ വിശപ്പും ജീവന്റെ വിളികളും കഥയില്‍ മുഴുവന്‍ മുഴങ്ങുന്നു. ഇവിടെ കഥാകാരന്‍ ബൂര്‍ഷ്വകള്‍ക്കെതിരെയും തന്റെ വാളുയര്‍ത്തുന്നു.
‘ആ ഞാന്‍ അച്ഛനെക്കൊല്ലാന്‍ തീര്‍ച്ചയാക്കി. എങ്ങനെയാണ് കൊല്ലേണ്ടതെന്നാലോചിച്ചു.
കഴുത്തില്‍ മുണ്ടിട്ടു മുറുക്കിയിട്ടോ
അതോ
ആ വെട്ടുകത്തികൊണ്ട് ഒറ്റവെട്ടിന്....’ വാക്കുകള്‍ അതിശക്തമാവുന്നു. 47 - 48 കാലത്തെ കഥാകാരന്റെ മാനസികാവസ്ഥയെ ശരിക്കും വെളിവാക്കുന്ന രചനതന്നെയാണിത്. വിദ്യഭ്യാസമെന്നത് ഭൌതികനേട്ടങ്ങളില്‍ ഏറ്റവുമുയര്‍ന്നതാണെന്നും അത് സ്വായത്തമാക്കാനാവാത്തതില്‍ മനം മടുക്കുന്ന ഒരാളുടെ മാനസികവ്യാപാരങ്ങള്‍ ഈ കഥയില്‍ മുഴുവനും നിഴലിച്ചുകാണാം.
കഥാഭാഷയുടെ ഘടനയില്‍ ആധുനികരുടേതായി എടുത്തുപറയുന്ന വ്യക്തമായ സ്വരഭേദത്തിന്റെ ആദിമരൂപങ്ങളിലേറെയും കോവിലന്റെ ഈ കഥകളിലാണ്. തീവ്രമായ ഒരു റിയലിസ്റ്റിക് ബോധത്തിന്റെ ആവിഷ്കാരങ്ങള്‍. എന്നിട്ടും കോവിലനെ അംഗീകരിക്കാന്‍ ഇത്രയും കാലമെടുത്തു. ഇന്നും ‘മകന്‍’ എന്ന ഈ കഥ നിരൂപകരുടെ പട്ടികയില്‍ വരാത്തത് തീര്‍ത്തും നിരാശാജനകമാണ്.
Tuesday, January 30, 2007
ഗുരുവായൂര്‍ മാധവന്‍കുട്ടി

ഇവന്‍ ഗുരുവായൂര്‍ മാധവന്‍ കുട്ടി. എന്നുവെച്ച് കുട്ടിയൊന്നുമല്ല. നാല്പത്തിരണ്ട് വയസ്സുണ്ട് ചുള്ളന്. പിന്നെ, ദേവസ്വത്തിലെ ആനകളില്‍ കേമന്‍ ഇവന്‍ തന്നെ. കാരണം കഴിഞ്ഞ പതിനേഴുകൊല്ലമായിട്ട് ഇവനെ നിന്ന നില്‍പ്പില്‍ നിന്നും ആര്‍ക്കും മാറ്റിക്കെട്ടാന്‍ ധൈര്യമുണ്ടായിട്ടില്ല. ഏഴുപേരെ കുത്തിക്കുടല്‍മാലയെടുത്തിട്ടുണ്ട്. ഒരാളെയും അടുപ്പിക്കില്ല. കയ്യില്‍ കിട്ടിയതെടുത്ത് എറിയും. അതുകൊണ്ട് ഫോട്ടോ അത്ര നന്നായി കിട്ടിയില്ല. ആറുവര്‍ഷം മുന്‍പാണ് ഏറെ ശ്രമകരമായ ഒരു ഓപ്പറേഷനിലൂടെ ഇവന്റെ കൊമ്പ് മുറിച്ചത്. പലപ്പോഴും ചങ്ങല പൊട്ടിക്കാന്‍ ശ്രമിക്കുന്നു.
പാപ്പാന്മാര്‍ രണ്ടുപേര്‍ക്കും പരമസുഖം. കാര്യമായ പണിയൊന്നുമില്ല. കാലത്ത് 12 മണിക്ക് പാലക്കാടുനിന്നും വരുന്ന പനമ്പട്ട റേഷനനുസരിച്ച് ആനയ്ക്കിട്ടുകൊടുക്കുക.
ആനക്കും പട്ട. പാപ്പാന്മാര്‍ക്കും പട്ട. മൊത്തം പട്ടമയം. ഗുരുവായൂരപ്പാ...
Sunday, January 28, 2007
രണ്ടു രൂപയുടെ വില
കൌണ്ടറിലെ പയ്യനുമായി ചെറിയ വാക്കേറ്റം. പ്രശ്നം കഞ്ഞിയുടെ വിലയെ സംബന്ധിച്ചാണ്. കഞ്ഞിക്ക് പത്തുരൂപയാണ് വില. ആ സ്ത്രീയുടെ കൈവശം 8 രൂപയേ ഉള്ളുവെന്ന് പറയുന്നു. കൌണ്ടറിലെ പയ്യന്‍ അല്പം പരുഷമായിത്തന്നെയാണ് ആ സ്ത്രീയോട് ബാക്കി 2 രൂപ ചോദിക്കുന്നത്.
ആ സ്ത്രീ ദയനീയമായി അയാളെ നോക്കി.
‘ഒരു 2 രൂപയല്ലേ സുഹ്രുത്തേ.. ഞാന്‍ തരാം..’ എന്നു പറഞ്ഞ് ഞാനതെടുത്ത് കൊടുത്തു.
‘അല്ല സാറെ.. ഇത് ഇവരുടെ സ്ഥിരം പരിപാടിയാ..’
ഞാന്‍ ആ സ്ത്രീയെ നോക്കി. ഏകദേശം അറുപതോളം വയസ്സു തോന്നിക്കും. ഇളം മഞ്ഞ സാരിയും ബ്ലൌസുമാണ് വേഷം. അധികം ഉയരമില്ല. മുഖത്ത് നല്ല ക്ഷീണവുമുണ്ട്.
എനിക്ക് തോന്നി അവര്‍ കള്ളം പറയുകയല്ലെന്നു..ഇല്ല.. ഇവര്‍ക്കതിനാവില്ല.
ഞങ്ങള്‍ ഒരുമിച്ചാണ് പുറത്തിറങ്ങിയത്.
‘അമ്മായിയുടെ ആരാ ആശുപത്രിയില് ? ‘
ആ സ്ത്രീ എന്റെ മുഖത്തേക്ക് നോക്കി.
‘മോനു തോന്നുന്നുണ്ടോ ഞാന്‍ കള്ളം പറയുമെന്ന് ? ‘ അവരുടെ സ്വരം ഇടറിയിരുന്നു.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം ആ സ്ത്രീ പറഞ്ഞു തുടങ്ങി.
തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂരടുത്ത് കല്ലൂര്‍ സ്വദേശിനിയാണവര്‍. ഭര്‍ത്താവ് നേരത്തെ മരിച്ചു പോയി. .ഒരു മകനും മകളുമടങ്ങിയ കുടുംബം. കൂലിപ്പണിക്കാരാണ്. അന്നന്ന് കിട്ടുന്നതുകൊണ്ട് വേണം ജീവിക്കാന്‍. മകന് 28 വയസ്സുണ്ട്. പെയിന്റടിക്കുന്ന പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. മകളുടെ ഭര്‍ത്താവിന്റെ അമ്മയുമായുള്ള പ്രശ്നങ്ങള്‍ കാരണം മകളും രണ്ടുകുട്ടികളും ഇപ്പോള്‍ ഇവരുടെ കൂടെ തന്നെയാണ് താമസം. മകള്‍ ചെറിയ പണികള്‍ക്ക് പോകും. മൂന്നുമാസം മുന്‍പ് ഒരു ദിവസം, പെയിന്റ് പണിക്ക് പോയിരുന്ന മകന് കഠിനമായ വയറുവേദന. നാട്ടിലെ പല ഡോക്ടര്‍മാരെയും കാണിച്ചു. പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നാണ് അവരെ അമല ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തത് . പരിശോധനകള്‍ക്കൊടുവിലാണ് മകന് ബ്ലഡ് കാന്‍സറാണെന്നറിയുന്നത്. അതും രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും. കഴിഞ്ഞ മൂന്നുമാസമായി ഈ അമ്മയും മകനും ഇവിടെയുണ്ട്. പല ഉദാരമതികളുടെയും സഹായം കൊണ്ടുമാത്രമാണ് ഇതുവരെയും ചികിത്സ മുടങ്ങാതെ പോകുന്നത്. മകനെ തിരിച്ച് കിട്ടുമെന്ന പ്രത്യാശ അവരുടെ കണ്ണുകളില്‍ നിഴലിച്ചുകണ്ടു. മിക്ക ദിവസങ്ങളിലും ആശുപത്രിയുടെ ഉച്ചക്കഞ്ഞി ഉണ്ടാവും. ചില ദിവസങ്ങളില്‍ അത് മുടങ്ങും. അങ്ങനെയുള്ള ഒരു ദിവസമായിരുന്നു തലേന്ന് എന്നാണവര്‍ പറഞ്ഞത്.
‘മകന്‍ കുറെ പടം വരക്കും. മോനു സൌകര്യമുണ്ടെങ്കില്‍ വന്നാല്‍ കാണിച്ചു തരാം.’ എന്നും പറഞ്ഞ് അവര്‍ കാന്‍സര്‍ വാര്‍ഡിലേക്കും ഞാന്‍ ചായയുമായി അമ്മാവനടുത്തേക്കും പോയി.
എല്ലാ വെക്കേഷനും ഞാന്‍ അമലയുടെ ഫൌണ്ടര്‍ ഡയറക്ടറായ ഗബ്രിയേലച്ചനെ കാണാറുണ്ട്. അദ്ദേഹവുമായി എന്റെ സൌഹൃദം പങ്കുവെക്കാറുണ്ട്. എന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യാറുമുണ്ട്. ഇത്തവണ കണ്ടപ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനായിരിക്കുന്നു. വളരെ സ്വരം താഴ്ത്തിയാണ് അദ്ദേഹം സംസാരിക്കുന്നത്. അതിനിടയിലാണ് എന്റെ സുഹൃത്തും ഗാസ്ട്രോ എന്റോളജി വകുപ്പിന്റെ ഹെഡുമായ ഡോ. റോബര്‍ട്ട് അവിടെ വന്നത്. അദ്ദേഹത്തോട് മേല്‍പ്പറഞ്ഞ രോഗിയെക്കുറിച്ച് അന്വേഷിച്ചു. ആര്‍ക്കും വലിയ പ്രതീക്ഷയില്ല. ഡോ. റോബര്‍ട്ട് തിരക്കിലായതിനാല്‍ അദ്ദേഹത്തിന്റെ സഹായിയായ ബാബുവിനെയും കൂട്ടിയാണ് ഞാന്‍ കാന്‍സര്‍ വാര്‍ഡില്‍ ചെന്നത്.
ഹൃദയഭേദകമായ ദൃശ്യങ്ങള്‍.
ജീവനത്തിന്റെ മറ്റൊരു മുഖം. കാന്‍സര്‍ എന്ന രോഗത്തിന്റെ എല്ലാ അര്‍ത്ഥാന്തരങ്ങളും അവിടെ കണ്ടു. പലരും ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെടുന്നവര്‍.
പലരും വേദനകൊണ്ട് പുളയുന്നു. സിസ്റ്റേഴ്സ് അവരെ സാന്ത്വനപ്പെടുത്തുന്നു.
ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് കൂടുതല്‍ രോഗികളും പാലക്കാട് ജില്ലയിലെ നെന്മാറ, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒരു പക്ഷേ മറ്റുള്ളവരെല്ലാം പേവാര്‍ഡിലായതിനാലാവും അവരെ മാത്രം ഇവിടെ കാണാനായത്..ദിവസവും അവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ ആശുപത്രി ശരിക്കും കഷ്ടപ്പെടുന്നുണ്ടെന്ന് ബാബു പറഞ്ഞു.
ആ അമ്മയെയും മകനെയും അവിടെ കണ്ടു. അവരുടെ അവസ്ഥ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരു വശത്ത് അടുക്കി വെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കാണുവാനും എനിക്ക് മനസ്സുവന്നില്ല.
തിരിച്ചിറങ്ങുമ്പോഴാണ് ആ രണ്ടുരൂപക്ക് നല്ല വിലയുണ്ടെന്ന് എനിക്ക് മനസ്സിലായത്.
വാല്‍ക്കഷണം :
കഴിഞ്ഞ ദിവസം ഗബ്രിയേലച്ചന് പദ്മഭൂഷന്‍ പുരസ്കാരം ലഭിച്ചുവെന്നറിഞ്ഞു.
കാന്‍സര്‍ രോഗികളുടെ മരുന്നിനും ഭക്ഷണത്തിനുമായി അമല ആശുപത്രി ഉദാരമതികളില്‍ നിന്നും സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. താത്പര്യമുള്ളവര്‍ താഴെക്കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക.
The Director
Amala Institute of Medical Science,
Amala Nagar,
Thrissur – 680 055, Kerala
Tel : +91-487-2304100
Email : amalaims@sancharnet.in
Tuesday, January 23, 2007
മൃഗയാ വിനോദങ്ങള്‍

വെള്ളം കണ്ടാല്‍ അവന് സ്വതന്ത്രമായി ഒന്ന് നീന്തി തുടിക്കണം.

ആ സമയം തന്നെ കണ്ട്രോള്‍ ചെയ്യാന്‍ ഒരു പാപ്പാന്‍ ഉണ്ടെന്ന കാര്യം മറക്കുക സ്വാഭാവികം.
ഫലമോ അരമണിക്കൂറ് നീന്തി തുടിച്ച് കയറിവന്നുകഴിഞ്ഞാല്‍ പാപ്പാന്‍ തന്റെ സ്വാഭാവം കാണിക്കും.

നാലുകാലും നാല് തെങ്ങില്‍ കെട്ടി ചിന്നം വിളിക്കാതിരിക്കാന്‍ തുമ്പിക്കൈയ്യില്‍ പട്ടപിടിപ്പിച്ച് ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും സര്‍വ്വ ശക്തിയുമെടുത്ത് പൂശുന്നു.
(ഈ പടം അല്പം റിസ്കോടെയാണെടുത്തത്. രണ്ടാമതൊരു പടമെടുക്കാന്‍ സഹ പാപ്പാന്മാര്‍ എന്നെ അനുവദിച്ചുമില്ല.)
Tuesday, January 16, 2007
തപ്പറമ്പ് പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും
ഇത്രയും കാലം വിലസി നടന്നിരുന്ന ചിറക്കല്‍ മഹാദേവനും ഗുരുവായൂര്‍ വലിയ കേശവനുമെല്ലാം രാമചന്ദ്രന്റെ മുന്നില്‍ നിഷ്പ്രഭമായി. മഹാദേവന്‍ നീരൊലിപ്പിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിരിക്കുന്നു. കുറെ കാലമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉത്സവകാലം മുഴുവന്‍ മദപ്പാടിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണതിനൊരു വിരാമമായത്. ഇപ്പോള്‍ മദപ്പാടിന്റെ സമയം മാറി. പിന്നെ നല്ല കുറുമ്പും. ഇപ്പോള്‍ അല്പം ശമനമുണ്ട്. പത്തുമിനിട്ട് മുന്‍പ് എന്റെ മൊബൈല്‍ ഫോണില്‍ ഈ മൂന്നാനകളുടെയും കൂട്ടിയെഴുന്നെള്ളിപ്പിന്റെ പടമെടുത്തു. എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. http://i98.photobucket.com/albums/l241/kuttamenon/Image013.jpg